തമിഴ് പേശാനൊരുങ്ങി മലയാളികളുടെ പ്രിയതാരം അന്ന രാജൻ. മെയ്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ച താരം ഇനി തമിഴ് സിനിമയിലും തിളങ്ങും. ഒരു ചിത്രത്തിന്റെ പൈലറ്റ് ഷൂട്ടിങ് പൂർത്തിയായി. കോട്ടയത്തും പുതുച്ചേരിയിലുമായിരുന്നു ഷൂട്ടിങ്. പുതിയ ചിത്രങ്ങളെക്കുറിച്ചും പുതുച്ചേരിയിൽ നടത്തിയ തന്റെ മെയ്ക്ക് ഓവർ ഫോട്ടോ ഷൂട്ടിനെക്കുറിച്ചും അന്ന രാജൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
പുത്തൻ ചിത്രങ്ങൾ
നാലു ചിത്രങ്ങളാണ് ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം വെറുതേയിരുന്നു. അവസാനം തിയറ്ററിലെത്തിയ ചിത്രം ‘അയ്യപ്പനും കോശി’യുമായിരുന്നു. അതുകൊണ്ടു തന്നെ ഈ വർഷം പ്രതീക്ഷകളുടേതു കൂടിയാണ്. തിയറ്ററുകൾ തുറന്നതു ശുഭപ്രതീക്ഷയാണ്.
∙തിയറ്ററിനു പകരം ഒന്നുമില്ല
തിയറ്റുറുകളിൽ പോയി സിനിമ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സിനിമാറ്റിക് അനുഭവം മുഴുവനായി ലഭ്യമാകണമെങ്കിൽ തിയറ്ററിൽ തന്നെ പോയി സിനിമ കാണണമെന്നാണ് എന്റെ അഭിപ്രായം. ലോക്ഡൗൺ സമയത്ത് ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമ റിലീസ് ചെയ്തിരുന്നു. അന്നു വേറെ നിവൃത്തിയില്ലായിരുന്നു. പക്ഷേ, ഇപ്പോൾ തിയറ്ററുകൾ തുറന്നതു വലിയ ആശ്വാസമാണ്. ഹോം തിയറ്റർ സൗകര്യമൊക്കെയൊരുക്കി സിനിമ കാണാൻ എത്ര പേർക്കു സാധിക്കും?

∙മെയ്ക്ക് ഓവർ
ലോക്ഡൗൺ സമയത്ത് എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിച്ചിരുന്നു. പുറത്തൊന്നും പോകുന്നില്ല. എൻഗേജ് ചെയ്യിക്കുന്ന ഒന്നും തന്നെയില്ല.അങ്ങനെയാണ് മെയ്ക് ഓവറിനെക്കുറിച്ചു ചിന്തിക്കുന്നത്. പ്രതീക്ഷിച്ച അത്രയും ശരീരഭാരം കുറയ്ക്കാൻ സാധിച്ചു എന്നൊന്നും കരുതുന്നില്ല. എന്നാലും ഇപ്പോഴത്തെ മെയ്ക് ഓവർ എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്.

ഭക്ഷണം രണ്ടുനേരം മാത്രമാണ് ഈ സമയത്തു കഴിച്ചിരുന്നത്. ഏറെ നേരം ഷട്ടിലും കളിച്ചിരുന്നു. മെയ്ക് ഓവറിനു ശേഷമുള്ള ഫോട്ടോഷൂട്ട് പുതുച്ചേരിയിൽ വച്ചായിരുന്നു. ഒത്തിരി സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്.
∙യാത്രകളും സീരീസും
യാത്ര ചെയ്യാൻ ഒരുപാടിഷ്ടമുള്ള ആളാണു ഞാൻ. നമ്മളിതു വരെ കാണാത്ത, അറിയാത്ത സ്ഥലത്തേക്കു പോകുക, അവരുടെ സംസ്കാരത്തെക്കുറിച്ചറിയുക, അവരുടെ രുചികൾ പരീക്ഷിക്കുക– എനിക്കൊത്തിരി ഇഷ്ടപ്പെട്ട കാര്യമാണത്. ലോക്ഡൗണിൽ ഇല്ലാതായതും അത്തരം യാത്രകളായിരുന്നു. അപ്പോൾ കൂട്ടായി വന്നതാണ് സീരീസുകൾ. ഫാമിലി സീരീസുകളാണ് എനിക്കു കൂടുതലിഷ്ടം. ബിഗ് ബാങ് തിയറിയും ഫ്രണ്ട്സുമൊക്കെ വീണ്ടും വീണ്ടും കാണുന്ന സീരീസുകളാണ്.

∙പ്രതീക്ഷകളോടെ ഈ വർഷം
ന്യൂ ഇയർ റെസലൂഷൻസ് ഒന്നുമില്ല. അങ്ങനെ റെസലൂഷൻസ് എടുക്കുന്ന ശീലമൊന്നുമില്ല. പക്ഷേ, ഈ വർഷം പുതിയ പ്രതീക്ഷകളുടേതാണ്. പ്രത്യേകിച്ചും കോവിഡ് നമ്മുടെയൊക്കെ ജീവിതത്തെ മാറ്റിമറിച്ച നിലയ്ക്ക്. അതുകൊണ്ടുതന്നെ വളരെ ആവേശത്തോടെയാണ് ഈ വർഷത്തെ കാണുന്നത്.