നാടക വേദി തിരിച്ചു വരും; പുതിയ മുഖവുമായി: പ്രശാന്ത് നാരായണൻ

prashant-narayanan
SHARE

കോവിഡ് തളർത്തിയ നാടക മേഖല തിരിച്ചു വരാനുള്ള ഒരുക്കത്തിലാണെന്ന് പ്രശസ്ത തിയറ്റർ പ്രവർത്തകനും സംവിധായകനുമായ പ്രശാന്ത് നാരായണൻ പറഞ്ഞു. ചിലപ്പോൾ വലിയൊരു കവലയിൽ വച്ച് നമുക്കു നാടക വാഹനം വിപരീത ദിശയിലേക്കു പായിക്കേണ്ടതായും വന്നേക്കാം. പാശ്ചാത്യ നാടക വേദിയിൽ അങ്ങനെ സംഭവിക്കുന്നുണ്ട്. നമ്മളും മാറിയേ പറ്റൂവെന്ന സാഹചര്യമാണ്,  അദ്ദേഹം പറഞ്ഞു. കോവിഡിന്റെ കടന്നാക്രമണം നാടക രംഗത്തു വരുത്തിയ മാറ്റങ്ങളെക്കുറിച്ച് മനോരമ ഓൺലൈനിനോടു സംവദിക്കുകയായിരുന്നു അദ്ദേഹം.  

കോവിഡ് തളർത്തിയ നാടക രംഗം

കേരളത്തിലെ നാടക വേദികൾ ഒട്ടേറെ പുതിയ പരീക്ഷണങ്ങൾക്കു സാക്ഷ്യം വഹിക്കുകയായിരുന്നു.  ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ നാടകങ്ങൾ അരങ്ങേറിയിരുന്നത് ഇവിടെയാണ്. ആ നേട്ടങ്ങളുമായി മുന്നേറുമ്പോഴാണ് കോവിഡിന്റെ രംഗ പ്രവേശം. അതിന്റെ  കനത്ത ആഘാതത്തിലാണ് തിയറ്റർ രംഗം. ഏറ്റവും വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത് പ്രഫഷനൽ നാടകമെന്ന് അറിയപ്പെടുന്ന പൊതു നാടക വേദിയിലാണ്. വൻതോതിൽ സാമ്പത്തികവും അധ്വാനവും വേണ്ടിവരുന്ന രംഗമാണിത്.അതിനെ ആശ്രയിച്ചു ജീവിക്കുന്ന വലിയൊരു വിഭാഗമുണ്ട്.

prashant

തുടർച്ചയായ രണ്ടു പ്രളയങ്ങൾ സൃഷ്ടിച്ച വെല്ലുവിളികളിൽ നിന്ന്  തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെയാണ് കോവിഡ്  പ്രതിസന്ധിയായത്. മുടക്കിയ തുക  തിരിച്ചു പിടിക്കാൻ കഴിയാത്ത സാഹചര്യമാണ്. ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ അയവു വന്നതിനെത്തുടർന്ന്   ചില  നാടകങ്ങളെങ്കിലും രംഗത്ത് അവതരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നത്  ആശ്വാസകരമാണ്. എന്നാൽ എത്രത്തോളം ജനങ്ങൾ ഇതുകാണുമെന്നു വ്യക്തമല്ല. സിനിമാ കൊട്ടക പോലുള്ള സൗകര്യങ്ങൾ നാടകങ്ങൾക്കില്ല.  ഉത്സവ വേദികളാണ് പ്രധാന ആശ്രയം. അവ സജീവമായിത്തുടങ്ങിയിട്ടുമില്ല. 

sneha

അമച്വർ നാടകങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗൗരവ നാടക വേദിയും സമാനമായ പ്രതിസന്ധി നേരിടുന്നു.ഈ രംഗത്തും ഗൗരവമായ പരീക്ഷണങ്ങൾ നടക്കുകയായിരുന്നു. വലിയ കാൻവാസിൽ നന്നായി കാര്യങ്ങൾ ചെയ്തിരുന്ന സംഘങ്ങളുടെ ഒട്ടേറെ മികച്ച സംരംഭങ്ങൾ മുടങ്ങിക്കിടക്കുകയാണ്.  പല സംഘങ്ങളും റിഹേഴ്സൽ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിനു സഹായകമായ അന്തരീക്ഷം ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതൽ കിതപ്പ് ഉൾനാടൻ നാടക സംഘങ്ങൾക്കാണ്. ഒട്ടേറെ സ്ഥാപനങ്ങൾ പൂട്ടേണ്ടി വന്നു. നാടക പ്രവർത്തകരിൽ ചിലരെങ്കിലും മറ്റു തൊഴിലുകളിലേക്കു മാറാനുള്ള ശ്രമത്തിലാണ്. ഇതിഹാസമെന്ന നാടകത്തിൽ ഷേക്‌സ്പിയറെ അവതരിപ്പിച്ചിരുന്ന നടൻ പെയിന്റിങ് പണിക്കു പോയ കാര്യം വാർത്തകളിൽ ഇടം നേടിയിരുന്നു.  ആസ്വാദനമെന്നത് ഒരു ഒഴുക്കാണ് മനസ്സിന് സന്തോഷവും വിജ്ഞാനവും കിട്ടുന്ന  മേഖലയിലേക്ക് ആസ്വാദകർ പോകും. സീരിയലുകളുടെയും ഇന്റർനെറ്റ് സൃഷ്ടിക്കുന്ന ആധുനിക ആസ്വാദന സംവിധാനങ്ങളുടെയും കാലത്ത് നാടകത്തിന്റെ അതിജീവനമെന്നത് നാടക പ്രവർത്തകരുടെ മാത്രം ആവശ്യമായി ചുരുങ്ങിയിരിക്കുന്നു.  

prashant-art

മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാർ സംവിധാനങ്ങൾ

ഏറ്റവും വലിയ നിരാശ തോന്നിയത് സർക്കാർ സമീപനങ്ങളോടാണ്. പ്രതിസന്ധിയിൽക്കൂടി കടന്നു പോകുന്ന തിയറ്റർ  മേഖലയെ സർക്കാർ  ഗൗരവമായി കണ്ടില്ല. ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ നാടക വേദികളെ താങ്ങി നിർത്താൻ അവിടത്തെ സർക്കാരുകൾ ഗൗരവമായി  ശ്രമിച്ചിരുന്നു. ഇവിടെ സ്ഥിതി അങ്ങനെയല്ല. കേന്ദ്ര സർക്കാരിന്റെ 10 ലക്ഷം രൂപ വരെയുള്ള പ്രഫഷനൽ ഗ്രാന്റ് കിട്ടുന്നതു കൊണ്ടു പിടിച്ചു നിൽക്കുന്ന കുറച്ചു വ്യക്തികളും സംഘങ്ങളുമുണ്ട്. അതൊക്കെ കിട്ടിയത് വിരലിലെണ്ണാവുന്നവർക്കു മാത്രമാണ്. ഭൂരിഭാഗവും അതിനു പുറത്താണ്. കെപിഎസിയുടെ പാരമ്പര്യമൊക്കെ പറയുമെങ്കിലും തിയറ്ററിനെ താങ്ങി നിർത്താനുള്ള കാര്യമായ ശ്രമം സംസ്ഥാന സർക്കാരിൽ നിന്നുമുണ്ടായില്ല.

suravhi

അമച്വർ സംഘങ്ങൾക്കായി സംസ്ഥാന സർക്കാർ ബജറ്റിൽ 3 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. 5 ലക്ഷം വീതം 60 സംഘങ്ങൾക്കു നൽകുമെന്നാണു പ്രഖ്യാപനം. പൊതു നാടക വേദിക്കും 2കോടി നീക്കിവച്ചിട്ടുണ്ട്. ഇതിന്റെ വിതരണം സംബന്ധിച്ച് സുതാര്യതയില്ല. കഴിഞ്ഞ കാലങ്ങളിൽ ചില വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും വാരിക്കോരി കൊടുത്തപ്പോൾ  പണം മുടക്കി പ്രവർത്തിക്കുന്ന ഭൂരിഭാഗത്തിനും ഒന്നും കിട്ടാത്ത സ്ഥിതിയായിരുന്നു. ധനസഹായം  സംബന്ധിച്ച സർക്കാർ അറിയിപ്പുകൾ പൊതുഇടങ്ങളിൽ വരാറില്ല. 

തേടിപ്പിടിക്കുന്നവർക്കും പിന്തുണയുള്ളവർക്കും മാത്രമായി സഹായം വീതംവയ്ക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അങ്ങനെയായിരുന്നില്ല.   കലാ രംഗവുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ചു ചേർക്കുന്ന യോഗങ്ങളിലും നാടക രംഗത്തിന്റെ യഥാർഥ  പ്രതിനിധികൾ ഉണ്ടാകാറില്ല. ദയനീയമായ പ്രകടനമാണ് സംസ്ഥാന സാംസ്കാരിക വകുപ്പും സംസ്ഥാന സംഗീത നാടക അക്കാദമിയും കാഴ്ചവയ്ക്കുന്നത്. കോവിഡ് കാലത്തു മാത്രമല്ല കഴിഞ്ഞ 5 വർഷവും കാര്യമായ സംഭാവനകൾ നൽകാൻ അക്കാദമിക്കും സാംസ്കാരിക വകുപ്പിനും കഴിഞ്ഞിട്ടില്ല. നടൻ മുരളി അധ്യക്ഷനായിരുന്ന കാലത്ത് ആരംഭിച്ച രാജ്യാന്തര തിയറ്റർ ഫെസ്റ്റിവൽ പോലും മുടങ്ങുന്ന സാഹചര്യമാണ്. രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ നടത്താനുള്ള ആവേശം തിയറ്റർ ഫെസ്റ്റിവലിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് ഉണ്ടാകാത്തത്.

 

chayamukhi2

വേണം നവ ഭാവുകത്വങ്ങൾ

നാടക രംഗത്തെ പുതിയ ചിന്തകൾക്ക് കോവിഡ് കാലം പ്രേരിപ്പിച്ചിട്ടുണ്ട്. കോവിഡിനു ശേഷം വിദേശത്തൊക്കെ നവ ഭാവുകങ്ങൾ അന്വേഷിച്ചുള്ള പ്രയാണം ആരംഭിച്ചതായി കാണാം. തിയറ്ററിന്റെ ഭാഷാ നിർമിതിയിൽ അവർ ദീർഘവീക്ഷണത്തോടെയുള്ള ഓഗ്‌മെന്റൽ റിയാലിറ്റി സങ്കേതങ്ങളും വെർച്വൽ സ്പേസിങ്ങിനെപ്പറ്റിയുള്ള സാധ്യതകളും അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.അത്തരം ചലനങ്ങൾ ഉൾക്കൊള്ളാൻ നമ്മൾ തയാറാകേണ്ടിയിരിക്കുന്നു.ആശയങ്ങളും ആശങ്കകളും ഒരേ താലത്തിൽ വച്ചു നീട്ടിക്കൊണ്ട് പുതിയ മനുഷ്യന്റെ  ജീവിതാന്വേഷണങ്ങളും നിലനിൽപുമെല്ലാം ചർച്ചയ്ക്കെടുക്കുന്ന സമീപനം വേണം.രാഷ്ട്രീയ, മത ഭേദമില്ലാതെ ചിന്തിക്കേണ്ടകാലമാണ്. അതിന് അകലത്തിരിക്കിലും മനസ്സൊരുമയുള്ള മാനവ ഗാഥകൾ പിറവി കൊള്ളണം.പുത്തൻ കാഴ്ചകളുടെയും അറിവിന്റെയുമൊക്കെ ഒട്ടും പഴക്കം ചെല്ലാത്ത ചില സർഗ സഞ്ചാരങ്ങളിലേക്ക് നമുക്കും മാറിയേ പറ്റൂവെന്ന നിർബന്ധിത ഘട്ടമാണ്.   

prashanr3

എന്തായാലും ദീപൻ ശിവരാമൻ സംവിധാനം ചെയ്തതു പോലത്തെ ഖസാക്കിന്റെ ഇതിഹാസവും, ഞാൻ അവതരിപ്പിച്ച ഛായാമുഖിയും പോലെയുള്ള വമ്പൻ നാടകങ്ങൾക്ക് ഇനി ഉടനെയൊന്നും സാധ്യത തെളിയുമെന്നു തോന്നുന്നില്ല. ചെറിയ സംഘങ്ങൾക്കു കാണാൻ കഴിയുന്ന നാടകങ്ങളേ കുറച്ചു കാലത്തേക്കെങ്കിലും സാധ്യമാവുകയുള്ളൂ.  ക്യാമറ നാടകത്തിനു പകരമാവില്ല. കല്ലെറിഞ്ഞാൽ കൊള്ളില്ലെന്നതാണ് സിനിമയെ നാടകത്തിൽ നിന്നു വ്യത്യസ്തമാക്കുന്നത്. നാടകം ഒരു തത്സമയ കലയാണ്. ക്യാമറയിൽ ചിത്രീകരിച്ചാൽ അതിന്റെ തനിമയുണ്ടാകില്ല. പക്ഷേ ഈ നിലപാടുകളിലൊക്കെ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. 

പൊതു നാടക വേദി മാറണം

prasanth-3

മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും തയാറാകാത്ത  സമീപനമാണ് പൊതു നാടക വേദിക്കുള്ളത്. നവധാരകളെ ഉൾക്കൊള്ളാൻ അതിനു കഴിയുന്നില്ല. 14 അടി നീളവും 7 അടി വീതിയുമുള്ള രംഗ വേദി. ആർട്ടിസ്റ്റുകൾ വരച്ചു വയ്ക്കുന്ന രംഗപടം, 7 അഭിനേതാക്കൾ. അതിൽ 2 സ്ത്രീകൾ, 5 പുരുഷന്മാർ അതിനപ്പുറത്തേക്കു പോകാൻ ശ്രമം നടക്കുന്നില്ല. ശബ്ദ സംവിധാനത്തിൽപ്പോലും പുതിയ രീതികൾ സ്വീകരിക്കാൻ ഭൂരിഭാഗം നാടക സംഘങ്ങളും ശ്രമിക്കുന്നില്ല. കെപിഎസിയൊക്കെ കുറച്ചു മാറിയിട്ടുണ്ട്. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ ചിലരും നാടക വേദിയുടെ വലിപ്പത്തിന്റെ കാര്യത്തിൽ പുനരാലോചനയ്ക്കു തയാറായിട്ടുണ്ട്. എന്നാൽ അത് ഒരു പൊതു സംവിധാനമായി മാറിയിട്ടില്ല. 

prashant-e

വാചകക്കസർത്താണ് ഇപ്പോഴും മുഖമുദ്ര. കെ.ടി. മുഹമ്മദിനെപ്പോലുള്ളവർ ഈ രംഗത്ത് ഗൗരവമായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ അതല്ല ഭൂരിഭാഗം നാടക സമിതികളും പിന്തുടരുന്നത്. ഇക്കാര്യത്തിൽ കെപിഎസിക്കുപോലും വ്യത്യസ്ത സമീപനമില്ല.  സാമൂഹിക പ്രതിബദ്ധതയിൽ നിന്നും കലയിൽ നിന്നും കെപിഎസിയും പിന്നാക്കം പോയി. ഒരു വ്യക്തിയല്ല അതിൽ മുതൽ മുടക്കുന്നത്. അതിനു പിന്നിൽ ഒരു സംഘടനയുണ്ട്. അതുകൊണ്ടുതന്നെ അവർക്കു ചെയ്യാൻ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുണ്ട് . അതിനു തയാറാകുന്നില്ലെന്നതാണ് ദുഖകരം. നാടക വേദിയിൽ ഒട്ടേറെ പരീക്ഷണങ്ങൾ കൊണ്ടുവന്ന തോപ്പിൽഭാസിയെപ്പോലും മറന്നു പോകുന്ന സമീപനം കെപിഎസിയുടെ ഭാഗത്തു നിന്നുണ്ടാകുന്നു.

chayamukhi

ഛായാമുഖിപോലുള്ള പരീക്ഷണങ്ങൾ

ഞാൻ എഴുതിയ 13ാമതു നാടകമാണ് ഛായാമുഖി. പുരാണത്തിൽ നിന്നുള്ള സ്വതന്ത്രമായ ആഖ്യാനമാണത്. മോഹൻലാലിന്റെ രംഗ പ്രവേശനത്തോടെയാണ് ശരിക്കും  അതിനു വലിയ സ്വീകാര്യത കിട്ടിയത്. ഉറങ്ങിക്കിടന്ന നാടക വേദിയെ ഉണർത്താൻ അതിനു കഴിഞ്ഞു. പിന്നീട് ഇത്തരത്തിലുള്ള ഒട്ടേറെ പരീക്ഷണങ്ങളുണ്ടായി. നാടകം  ഒരു ഉപജീവനമാർഗമാണെന്നു തെളിയിക്കാൻ കഴിഞ്ഞുവെന്നതാണ് അതിന്റെ ഒരു നേട്ടം.  വലിയ പ്രതിഫലമാണ് അതിന്റെ പിന്നിൽ പ്രവർ്തിച്ചവർക്കു ലഭിച്ചത്.  ടിക്കറ്റ് വച്ചും നാടകം വിജയിപ്പിക്കാമെന്നു തെളിയിക്കാനായി. പുരാണത്തെത്തന്നെ പ്രമേയമാക്കിയ മകരധ്വജൻ, എംടിയുടെ 12 രചനകളെ കൂട്ടിയോജിപ്പിച്ച മഹാസാഗരം, എന്നിവയും പ്രേക്ഷകരുടെ അംഗീകാരം കിട്ടിയ നാടകങ്ങളാണ്. 

തിരുവനന്തപുരം ടഗോർ തിയറ്ററിൽ 1000 രൂപ ടിക്കറ്റ് വച്ചാണ് മഹാസാഗരം അവതരിപ്പിച്ചത്. തിയറ്റർ നിറഞ്ഞു കവിഞ്ഞു. നല്ല നാടകങ്ങൾക്ക് പ്രേക്ഷകർ നഷ്ടമായിട്ടില്ലെന്നാണ് ഇതു  തെളിയിക്കുന്നത്. ‘താജ്മഹൽ ഒരു കവിതയാണ്’– നാടകത്തിന്റെ  അതിന്റെ അവതരണം നടക്കുമ്പോഴാണ് കോവിഡ് വന്നത്. ലോക്ഡൗൺ കാലത്ത് രചിച്ച ‘ആകാശനാടകം’വലിയൊരു സംരംഭമാണ്. ആനിമേഷനും വിഷ്വൽ എഫക്ടുമുൾപ്പെടെയുള്ള ആധുനിക സങ്കേതങ്ങൾ പരീക്ഷിക്കുന്ന വ്യത്യസ്തമായ ഒരു സംരംഭമായിരിക്കും അത്. വലിയ സിനിമപോലെ അതു കാണാനും ആസ്വദിക്കാനുമാകും. 

suravhi

ഖസാക്കിന്റെ ഇതിഹാസം   

നാടക രംഗത്ത് പുതിയ ആവേശവും ചലനവും സൃഷ്ടിച്ച  മറ്റൊരു നാടകമാണ് ദീപൻ ശിവരാമൻ സംവിധാനം ചെയ്ത ഖസാക്കിന്റെ ഇതിഹാസം. താരപ്രഭയില്ലാതെതന്നെ അതു രംഗത്തെത്തിച്ചു വിജയിപ്പിക്കാൻ കഴിഞ്ഞു. ആസ്വാദകരിൽ നിന്ന് വലിയ സ്വീകരണമാണതിനു ലഭിച്ചത്. 

surahi2

ഐക്യത്തിന്റെ കാലം തിരിച്ചുവരട്ടേ

നാടക രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കോവിഡോ പ്രളയമോ അല്ല. നാടക പ്രവർത്തകർത മ്മിലുള്ള ആനാരോഗ്യകരമായ മത്സരങ്ങളാണ്. അനൈക്യമാണ്. പ്രതിസന്ധി കാലത്തെ എങ്ങനെ നേരിടാമെന്ന കൂട്ടായ ചർച്ച നടക്കുന്നില്ല. പല സംഘങ്ങളും വ്യക്തി വിദ്വേഷങ്ങളുടെ പേരിൽ പിളർന്നു പോയി. ഈ സമീപനവും മാറണം. ഒന്നിച്ചു നിൽക്കാനുള്ള സാധ്യതകൾ തിരയണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA