ADVERTISEMENT

ലോകം മുഴുവൻ നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുക്കപ്പെട്ട കോവിഡ് എന്ന മഹാമാരിക്കാലത്തിനു ശേഷം കേരളത്തിലെ തിയറ്ററുകൾ കണ്ട ആദ്യ മലയാളസിനിമയാണ് വെള്ളം.  പത്തുമാസമായി തിയറ്ററുകൾ തുറക്കാൻ കഴിയാതെ പ്രതിസന്ധിയിൽ കഴിഞ്ഞ സിനിമാ പ്രവർത്തകർക്ക് പുത്തനുണർവ് പകർന്നുകൊണ്ടായിരുന്നു ഫ്രണ്ട്‌ലി പ്രൊഡക്‌ഷൻസ് എൽഎൽപിയുടെ ബാനറിൽ രഞ്ജിത്ത് മണബ്രക്കാട്ട്, ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ എന്നിവർ ചേർന്ന് നിർമിച്ച വെള്ളം തിയറ്ററുകളിൽ എത്തിയത്. എന്നാൽ ഇപ്പോൾ മറ്റൊരു പ്രതിസന്ധിയാണ് ഈ സിനിമ നേരിട്ടുകൊണ്ടിരിക്കുന്നത്. സിനിമയുടെ എച്ച് ഡി പ്രിന്റ് ചോര്‍ന്നിരിക്കുന്നു. വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതു പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും നിർമാതാക്കളിലൊരാളായ രഞ്ജിത്ത് പറയുന്നു. ഇതുകൊണ്ടൊന്നും സിനിമാമേഖലയെ തളർത്താൻ കഴിയില്ലെന്നും, "വെള്ളം" എന്ന ചിത്രത്തെ ജനങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ് കുടുംബ പ്രേക്ഷകർ ഉൾപ്പെടെ തിയറ്ററുകളിലേക്ക് ഇപ്പോഴും ഒഴുകുന്നതെന്നും രഞ്ജിത്ത് മനോരമ ഓൺലൈനിനോട് പറഞ്ഞു.

 

‘വെള്ളിയാഴ്ച മുതലാണ് വെള്ളം എന്ന സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കാൻ തുടങ്ങിയത്.  കൊച്ചി കലൂരുള്ള ഒരു കടയിൽ വെള്ളം സിനിമ പ്രദർശിപ്പിക്കുന്നതായി വിവരം ലഭിച്ചു.  എന്റെ സുഹൃത്ത് ആണ് എന്തോ വാങ്ങാൻ അവിടെ പോയപ്പോൾ ഷോപ്പിലുളള ടിവിയിൽ സിനിമ പ്രദർശിപ്പിക്കുന്നത് കണ്ടത്.  ഇതിന്റെ വിഡിയോ ഷൂട്ട് ചെയ്തു പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്.’–രഞ്ജിത്ത് പറഞ്ഞു.

 

vellam-movie-review-1

‘അന്ന് മുതൽ ടെലിഗ്രാമും യൂട്യൂബും വഴി വ്യാജ എച്ച് ഡി പതിപ്പ് പ്രചരിക്കുകയാണ്‌. ഞങ്ങൾ ഒരു ആന്റി പൈറസി ടീമിനെ വച്ച് ഇവരെ കണ്ടുപിടിക്കാനുള്ള വഴികൾ നോക്കി. ടെലിഗ്രാമിലും മറ്റും പല ഗ്രൂപ്പുകൾ കണ്ടുപിടിച്ച് ഡിലീറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.  പക്ഷേ ഒന്ന് ഡിലീറ്റ് ചെയ്യുമ്പോൾ പത്ത് ചാനലുകൾ പൊങ്ങി വരുന്ന അവസ്ഥയാണ് .  അഭ്യസ്ഥവിദ്യരായവർ ഉൾപ്പെടെ 17 വയസ്സുമുതൽ ഉള്ള ചെറുപ്പക്കാർ ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.  ചിലരെ ഞങ്ങൾ ബന്ധപ്പെടുകയും നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് പറയുകയും ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു. പക്ഷേ ചിലർക്ക് ഒരു കൂസലുമില്ല നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്‌തോളൂ എന്ന മട്ടാണ്‌.’

 

‘ഇതിപ്പോൾ ഈ സിനിമയുടെ മാത്രം പ്രശ്നമല്ല.  വെള്ളം റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞു. തിയറ്ററുകൾ തുറന്നെങ്കിലും സീറ്റുകൾ പകുതിയായി ചുരുക്കിയിട്ടുണ്ട്. സെക്കൻഡ് ഷോ ഇല്ല, ഈ പ്രതിസന്ധികളിൽ നിന്നുകൊണ്ടാണ് സിനിമ ഒരുവിധം നല്ല രീതിയിൽ ഓടിക്കൊണ്ടിരിക്കുന്നത്.  കോവിഡിൽ തകർന്ന സിനിമാവ്യവസായം ഉയർത്തെഴുന്നേൽക്കാൻ വളരെ നഷ്ടം സഹിച്ചാണ് "വെള്ളം" തിയറ്ററിൽ എത്തിച്ചത്.  നാളെയും വരും  ദിവസങ്ങളിലും തിയറ്ററിൽ എത്താനിരിക്കുന്ന സിനിമകൾക്കെല്ലാം ഇതൊരു ഭീഷണി തന്നെയാണ്.  ഒരു സിനിമ ഷൂട്ട് ചെയ്തു തിയറ്ററിൽ എത്തിക്കുന്നതുവരെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ കഠിനാധ്വാനം എന്തെന്ന് ചുളുവിൽ അടിച്ചു മാറ്റുന്നവർക്ക് മനസിലാകില്ല.   സിനിമാപ്രവർത്തകരെല്ലാം ഒറ്റക്കെട്ടായി  ഈ ചൂഷണത്തിനെതിരെ നിലകൊള്ളുകയും ചിത്രങ്ങൾ ചോർത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും.  ക്രൈം ബ്രാഞ്ച് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.’–രഞ്ജിത്ത് പറയുന്നു.

 

ജനുവരി 22നു റിലീസ് ചെയ്ത വെള്ളം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഈ പ്രതിസന്ധി നേരിടുന്നത്.  കോവിഡ് വ്യാപിച്ച് തകർന്ന സിനിമാവ്യവസായം ഇതുവരെ പൂർവസ്ഥിതി പ്രാപിക്കാൻ കഴിഞ്ഞിട്ടില്ല.  സിനിമയെ ആശ്രയിച്ചു ജീവിക്കുന്ന അനവധിയായ തൊഴിലാളികളുണ്ട്.  മറ്റെല്ലാ തൊഴിൽ രംഗങ്ങൾ പോലെ തന്നെ സിനിമാപ്രവർത്തകർക്കും തങ്ങളുടെ തൊഴിൽ മേഖല തിരിച്ചു വരണമെന്ന ആഗ്രഹമുണ്ട്   അതിനെ തകർക്കാനുതകുന്ന പ്രവർത്തിയാണ് വ്യാജപ്പതിപ്പുകൾ പ്രചരിപ്പിക്കുക വഴി ഇക്കൂട്ടർ ചെയ്യുന്നത്.  എന്നാൽ വ്യാജപതിപ്പ് ഇറങ്ങിയതൊന്നും സിനിമയെ നിർവ്യാജം സ്നേഹിക്കുന്നവരെ ബാധിച്ചിട്ടില്ല.  തിയറ്ററുകൾ ഇപ്പോഴും അനുവദിച്ച സീറ്റുകളിൽ ഹൗസ്ഫുൾ ആയി തന്നെ തുടരുകയാണ്.  കുടുംബ പ്രേക്ഷകർക്ക് പോസിറ്റീവായ ഒരു മെസ്സേജ് പകരുന്ന സിനിമയാണ് "വെള്ളം".  അതുകൊണ്ടു തന്നെയാണ് സിനിമയിറങ്ങി മൂന്നാമത്തെ ആഴ്ചയിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുടുംബ സമേതം സിനിമാസ്നേഹികൾ തീയറ്ററുകളിലേക്ക് എത്തുന്നതെന്ന് രഞ്ജിത്ത് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com