ADVERTISEMENT

‘കതിർ’ എന്ന ഒരു ഹ്രസ്വചിത്രം മാത്രം ചെയ്ത പരിചയത്തിൽ സിനിമ സംവിധാനം ചെയ്യാൻ ഇറങ്ങുക.  ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിച്ചും പലരുടെയും അസിസ്റ്റന്റായി വർഷങ്ങളോളം പ്രവർത്തിച്ചും വരുന്ന ആളുകൾക്കിടയിലൂടെയാണ് യാതൊരു അനുഭവസമ്പത്തുമില്ലാത്തൊരു  ചെറുപ്പക്കാരൻ ആത്മവിശ്വാസത്തോടെ ഈ മേഖലയിലേയ്ക്കു കടന്നുവരുന്നത്.  ഫെബ്രുവരി 12–നു തിയറ്ററുകളിൽ എത്തുന്ന "യുവം" എന്ന ചിത്രത്തിന്റെ സംവിധായകൻ പിങ്കു പീറ്റർ ആണ് ആ പുതുമുഖം.  ആത്മവിശ്വാസവും സുഹൃത്തുക്കളുടെ പിന്തുണയും മാത്രമായിരുന്നു തന്റെ കൈമുതലെന്ന് പിങ്കു പറയുന്നു.

 

യുവാക്കളുടെ പ്രതിരോധത്തിന്റെ കഥ 

 

മൂന്നു ചെറുപ്പക്കാർ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു സർക്കാർ ഓഫിസിൽ പോകേണ്ടി വരുന്നതും അവിടെ നിന്ന് കിട്ടുന്ന ചില അനുഭവങ്ങളും, ഒരു സാധാരണക്കാരൻ എങ്ങനെയാണ് അതിനോട് പ്രതികരിക്കുന്നതുമൊക്കെയാണ് ഈ സിനിമ പറയുന്നത്.  ഒരു സർക്കാർ ഓഫിസിൽ കയറി ഇറങ്ങേണ്ട സാഹചര്യം ഉണ്ടായിട്ടില്ലാത്ത ആരുമുണ്ടാകില്ല.  ആ ഒരു സിസ്റ്റം മാറണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടാകും.  സാധാരണക്കാർക്ക് ഈ കഥ മനസ്സിലാകും.  കൂടുതൽ കാര്യങ്ങൾ കണ്ടറിയുന്നതല്ലേ നല്ലത്.

 

ആദ്യ സിനിമ ലോക്ഡൗണിൽ പെട്ടുപോയി 

pinku-3

 

അതെ യുവം എന്റെ ഡ്രീം പ്രോജക്റ്റ് ആണ്.   കഴിഞ്ഞ ഫെബ്രുവരിയിൽ വർക്ക് പൂർത്തിയായി മാർച്ചിൽ റിലീസ് ചെയ്യാനിരുന്നപ്പോഴാണ് ലോക്ഡൗൺ ആയത്.  ആദ്യ സിനിമ സിനിമ റിലീസ് ചെയ്യാൻ ഒരുവർഷം കാത്തിരിക്കുക എന്നത് വല്ലാത്ത വീർപ്പുമുട്ടൽ ഉണ്ടാക്കി.  ഒന്ന് ശ്വാസം കിട്ടാനാണ് ഇടയ്ക്ക് ടീസർ റിലീസ് ചെയ്തത്.  അതിനു നല്ല പ്രതികരണം ലഭിച്ചു.  അത് തന്ന എനർജി വളരെ വലുതാണ്.

 

സംവിധായകനായി തന്നെ തുടക്കം

pinku-4

 

ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, ആ വിശ്വാസമാണ് എന്നെ നയിച്ചത്.  ആദ്യം നമ്മെ നാം തന്നെ വിശ്വസിക്കണം.ബാക്കി എല്ലാം പിന്നാലെ വരും.  ചെറുപ്പം മുതലേ സിനിമ കാണുമ്പോൾ ശ്രദ്ധിക്കുന്ന പേരുകൾ സംവിധായകന്റേതായിരുന്നു.  എങ്ങനെയോ സംവിധാനം എന്റെ മനസ്സിൽ കയറിപ്പറ്റി.  പഠനം കഴിഞ്ഞു ബിസിനസ് തുടങ്ങി. ഒഴിവ് സമയങ്ങളിൽ സ്ക്രിപ്റ്റ് എഴുതി.  എന്റെ സുഹൃത്ത് അജിത്ത് ദൃശ്യത്തിൽ വർക്ക് ചെയ്തിട്ടുണ്ട്.  അദ്ദേഹത്തെ സ്ക്രിപ്റ്റ് കാണിച്ചപ്പോൾ പ്രഫഷനലായി സ്ക്രിപ്റ്റ് എഴുതുന്നതിനെപ്പറ്റി പറഞ്ഞു തന്നു.  അങ്ങനെയാണ് സ്ക്രിപ്റ്റ് മെച്ചപ്പെടുത്തിയത്.  

pinku-ajith2

 

pinku-ajith

തിരക്കഥ വായിച്ചു കേട്ടവർക്കൊക്കെ ഇഷ്ടപ്പെട്ടു, ചിലർ ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞു ചെയ്യാം എന്ന് പറഞ്ഞു, പക്ഷേ അങ്ങനെ കാത്തിരിക്കാൻ കഴിയുമായിരുന്നില്ല.  എല്ലാ പിന്തുണയും തന്നു കൂടെ നിന്ന കുടുംബവും സുഹൃത്തുക്കളുമാണ് ആദ്യത്തെ ചിത്രം വിജയകരമായി പൂർത്തിയാക്കാൻ എന്നെ സഹായിച്ചത്. സിനിമാമേഖലയിലും നല്ല സഹകരണമാണ് കിട്ടിയത്.  ടെക്നിഷ്യൻസ് എല്ലാം ഒരുപാട് സഹായിച്ചു.  ഞാൻ കണ്ടുമുട്ടിയ സിനിമാക്കാരെല്ലാം വളരെ സപ്പോർട്ടീവ് ആയിരുന്നു. ഒരു തുടക്കക്കാരാണ് കിട്ടാവുന്നതിൽ കൂടുതൽ പിന്തുണ എനിക്ക് കിട്ടി.  ‌‌

 

കൂടാതെ അമിത്ത് എന്നിൽ അർപ്പിച്ച വിശ്വാസം അതായിരുന്നു ആത്മവിശ്വാസം തന്ന ഘടകം.  ഒടുവിൽ ഈ സിനിമ ചെയ്യാതെ ജീവിക്കാൻ കഴിയില്ല എന്ന ഒരു സ്ഥിതി വന്നപ്പോൾ ഞാൻ ചെയ്യാൻ തന്നെ തീരുമാനിച്ചു.  അമിത്ത് ഒരു റിസ്ക് എടുക്കുകയായിരുന്നു.  അതുപോലെ തന്നെ പ്രൊഡ്യൂസഴ്സ്, ടെക്നിഷ്യൻസ് എല്ലാവരും റിസ്ക് എടുക്കുകയായിരുന്നു.  35 ദിവസം ഷെഡ്യുൾ ചെയ്തിട്ടു 30 ദിവസം കൊണ്ട് തീർക്കാൻ കഴിഞ്ഞു.  ഞാനും എന്റെ ബിസിനസ് മാറ്റിവച്ച് ആ റിസ്ക് എറ്റെടുത്തു. 

 

yuvam

നായകനായി അമിത്ത് 

 

അമിത്തിലേക്ക് എത്തിയത് വാരിക്കുഴിയിലെ കൊലപാതകം കണ്ട അനുഭവത്തിലാണ്.  ഗംഭീര പ്രകടനമാണ് അതിൽ അമിത്ത് കാഴ്ചവച്ചത്.   ആ സിനിമ ഒരു ഹിറ്റ് ആയിരുന്നു,  അമിത്തും ഒരു നല്ലൊരു പ്രോജക്ടിനു േവണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.  ഞാൻ അമിത്തിനെ കണ്ടു കഥ പറഞ്ഞു, ഞാൻ ആദ്യമായി ചെയ്യാൻ പോകുന്ന പടമാണ്, ഒരു ഷോർട് ഫിലിം മാത്രമേ ചെയ്തിട്ടുള്ളൂ, പക്ഷേ ഇത് ചെയ്യാൻ എനിക്ക് ആത്മവിശ്വാസം ഉണ്ട് എന്ന് പറഞ്ഞു.  അമിത്ത് എന്റെ ഷോർട്ട് ഫിലിം കണ്ടിട്ടുണ്ടായിരുന്നു.  സ്ക്രിപ്റ്റ് വായിച്ച അമിത്ത് ചെയ്യാൻ സമ്മതം മൂളി.  അമിത്ത് എനിക്ക് ഡേറ്റ് തന്നത് എന്റെ ആത്മവിശ്വാസം കൂട്ടി.

 

സ്വപ്നവഴിയിൽ തുണയായവർ 

 

സിനിമയുടെ തിരക്കഥ പൂർത്തീകരിക്കുന്ന ഘട്ടത്തിൽ സുഹൃത്ത്  അജിത് സഹായിച്ചു.  മുന്നോട്ടു വഴികാണാതെ ബുദ്ധിമുട്ടുന്ന സമയത്തെല്ലാം ഒരുപാട് പേർ  സഹായഹസ്തവുമായി വന്നു.  എന്റെ ബന്ധുക്കളും സുഹൃത്തുക്കളും എനിക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകി.  ഇങ്ങനെ ഒരു പ്രോജക്ടിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ എന്റെ അങ്കിൾ പ്രോത്സാഹിപ്പിച്ചു.  അങ്ങനെ അങ്കിൾ ജോണി മാക്കോണ ആണ് നിർമാണം ഏറ്റെടുത്തത്.  ഇടയ്ക്കു പണത്തിനു ബുദ്ധിമുട്ടു വന്നപ്പോൾ എന്റെ കസിൻസും സുഹൃത്തുക്കളും മൂന്നും അഞ്ചും ലക്ഷങ്ങൾ ഒക്കെ തന്നു സഹായിച്ചു.  അങ്ങനെയാണ് മൂന്നുകോടി മുതൽ മുടക്കിൽ പടം പൂർത്തിയാക്കിയത്.  

‘നീ ചെയ്യ്, പണം പോകുന്നെങ്കിൽ പോകട്ടെ, നിന്റെ ആഗ്രഹം നടക്കണം’ എന്ന് പറഞ്ഞു കൂടെ നിന്നവർ ആണ് എന്നെ മുന്നോട്ടു നയിച്ചത്.  ടെക്നിഷ്യൻസ് നല്ലതാകുമ്പോൾ സിനിമയും നന്നാകും എന്ന് ഞാൻ പല അഭിമുഖങ്ങളിലും കേട്ടിട്ടുളളത്.  അങ്ങനെ നല്ല ടെക്നിഷ്യൻസ് തന്നെ കൂടെ വേണം എന്ന് തീരുമാനിച്ചു.  കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ഒരു ഗ്രൂപ്പ് ആയി ഇരുന്നു സ്ക്രിപ്റ്റ് എഴുതുകയും മെച്ചപ്പെടുത്തുകയും ചെയ്തു.  നല്ല ഹോംവർക് ചെയ്തു സ്ക്രിപ്റ്റ് പൂർത്തീകരിച്ചു.  തിരക്കഥയാണ് ഈ സിനിമയുടെ ജീവൻ.   

കതിർ എന്ന എന്റെ ഷോർട് ഫിലിമിന്റെ സിനിമാറ്റോഗ്രാഫർ സജിത്ത് ആണ് ഉണ്ട എന്ന സിനിമയുടെ ക്യാമറ.  അദ്ദേഹം വർക്ക് ചെയ്യുന്ന സെറ്റിൽ ഞാൻ പോകുമായിരുന്നു.  ഷോർട്ട്  ഫിലിമിനും  സിനിമ ക്രൂ തന്നെ ആയിരുന്നു വർക്ക് ചെയ്തിരുന്നത്.  അങ്ങനെ അവരിൽ നിന്നൊക്കെ ഒരുപാട് പഠിക്കാൻ കഴിഞ്ഞു.  സജിത്ത് തന്നെ ക്യാമറ ചെയാം എന്ന് സമ്മതിച്ചു .  പുലിമുരുകന്റെ എഡിറ്റർ ജോൺ കുട്ടിയാണ് എഡിറ്റർ.  മ്യൂസിക് ഗോപി സുന്ദർ ആണ്.  ഗോപി ചേട്ടനെ ചെന്ന് കണ്ടു സ്ക്രിപ്റ്റ് കേൾപ്പിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു.  

അങ്ങനെ നല്ല  ടെക്നിഷ്യൻസ് ആണ് സിനിമയ്ക്കായി സഹകരിച്ചത്.  അത് എന്നെപോലെ ഒരു തുടക്കക്കാരന് വളരെ സഹായകമായി.  ഷൂട്ട് തുടങ്ങിയപ്പോൾ അമിതത്തിനു ഉൾപ്പടെ എല്ലാവര്‍ക്കും ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ഷൂട്ട് തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോൾ എല്ലാവർക്കും ആത്മവിശ്വാസം വന്നു.   ഏറ്റവും വലിയ ഭാഗ്യം സെൻട്രൽ പിക്ചേഴ്സ് പടത്തിന്റെ വിതരണം എടുത്തതാണ്.  ആദ്യം സമീപിച്ചപ്പോൾ അവർ എടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന്  പറഞ്ഞിരുന്നു, മറ്റു പല ചിത്രങ്ങളും ഉടനെ റിലീസിന് ഉണ്ട് എന്നാണ് പറഞ്ഞത്.  പക്ഷേ സിനിമ കണ്ടു കഴിഞ്ഞപ്പോൾ അവർ എടുക്കാൻ തയ്യാറായി.  

 

ഒടിടി റിലീസിന് ശ്രമിച്ചിരുന്നോ?

 

ഇല്ല ശ്രമിച്ചില്ല, കാരണം ആദ്യത്തെ പടമാണ്  അത് തിയറ്ററിൽ തന്നെ റിലീസ് ചെയ്തു കാണണം എന്ന ആഗ്രഹമുണ്ടായിരുന്നു, പിന്നെ പുതിയ സംവിധായകൻ, ചെറിയ പടം ഇതിനൊക്കെ ഒടിടി പ്ലാറ്റ്ഫോം കിട്ടാൻ ബുദ്ധിമുട്ടാണ്.  ശ്രമിച്ചിട്ട് നിരാശപ്പെടേണ്ടല്ലോ.  തിയറ്ററിൽ കിട്ടുന്ന റെസ്പോൺസ് എനിക്ക് വലുതാണ്.  ക്യാമറ, സൗണ്ട് എല്ലാം തിയറ്ററിന് വേണ്ടിയാണ് ചെയ്യുന്നത്.  തിയറ്ററിൽ വരുന്ന പ്രേക്ഷകർക്കുവേണ്ടിയാണ് നമ്മൾ സിനിമ ചെയ്യുന്നത്, ആ ഒരു ഫീൽ ഒടിടിയൽ കണ്ടാൽ കിട്ടില്ലല്ലോ   

 

പുതിയ ചിത്രം

 

ഈ സിനിമയാണ് എന്റെ ഭാവി നിശ്ചയിക്കാൻ പോകുന്നത്.  യുവം റിലീസ് ചെയ്തു അതിന്റെ പ്രതികരണം അറിയുക, അതിനു ശേഷം മാത്രമേ നിൽക്കണോ പോണോ എന്ന തീരുമാനം എടുക്കൂ.  എന്റെ ആദ്യത്തെ വർക്ക് ഞാൻ പ്രേക്ഷകരെ ഏൽപ്പിക്കുകയാണ്.  ഇതുവരെയും എല്ലാ തടസങ്ങളും ദൈവം നീക്കി തന്നു.  ഇനിയും അങ്ങനെ ആയിരിക്കും എന്ന് കരുതുന്നു.  എനിക്ക് പറയാനുള്ളതെല്ലാം ഞാൻ സിനിമയിൽ പറഞ്ഞു വച്ചിട്ടുണ്ട്, അത് കണ്ടിട്ട് എല്ലാവരും അഭിപ്രായം പറയണം.  ചിത്രം പോസിറ്റീവ് വൈബ് തരും എന്നാണ് എന്റെ അഭിപ്രായം. ബാക്കി പ്രേക്ഷകരാണ് തീരുമാനിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com