ADVERTISEMENT

ചർച്ച ചെയ്യേണ്ട വിഷയങ്ങൾ മാത്രമേ ആര്യാടൻ ഷൗക്കത്ത് സിനിമയ്ക്കു വിഷമായി സ്വീകരിച്ചിരിന്നുള്ളൂ. ആദ്യചിത്രമായ ‘പാഠം ഒന്ന് ഒരു വിലാപത്തിൽ’ ശൈശവ വിവാഹം എന്ന സാമൂഹിക പ്രശ്നം മുഖ്യധാരയിലേക്കു കൊണ്ടുവന്നപ്പോൾ രണ്ടാമത്തെ ചിത്രമായ ‘ദൈവനാമത്തിൽ’ ചർച്ച ചെയ്തത് യുവാക്കൾക്കിടയിലെ തീവ്രവാദമായിരുന്നു. കലാപ പ്രദേശത്തു നിന്നു പലായനം ചെയ്ത് അന്യനാട്ടിൽ അഭയംപ്രാപിച്ച ഒരു പെൺകുട്ടിയുടെ ജീവിതമായിരുന്നു മൂന്നാമത്തെ ചിത്രമായ ‘വിലാപങ്ങൾക്കപ്പുറം’. ഏറെ ചർച്ച ചെയ്യപ്പെട്ടു എന്നു മാത്രമല്ല ഒട്ടേറെ പുരസ്കാരങ്ങളും ഈ മൂന്നു ചിത്രങ്ങൾ വാരിക്കൂട്ടി. ഇപ്പോഴിതാ മറ്റൊരു സാമൂഹിക വിഷയവുമായി ആര്യാടൻ ഷൗക്കത്തിന്റെ ചിത്രമെത്തുന്നു. സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ‘വർത്തമാനം’  എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തപ്പോൾ തന്നെ ലക്ഷക്കണക്കിനാളുകളാണ് ദിവസങ്ങൾക്കകം കണ്ടത്. വർത്തമാനകാല ഇന്ത്യയെയാണ് പുതിയ സിനിമയിലൂടെ അവതരിപ്പിക്കുന്നതെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

 

∙ സ്ത്രീപക്ഷ സിനിമകൾ

 

‘‘ എന്റെ നാലുസിനിമകളും സ്ത്രീപക്ഷത്തുനിന്നു കൊണ്ടു സംസാരിക്കുന്ന സിനിമകളാണ്. 2003ൽ ‘പാഠം ഒന്ന് ഒരു വിലാപത്തിന്’ തിരക്കഥ എഴുതുമ്പോൾ ഞാൻ എന്റെ ചുറ്റുപാടും കണ്ട കുറേ കാര്യങ്ങളായിരുന്നു അവതരിപ്പിച്ചത്. പത്താംക്ലാസ് വരെ പഠിക്കാൻ ആഗ്രഹിക്കുന്നവളായിരുന്നു മീരാജാസ്മിൻ അവതരിപ്പിച്ച നായിക ഷാഹിന. പുതിയ സിനിമയായ ‘വർത്തമാന’ത്തിൽ നായിക പാർവതി തിരുവോത്ത്  അവതരിപ്പിക്കുന്ന ഫൈസ സൂഫിയ ന്യൂഡൽഹി ജെഎൻയുവിലെ ഗവേഷണ വിദ്യാർഥിയാണ്. ആദ്യസിനിമയിൽ നിന്ന് പുതിയ സിനിമയിലെത്തുമ്പോൾ ഞാൻ അവതരിപ്പിക്കുന്നത് എന്റെ നാട്ടിലെ പെൺകുട്ടികളുടെ വളർച്ചയാണ്. പത്താംക്ലാസ് വരെ പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഷാഹിനയിൽ നിന്ന് ഡൽഹിയിൽ പഠനത്തിനെത്തുന്ന ഫൈസ സൂഫിയയിലേക്ക് മലപ്പുറത്തെ ഒരു പെൺകുട്ടിയുടെ വളർച്ചയാണ്. 

 

അബ്ദുറഹിമാൻ സാഹിബിനെക്കുറിച്ച് പഠനം നടത്താൻ ഡൽഹിയിലെത്തിയ ഫൈസ സൂഫിയയ്ക്ക് അവിടെ നടക്കുന്ന സമരത്തിൽ പങ്കെടുക്കേണ്ടിവരികയും ഒടുവിൽ അതിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടിയും വരുന്നു. മലപ്പുറത്തെ പെൺകുട്ടികൾ അത്രത്തോളം വളർന്നുവെന്നതിന്റെ തെളിവാണിത്. 

 

പാഠം ഒന്ന് ഒരു വിലാപത്തിലെ അഭിനയത്തിന് മീരാ ജാസ്മിന് 2003ലെ മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരം ലഭിച്ചു. ദൈവനാമത്തിലെ അഭിനയത്തിന് 2005ൽ ഭാവനയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവം 2008ൽ പ്രിയങ്കയ്ക്ക് വിലാപങ്ങൾക്കപ്പുറത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. അത്രയ്ക്കും ശക്തമായ കഥാപാത്രങ്ങളെയായിരുന്നു ഇവർ അവതരിപ്പിച്ചത്. അതുപോലെ പാർവതി തിരുവോത്തും പുതിയ ചിത്രത്തിൽ നല്ല പ്രകടനമാണു കാഴ്ചവച്ചത്. 

 

∙രാഷ്ട്രീയം

 

കൃത്യമായ രാഷ്ട്രീയം പറയുന്നതാണെന്റെ എല്ലാ സിനിമകളും. വർത്തമാനത്തിനു തിരക്കഥയൊരുക്കിയത് രണ്ടുവർഷത്തെ ഗവേഷണത്തിനൊടുവിലാണ്. രോഹിത് വെമുല മുതലുള്ള സംഭവങ്ങളെല്ലാം ഈ ചിത്രത്തിലുണ്ട്. ഞാൻ വിചാരിച്ച കാര്യങ്ങളെല്ലാം സിദ്ധാർഥ് ശിവ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.

 

∙ റിലീസ്

 

ഫെബ്രുവരി 19ന് ആണ് തിയറ്ററിലെത്തുന്നത്. അക്ബർ ട്രാവൽസും ഞാനും ചേർന്നാണ് ചിത്രം നിർമിച്ചത്.  എന്റെ എല്ലാ ചിത്രങ്ങളും നിർമിച്ചതു ഞാൻ തന്നെയാണ്. നമ്മളെഴുതുന്നത് നമ്മൾ ആഗ്രഹിക്കുന്ന വിധം തിയറ്ററിലെത്തണമെങ്കിൽ നിർമാണവും നമ്മളായിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com