ADVERTISEMENT

ആമി എന്ന സിനിമയിൽ പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയായി അഭിനയിച്ച  നവജിത് നാരായണനെ ആരും മറന്നിട്ടുണ്ടാകില്ല.  ചെറിയ ഇടവേളയിൽ വന്നുപോയ കഥാപാത്രമാണെങ്കിൽ കൂടി മലയാളത്തിന്റെ അനശ്വര പ്രണയകവിയായ ചങ്ങമ്പുഴയെ നവജിത് സ്ക്രീനിൽ പുനരുജ്ജീവിപ്പിക്കുകയായിരുന്നു.  വളരെ ചെറിയ പ്രായത്തിൽത്തന്നെ അഭിനയലഹരി തലക്കുപിടിച്ച്  പത്തുവയസ്സിൽ തന്നെ നാടകത്തിന്റെ തട്ടകത്തിൽ കയറിയ നവജിത്ത് ഇപ്പോൾ അറിയപ്പെടുന്ന ഒരു അഭിനയപരിശീലകൻ കൂടിയാണ്. കക്ഷി അമ്മിണിപ്പിള്ള, തട്ടാശ്ശേരിക്കൂട്ടം, പ്രകാശൻ പറക്കട്ടെ അങ്ങനെ ഇരുപതോളം സിനിമകൾക്ക് ഗ്രൂമിങ് നിർവഹിച്ചു.  

 

നവജിത് ആദ്യമായി നായകവേഷത്തിൽ അഭിനയിച്ച "കോഴിപ്പോര്" എന്ന ചിത്രം റിലീസ് ചെയ്ത് അധികദിവസമാകുംമുമ്പേ കൊറോണ വ്യാപനത്തോടെ തിയറ്ററുകൾ അടച്ചിടേണ്ട അവസ്ഥയാണ് ഉണ്ടായത്.  എന്നാലിപ്പോൾ ഒടിടി പ്ലാറ്റ്ഫോമിലൂടെ "കോഴിപ്പോര്" വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്തുമ്പോൾ ആ സിനിമയ്ക്കും അതിലെ നായകനും പ്രേക്ഷകരോടെന്തോ സംവദിക്കാനുണ്ടെന്ന് നാമറിയുന്നു.  തിയറ്ററുകൾ വീണ്ടും തുറന്ന് സിനിമാമേഖല സജീവമാകുമ്പോൾ മലയാള സിനിമക്ക് ഒരു പുത്തൻ താരോദയം കൂടി കിട്ടിയിരിക്കുന്നു.  

 

സിനിമ എന്ന സ്വപ്നം മനസ്സിൽ കയറിക്കൂടിയത് എപ്പോഴാണ്?

 

സിനിമ അല്ല അഭിനയം ആണ് എന്നെ ആദ്യമായി മോഹിപ്പിച്ചത്.  'അമ്മ നാടകത്തിൽ അഭിനയിക്കുമായിരുന്നു അതുകൊണ്ടു തന്നെ സ്റ്റേജ് കണ്ടാണ് വളർന്നത്.  1999 ൽ ആണ് ആദ്യമായി ഞാൻ നാടകത്തിൽ അഭിനയിക്കുന്നത്.  അതിനു ശേഷം ഞാൻ അഭിനയ പരിശീലനം എന്ന മേഖലയിലേക്ക് തിരിഞ്ഞു.  അതിനിടയിൽ ആണ് സിനിമ ചെയ്താലോ എന്ന് തോന്നിയത് അങ്ങനെ കുറച്ചു ചിത്രങ്ങൾ ചെയ്തു.  എന്നും എപ്പോഴും, പോരാട്ടം, ആമി, എന്ന് നിന്റെ മൊയ്തീൻ, ലില്ലി ഈ ചിത്രങ്ങളിലൊക്കെ ചെറിയ വേഷങ്ങൾ ചെയ്തു.  

അനശ്വരനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയായി അഭ്രപാളിയിൽ എത്താൻ കഴിഞ്ഞത് ഒരു വലിയ അംഗീകാരമായി ഞാൻ കരുതുന്നു.  വളരെ ചെറിയ സ്ക്രീൻ സ്പേസ് ആയിരുന്നെങ്കിലും കമൽ സർ ചെയ്ത സിനിമ, മാധവിക്കുട്ടിയുടെ കഥ, മഞ്ജു വാരിയർ മുഖ്യ കഥാപാത്രം അങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉള്ള സിനിമയല്ലേ അത്, അതിൽ ഒരു ചെറിയ വേഷം തന്നെ എനിക്ക് വലിയ നേട്ടമായി തോന്നി.  പിന്നെയാണ് കോഴിപ്പോരിലേക്ക് സെലക്ട് ചെയ്യപ്പെട്ടത്.  ചില ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്, അതിൽ ഞാൻ ചെയ്ത "മുണ്ട്" എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.  സിങ്ക് സൗണ്ടിൽ ചെയ്ത ഒരു ചിത്രമായിരുന്നു അത്.  

 

jibith
ജിബിത്ത്

ആദ്യമായി അഭിനയിച്ച സിനിമ തീയറ്ററിൽ റിലീസ് ചെയ്ത ഉടനെ തീയറ്റർ പൂട്ടിപ്പോയി..

 

അതെ ഞങ്ങൾ കുറെ ചെറുപ്പക്കാരുടെ സ്വപ്നമായിരുന്നു "കോഴിപ്പോര്".  മനസ്സ് നിറയെ സിനിമയുമായി നടക്കുന്ന ജിബിത്,  ജിനോയ് അവരുടെ സിനിമയാണ്.  ശ്രദ്ധിക്കപ്പെടേണ്ട ഒരു സിനിമയാണ് കോഴിപ്പോര്.  സിനിമ പൂർത്തിയായി നല്ല ഒരു ഡിസ്ട്രിബ്യുട്ടറെ കിട്ടി മാർച്ച് ആറിന് സിനിമ റിലീസ് ആയപ്പോഴാണ് ഈ പ്രതിസന്ധി വന്നത്.  സിനിമ ഓടിയാൽ അത് ശ്രദ്ധിക്കപ്പെടുമെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു.  കണ്ടവരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്.  ഫാമിലി പ്രേക്ഷകർക്ക് പറ്റിയ സിനിമയാണ്.  നാലുദിവസമേ തിയറ്ററിൽ കളിക്കാൻ കഴിഞ്ഞുള്ളു.   യുകെയിലും  അമേരിക്കയിലും  ഒടിടി റിലീസ് ചെയ്തിരുന്നു.  അവിടെയുള്ള സുഹൃത്തുക്കൾ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു.  ഇപ്പോഴത് വീണ്ടും റിലീസ് ചെയ്യാൻ ഒരു അവസരം വന്നത് ഭാഗ്യമായി കരുതുന്നു.  മുന്‍നിര ഒടിടി പ്ലാറ്റ്ഫോം ഒരു സിനിമ എടുക്കണമെങ്കിൽ ആ സിനിമയിൽ എന്തെങ്കിലും ഇല്ലാതെ എടുക്കില്ലല്ലോ.  ഇപ്പോൾ വീണ്ടും നല്ല അഭിപ്രായങ്ങൾ കിട്ടിത്തുടങ്ങി.  കണ്ടവരൊക്കെ ഇഷ്ടപ്പെട്ടു എന്ന് വിളിച്ചു പറയുന്നുണ്ട്.  ആദ്യമായി ലീഡ് റോൾ ചെയ്ത സിനിമയാണ് അത് ഇത്തരത്തിലെങ്കിലും പ്രേക്ഷകരുടെ മുന്നിലെത്തിയതിൽ സന്തോഷം.  ഒരു കലാസൃഷ്ടി കാണികളുടെ മുന്നിൽ എത്തുമ്പോഴാണല്ലോ കലാകാരന് സംതൃപ്തി ഉണ്ടാവുക.  പക്ഷെ അത് കാണാൻ ജിബിത് കാത്തുനിന്നില്ല.

 

ജിബിത്, ആദ്യമായി നായകനാക്കിയ സംവിധായകൻ 

 

ജിബിത്തുമായി നല്ല സൗഹൃദത്തിലായിരുന്നു, അതുപോലെ തന്നെ ജിനോയുമായും.  ജിനോയുമായി മുന്നേ നല്ല സുഹൃത്ബന്ധം ഉണ്ട്.  "എടാ ഞാൻ ഒരു പടമെടുക്കുമ്പോൾ അതിൽ നായകൻ നീയായിരിക്കും" എന്ന് ജിനോയ് എപ്പോഴും പറയുമായിരുന്നു. എന്നാലും അത് ഞാൻ തമാശ ആയിട്ടേ എടുത്തിട്ടുള്ളു. പക്ഷെ കോഴിപ്പോരിന്റെ സ്ക്രിപ്റ്റ് കഴിഞ്ഞപ്പോൾ ജിനോയ് വിളിച്ചു പറഞ്ഞു എടാ ഞങ്ങളുടെ പടത്തിൽ നീയാണ് നായകൻ എന്ന്.  ഭയങ്കര സർപ്രൈസും സന്തോഷവുമായിരുന്നു.  ജിബിത്തിന്റെ മനസ്സുനിറയെ സിനിമയായിരുന്നു.  അവരുടെ സ്വപ്നമായിരുന്നു കോഴിപ്പോരായി ഇറങ്ങിയത്.  പടം റിലീസ് ചെയ്തു കഴിഞ്ഞു ഞങ്ങളെല്ലാം പടത്തിന്റെ പ്രൊമോഷൻ ഒക്കെയായി കുറേനാൾ ഒരുമിച്ചുണ്ടായിരുന്നു.   അതിനുശേഷം ലോക്ഡൗൺ ആയി.   പിന്നെയും പുതിയ ചിത്രങ്ങളുടെ ചർച്ചയും പ്ലാനിങ്ങും ഒക്കെ നടക്കുകയായിരുന്നു അതിനിടയിലാണ് അപ്രതീക്ഷിതമായി അവന്റെ വിയോഗം.   മറ്റുളളവരെ സഹായിക്കണം എന്ന ഒരു മനസ്സുള്ള ആളായിരുന്നു ജിബിത്ത്.  സ്വന്തം കാര്യം സ്വന്തം ആരോഗ്യം ഒക്കെ നോക്കാൻ വളരെ പിന്നിലും.  ആരെന്തു ചോദിച്ചാലും നോ എന്നൊരു വാക്കില്ല അവന്.  അവന്റെ വിയോഗം ഒരു തീരാനഷ്ടം തന്നെയാണ്. 

 

നവജിത് എന്ന ഗ്രൂമർ

 

സിനിമയായാലും നാടകമായാലും അഭിനയമാണ് എന്റെ ജീവൻ.  അത് മെച്ചപ്പെടുത്തുക മറ്റുള്ളവർക്ക് പകർന്നുകൊടുക്കുക എന്നുള്ളത് എന്റെ കടമയും.  കുഞ്ഞിലേ കണ്ടുവളർന്ന നാടക ക്യാമ്പുകൾ എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്.  ഇപ്പോൾ ഞാൻ ആക്ടിങ് ഗ്രൂമറാണ്.  ഗ്രൂമറായി കുറെ ചിത്രങ്ങളിൽ വർക്ക് ചെയ്തു.  ഒടുവിൽ ചെയ്തത് ദിലീഷ് പോത്തൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ അഭിനയിക്കുന്ന  "പ്രകാശൻ പറക്കട്ടെ" എന്ന സിനിമയാണ്.  ഇപ്പോൾ ആർട്ടിസ്റ്റ് ഗ്രൂമിങ് ചെയ്യുന്നുണ്ട്.  അഭിനയമായാലും ഗ്രൂമിങ് ആയാലും എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളാണിവ. 

 

മലയാള സിനിമക്ക് പുതിയൊരു താരോദയം?

 

അതൊക്കെ പ്രേക്ഷകർ അല്ലെ തീരുമാനിക്കേണ്ടത്.  ഞാൻ പറഞ്ഞില്ലേ അഭിനയം എനിക്ക് ലഹരിയാണ്.  നായകൻ ആകുമെന്നൊന്നും കരുതിയിട്ടില്ല.  ഏതു വേഷവും ചെയ്യാൻ റെഡി ആണ്.  ജിനോയ് വിളിച്ചു പറഞ്ഞപ്പോൾ ആദ്യം അമ്പരന്നു പിന്നെ ഏതൊരു നടനെയും പോലെ സന്തോഷം തോന്നി.  ഇപ്പോൾ സിനിമ റിലീസ് ആയപ്പോൾ "മലയാളത്തിന് ഒരു നാടൻ ലുക്കുള്ള നായകനെ കിട്ടി" എന്നൊരു സുഹൃത്ത് കമന്റ് പറഞ്ഞു.  അതുകേട്ടപ്പോ സന്തോഷമായി.  കോഴിപ്പോരിലെ ഒരു പാട്ട് ഹിറ്റാണ്.  അതൊക്കെ കാണുമ്പോ സന്തോഷം തോന്നുന്നുണ്ട്.  പിന്നെ ഒരു നായകനെ ഏറ്റെടുക്കുന്നതൊക്കെ പ്രേക്ഷകരുടെ കൈയ്യിലല്ലേ.  സിനിമ കണ്ടിട്ട് അവർ അഭിപ്രായം പറയട്ടെ.  കോഴിപ്പോര് എല്ലാവരും ഒറ്റിറ്റിയിൽ കാണണം എന്നൊരു അഭ്യർഥനയുണ്ട്.  ഒരു കോഴിയും അതിന്റെ മുട്ടയും രണ്ടു കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്.  പൗളിച്ചേച്ചിയും ഇന്ദ്രൻസേട്ടനും അഞ്ജലി നായരും  മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്.   ഇവർ മൂന്നുപേരും സ്റ്റേറ്റ് അവാർഡ് ജേതാക്കളാണ്.  വീണ നന്ദകുമാർ ആണ് നായിക.

 

കുടുംബം 

 

കാസർഗോഡ് നീലേശ്വരത്താണ് എന്റെ വീട്.  ഇപ്പൊ എറണാകുളത്ത് സെറ്റിൽ ചെയ്തു.   അമ്മയും അച്ഛനും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബം.  ഭാര്യ ഗ്രീഷ്മ, മകന് രണ്ടുവയസ്സ് കഴിഞ്ഞു.  അമ്മ നാടകനടി ആയിരുന്നതുകൊണ്ട് അഭിനയത്തെ വല്ലാതെ പിന്തുണയ്ക്കുന്ന കുടുംബമാണ് എന്റേത്.  കുടുംബമാണ് എന്റെ എല്ലാം, അവരുടെ സപ്പോർട്ട് ഉള്ളതുകൊണ്ടാണ് എനിക്ക് എന്റെ സ്വപ്നങ്ങളുടെ പിന്നാലെ പോകാൻ കഴിയുന്നത്.  ഭാര്യയും നല്ല സപ്പോർട്ട് ആണ്.  

 

പുതിയ പ്രൊജക്ട്?

 

കോഴിപ്പോര് കഴിഞ്ഞു ഒരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു,  സമുദ്രക്കനി ഒക്കെ അഭിനയിക്കുന്ന ഒരു സിനിമ ആയിരുന്നു.  പക്ഷേ ലോക്ഡൗൺ ആയപ്പോൾ ആ പ്രോജക്റ്റ് മുടങ്ങി.  അത് ഇനി നടക്കുമെന്ന് തോന്നുന്നില്ല.  ഇപ്പോൾ പുതിയ ചില ചിത്രങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ട് , അതിനെക്കുറിച്ചൊന്നും പറയാറായിട്ടില്ല.    ഒരു ചിത്രം സംവിധാനം ചെയ്യണമെന്നുണ്ട്.  കഥ ഞാൻ എഴുതിയത് തന്നെ ആണ്.  ഒരു ത്രില്ലർ മൂവി ആയിരിക്കും.  അതിന്റെ വർക്ക് നടക്കുന്നു.  ഒരു തമിഴ് ചിത്രം ആയിട്ടുണ്ട്.  സെന്തിൽ കുമാരന്റെ ചിത്രം ആണ് അത് ജൂൺ ജൂലൈ ആകുമ്പോൾ ഷൂട്ട് തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com