ADVERTISEMENT

ത്രില്ലര്‍ സിനിമകള്‍ മലയാളിക്ക് എന്നും ഒരാവേശമാണ്. എന്നാല്‍ അന്വേഷണവും ത്രില്ലറും ഒന്നിച്ച് വരുമ്പോള്‍ തിരക്കഥയിലും സംവിധാനത്തിലും നേരിടേണ്ടി വരുന്ന ഭീഷണികള്‍ കുറച്ചൊന്നുമല്ല. ഏറെ ശ്രദ്ധയോടെ പാകപ്പെടുത്തി, പഴുതുകള്‍ അടച്ച് രൂപപ്പെടുത്തുക ഏതൊരു എഴുത്തുകാരനും വെല്ലുവിളിയാണ്. എഴുത്തുകാരന്റെ ബ്രില്ല്യന്‍സൊക്കെ കീറിമുറിച്ച് പരിശോധിക്കുന്ന ഒരു വിഭാഗം കാഴ്ചക്കാരും ഇവിടെയുണ്ട്. 2021ലെ ആദ്യ മലയാളചിത്രമായി ഒടിടി പ്ലാറ്റ് ഫോമിലെത്തിയതും ഇത്തരത്തിലൊരു കുറ്റാന്വേഷണ ത്രില്ലറാണ്. പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്ന 'ഗാര്‍ഡിയനി'ല്‍ താരമൂല്യത്തേക്കാള്‍ തിരക്കഥ തന്നെയാണ് ശ്രദ്ധാകേന്ദ്രം. 

 

'ഗാര്‍ഡിയന്‍' സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ സതീഷ് പോള്‍, തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു.

 

തുടര്‍ച്ചയായി ത്രില്ലറിനൊപ്പം...

 

ഹൊറര്‍ ത്രില്ലര്‍, സയന്‍സ് ഫിക്‌ഷന്‍ വിഷയങ്ങളോടും താല്‍പര്യമുണ്ടെങ്കിലും എനിക്ക് നന്നായി വഴങ്ങുന്നത് അന്വേഷണാത്മക ത്രില്ലറുകളാണെന്ന് തോന്നുന്നു. പറഞ്ഞു ഫലിപ്പിക്കാന്‍ വളരെ പ്രയാസമാണ് ഇത്തരം കഥകള്‍. കൈവിട്ടു പോകാന്‍ ഏറ്റവും എളുപ്പവും. ലോകത്തെ എല്ലാ അന്വേഷണാത്മക ത്രില്ലര്‍ സിനിമകളുടെയും അടിസ്ഥാനം ഒന്നു തന്നെയാണ്. ചെയ്ത കുറ്റം മറയ്ക്കാന്‍ ശ്രമിക്കുന്ന ഒരാള്‍, അത് അന്വേഷിക്കാന്‍ എത്തുന്ന സമര്‍ത്ഥരായ ഉദ്യോഗസ്ഥര്‍. പിന്നെ കുറ്റവാളിയും അന്വേഷകരും തമ്മിലുള്ള സംഘര്‍ഷമായിരിക്കും കഥയെ മുന്നോട്ട് നയിക്കുന്നത്. ഇതു തന്നെയാണ് എല്ലാ അന്വേഷണ കഥകളും. 

 

ഒടുവില്‍ കുറ്റവാളി ജയിക്കണോ, അന്വേഷകര്‍ ജയിക്കണോ എന്നത് എഴുത്തുകാരന്റെ തീരുമാനമാണ്. പ്രേക്ഷകര്‍ എന്ത് ആഗ്രഹിക്കുന്നു എന്നറിഞ്ഞ് എഴുതുന്നത് മറ്റെല്ലാ തിരക്കഥകളും പോലെ ഇവിടെയും പ്രധാനമാണ്. പ്രതിസന്ധി ഇതൊന്നുമല്ല, കഥയുടെ സ്ഥിരം ചട്ടക്കൂടില്‍ നിന്നുകൊണ്ട് വ്യത്യസ്തതയും പുതുമയും കൊണ്ടുവരാന്‍ കഴിയണം. ലോകത്തെ എല്ലാ ത്രില്ലര്‍ സിനിമകളും ഇന്ന് മലയാളിക്ക് കാണാന്‍ അവസരങ്ങള്‍ ഏറെയാണ്. അപ്പോള്‍ അവരെ സംതൃപ്തിപ്പെടുത്തുന്ന തരത്തില്‍ പുതുമ സൃഷ്ടിക്കുന്നതിലാണ് കാര്യം.

 

തിരക്കഥാകൃത്തിലെ ക്രിമിനല്‍ ബുദ്ധി...

saiju

 

'ഗാര്‍ഡിയനും' എന്റെ ആദ്യ ചിത്രമായ 'ഫിംഗര്‍പ്രിന്റും' കണ്ട ശേഷം പലരും തമാശയായി ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഏറ്റവും ക്രിമിനല്‍ ബുദ്ധി ഉള്ളവര്‍ക്കാണ് നല്ല ക്രൈം ത്രില്ലറുകള്‍ എഴുതാന്‍ സാധിക്കുക എന്ന് ഒരു പറച്ചിലുണ്ടല്ലോ. എന്നാല്‍, എനിക്ക് ആ അഭിപ്രായത്തോട് യോജിപ്പില്ല. കുറ്റവാളിയുടെ ഭാഗത്തെന്ന പോലെ അന്വേഷകരുടെ ഭാഗത്ത് നിന്നും ക്രൈം ത്രില്ലര്‍ എഴുതുമ്പോള്‍ ചിന്തിക്കണം. ഒരു കുറ്റം മറയ്ക്കാന്‍ കുറ്റവാളി ശ്രമിക്കുമ്പോള്‍ അതിനെ തച്ചുടയ്ക്കാനാണ് അന്വേഷകരുടെ ശ്രമം. കുറ്റം തെളിയാനുള്ള എല്ലാ സാധ്യതകളെ പറ്റിയും ഓരോ കുറ്റാന്വേഷണ കഥാകാരനും ബോധവാനായിരിക്കും. അതുകൊണ്ടു തന്നെ നല്ല ക്രൈം ത്രില്ലറുകള്‍ എഴുതുന്നവര്‍ ഒരിക്കലും ക്രൈം ചെയ്യാന്‍ മുതിരില്ല എന്നാണ് തോന്നുന്നത്. ഷെര്‍ലക് ഹോംസ് നോവലുകള്‍ എഴുതിയ ആര്‍തര്‍ കോനന്‍ ഡോയലോളം നല്ലവനായ ഒരു മനുഷ്യന്‍ ഇല്ല എന്നാണ് ചരിത്രം പറയുന്നത്.

 

കഥ വന്ന വഴി...

guardian

 

1998ലാണ് 'ഫിംഗര്‍പ്രിന്റ്,' 'ഗാര്‍ഡിയന്‍' സിനിമകളുടെ കഥ മനസ്സിലെത്തുന്നത്. അന്ന് ഞാന്‍ തിരക്കഥ ഘടനയെപ്പറ്റി കാനഡയിലെ ഫിലിം സ്‌കൂളില്‍ പഠിക്കുന്ന സമയമാണ്. ക്ലാസ്സില്‍ നല്‍കിയ ഓരോ അസൈന്‍മെന്റിന്റെയും ഭാഗമായാണ് ഈ കഥകളൊക്കെ ജനിക്കുന്നത്. അന്നു മുതലേ കുറ്റാന്വേഷണ കഥകളോടാണ് താല്‍പ്പര്യം. പിന്നെ കാലോചിതമായ പരിഷ്‌കാരങ്ങള്‍ തിരക്കഥയില്‍ വരുത്തി. അന്വേഷണവും രീതികളുമൊക്കെ വളരെയേറെ നമ്മുടെ നാട്ടിലും പുരോഗമിച്ചല്ലോ.

 

'ഗാര്‍ഡിയന്‍' തെറ്റിനെ ന്യായികരിക്കുകയല്ല...

 

സിനിമ കാണികളെ സ്വാധീനിക്കുന്നു എന്ന് പറയുമ്പോഴും അതിനൊരു പരിധിയുണ്ട്. ഏറ്റവും ഇഷ്ടപ്പെടുന്ന സൂപ്പര്‍ സ്റ്റാറുകളുടെ വേഷവിധാനവും സ്റ്റൈലുകളും ആളുകള്‍ അനുകരിച്ചേക്കാം. എന്നാല്‍ സിനിമ കണ്ട് അതേപോലെ കുറ്റകൃത്യങ്ങള്‍ ചെയ്തു എന്നു പറയുന്നത് അടിസ്ഥാനമില്ലാത്ത ന്യായവാദമാണ്. ക്രിമിനല്‍ മനോഭാവം ഉള്ള ഒരാള്‍ എപ്പോള്‍ വേണമെങ്കിലും കുറ്റം ചെയ്തേക്കാം. അതൊരു സിനിമയുടെ സ്വാധീനം കൊണ്ടാണെന്ന് പറയുന്നത് ശരിയല്ല. ഒരാളുടെ അടിസ്ഥാന സ്വഭാവം മാറ്റാന്‍ സിനിമയ്ക്ക് കഴിയില്ല. 'ഗാര്‍ഡിയനി'ലെ ഡോ. അരുണും ശ്രുതിയും എത്ര സന്തോഷമായാണ് ജീവിക്കുന്നത്, അത് അനുകരിക്കാന്‍ എല്ലാവര്‍ക്കും കഴിയുമോ? അപ്പോള്‍ തെറ്റുകളെ മാത്രം വളര്‍ത്തും എന്ന് പറയുന്നതിനെ എന്തിന് ഉയര്‍ത്തി കാണിക്കണം?

 

കഥയിലെ എന്‍ജിനീയര്‍ ബുദ്ധി...

 

മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനവും ഗവേഷണവും തിരക്കഥാ രചനയില്‍ ഒരുപാട് സഹായമായിട്ടുണ്ട്. കഥകളില്‍ അതൊന്നും ബോധപൂര്‍വം ചേര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. കുറ്റാന്വേഷണ കഥകളില്‍ നിന്ന് സയന്‍സിനെ മാറ്റി നിര്‍ത്താനാവുമെന്ന് തോന്നുന്നില്ല. പ്രതികളെ തല്ലി കുറ്റം സമ്മതിപ്പിക്കുന്ന പഴയകാല ത്രില്ലര്‍ സിനിമകളില്‍ നിന്ന് ഒരുപാട് ദൂരം നമ്മള്‍ വന്നു കഴിഞ്ഞു. യുക്തിയും ശാസ്ത്രവും ഉപയോഗിച്ച് കുറ്റം തെളിയിക്കുന്ന കാലമാണ് ഇന്നത്തേത്. എല്ലാ പഴുതുകളും അടച്ചായിരിക്കും ഒരു കുറ്റവാളി തന്റെ കൃത്യം ചെയ്യുന്നത്. അപ്പോള്‍ അയാള്‍  ഉപയോഗിക്കുന്ന ആയുധങ്ങളിലും രീതികളിലുമൊക്കെ മാറ്റം വരണം. 'ഗാര്‍ഡിയനി'ല്‍ പൊലീസിനെ വഴി തെറ്റിക്കുന്ന ഒരു ഉപകരണത്തെപ്പറ്റി ആലോചിച്ചപ്പോഴാണ് വ്യത്യസ്തമായൊരു തോക്ക് എന്ന ആശയത്തിലേക്ക് എത്തുന്നത്. അത് ഡിസൈന്‍ ചെയ്യാന്‍ എന്‍ജിനീയറിങ് ബുദ്ധി സഹായിച്ചു. ഞാന്‍ തന്നെ വര്‍ക് ഷോപ്പില്‍ പോയി നിർദ്ദേശങ്ങൾ നൽകി അത് നിർമിച്ചെടുപ്പിക്കുകയായിരുന്നു.

 

അധ്യാപന സ്വാധീനം തിരക്കഥയില്‍...

 

'ഗാര്‍ഡിയനി'ല്‍ ചില ഭാഗത്ത്, കഥാപാത്രങ്ങള്‍ അധ്യാപകരും പ്രേക്ഷകര്‍ വിദ്യാര്‍ത്ഥികളും ആയി മാറുന്നതായി തോന്നിയെന്ന് ചിത്രം കണ്ട ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. ചില വസ്തുതകള്‍ പ്രേക്ഷകരെ പറഞ്ഞ് മനസിലാക്കിയേ മതിയാവു. അത് മനസിലാകാതെ കണ്ടാല്‍ പ്രതീക്ഷിച്ച ഫലം കിട്ടിയെന്നു വരില്ല. 'ഫിംഗര്‍പ്രിന്റ്' ഇറങ്ങിയ സമയത്ത് ഡി.എന്‍.എ. പോലെയുള്ള കാര്യങ്ങള്‍ പുതുമയുള്ളതായിരുന്നു. 'ഗാര്‍ഡിയനി'ല്‍ ബുള്ളറ്റിലെ റൈഫിള്‍ മാര്‍ക്കിനെ പറ്റിയൊക്കെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആ ഭാഗമൊക്കെ പിന്നീടുള്ള കഥാഗതിയുമായി ചേര്‍ത്തു വായിക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്. ഇത്തരം വിഷയങ്ങളില്‍ ബോധ്യമുള്ള ഒരു ചെറിയ വിഭാഗത്തിന് സിനിമയിലെ ചില സീനുകള്‍ അനാവശ്യമെന്നു തോന്നിയേക്കാം. എന്നാല്‍, ഭൂരിപക്ഷം വരുന്ന സാധാരണ പ്രേക്ഷകര്‍ക്ക് അതൊക്കെ പുതിയ അറിവുകളാണ്. അവരെ ഉദ്ദേശിച്ചാണ് ആ സീനുകള്‍. ഫോറന്‍സിക് സയന്‍സിലെ പുതിയ രീതികള്‍ പ്രേക്ഷകരിലേക്ക് എത്തിക്കണം എന്ന നിര്‍ബന്ധം എനിക്കും ഉണ്ടായിരുന്നു. അത് കഴിയുന്നത്ര ലളിതമായി പറയാന്‍ ശ്രമിച്ചിട്ടുമുണ്ട്.

 

ഡോ. അരുണ്‍ സൈജു കുറുപ്പില്‍ എത്തിയത്...

 

2009ല്‍ ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാവുമ്പോള്‍ തന്നെ ഡോ. അരുണ്‍ ആയി എന്റെ മനസ്സില്‍ സൈജു കുറുപ്പായിരുന്നു. ചലച്ചിത്ര അക്കാദമിയുടെ ഒരു ഫിലിം ഫെസ്റ്റിവല്‍ ഒരിക്കല്‍ കോതമംഗലത്ത് സംഘടിപ്പിച്ചിരുന്നു. അത് കാണാന്‍ സൈജു കുറുപ്പും എത്തിയിരുന്നു. അന്ന് അദ്ദേഹത്തോട് ഈ കഥയെപ്പറ്റി സൂചിപ്പിക്കുകയുണ്ടായി. വിശദമായി സംസാരിക്കാന്‍ ഒരു ദിവസം ഇരിക്കാം എന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനിടയില്‍ തിരക്കഥ ഇഷ്ടപ്പെട്ട ചില നിര്‍മാതാക്കള്‍ തന്നെ പല പ്രമുഖ താരങ്ങളെയും സമീപിച്ചെങ്കിലും അതൊന്നും നടക്കാതെ പോയി. ഒടുവില്‍ ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിക്കുമ്പോള്‍ സൈജു കുറുപ്പില്‍ തന്നെ എത്തി നിന്നു.

 

 

ഫിംഗർപ്രിൻ്റ്, കാറ്റുവിതച്ചവർ എന്നീ സിനിമകളുടെ സംവിധായകൻ കൂടിയാണ് സതീഷ് പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com