നിമിഷയ്ക്കും സുരാജിനും പേരില്ല: അടുക്കളയുടെ അണിയറക്കഥയുമായി ജിയോ ബേബി

jeo-suraj
SHARE

സമൂഹമാധ്യമത്തിൽ രണ്ടു സ്ത്രീകൾ തമ്മിൽക്കണ്ടാൽ ഇപ്പോൾ അടുക്കളക്കാര്യമാണു സംസാരം – ജിയോ ബേബിയുടെ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ അഥവാ ‘മഹത്തായ ഭാരതീയ അടുക്കള’. ചിത്രത്തിൽ നിമിഷ സജയന്റെ പേരില്ലാ കഥാപാത്രം തങ്ങളോരോരുത്തരുമാണെന്ന സാക്ഷ്യപ്പെടുത്തലുകൾ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ആരംഭിച്ചതാണ്. അതിപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു.

പ്രേക്ഷകർ അംഗീകരിക്കും എന്നുറപ്പുണ്ടായിരുന്നെങ്കിലും ഇത്രയും വലിയ സംസാരവിഷയമാകുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ലെന്നു സംവിധായകൻ ജിയോ പറയുന്നു. ‘ചിത്രത്തിനു കൃത്യമായ രാഷ്ട്രീയമുള്ളതിനാൽ വിമർശനവും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഇതു വലിയ വിവാദമാകാത്തതു വിമർശനങ്ങൾക്കുള്ള മറുപടി മലയാളി സ്ത്രീസമൂഹം നൽകുന്നതുകൊണ്ടാണ്; പുരുഷന്മാർ ഇതിനെ ഏറ്റെടുക്കാത്തതു കൊണ്ടുമാണ്. ചിത്രത്തെപ്പറ്റി വിമർശനം ഉന്നയിക്കുന്നയാളുകൾക്ക് അയാളുടെ വീട്ടിൽനിന്നു തന്നെ അമ്മയോ ഭാര്യയോ സഹോദരിയോ ഒക്കെ മറുപടി നൽകുന്ന സീൻ ആവർത്തിച്ചു കണ്ടുകൊണ്ടിരിക്കുകയാണിപ്പോൾ. ഒരു ചിത്രം കൊണ്ടു നാടു നന്നാക്കാമെന്നോ മാറ്റങ്ങൾ കൊണ്ടുവരാമെന്നോ ഉള്ള വ്യാമോഹമൊന്നും ഇല്ല. എന്നാൽ, ഒരു പുരുഷനെങ്കിലും മാറിച്ചിന്തിച്ചാൽ, ഒരു സ്ത്രീയെങ്കിലും പ്രതികരിക്കാൻ തയാറായാൽ അതാണ് ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ’ വിജയം.’

അടുക്കള ജിയോ ബേബിക്ക് അന്യമല്ല?

അല്ല. ഞാൻ ജീവിതത്തിൽ ഒരുപാടു സമയം ചെലവിട്ടിട്ടുള്ള ഇടമാണ് അടുക്കള. ബാച്‌ലറായിരുന്നപ്പോൾ മുതൽ കുക്ക് ചെയ്യുമായിരുന്നു. എന്നാൽ, അങ്ങനെ ഭക്ഷണമുണ്ടാക്കുമ്പോൾ ഒരു സൗകര്യമുണ്ട്. നമുക്കു തോന്നുമ്പോൾ ചെയ്താൽ മതി. ആരും ചോദിക്കാൻ വരില്ല. വീണ്ടും എപ്പോൾ അടുക്കളയിൽ കയറണം, ഭക്ഷണമുണ്ടാക്കണം എന്നൊക്കെ തീരുമാനിക്കാൻ ആ സമയത്തു നമുക്കു സ്വാതന്ത്ര്യമുണ്ട്. അതൊരു ആഘോഷം കൂടിയാണ്. എന്നാൽ, വീടിന്റെ അടുക്കള അങ്ങനെയല്ല. എല്ലാ ദിവസവും അവിടെ കയറിയേ പറ്റൂ. അതൊരു ബാധ്യതയും പലർക്കും തടവറയുമാണെന്ന തിരിച്ചറിവുണ്ടായത് എന്റെ സ്വന്തം അനുഭവങ്ങളിൽനിന്നു തന്നെയാണ്. 

jeo-baby-2

ചിത്രത്തിലെ സ്ത്രീപക്ഷ ചിന്തകൾ, പുരുഷന്റെ അനുഭവം?

അടുക്കളയിൽ ഞാൻ നേരിട്ട പ്രശ്നങ്ങളിൽ നിന്നാണ് ആ ചിത്രത്തിന്റെ സ്പാർക്ക്. ഭാര്യയെക്കൊണ്ട് ഒറ്റയ്ക്ക് അടുക്കളപ്പണി എടുപ്പിക്കുന്നതു ശരിയല്ലെന്ന ചിന്തയും രാഷ്ട്രീയവും ഉള്ളിലുണ്ടായിരുന്നതുകൊണ്ടു തന്നെയാണ് ഞാൻ അടുക്കളയിൽ കയറിയത്. പിഎസ്‌സി, ബാങ്ക് കോച്ചിങ് പരീക്ഷകൾക്കൊക്കെ തയാറെടുക്കുന്ന ഭാര്യ ബീനയ്ക്ക് അതിനുള്ള സമയം കണ്ടെത്താൻ ആ സഹായം അനിവാര്യമാണെന്ന തിരിച്ചറിവും എന്റെ അടുക്കളപ്രവേശത്തിനു പിന്നിലുണ്ടായിരുന്നു. എന്നാൽ, വിവാഹം കഴിഞ്ഞ് ആദ്യ വർഷം തന്നെ കുട്ടിയുണ്ടായി. അതോടെ അടുക്കളക്കാര്യങ്ങളിൽ എനിക്കു കൂടുതൽ ഉത്തരവാദിത്തമായി.

ജിയോ ബേബിയും ചിത്രത്തിലെ നിമിഷയുടെ കഥാപാത്രവും തമ്മിൽ എത്രത്തോളം സാമ്യമുണ്ട്?

അന്നൊക്കെ, രാത്രി 11 എങ്കിലുമാകും അടുക്കളപ്പണിയെല്ലാം തീർത്തു പാത്രങ്ങൾ കഴുകിക്കഴിയുമ്പോൾ. പിന്നീട്, പിറ്റേന്നത്തേക്കു വെള്ളത്തിലിട്ടു വച്ച അരിയും ഉഴുന്നുമൊക്കെ ആട്ടി വയ്ക്കും. ഒടുവിൽ, എല്ലാം തീർത്തു സ്വസ്ഥമായി അൽപനേരം വായിക്കാനോ എഴുതാനോ ഇരിക്കുമ്പോൾ കയ്യിൽ മെഴുക്കും ഉളുമ്പുമണവും. പലതവണ ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകിയാലും അതു പോകുന്നില്ല. ഇതിനോടുള്ള വെറുപ്പും മാനസികസമ്മർദവും പുറമേ. അടുക്കളയിലെ വേസ്റ്റ് മാനേജ്മെന്റ് മറ്റൊരു വലിയ പ്രശ്നമായിരുന്നു. അങ്ങനെയൊരു രാത്രിയിലാണ് ഭാര്യയോട് അടുക്കള കേന്ദ്രീകരിച്ച് ഒരു ചിത്രം ചെയ്യുന്നുവെന്നു ഞാൻ വെളിപ്പെടുത്തുന്നത്. ‘ഒട്ടും വൈകിക്കേണ്ട, നിങ്ങളുടെ സിനിമകളിൽ ഏറ്റവും നല്ലത് അതായിരിക്കും’ എന്നായിരുന്നു മറുപടി. ഞാൻ നേരിട്ട ഫ്രസ്ട്രേഷൻസ് തന്നെയാണു നിമിഷയുടെ കഥാപാത്രത്തിലേക്കു പകർന്നത്. എന്റെ അമ്മയെയും ഭാര്യയെയും സഹോദരിമാരെയുമൊക്കെക്കുറിച്ചാണ് ആ ചിത്രം ഒരുക്കുമ്പോഴും കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോഴും ഞാൻ ചിന്തിച്ചത്. സഹോദരിയും സ്ത്രീസുഹൃത്തുക്കളുമൊക്കെ ചിന്തകളും ആശയങ്ങളും നൽകി.

Jeo-baby-new

ചിത്രത്തിലെ നായികയ്ക്ക് ഒരു കുട്ടി കൂടി വേണ്ടിയിരുന്നില്ലേ?

അയ്യോ, അത്രയൊന്നും നമ്മുടെ പ്രേക്ഷകർ താങ്ങില്ല. ഉറപ്പ്. കഥാപാത്രത്തിന്റെ ദുരിതത്തിന്റെ ഭീകരത അത്രയും വർധിപ്പിക്കേണ്ടതില്ലെന്നു തോന്നി. നായികയെ ഏറ്റവും കൂളായ സാഹചര്യത്തിൽ നിർത്തി ബുദ്ധിമുട്ടിക്കുകയാണു ഞാൻ ചെയ്തത്. ചിത്രത്തിനായി നിമിഷയെക്കൊണ്ടു പണിയെടുപ്പിച്ചതിനു കണക്കില്ല. ആ ചിത്രത്തിൽ ഉൾപ്പെടുത്തിയതിന്റെ മൂന്നിരട്ടിയിലേറെ പാത്രങ്ങൾ ഷൂട്ടിങ്ങിനിടെ നിമിഷ കഴുകിയിട്ടുണ്ട്.

കുട്ടികളെ നോക്കുക എന്നതു വലിയ ജോലി തന്നെയാണ്. ചെയ്തുനോക്കുമ്പോൾ മാത്രമേ ഓരോ ജോലിക്കും വേണ്ടിവരുന്ന കായികമായ അധ്വാനം നാം തിരിച്ചറിയാറുള്ളൂ. കാണുന്നവർക്ക് ‘ഓ, ഇതൊക്കെയെന്ത്?’ എന്നു തോന്നാം. ഒരു കുഞ്ഞിന് അതിന്റെ ചെരിപ്പോ വസ്ത്രങ്ങളോ ഇട്ടുകൊടുക്കുന്നതു പോലും അധ്വാനമുള്ള പണി തന്നെ.

അടുക്കളയുടെ അണിയറ?

ഇതിന്റെ അണിയറ പ്രവർത്തകരെല്ലാം അടുത്തറിയാവുന്നവരും വീട്ടിലെ പതിവു സന്ദർശകരുമാണ്. ഇവരൊക്കെ വീട്ടിൽനിന്നു ഭക്ഷണം കഴിച്ചാൽ പാത്രം കഴുകിവയ്ക്കും. പക്ഷേ, അതൊരു വലിയ കാര്യമായാണു കണ്ടിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അവരോടു പറഞ്ഞു, അവനവൻ കഴിച്ച പാത്രം കഴുകുന്നതു വലിയ ക്രെഡിറ്റ് ഒന്നുമല്ലെന്ന്. എന്നാൽ, അതവർക്കു മനസ്സിലായതു നിമിഷയുടെ കഥാപാത്രം സെറ്റിൽ എടുക്കുന്ന പണി അടുത്തുനിന്നു കണ്ടപ്പോഴാണ്. മാത്രമല്ല, ഓരോ റീടേക്കിലും ഈ പാത്രങ്ങൾ വീണ്ടും അവിടെ പ്രതിഷ്ഠിക്കുന്ന ജോലി അണിയറ പ്രവർത്തകരുടേതായിരുന്നു.

പിന്നെ, ഈ സിനിമയിലെ ആർട് ഡയറക്‌ഷൻ പൂർണമായും ഭക്ഷ്യവിഭവങ്ങളുടെ നിർമാണമായിരുന്നു. അതെല്ലാം ചിത്രീകരണത്തിനു വേണ്ടി അതേ അടുക്കളയിൽത്തന്നെ തയാറാക്കിയതാണ്. ഒരു ദിവസം തന്നെ പലതവണ ചോറും കറിയും സാമ്പാറും ചമ്മന്തിയും ഇഡലിയുമൊക്കെ ഉണ്ടാക്കി. അങ്ങനെ, എല്ലാവർക്കും ഒരു രൂപം കിട്ടി, ഇതിലെത്രത്തോളം കഷ്ടപ്പാടുണ്ടെന്ന്. ഇപ്പോൾ, അവരവരുടെ വീട്ടിൽ എല്ലാവരും ജോലി ചെയ്യാൻ കൂടുന്നുണ്ട്. ആ മാറ്റം സ്വീകാര്യമാണ്.

പ്രധാന കഥാപാത്രങ്ങൾക്കു പേരില്ല, പശ്ചാത്തല സംഗീതവുമില്ല?

ആവശ്യമുണ്ടെന്നു തോന്നിയില്ല. ഏട്ടനും ‘എടീയും’ അച്ഛനും അമ്മയുമൊക്കെ എല്ലായിടത്തുമുള്ളതല്ലേ...? കഥാപാത്രങ്ങളെ ഒരു പേരിലേക്ക് ഒതുക്കാതിരിക്കുന്നതാകും നല്ലതെന്നു തോന്നി. അടുക്കളയിലെ ശബ്ദങ്ങൾ ഡബ്ബിങ് വേളയിൽ കേട്ടപ്പോൾ ദൃശ്യങ്ങൾക്കു കൂടുതൽ യോജിക്കുക അതാണെന്നു തോന്നി. അതിനാലാണ് പശ്ചാത്തല സംഗീതം ഒഴിവാക്കിയത്.

‘പാളുവ’ ഭാഷയിൽ ഒരു പാട്ട്?

ചിത്രത്തിൽ പാട്ടുകളേ വേണ്ട എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഒരുഘട്ടത്തിൽ തോന്നി, ദലിത് വിഭാഗത്തിന്റെ പ്രതിനിധിയായ ചിത്രത്തിലെ ജോലിക്കാരിക്ക് ഒരു പാട്ട് ആകാമെന്ന്. അവരുടെ സമുദായത്തിനു സ്വന്തമായി പാട്ടുകളുണ്ടോ എന്ന അന്വേഷണമാണു മൃദുലാദേവിയിലെത്തിയത്. ഫെയ്സ്ബുക്കിലാണ് ആ വരികൾ കണ്ടത്. വിളിച്ചപ്പോൾ സന്തോഷത്തോടെ രണ്ടു പാട്ടുകൾ തന്നു.

ഫെസ്റ്റിവൽ പ്രതീക്ഷകൾ?

വേൾഡ് പ്രീമിയർ കഴിഞ്ഞതിനാൽ പ്രധാന ഫെസ്റ്റിവലുകൾക്ക് അയയ്ക്കാനാകില്ല. ഫെസ്റ്റിവൽ ലക്ഷ്യത്തോടെയുള്ള ഒരു ചെറിയ ചിത്രമായിരുന്നു ആദ്യ ഘട്ടത്തിൽ മനസ്സിൽ. എന്നാൽ, സുരാജ് വെഞ്ഞാറമൂട് വന്നതോടെ ആ പദ്ധതിയിൽ മാറ്റം വന്നു. ചിത്രം വലുതായി. സുരാജേട്ടൻ ഇതു ചെയ്യുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. നിമിഷയുടെ ചിത്രമാണിത് എന്നറിഞ്ഞു തന്നെയാണ് നെഗറ്റീവ് ഛായയുള്ള ഈ കഥാപാത്രത്തിനായി അദ്ദേഹം തയാറായത്. നടൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സാമൂഹിക ബോധത്തിനു തെളിവായിരുന്നു ആ സമ്മതം. പിന്നെ, എനിക്ക് ഏറ്റവും വിശ്വാസമുള്ള, ഒപ്പം നിൽക്കുമെന്നുറപ്പുള്ള ജോമോൻ, വിഷ്ണു, ഡിജോ, സജിൻ എന്നിവർ നിർമാതാക്കളായെത്തിയതും തുണയായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA