ക്യാരക്ടറല്ല, ഞെട്ടിച്ചതു കഥ: ഗോകുലൻ അഭിമുഖം

gokulan-goku
SHARE

കഥാപാത്രത്തിനു പേരില്ലെങ്കിലെന്താ, മലയാളസിനിമയിൽ ഗോകുലൻ പേരെടുത്തൊരു നടനായിക്കഴിഞ്ഞു. ഇതുവരെ കണ്ടതിൽ നിന്നൊക്കെ വ്യത്യസ്തമായ അഭിനയപ്രകടനമാണ് ലവ് സിനിമയിൽ ഗോകുലൻ കാഴ്ചവയ്ക്കുന്നത്. കണ്ടിരിക്കുന്നവരെ പിടിച്ചിരുത്തുന്ന അഭിനയം. ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ഗോകുലൻ മനോരമ ഓൺലൈനിൽ....

ക്യാരക്ടറല്ല, ഞെട്ടിച്ചതു കഥ

ഉണ്ടയുടെ പരിപാടികളൊക്കെ കഴിഞ്ഞ് റഹ്മാന്‍ ഇക്ക തല്ലുമാല എന്ന സിനിമയുടെ കാര്യങ്ങളുമായി ഇരിക്കുന്ന സമയത്താണ് കോവിഡ് വന്ന് എല്ലാവരും ലോക്ക് ആയിപ്പോയത്. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിയന്ത്രണങ്ങളോടെ ഷൂട്ട് തുടങ്ങാമെന്ന നിര്‍ദേശം വന്നല്ലോ. ആ സമയത്ത് എനിക്ക് റഹ്മാനിക്കയുടെ ഒരു കോള്‍. ജൂണ്‍ ആവുമ്പോള്‍ കുറച്ചു ദിവസം മാറ്റി വയ്ക്കണം... ഒരു സിനിമയുണ്ട് എന്ന് പറഞ്ഞു. മറ്റൊരു കാര്യം കൂടി റഹ്മാനിക്ക പറഞ്ഞു– പൈസ ഒന്നുമില്ല… നമ്മള്‍ തന്നെയാണ് പ്രൊഡ്യൂസര്‍മാര്‍… എന്തെങ്കിലും ചെയ്തു സിനിമ പിടിക്കാം. ഞാൻ അതിനും ഓകെ ആയിരുന്നു.

കുറച്ചു ദിവസം കഴിഞ്ഞ് റഹ്മാനിക്ക വിളിച്ച് ഫോണിലൂടെ കഥ പറഞ്ഞു. എന്റെ ക്യാരക്ടറിനെക്കുറിച്ച് സംസാരിച്ചു. ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന, കയ്യില്‍നിന്നു പോയ ഒരാൾ. എന്റെ കഥാപാത്രത്തെക്കുറിച്ചു മാത്രമേ പറഞ്ഞുള്ളൂ, സിനിമയുടെ കഥ പറഞ്ഞില്ല. കള്ളു കുടിച്ച് ലൈഫ് തകര്‍ന്നു പോയ ഒരു ക്.ാരക്ടര്‍. ഒറ്റ ലൈനാണല്ലോ, കുഴപ്പമില്ല, ചെയ്യാന്‍ പറ്റുമല്ലോ എന്ന് എനിക്കും തോന്നി. പിന്നെ റഹ്മാന്‍ ഖാലിദ് ആണല്ലോ. പിടിക്കാന്‍ പറ്റുന്ന സംഭവമായിരിക്കും എന്നു തന്നെ തോന്നി.

gokulan-sudhi

സിനിമയുടെ കഥ കേട്ടത് ‘കെട്ട്യോളാണ് എന്റെ മാലാഖ’യുടെ സംവിധായകൻ നിസാം ബഷീറിന്റെ കുണ്ടന്നൂരിലെ ഫ്ലാറ്റിൽ വച്ചാണ്. ഈ ഫ്ലാറ്റില്‍ തന്നെയാണ് സിനിമ ഷൂട്ട് ചെയ്തതും. കഥ കേട്ടപ്പോഴാണ് മനസ്സിലായത്, നേരത്തേ ഫോണില്‍ കേട്ടതിനേക്കാള്‍ അപ്പുറത്താണ് സംഭവം. സിനിമ എനിക്കു കത്തി. ഞാന്‍ ഇതുവരെ കാണാത്ത, കേള്‍ക്കാത്ത പരിപാടിയാണ് ചെയ്യാന്‍ പോകുന്നത്. സത്യത്തില്‍ സിനിമയുടെ കഥ എന്നെ ഞെട്ടിച്ചു. വേറൊരു തരം ചിന്തയാണ്… വേറൊരു തരം മെയ്ക്കിങ് ആണ്. പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളുണ്ട്. പിന്നീട് റഹ്മാനിക്ക എനിക്ക് കഥ അയച്ചു തന്നു. അതു വായിച്ചപ്പോഴും എന്റെ ക്യാരക്ടർ ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ഷൂട്ട് തുടങ്ങിയപ്പോഴാണ് ആ ക്യാരക്ടറിന്റെ ഡെപ്ത് തിരിച്ചറിഞ്ഞത്.

ഫസ്റ്റ് ഡേ സിൻഡ്രോം

പടം തുടങ്ങി നാലാമത്തെ ദിവസമാണ് ‍ഞാന്‍ ജോയിന്‍ ചെയ്യുന്നത്. സാധാരണ സിനിമ ഷൂട്ട് ചെയ്യുന്ന പോലെയല്ല ഇതു ചെയ്തത്. കറക്ട് സീന്‍ ഓര്‍ഡറില്‍ എടുത്തു പോവുകയായിരുന്നു. കാരണം ഇതില്‍ കണ്ടിന്യൂവിറ്റി കിട്ടണമെങ്കില്‍ ആ ഓര്‍ഡറില്‍ത്തന്നെ പോകണം. സിനിമ തുടങ്ങുമ്പോള്‍ ഷൈനും രജിഷയും തമ്മിലുള്ള കോംബിനേഷന്‍ സീക്വന്‍സുകളാണ്. അതിനിടയ്ക്കാണ് ഞാന്‍ വരുന്നത്. ഫസ്റ്റ് ഡേ ആ സീനൊന്നും ചെയ്തിട്ട് ശരിയാകുന്നില്ല. എത്ര ചെയ്തിട്ടും തൃപ്തി വരുന്നില്ല. ക്യാരക്ടറിലേക്ക് എനിക്കു കേറാന്‍ പറ്റുന്നില്ല. ഞാന്‍ ആകെ ടെന്‍ഷനിലും നിരാശയിലുമായി. 'കുഴപ്പമില്ല ആശാനേ വരും,' എന്ന് പറഞ്ഞ് റഹ്മാനിക്ക ആശ്വസിപ്പിക്കും.

ഷൈന്‍ ആദ്യമേ തന്നെ നാലു ദിവസം അഭിനയിച്ചു നില്‍ക്കുകയാണല്ലോ. ആളും പറഞ്ഞു, ‘കുഴപ്പമില്ലെടോ.. പതുക്കെയേ വരികയുളളൂ. ഞാന്‍ നാലു ദിവസമായില്ലേ’ എന്ന്. ഫസ്റ്റ് ഡേ സിന്‍ഡ്രോം എന്നു പറയുന്ന സംഭവമുണ്ട്. അതായത്, ഒരു സിനിമയില്‍ ജോയിൻ ചെയ്തിട്ട് ആദ്യം അഭിനയിക്കുന്ന ഷോട്ട് ആയിരിക്കാം... അല്ലെങ്കിൽ സീൻ ആയിരിക്കാം... ചിലപ്പോൾ ദിവസമായിരിക്കാം... ആ ക്യാരക്ടറിലേക്ക് കേറാൻ ഒരു ചെറിയ സമയം എടുക്കും. അത് എനിക്ക് ഉണ്ട്. ഫസ്റ്റ് ഡേ സിൻഡ്രോം എന്നാണ് ഞാനതിനെ വിളിക്കാറ്. എനിക്കാണെങ്കിൽ അതു മാറുന്നില്ല.

‘ഇതൊരു ചലഞ്ചാണ് ഗോകുലേ’

കഥ പറഞ്ഞപ്പോഴുള്ള സംഭവമല്ല റഹ്മാനിക്ക ഷോട്ട് പറയുമ്പോൾ വിശദീകരിച്ചു തരുന്നത്. ആള് പറയുന്ന ഡീറ്റെയ്ൽസ് ഭയങ്കരമായിരുന്നു. ക്യാരക്ടറിന്റെ ഡെപ്ത് എനിക്ക് മുൻപിൽ വെളിപ്പെടുകയായിരുന്നു. നേരത്തേ ഇത് അറിഞ്ഞിരുന്നെങ്കിൽ ഒന്നു തയാറെടുക്കാമായിരുന്നല്ലോ എന്നു തോന്നി. ഞാൻ അത്രയും വലിയ എക്സ്പീരിയൻസ്ഡ് ആക്ടർ ഒന്നുമല്ലല്ലോ. ആള് പറയുന്ന പോലെയൊന്നും എനിക്ക് ചെയ്യാൻ പറ്റുന്നില്ല. ഓരോ ഷോട്ടും കഴിയുമ്പോൾ ഞാൻ ചോദിക്കും, ഇക്കാ ശരിയായോ? ആള് പറയും, ഇല്ല ശരിയായില്ല. നമുക്ക് ഒന്നു കൂടി ചെയ്യാം എന്ന്. ജിംഷിക്ക പറഞ്ഞു... ‘കാരരക്ടർ കുറച്ചു കൂടെ വരാനുണ്ട്’. ആളാണല്ലോ ക്യാമറയിലൂടെ എന്നെ കാണുന്നത്. ആളു പറഞ്ഞു, ‘ഇതൊരു ചലഞ്ചാണ് ഗോകുലേ... നിങ്ങൾ ഉണ്ട ചെയ്തത് പത്തു പേരുടെ ഇടയിൽ കിടന്നൊരു കളിയാണ്. ഇത് ഒറ്റയ്ക്ക് പെർഫോം ചെയ്യേണ്ട സംഭവമാണ്. ശരിയാക്കണം. അതു നിങ്ങളെ കൊണ്ടു പറ്റും’. പോസിറ്റീവായാണ് അവർ പറഞ്ഞത്. നമ്മുടെ സിനിമയാണ്. നമുക്ക് സമയമുണ്ട്. ചെയ്തെടുക്കാം എന്നൊരു ആത്മവിശ്വാസം അവർ നൽകിക്കൊണ്ടിരുന്നു. രണ്ടാമത്തെ ദിവസം ആയപ്പോൾ ഷൈൻ പറഞ്ഞു, ആശാനേ നിങ്ങളാ കഥാപാത്രത്തിലേക്കു കേറിയല്ലേ എന്ന്. സത്യത്തിൽ ഞാൻ ആകെ ഔട്ടായി കിടക്കുകയായിരുന്നു. ഞാൻ ചെയ്യുന്നത് ശരിയായിട്ടില്ലെങ്കിൽ എന്നെ മാറ്റിക്കോളൂ എന്നു വരെ റഹ്മാനിക്കയോട് പറഞ്ഞാലോ എന്നു കരുതി. പക്ഷേ, അവിടെ ഉണ്ടായിരുന്ന എല്ലാവരും ആത്മവിശ്വാസം നൽകി.

ചിരിപ്പിച്ച ഭാര്യയുടെ കമന്റ്

ഡയലോഗുകൾ എഴുതിയിട്ടുണ്ടായിരുന്നെങ്കിലും അതുപോലെ തന്നെയല്ല പറഞ്ഞത്. എനിക്ക് കംഫർട്ടബിൾ ആകുന്ന തരത്തിൽ ഡയലോഗുകളിൽ ചെറിയ മാറ്റം വരുത്തി. ചില ഇമോഷൻസ് എനിക്ക് ഈസിയായി ചെയ്യാൻ പറ്റി. ചിലത് നല്ല ടഫ് ആയിരുന്നു. കുറെ ടേക്ക് പോയിട്ടുണ്ട്. അങ്ങനെ ചെയ്തുചെയ്ത് ആണ് ഞാൻ സെറ്റ് ആയത്. സത്യത്തിൽ തിയറ്ററിൽ ഇപ്പോൾ കാണുമ്പോഴും ഞാൻ സംതൃപ്തനല്ല. റഹ്മാനിക്ക പറഞ്ഞ ആ ഡെപ്തിൽ അതു വന്നിട്ടുണ്ടോ എന്ന് സംശയം തോന്നും. ഞാനത് ഭാര്യയോട് പറഞ്ഞു. അവളുടെ കമന്റ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അവൾ പറഞ്ഞു: ഗോകുൽ ചേട്ടൻ അഭിനയിച്ചിട്ടില്ലല്ലോ, എന്നോട് പെരുമാറുന്ന പോലെയൊക്കെത്തന്നെയല്ലേ ഉള്ളൂ.

gokulan-wedding

ആലോചിച്ചപ്പോൾ എനിക്കും തോന്നി: ശരിയാണല്ലോ, ഞാൻ അഭിനയിച്ചിട്ടില്ലല്ലോ, അതാണ് എനിക്ക് സംതൃപ്തി വരാത്തത്. സത്യത്തിൽ ഞാൻ സാധാരണ ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമ്പോഴാണല്ലോ അഭിനയിച്ചു എന്നു തോന്നുക. അതൊരു പക്ഷേ, ഓരോ ആക്ടേഴ്സിന്റെ കാഴ്ചപ്പാട് ആയിരിക്കും. ആ ക്യാരക്ടറിൽ രണ്ട് ഇമോഷൻസ് ഉണ്ട്. ഒരു വശത്ത് സുഹൃത്തിനോടുള്ള സ്നേഹം, ആത്മാർഥത. മറുവശത്ത് ഇങ്ങനത്തെ ഭാര്യയെ കൊല്ലേണ്ടതാണെന്ന തോന്നൽ. ഇത് അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാൽ ആകെ പാളിപ്പോകും. ഞാൻ ശരിക്കും വെള്ളം കുടിച്ചു പോയി. ഒന്നു കൂടി അവസരം കിട്ടിയാൽ ഒരു വട്ടം കൂടി ചെയ്യാമെന്നു തോന്നില്ലേ. ആ ഫീലാണ്. എന്തായാലും ആ ക്യാരക്ടർ ആളുകൾ തിരിച്ചറിയുന്നതിൽ സന്തോഷം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA