‘സൺഡേ ഹോളിഡേയിൽ അഭിനയിച്ച ലാൽ ജോസിനെ വേണം’

lal-jose
SHARE

ദുബായ്. അന്ത ആൾ നാൻ കെടയാതെ (ആ ആൾ ഞാനല്ല) എന്നു പറഞ്ഞിട്ടും തലയിലായ വേഷത്തെക്കുറിച്ചാണ് സംവിധായകൻ ലാൽജോസിന്റെ ഇപ്പോഴത്തെ ചിന്ത. 

കേരളത്തിൽ റിലീസാകുന്ന തമിഴ് ചലച്ചിത്രം ജിപ്സിയിൽ ചെയ്ത വേഷം മലയാളികൾ എങ്ങനെ സ്വീകരിക്കുമെന്ന സന്ദേഹമുണ്ട്. തമിഴ്നാട്ടിൽ ലോക്ഡൗണിനു മുൻപ് റിലീസായ ജിപ്സിയിൽ ചലച്ചിത്ര വിമർശകരുടെ പോലും പ്രശംസനേടിയ വേഷമാണെങ്കിലും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന കുട്ടിയെപ്പോലെ ആകാംഷ ഇല്ലാതില്ലെന്ന് ലാൽ ജോസ് പറയുന്നു. കാരണം നായികയുടെ പിതാവിന്റെ പ്രാധാന്യമുള്ള വേഷമാണ്. ഏറെ രാഷ്ട്രീയ മാനങ്ങളുള്ള ചിത്രവുമാണ്. 

മലകൾ അതിരിടുന്ന റാസൽഖൈമയിൽ ചിത്രീകരണം പുരോഗമിക്കുന്ന മ്യാവു വിന്റെ ലൊക്കേഷനിൽ നിന്ന് ഹോട്ടൽ മുറിയിലെത്തി ലാൽ ജോസ് തന്റെ ആദ്യ അന്യഭാഷാചിത്ര വേഷത്തെക്കുറിച്ച് പറഞ്ഞു തുടങ്ങി. ആദ്യമായാണ് അദ്ദേഹം ഒരു അന്യഭാഷാ ചിത്രത്തിന് ശബ്ദം നൽകുന്നത് എന്ന പ്രത്യേകതയുമുണ്ട്. 

" ഇത്രയും വൃത്തികെട്ട ശബ്ദം വേറെ അവർ കേട്ടിട്ടില്ലാത്തതിനാലാവാം എന്റെ ശബ്ദം തന്നെ മതിയെന്ന് ഉറപ്പിച്ച് ഡബ് ചെയ്യിച്ചത്"- അതെക്കുറിച്ച് അദ്ദേഹത്തിന്റെ കമന്റ്. (സ്വയം ഇകഴ്ത്തിയതാണെങ്കിലും നിരവധി മലയാള ചലച്ചിത്രങ്ങളിൽ കഥ പറഞ്ഞ് മലയാളികളെ കൂടെക്കൂട്ടിയ ശബ്ദമാണ് അതെന്നത് വേറെ കാര്യം).

അത് ഞാനല്ല

നിനച്ചിരിക്കാതെ വന്നെത്തിയ വേഷമാണ് ജിപ്സിയിലെ മുത്തലീബ് എന്നും അതിന് താൻ എങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു എന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ലാൽജോസ് പറഞ്ഞു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് രാജ് മുരുഗൻ സംവിധാനം ചെയ്ത ജിപ്സിയിൽ ഒരോ സംസ്ഥാനത്തെയും പ്രമുഖരെയാണ് അഭിനയിപ്പിച്ചത്. കേരളത്തിൽ നിന്ന് ഡിവൈഎഫ്ഐ പ്രവർത്തകനും നായികയുടെ പിതാവും ഉൾപ്പടെ രണ്ടു കഥാപാത്രങ്ങളാണ് വേണ്ടിയിരുന്നത്. കേരളത്തിലെ പ്രധാന താരങ്ങൾ വേണ്ടെന്ന് അവർ തീരുമാനിച്ചിരുന്നു. എന്റെ ഫെയ്സ്ബുക്കിലെ ചില ചിത്രങ്ങളും അവർക്ക്കണ്ട് ഇഷ്ടമായി. തുടർന്ന് ഫോണിൽ ബന്ധപ്പെടുകയായിരുന്നു. എന്നാൽ സംവിധായകരായ സിദ്ദീഖ്–ലാലിലെ ലാലിനെ ആവും അവർ തിരക്കുന്നതെന്ന് കരുതി ഞാൻ ആ ആളല്ലെന്ന് പറഞ്ഞെങ്കിലും സൺഡേ ഹോളിഡേയിൽ അഭിനയിച്ച ലാൽ ജോസിനെത്തന്നെയാണ് വേണ്ടതെന്ന് പറഞ്ഞു. 

lal-jose-22
ഫോട്ടോ : ജയപ്രകാശ് പയ്യന്നൂർ

അഭിനയമാണോ സംവിധാനമാണോ എളുപ്പം

അഭിനയിക്കാൻ അറിയുന്നവർക്ക് ഏറ്റവും എളുപ്പമാണ് അതെങ്കിലും അറിയാത്തവർക്ക് ലോകത്തിലേക്കും ഏറ്റവും പ്രയാസമുള്ള കാര്യവും അതാണ്.ഏതായാലും ഞാൻ വിചാരിച്ചതിലും പ്രയാസമില്ലാതെ കാര്യങ്ങൾ നടന്നു. പതിനേഴ് ദിവസത്തോളം ചിത്രീകരണം ഉണ്ടായിരുന്നു. കോഴിക്കോട്, നാഗൂർ, കാശി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എന്റെ ചിത്രമായ തട്ടിൻപുറത്ത് അച്യുതന്റെ ചിത്രീകരണത്തിനിടെയും പോയി അഭിനയിക്കേണ്ടി വന്നു. 

തമിഴ്, മലയാള ചിത്രീകരണ വ്യത്യാസം

വലിയ മാറ്റങ്ങൾ ഉണ്ടെന്ന് കരുതിയെങ്കിലും ഒന്നുമില്ല. മലയാളം സംസാരിക്കുന്ന ഞാൻ മാത്രം സെറ്റിൽ എന്ന വ്യത്യാസം മാത്രം. ബാക്കിയെല്ലാം മലയാളത്തിലേ പോലെ തോന്നി. തന്നെയുമല്ല എന്നെ ഏതോ ഒരു ആർടിസ്റ്റ് എന്ന നിലയിലാണ് സെറ്റിലുള്ളവർ കരുതിയത്. അതും സൗകര്യമായി. സംവിധായകൻ വളരെ കാര്യമായി പരിഗണിക്കുന്നത് കണ്ടപ്പോഴാണ് ബാക്കിയുള്ളവർ വിവരങ്ങൾ അറിഞ്ഞത്. അപ്പോഴും ജിമിക്കി കമ്മിലിന്റെ സംവിധായകൻ എന്ന നിലയിലാണ് അവർ മനസ്സിലാക്കിയത്.

വേഷത്തെക്കുറിച്ച്

അത്തർ വ്യാപാരിയായ നാഗൂർ സ്വദേശിയായ മുസ്‌ലിം. കശ്മീരിൽ നിന്നുള്ള നായികയുടെ പിതാവാണ്. പ്രായപൂർത്തിയായ സുന്ദരിയായ മകളെ കുറിച്ച് ആകുലതകളുള്ള അച്ഛന്റെ വേഷം. മലയാളത്തിൽ ചില വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മിക്കതും ലാൽ ജോസായിത്തന്നെയായിരുന്നു. ഓം ശാന്തി ഓശാനയിൽ മാത്രമാണ് ജേക്കബ് തരകൻ എന്ന പബ്ലിഷറുടെ വേഷം ചെയ്തത്. പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി തികച്ചും ഞാനല്ലാത്ത കഥാപാത്രം. എന്നാൽ രണ്ടു പെൺകുട്ടികളുടെ പിതാവായ,പെട്ടെന്ന് ദേഷ്യപ്പെടുന്ന എനിക്ക് ആ കഥാപാത്രത്തെ എളുപ്പം മനസ്സിലാക്കാനായി. (ദുബായ് സന്ദർശനത്തിനെത്തി സമീപമുണ്ടായിരുന്ന മൂത്ത മകൾ അയ്റിനെ നോക്കി ലാൽ ജോസ് ചിരിച്ചു). അത് ഏറെ ഗുണം ചെയ്തു. സംവിധായകൻ ആഗ്രഹിച്ചത് നൽകാനായി. നിസ്കാരത്തഴമ്പ്, വേഷം എന്നിവ സംബന്ധിച്ച ചില നിർദ്ദേശങ്ങളും അവർ സ്വീകരിച്ചു. തമിഴ് ചലച്ചിത്ര വിമർശകരിൽ ഒരാൾ ലാൽ ജോസ് സ്വാഭാവിക അഭിനയം കാഴ്ചവച്ചതായി പേര് എടുത്തുപറഞ്ഞ് അഭിനന്ദിച്ചത് സന്തോഷകരമായി.

lal-jose-34
ഫോട്ടോ : ജയപ്രകാശ് പയ്യന്നൂർ

ആദ്യമായി ഡബ്ബിങ്

പലരുടെയും ശബ്ദങ്ങൾ പരീക്ഷിച്ചെങ്കിലും എന്റെ ഡബ്ബിങ് ശബ്ദം കേട്ടു കേട്ട് അവർ മറ്റൊന്നും യോജിക്കുന്നില്ലെന്ന് കണ്ട് എന്നെക്കൊണ്ടു തന്നെ ശബ്ദം നൽകിക്കുകയായിരുന്നു. മുൻപ് തമിഴ്നാട്ടിൽ പഠിക്കാൻ ഒന്നരവർഷത്തോളം പോയിരുന്നതും പ്രയോജനകരമായി. നാഗൂർ ഭാഷാ രീതി പ്രയോഗിക്കുന്ന് സംബന്ധിച്ചു മാത്രമാണ് ചില നിർദ്ദേശങ്ങൾ ഉണ്ടായത്. 

gypsy

ആദ്യ ഷോട്ട്

കുതിരപ്പുറത്തിരിക്കുന്ന നായകൻ ജീവയുടെ മുന്നിലേക്ക് വളരെ തടിച്ച ഒരാളെ ചേതക് സ്കൂട്ടറിനു പിന്നിലിരുത്തി ഓടിച്ചു ചെല്ലുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. 20 വർഷത്തിനു ശേഷം സ്കൂട്ടർ ഒടിക്കുന്നതിന്റെ പ്രയാസം, വളരെ ഭാരമുള്ള ആളെ പിന്നിലിരുത്തുന്നതിന്റെ ബുദ്ധിമുട്ട്, കുതിരയ്ക്കു മുന്നിലേക്ക് ഒാടിച്ചു ചെല്ലുന്ന റിസ്ക്. ഇതെല്ലാം ഉണ്ടായിട്ടും വലിയ കുഴപ്പമില്ലാതെ അതു ചെയ്തതോടെ കാര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങിച്ചേരാൻ കഴിഞ്ഞു-ലാൽ ജോസ് പറഞ്ഞു.

38 തിയറ്ററുകളിലാണ് ചിത്രം റിലീസാകുന്നത്. ആളുകളിലേക്ക് എത്ര വേഗം സിനിമ എത്തും എന്ന കാര്യത്തിലും ആശങ്കയുണ്ടെങ്കിലും തമിഴ് നാട്ടിൽ നിന്ന് നല്ല വാക്കുകൾ കേട്ട സന്തോഷത്തിലാണ് ലാൽ ജോസ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA