ആദ്യം എനിക്കു ടെൻഷനായി, വേഗം മമ്മൂക്ക സിങ്കായി: ജോഫിൻ അഭിമുഖം

joffin
SHARE

മലയാള സിനിമയിൽ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത മിസ്റ്ററി ത്രില്ലർ ജോണറിൽ പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റി'ന്റെ ടീസർ റിലീസായപ്പോൾ പ്രേക്ഷകർ ആദ്യം ശ്രദ്ധിച്ചത് അതിലെ മമ്മൂട്ടിയുടെ ശബ്ദമായിരുന്നു. കഥയുടെ രസച്ചരടിലേക്ക് പ്രേക്ഷകരെ വലിച്ചടുപ്പിക്കുന്ന എന്തോ ഒരു പ്രത്യേകതയില്ലേ ആ ശബ്ദത്തിന്? സംവിധായകൻ ജോഫിൻ ടി. ചാക്കോയോട് ഇക്കാര്യം ചോദിച്ചാൽ അദ്ദേഹവും അതു തന്നെ പറയും. ശബ്ദത്തിനും സംഗീതത്തിനും വലിയൊരു റോളുള്ള സിനിമയാണ് 'ദി പ്രീസ്റ്റ്'. പക്കാ കൊമേർഷ്യൽ സിനിമ ആയിട്ടും ചിത്രത്തിൽ സിങ്ക് സൗണ്ട് ഉപയോഗിച്ചതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. എന്നാൽ ആ യാത്ര അത്ര സിംപിളായിരുന്നില്ല. വലിയ ക്യാൻവാസിലൊരുങ്ങുന്ന ചിത്രത്തിൽ സിങ്ക് സൗണ്ട് ചെയ്യുക എന്നതു തന്നെ ഏറെ ശ്രമകരമായിരുന്നു. ആദ്യചിത്രത്തിലെ ആ അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സംവിധായകനായ ജോഫിൻ.ടി.ചാക്കോ. 

നിർദേശിച്ചത് മമ്മൂക്ക തന്നെ

പ്രീസ്റ്റ് സിങ്ക് സൗണ്ടിലാണ് ചെയ്തിരിക്കുന്നത്. ഇക്കാര്യം പലർക്കും അറിയില്ല. ഈ സിനിമ സിങ്ക് സൗണ്ട് ചെയ്താലോ എന്ന് ആദ്യം ചോദിച്ചത് മമ്മൂക്കയാണ്. സിനിമയുടെ ആദ്യ പകുതിയിൽ നല്ല ക്രൗഡ് വരുന്ന സീനുകളുണ്ട്. ആ ഭാഗങ്ങൾ സിങ്ക് സൗണ്ടിൽ പിടിക്കാൻ അൽപം ബുദ്ധിമുട്ടാണ്. കൂടാതെ നല്ല ചെലവേറിയ പ്രോസസും ആണ്. അതുകൊണ്ടായിരുന്നു ഞാൻ ആ ചിന്ത ഉപേക്ഷിച്ചത്. എന്നാൽ, കഥ കേട്ടപ്പോൾ സിനിമ സിങ്ക് സൗണ്ടിലാണെങ്കിൽ മികച്ച അനുഭവമായിരിക്കില്ലേ എന്ന് മമ്മൂക്ക ചോദിച്ചു. അങ്ങനെയാണ് അതു ചെയ്യാൻ പറ്റുന്ന ആളെ അന്വേഷിച്ചത്. അന്വേഷണം എത്തിച്ചേർന്നത് ദേശീയ പുരസ്കാര ജേതാവായ ജയദേവനിലായിരുന്നു (ജെ.ഡി). കുമ്പളങ്ങി നൈറ്റ്സ്, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകൾ സൗണ്ട് ഡിസൈൻ ചെയ്തിട്ടുള്ള വ്യക്തിയാണ് ജെ.ഡി. 

preist-team

അദ്ദേഹത്തെ സമീപിച്ചപ്പോൾ ആദ്യം പറഞ്ഞത്, 'ജോഫിനേ... ഇതൊരു പക്കാ കൊമേർഷ്യൽ സിനിമയല്ലേ? ഇതിൽ സിങ്ക് സൗണ്ടിന് സാധ്യതയുണ്ടോ', എന്നായിരുന്നു. കഥ കേട്ടിട്ട്, എന്തെങ്കിലും സാധ്യത തോന്നുകയാണെങ്കിൽ ചെയ്യാമെന്നും ജെ.ഡി പറഞ്ഞു. കഥ കേട്ടപ്പോൾ ആളും ഓകെ ആയി. ഇത്ര വലിയ ക്യാൻവാസിലുള്ള സിനിമ സിങ്ക് ചെയ്യുക എന്ന പരീക്ഷണത്തിന് ജെ.ഡിയും തയ്യാറായി. കാര്യം നല്ല ചിലവേറിയ പരിപാടിയായിരുന്നു. നല്ല രസമുള്ള അനുഭവമായിരുന്നു അത്. ഡബിങ്ങിന്റെ ചില ഫോട്ടോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. എന്നാൽ, അത് സിങ്ക് സൗണ്ടിലെ കറക്ഷൻസ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ്. ബാലതാരമായി എത്തുന്ന മോണിക്കയുടെ ഭാഗമാണ് ആകെ ഡബ് ചെയ്തിരിക്കുന്നത്. ബാക്കി എല്ലാം സിങ്ക് സൗണ്ട് തന്നെയാണ്. 

മമ്മൂക്കയ്ക്ക് ഡയലോഗുകൾ പുഷ്പം പോലെ 

സിനിമയുടെ രണ്ടാം പകുതിയിൽ മ്യൂസിക്കിനും സിങ്ക് സൗണ്ടിനും നല്ല പ്രാധാന്യമുണ്ട്. ഇതിൽ മ്യൂസിക് ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആണ്. ജെ.ഡിയും രാഹുൽ രാജും തമ്മിൽ നല്ല കമ്മ്യൂണിക്കേഷൻ ഉണ്ടായിരുന്നു. അത് മികച്ചൊരു തിയറ്റർ അനുഭവമായി വന്നിട്ടുണ്ട് എന്നു തന്നെയാണ് എന്റെ വിശ്വസം.  പ്രത്യേകിച്ചും സിനിമയുടെ രണ്ടാം പകുതി. അതു തിയറ്ററിൽ ഇരുന്ന് അനുഭവിച്ചറിയേണ്ട ഒന്നാണ്. 

joffin-priest

ടീസറിലെ മമ്മൂട്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞിരുന്നു. അത് സിങ്ക് സൗണ്ടിന്റെ ക്വാളിറ്റിയാണ്. ആർടിസ്റ്റ് പെർഫോം ചെയ്യുന്നത് അതേപടി കിട്ടുകയാണല്ലോ! മമ്മൂക്ക, മഞ്ജു ചേച്ചി, നിഖില ഇവരൊക്കെ സിങ്ക് സൗണ്ടിൽ നല്ല രസമായി ചെയ്തിട്ടുണ്ട്. എല്ലാവർക്കും സിങ്ക് സൗണ്ട് ചെയ്ത് നല്ല എക്സ്പീരീയൻസ് ഉണ്ട്. അതുകൊണ്ട് നല്ല രസമായി വന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ സിങ്ക് സൗണ്ട് സിനിമകൾ ചെയ്തിട്ടുള്ളത് മമ്മൂക്ക ആണെന്നു തോന്നുന്നു. എന്ത് ഡയലോഗ് കൊടുത്താലും അദ്ദേഹത്തിനത് കുഴപ്പമില്ല. മമ്മൂക്ക പുഷ്പം പോലെ അതു ഹാൻഡിൽ ചെയ്യും. ഷോട്ടിനു മുൻപ് രണ്ടു പ്രാവശ്യം വായിക്കും. പിന്നെ, നേരെ അത് സിംപിളായി പറയും

priest-teaser

ആദ്യ ദിവസങ്ങളിലെ ടെൻഷൻ

2015ലാണ് ഈ സിനിമയുടെ ആശയം മനസിലുടക്കുന്നത്. ഒരു മാഗസിനിൽ വായിച്ച ആർട്ടിക്കിളിൽ കണ്ട റിയൽ ലൈഫ് ക്യാരക്ടറിൽ നിന്നാണ് തുടക്കം. പിന്നീട് അതു ഡെവലപ് ചെയ്തെടുത്തു. 2017 ആയപ്പോൾ ശ്യാം മേനോനൊപ്പമിരുന്ന് തിരക്കഥയുടെ രൂപത്തിലാക്കി. പിന്നീട് അതിലേക്ക് കുഞ്ഞിരാമായണം സിനിമയുടെ എഴുത്തുകാരൻ ദീപു പ്രദീപ് കൂടി ഞങ്ങൾക്കൊപ്പം ചേർന്നു. അങ്ങനെയാണ് തിരക്കഥ പൂർണരൂപത്തിലെത്തുന്നത്. പിന്നീട് നിർമാതാവ് ആന്റോ ചേട്ടന്റെ അടുത്ത് സംസാരിച്ചു. അദ്ദേഹമാണ് മമ്മൂക്കയേയും മഞ്ജു ചേച്ചിയേയുമൊക്കെ കണക്ട് ചെയ്തു തരുന്നത്. 

the-priest-movie-manju

മമ്മൂക്കയുടെ അടുത്തുള്ള കമ്മ്യൂണിക്കേഷൻ വളരെ ഈസിയാണ്. പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അതു കൃത്യമായി ചോദിക്കും. അതു ക്ലിയർ ചെയ്താൽ എല്ലാം സ്മൂത്ത് ആണ്. ആദ്യ രണ്ടു മൂന്നു ദിവസങ്ങളിൽ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. ഡയറക്ടർ എന്ന രീതിയിൽ അദ്ദേഹത്തിനൊപ്പം ആദ്യമല്ലേ! അതുകൊണ്ട് ആദ്യത്തെ ദിവസങ്ങളിൽ ചെറിയ സീനുകളാണ് എടുത്തത്. ആ സമയം കൊണ്ട് നമ്മുടെ ടെൻഷനും സമ്മർദ്ദവുമെല്ലാം കുറ‍ഞ്ഞു. എല്ലാവരും സിങ്ക് ആയി. ടീം മൊത്തം സെറ്റ് ആയി. മമ്മൂക്കയെ വച്ചു തന്നെയാണ് നമ്മൾ ഷൂട്ട് തുടങ്ങിയത്. എൺപതുകളിലെ ഒരു സിനിമയിൽ മമ്മൂക്ക പള്ളീലച്ചന്റെ ഒരു വേഷം ചെയ്തിട്ടുണ്ട്. അതിനുശേഷം ഇപ്പോഴാണ് ഒരു അച്ചൻ വേഷം. ആ ക്യാരക്ടറിന്റെ ഡിറ്റെയ്‍ലിങ്ങിൽ മമ്മൂക്കയുടെ കോൺട്രിബ്യൂഷൻ വളരെ വലുതാണ്. ഇതിൽ അദ്ദേഹത്തിന്റെ കഥാപാത്രം ഒരു വടി ഉപയോഗിക്കുന്നുണ്ട്. ആ നിർദേശം മമ്മൂക്കയുടേതായിരുന്നു. 

jofin-mammootty

കാത്തിരുന്ന ഷോട്ട്, കയ്യടിച്ച് ക്രൂ

മമ്മൂക്കയും മഞ്ജു ചേച്ചിയും തമ്മിലുള്ള നല്ല കോമ്പിനേഷൻ സീനുകളുണ്ട് സിനിമയിൽ. മൊത്തം ക്രൂ ഇവർ ഒന്നിച്ചു ചെയ്യുന്ന ആ രംഗത്തിന്റെ ഷൂട്ട് ആകാൻ കാത്തിരിക്കുകയായിരുന്നു. മമ്മൂക്ക ഷൂട്ടിൽ ജോയിൻ ചെയ്ത് പത്തു പതിനഞ്ചു ദിവസത്തിനു ശേഷമാണ് ഇവരുടെ കോമ്പിനേഷൻ ഷോട്ട് വന്നത്. എനിക്കിപ്പോഴും ഓർമയുണ്ട്, ആ ഷോട്ടിന് കട്ട് പറഞ്ഞതും എല്ലാവരും കയ്യടിച്ചു പോയി. അത്രയും എക്സൈറ്റഡ് ആയിരുന്നു എല്ലാവരും. ഈ സിനിമയിൽ നിഖില വലിയൊരു റോളാണ് ചെയ്യുന്നത്. എനിക്കു തോന്നുന്നു, ഈ കഥ ഞാൻ ആദ്യം പറഞ്ഞത് നിഖിലയോടാണ്. ഞങ്ങൾക്ക് സിനിമാ സർക്കിളിൽ ഒരു ചെറിയ ഗ്യാങ്ങുണ്ട്. അതിലെ ഒരു കക്ഷിയാണ് നിഖില. അതുകൊണ്ട് നേരത്തെ തന്നെ എനിക്ക് നിഖിലയെ അറിയാം. ഈ കഥ ആദ്യമായി കേട്ടതും നിഖിലയാണ്. അഞ്ചു വർഷമായി ഈ സിനിമയുടെ പിറകെ. ആ സ്വപ്നം സഫലീകരിച്ച ഫീലായിരുന്നു, പാക്കപ്പ് പറഞ്ഞപ്പോൾ! 

jofin-manju

അധ്യാപക വീട്ടിലെ സംവിധായകൻ

മലയാളത്തിലെ ആദ്യത്തെ സിനിമാ മാർക്കറ്റിങ് കമ്പനികളിലൊന്നായ 'മുയൽ മീഡിയ' തുടങ്ങിയത് ഞാനാണ്. അതു ഞാൻ കോളജിൽ പഠിക്കുമ്പോഴായിരുന്നു. എന്റെ കുടുംബത്തിലാണെങ്കിൽ എല്ലാവരും അധ്യാപകരാണ്. അച്ഛനും അമ്മയും മൂന്നു ചേച്ചിമാരും അധ്യാപകരാണ്. സിനിമയുമായി ഒരു തരത്തിലും ബന്ധമില്ല. കോളജിൽ പഠിക്കുമ്പോൾ തോന്നിയ ഐഡിയ ആണ് ഒരു സിനിമാ മാർക്കറ്റിങ് കമ്പനി. അതിലൂടെ കുറച്ചു ആളുകളെ പരിചയപ്പെട്ടു. കൊച്ചിയിലെ വെസ്റ്റ്ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫിലിം മേക്കിങ്ങിൽ പിജി ചെയ്തു. പിന്നീട് ജിസ് ജോയിയുടെ സിനിമയിൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തു. പിന്നീട് ആഡ് ഫിലിമുകൾ ചെയ്തു. 

ancy-jofin
ഭാര്യ ആൻസിക്കൊപ്പം ജോഫിൻ

2012 മുതൽ സിനിമയിൽ ആക്ടീവ് ആണ്. ഞാൻ സിനിമയിൽ ഇത്രയും സീരിയസ് ആണെന്ന് വീട്ടുകാർ അറിഞ്ഞതു തന്നെ 2019ലാണ്. എനിക്ക് ഫിലിം മാർക്കറ്റിങ് കമ്പനിയുണ്ട്... അത്യാവശ്യം പൈസ സമ്പാദിക്കുന്നുണ്ട്... എന്നല്ലാതെ ഞാൻ സിനിമ ചെയ്യുമെന്ന് അവർ കരുതിയിരുന്നില്ല. സിനിമയുടെ ഇടയിലാണ് ഞാൻ വിവാഹം ചെയ്തത്. കല്ല്യാണം കഴിഞ്ഞ് നാലാമത്തെ ദിവസം ഞാൻ ഷൂട്ടിന് വന്നു. സെപ്റ്റംബറിലായിരുന്നു വിവാഹം. സിനിമയെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലെങ്കിലും എന്റെ ഫാമിലി ഫുൾ സപ്പോര്‍ട്ട് ആണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA