‘കൺഗ്രാറ്റ്സ്, ഞാനും അതേ കോളജിലാണു പഠിച്ചത്’: ആദ്യ മെസേജ്; പ്രണയം വെളിപ്പെടുത്തി ആത്മീയ

athmiya-rajan-wedding
SHARE

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചുള്ള വിവാഹമായിരുന്നു സ്വപ്നം. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ആ ആഗ്രഹം വേണ്ടെന്നു വയ്ക്കേണ്ടി വന്നു. വിവാഹവിശേഷങ്ങളെക്കുറിച്ച് മനസ്സു തുറക്കുകയാണു ജോസഫ് നായിക ആത്മീയ രാജൻ. 

∙ കോവിഡ് കാലത്തെ വിവാഹം

2020ൽ നടക്കേണ്ടിയിരുന്ന വിവാഹമായിരുന്നു ഞങ്ങളുടേത്. ഇതിനിടെയാണു കോവിഡ് പ്രതിസന്ധി. വരൻ സനൂപ് മർച്ചന്റ് നേവിയിലാണ്. ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെയുള്ള പ്രിയപ്പെട്ടവർ എത്തിയതിനു ശേഷം വിവാഹം നടത്താമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യമായതിനാൽ വിവാഹം നീട്ടുക്കൊണ്ടു പോകേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. വിദേശത്തും മറ്റുമുള്ള ബന്ധുക്കൾക്കു വിവാഹത്തിൽ പങ്കെടുക്കാനായില്ല. 

വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാകണമെന്നായിരുന്നു ഞങ്ങള്‍ രണ്ടുപേരുടെയും കുടുംബാംഗങ്ങളുടെയും ആഗ്രഹം. ജനുവരിയിൽ വിവാഹത്തിനു തീയതി തീരുമാനിച്ചപ്പോഴും അതുറപ്പിച്ചിരുന്നു. എന്നാൽ ക്ഷേത്രത്തിൽ കർശന കോവിഡ് നിയന്ത്രണങ്ങളുണ്ടെന്നറിഞ്ഞു. വിവാഹത്തിൽ പങ്കെടുക്കേണ്ടവരുടെ കൂട്ടത്തിൽ പ്രായമായവർ ഉൾപ്പെടെയുണ്ടായിരുന്നു. കോവി‍ഡ് കാലത്തെ ദൂരയാത്ര അവരെയും ബുദ്ധിമുട്ടിപ്പിക്കുമല്ലോ. റിസ്ക് ഒഴിവാക്കാം എന്നു കരുതി വിവാഹം നാട്ടിൽ തന്നെയാക്കുകയായിരുന്നു. 

സനൂപുമായുള്ള മുൻപരിചയം

ഞങ്ങളുടേതു പ്രണയ വിവാഹമാണ്. ഞങ്ങൾ ഒരേ കോളജിൽ പഠിച്ചവരും ഒരേ നാട്ടുകാരുമാണ്. മുൻപ് ഞങ്ങൾ താമസിച്ചിരുന്നതു കണ്ണൂർ ചെറുകുന്നിലാണ്. പിന്നീടു തളിപ്പറമ്പിലേക്കു താമസം മാറ്റുകയായിരുന്നു. സനൂപിന്റെ നാടും തളിപ്പറമ്പിലാണ്. മംഗലാപുരം ശ്രീദേവി കോളജിലാണു ഞങ്ങൾ ഇരുവരും പഠിച്ചത്. ഒരേ കാലയളവിൽ പഠിച്ചവരാണെങ്കിലും പരിചയം ഉണ്ടായിരുന്നില്ല. 

athmiya-2

ആദ്യ സിനിമയിൽ അഭിനയിച്ച സമയത്ത് ഒട്ടേറെപ്പേരിൽ നിന്നു മെസേജുകൾ വരാറുണ്ടായിരുന്നു. അക്കൂട്ടത്തിൽ സനൂപിന്റെ മെസേജും ഉണ്ടായിരുന്നു. ‘കൺഗ്രാറ്റ്സ്, ഞാനും അതേ കോളജിലാണു പഠിച്ചത്’, എന്നായിരുന്നു ആ മെസേജ്. എങ്കിലും പരിചയം അത്രേയുണ്ടായിരുന്നുള്ളൂ. ഞങ്ങൾ തളിപ്പറമ്പിലേക്കു താമസം മാറിയതിനു ശേഷമാണു  സനൂപിനെ നേരിൽ കാണുന്നതും കൂടുതൽ അടുക്കുന്നതും. ആ പരിചയമാണു വിവാഹത്തിൽ എത്തിയത്. 

∙ ഷൂട്ടിങ് തിരക്കിനിടയിലെ വിവാഹം

സന്തോഷ് കീഴാറ്റൂർ പ്രധാന കഥാപാത്രത്തിലെത്തുന്ന ‘അവനോവിലോന’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു വിവാഹം. 25നായിരുന്നു വിവാഹം. 19 വരെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. വിവാഹം കഴിഞ്ഞയുടൻ ഷൂട്ടിങ് ലൊക്കേഷനിലേക്കു പോകേണ്ടി വന്നു. 29 വരെ 10 ദിവസം മാത്രമാണു ലൊക്കേഷനിൽ നിന്നു മാറി നിന്നത്. 

athmiya-rajan-wedding2

∙ സിനിമയ്ക്കു പിന്തുണയുമായി സനൂപും കുടുംബവും

സിനിമ പ്രഫഷനായി കാണുന്ന, കലയ സ്നേഹിക്കുന്ന കുടുംബം തന്നെയാണു സനൂപിന്റേതും. അവരുടെയെല്ലാം പൂർണ പിന്തുണ അഭിനയത്തിനു പിന്നിലുണ്ട്. 

∙ പുതിയ പ്രൊജക്ടുകൾ

പൃഥിരാജിനൊപ്പമുള്ള  ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ കോള്‍ഡ് കേസ് എന്ന സിനിമയുടെ ഷൂട്ടിങ് ഡിസംബറിൽ പൂർത്തിയാക്കി. അവിയലും കോള്‍ഡ് കേസുമാണു റിലീസാകാനുള്ള സിനിമകൾ. ഒരു ദ്വിഭാഷ സിനിമയുടെ ചിത്രീകരണമാണ് ഇനി നടക്കാനുള്ളത്. ഫെബ്രുവരി അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA