67 ടേക്കുകൾ വരെ പോയിട്ടുണ്ട്, പരാജയങ്ങളെ പേടിയില്ല: മനസ്സു തുറന്ന് അജു വർഗീസ്

SHARE

സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രത്തിലൂടെ അജു വർഗീസ് ഒരിക്കൽക്കൂടി നിർമാതാവും കേന്ദ്രകഥാപാത്രവുമായി പ്രേക്ഷകർക്ക് മുൻപിലെത്തുകയാണ്. സിനിമയിൽ പത്തു വർഷം പൂർത്തിയാക്കുന്ന അജുവിനെ സംബന്ധിച്ചിടത്തോടും സാജൻ ബേക്കറിയിലെ സാജനും ബോബനും തന്റെ പതിവ് ശൈലിയിൽ നിന്നുള്ള മാറി നടത്തമാണ്. ഇരട്ട കഥാപാത്രങ്ങളെ തിരശീലയിൽ കയ്യടക്കത്തോടെ അവതരിപ്പിക്കുന്ന അജുവിനെ കാണുമ്പോൾ പ്രേക്ഷകർ ഹൃദയപൂർവം കയ്യടിക്കുന്നുണ്ട്. ഒരു ദശാബ്ദക്കാലത്തെ സിനിമാജീവിതത്തിലെ രസകരമായ അനുഭവങ്ങളും ഓർമകളും പങ്കുവച്ച് അജു വർഗീസ് മനോരമ ഓൺലൈനിൽ.  

ആ 'കിരീടം' ഇത്തവണയും പ്രതീക്ഷിക്കുന്നു

ലവ് ആക്ഷൻ ഡ്രാമ മുതൽ സാജൻ ബേക്കറി ഉൾപ്പടെയുള്ള സിനിമകളുടെ കാര്യമെടുത്താൽ ഞാനും എന്റെ പാർട്ണർ വിശാഖും പറയുന്ന ഒരു കാര്യമുണ്ട്. അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ദാസനും വിജയനും എന്തൊക്കെയോ ചെയ്തു നടന്നിട്ട് അവസാനം കിരീടം തലയിൽ വന്നിരിക്കില്ലേ... സത്യത്തിൽ ഇതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. നമ്മൾ എന്തു ചെയ്യുമ്പോഴും കുറെ പ്രശ്നങ്ങൾ വരാറുണ്ട്. ലവ് ആക്ഷൻ ഡ്രാമ ചെയ്തപ്പോൾ പ്രളയം വന്നു. അതും രണ്ടെണ്ണം. പിന്നെ, ഡേറ്റ് ക്ലാഷസ്. ഇതു തുടങ്ങിപ്പോയല്ലോ എന്ന അവസ്ഥയിലായി. സാജൻ ബാക്കറിയുടെ കാര്യമെടുത്താൽ ഷൂട്ട് എല്ലാം വളരെ സ്മൂത്ത് ആയി നടന്നു. പക്ഷേ, കൊറോണ വന്നു... മൊത്തം ലോക്ക്ഡൗൺ! അതുകൊണ്ട് ഒന്നും സമാധാനമായി റിലീസ് ചെയ്യപ്പിക്കില്ല. എന്നാൽ ആ അനുഭവങ്ങളെല്ലാം ഒരു ലേണിങ് ആണ്. കഴിഞ്ഞ വർഷം ഇറക്കാൻ വച്ച സിനിമയായിരുന്നു സാജൻ ബേക്കറി. സാഹചര്യങ്ങൾ മാറി മറിഞ്ഞു. ഇപ്പോൾ തിയറ്ററുകൾ ഓപ്പൺ ആയി... ഈ സിനിമ ഇറക്കാൻ പറ്റുന്നു എന്നതാണ് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം. എല്ലാം കഴിഞ്ഞ് ഒടുവിൽ ഒരു കിരീടം കിട്ടാറുണ്ട്. ഈ പ്രാവശ്യവും ആ കിരീടം കിട്ടുമെന്ന പ്രതീക്ഷയിലാണ്. 

ഇഷ്ടം സഹനടന്റെ വേഷം

എൻജോയ് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഞാൻ ചെയ്യാൻ ശ്രമിക്കാറില്ല. സിനിമയിൽ പ്രത്യേകിച്ചും. അതുകൊണ്ടു തന്നെ കേന്ദ്ര കഥാപാത്രങ്ങൾ ചെയ്യുന്നത് എപ്പോഴും ഞാൻ ആസ്വദിക്കില്ല. അതുകൊണ്ട്, വല്ലപ്പോഴും എനിക്ക് ഇണങ്ങുന്ന വേഷങ്ങൾ വന്നാൽ ചെയ്യും. ഇനി വരാനുള്ള സിനിമകൾ നോക്കിയാൽ– മിന്നൽ മുരളി, ഹൃദയം, സുനാമി, ആർട്ടിക്കിൾ 21, ജാക്ക് ആന്റ് ജിൽ, ഉല്ലാസം, മേപ്പടിയാൻ– ഇതെല്ലാം സപ്പോർട്ടിങ് വേഷങ്ങളാണ്. നൂറു ശതമാനവും സപ്പോർട്ടിങ് ആക്ടർ ആയി നിൽക്കാനാണ് എനിക്ക് ഇഷ്ടം. ഒരു നടൻ എന്ന നിലയിൽ എന്റെ അതിരുകൾ വിസ്തൃതമാക്കാൻ സഹായിക്കുന്ന കഥാപാത്രങ്ങൾ ഒരു തിരക്കഥാകൃത്ത് എനിക്ക് നൽകുകയാണെങ്കിൽ അത് ഏറ്റെടുക്കാൻ സന്തോഷമേയുള്ളൂ. എന്നാൽ അത് ലീഡ് ആകണമെന്നില്ല. അങ്ങനെ ആഗ്രഹിക്കാനേ എനിക്ക് പറ്റുള്ളൂ. പിന്നെ അറിയാവുന്നവരോട് ചോദിക്കാം. അവരോട് എന്റെ അവെയ്‍ലബിലിറ്റി അറിയിക്കാം. ഞാൻ ഒരാളോട് അവസരം ചോദിച്ചിട്ട്, അയാൾ എന്നെ വിളിക്കുമ്പോൾ ഞാൻ മറ്റെന്തെങ്കിലും പ്രൊജക്ടിൽ തിരക്കിലായിപ്പോയാൽ ശരിയാകില്ലല്ലോ. 

aju-varghese

എനിക്ക് കായംകുളം കൊച്ചുണ്ണി അങ്ങനെയാണ് മിസ് ആയത്. റോഷൻ സാറിനേട് ഒരുപാടു തവണ അവസരം ചോദിച്ചിട്ട് കിട്ടിയതായിരുന്നു ആ വേഷം. അതൊരു ബിഗ് പ്രൊജക്ട് അല്ലേ... നീണ്ടു പോയി. എന്നോട് 90 ദിവസം വേണമെന്നാണ് അതിന്റെ കൺട്രോളർ വിളിച്ചു പറഞ്ഞത്. ആ സമയത്ത് ഞാൻ ലവ കുശയുടെ ഷൂട്ടിലാണ്. അതാണെങ്കിൽ പൂർണമായും വാണിജ്യ സിനിമ! എന്റെ രൂപം തന്നെ വേറെയാണ്. കൊച്ചുണ്ണി പിരീഡ് സിനിമയും. ഒരു രീതിയിലും ഒരുമിച്ചു ചെയ്യാൻ പറ്റില്ല. പിന്നെ തുടങ്ങിയ സിനിമയ്ക്കാണല്ലോ മുൻഗണന കൊടുക്കുക. അങ്ങനെ എനിക്ക് മിസ് ആയിപ്പോയി. അപൂർവമായിട്ടേ അങ്ങനെ പോയിട്ടുള്ളൂ. കഴിവതും ഞാൻ എല്ലാം പിടിക്കാൻ നോക്കാറുണ്ട്. ഉറക്കം എനിക്ക് അഡ്ജസ്റ്റ് ചെയ്യാലോ! പരാമവധി ഞാൻ എന്നെ അവെയ്‍ലബിൾ ആക്കി വയ്ക്കാറുണ്ട്. 

പരാജയങ്ങളെ പേടിയില്ല

നൂറിലധികം സിനിമകൾ ചെയ്തിട്ടുണ്ടെന്ന് പറയുമ്പോൾ, ഇത്ര സെറ്റിൽ പോയിട്ടുണ്ടെന്നേ മനസിലാക്കേണ്ടതുള്ളൂ. ഇത്ര സെറ്റുകളിൽ പോകുമ്പോൾ അവിടെ നമ്മൾ അറിഞ്ഞോ അറിയാതെയോ ചില കാര്യങ്ങൾ പഠിക്കും. നല്ല സിനിമയോ മോശം സിനിമയോ ആയിക്കൊള്ളട്ടെ. എനിക്ക് പരാജയങ്ങളെ പേടിയില്ല. അതിനെ വെറുക്കുന്ന ആളല്ല. പരാജയപ്പെട്ടു എന്ന് അഭിമാനത്തോടെ തന്നെ പറയും. തോറ്റു പോയി അല്ലെങ്കിൽ തെറ്റു പറ്റിപ്പോയി. കള്ളം പറയാത്ത ആളാണ് ഞാനെന്നല്ല പറയുന്നത്. പക്ഷേ, സിനിമ ഫ്ലോപ് ആയതുകൊണ്ട് തലയിൽ മുണ്ടിട്ട് നടക്കാൻ എനിക്ക് താൽപര്യമില്ല. എല്ലാവരും സിനിമ എടുക്കുന്നത് ഓടാൻ തന്നെയാണ്. ചിലത് പ്രേക്ഷകരുമായി സംവദിക്കില്ല. പരാജയപ്പെടും. ഫ്ലോപ് ആയ സിനിമയിൽ നിന്നു ലഭിക്കുന്ന അനുഭവം വാക്കുകളിലൂടെ പറയാൻ കഴിയില്ല. നാളെ മറ്റൊരു സിനിമയുടെ അവസരം വരുമ്പോൾ ഈ അനുഭവം ഉപകാരപ്പെടും. സിനിമയിൽ നെറ്റ്‍വർക്കിങ് വളരെ പ്രധാനമാണ്. സിനിമ എന്നല്ല ജീവിതത്തിലും ഇത് ആവശ്യമാണ്. ബന്ധങ്ങൾ നിലനിറുത്താൻ വേണ്ടി ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. സ്വാഭാവികമായി അങ്ങനെയൊരു ബന്ധം ഉണ്ടാകുന്നതാണ്. സിനിമയിൽ അവസരം ചോദിക്കുക എന്നത് പ്രധാനമാണ്. അതിൽ മടി കാണിച്ചിട്ട് കാര്യമില്ല.  

aju-varghese-vineeth

വിനീതിന്റെ സിനിമയിൽ അഭിനയിക്കാൻ പേടി

പഠിക്കുമ്പോൾ എന്തെങ്കിലും പരിപാടി സ്റ്റേജിൽ അവതരിപ്പിക്കാൻ എനിക്ക് ചമ്മലായിരുന്നു. അങ്ങനെയുള്ള എന്നെ സിനിമയുടെ ഓഡിഷനു വേണ്ടി വിനീത് ശ്രീനിവാസൻ വിളിക്കുകയായിരുന്നു. മലർവാടിയിലെ കുട്ടുവിന്റെ തല്ലിപ്പൊളി രൂപവും ആ മാനറിസവും കോളജിൽ എന്റെ ആയിരുന്നു. വിനീതിന് അതു മതിയായിരുന്നു. ഇക്കാര്യം ധ്യാൻ പറഞ്ഞാണ് ഞാൻ അറിഞ്ഞത്. അത്രയും വൃത്തികെട്ടതായി ചെയ്യാൻ എന്നെക്കൊണ്ടേ പറ്റുള്ളൂ എന്നായിരുന്നു വിനീതിന്റെ കമന്റ്. അപ്പോൾ അഭിനയം ഒന്നും വേണ്ടല്ലോ. മലർവാടി ഇപ്പോൾ കാണുമ്പോൾ എനിക്ക് ചമ്മലാണ്. അഭിനയത്തിന്റെ 'എബിസിഡി' അതിൽ ഇല്ല. സിനിമയിലെ എന്റെ ചില ഭാവപ്രകടനങ്ങൾ കാണുമ്പോൾ ഞാൻ ചൂളിപ്പോകാറുണ്ട്. ഒറു അവസരം കൂടി തന്നിരുന്നെങ്കിൽ അതു കുറച്ചു കൂടെ മാറ്റം വരുത്തി ചെയ്യാമെന്നൊക്കെ വിനീതിനോട് പറയാറുണ്ട്. 

വിനീതിനോടും ധ്യാനിനോടും അടുപ്പമുണ്ട്... സൗഹൃദമുണ്ട്. അതു രണ്ടും രണ്ടു രീതിയിലാണ്. വിനീതിനോട് എല്ലാ കാര്യങ്ങളും തുറന്നു പറയാൻ കഴിയില്ല. പണ്ട് സുഹൃത്ത് ആയിരുന്നപ്പോഴും അങ്ങനെ ഒന്നും പറയാറില്ല. ഇപ്പോൾ എന്റെ മനസിൽ ഒരു മെന്ററുടെ സ്ഥാനമാണ് വിനീതിന്. അതുകൊണ്ട് ഒട്ടും പറയില്ല. തട്ടത്തിൻ മറയത്ത് സിനിമ കഴിഞ്ഞിട്ട് വിനീത് സംവിധാനം ചെയ്ത ഒരു സിനിമയിൽ ഞാനിപ്പോഴാണ് അഭിനയിക്കുന്നത്. എട്ടു വർഷം കഴിഞ്ഞു. വേറെ സിനിമകളിൽ കൂടെ അഭിനയിച്ചിട്ടുണ്ട്. അതു കുഴപ്പമില്ല. എന്നാൽ വിനീത് എന്ന സംവിധായകന്റെ കീഴിൽ അഭിനയിക്കാൻ എനിക്ക് നല്ല പേടിയാണ്. ഇത്ര വർഷം കഴിഞ്ഞ് ഞാൻ അഭിനയിക്കുന്നത് മോണിറ്ററിൽ കാണുമ്പോൾ, 'ഇവന് ഇത്ര കാലമായിട്ടും യാതൊരു ഇംപ്രൂവ്മെന്റ് ഇല്ലല്ലോ' എന്ന് വിനീതിന് തോന്നുമോ എന്ന പേടി എന്റെ ഉള്ളിലുണ്ട്. ആ പേടിയോടെ വിനീതിന്റെ പുറകിൽ നിന്ന് ടെൻഷനടിച്ച് മോണിറ്ററിൽ നോക്കുന്ന എന്റെ ഒരു ഫോട്ടോ ഞാൻ പങ്കുവച്ചിരുന്നു. ഞാൻ അറിയാതെ സെറ്റിലാരോ എടുത്ത ചിത്രമാണ്. അതിൽ എന്റെ മുഖത്ത് ആ ടെൻഷൻ കാണാം. അതു സത്യമാണ്. ആ ടെൻഷൻ എനിക്കുണ്ട്. 

aju-varghese-3

ബേസിലിന്റെ ഡാൻസും രഞ്ജിത്ത് ശങ്കറിന്റെ വിളിച്ചു പറയലും

ഓരോ സംവിധായകർക്കും ഓരോ രീതികളുണ്ട്. ടേക്ക് ഓകെ ആണെങ്കിൽ ബേസിൽ പാട്ട് ഇട്ട് ഡാൻസ് ചെയ്യും. നല്ല ക്ലാരിറ്റി ഉള്ള സംവിധായകനാണ് ബേസിൽ ജോസഫ്. കഠിനാധ്വാനി ആണ്. സ്മാർട്ടും ആണ്. അതുകൊണ്ടു തന്നെ നല്ല ആത്മവിശ്വാസവുമുണ്ട്. അതുകൊണ്ട് അഭിനേതാക്കളെ കംഫർട്ടബിൾ ആക്കാനും ആൾക്ക് സ്വയം റിലാക്സ് ചെയ്യാനും നല്ലൊരു ഷോട്ട് കിട്ടിയാൽ പാട്ടിട്ട് ഡാൻസ് ചെയ്യും. അത് സെറ്റിനു കൊടുക്കുന്ന എനർജി വലുതാണ്. എല്ലാവരും ഹാപ്പി ആയി നിന്ന് വർക്ക് ചെയ്യും. പ്രിയൻ സാറിന്റെ (പ്രിയദർശൻ) പ്രത്യേകതയായി ഞാൻ ശ്രദ്ധിച്ചിട്ടുള്ളത് അദ്ദേഹം വളരെ ഫാസ്റ്റ് ആണ് എന്നുള്ളതാണ്. ഈ ഷോട്ടിൽ ഇത്ര പറഞ്ഞാൽ മതി. അവിടെ കട്ട് വിളിക്കും. അടുത്തത് ഇവിടെ നിന്ന് പറഞ്ഞാൽ മതിയെന്നു പറയും. എന്തൊരു ഫാസ്റ്റ് ആണെന്നോ അദ്ദേഹം! അതെനിക്ക് പുതിയ അനുഭവമായിരുന്നു. ഇത്ര ഫാസ്റ്റ് ആയിട്ടും സിനിമ ചെയ്യാം എന്ന അറിവ്. അല്ലാതെ മരയ്ക്കാർ പോലൊരു ബ്രഹ്മാണ്ഡചിത്രം 100 ദിവസത്തിൽ തീരുമോ? 

സംവിധായകരിൽ ഏറ്റവും തമാശ തോന്നിയിട്ടുള്ളത് രഞ്ജിത് ശങ്കർ സാറിന്റെ രീതിയാണ്. അടിപൊളിയാണെങ്കിൽ അടിപൊളിയാണെന്ന് പറയും. തല്ലിപ്പൊളി ആണെങ്കിൽ അക്കാര്യം അപ്പോൾ തന്നെ മൈക്കിലൂടെ വിളിച്ചു പറയും. എനിക്ക് അത് ശീലമായി. ഒറ്റയടിക്ക് എല്ലാം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും. അതു നല്ലൊരു ക്വാളിറ്റി ആണ്. അത് എല്ലാവർക്കും പറ്റില്ല. മലർവാടി ചെയ്തപ്പോൾ പ്രജിത്തേട്ടൻ പറഞ്ഞൊരു ഡയലോഗ് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഞാൻ ചോറുണ്ടിട്ട് കൈ കഴുകുകയായിരുന്നു. സോപ്പൊക്കെ ഇട്ട് പതുക്കെ ആസ്വദിച്ചാണ് കൈ കഴുകുന്നത്. പ്രത്യേകിച്ച് പണി ഒന്നുമില്ല. മലർവാടിയുടെ സമയമല്ലേ... ഇതു കണ്ട് പ്രജിത്തേട്ടൻ, ഓഹ്... അഭിനയിക്കുന്നതു പോലെ തന്നെ, എന്തൊരു താമസമാ!!!

രഞ്ജിത് ശങ്കറുമായി സംവദിക്കാൻ നല്ല സുഖമാണ്. ഇൻഹിബിഷൻ ഇല്ല. കഥാപാത്രത്തെക്കുറിച്ച് വ്യക്തമായ ഉത്തരങ്ങളുണ്ട്. കഥ കേൾക്കുന്നതിനെക്കാളും തിരക്കഥ വായിക്കുന്നതിനെക്കാളും എനിക്കിഷ്ടം സംവിധായകനോടു സംസാരിക്കുന്നതാണ്. പ്രത്യേകിച്ച് ഷോട്ടിനു മുൻപും ആ സമയത്തും. നീണ്ട ചർച്ചകളൊന്നുമില്ല. രഞ്ജിത് ശങ്കറിന് ആളുടെ കഥാപാത്രങ്ങൾ സിനിമയിൽ എങ്ങനെ സംസാരിക്കണമെന്നും പെരുമാറണമെന്നും കൃത്യമായ ധാരണയുണ്ട്. എനിക്കാ ജോലി ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്തമേ ഉള്ളൂ. അദ്ദേഹത്തിന്റെ ഡയലോഗുകൾ എന്റെ നാക്കിന് നന്നായി വഴങ്ങും. ഒന്നു രണ്ടു വായനയിൽ തന്നെ മനഃപാഠമാക്കാൻ പറ്റും. 

aju-varghese

തിരക്കഥ വായിക്കേണ്ടത് ആവശ്യമോ?

ഞാൻ സപ്പോർട്ടിങ് റോളുകൾ ചെയ്യുന്ന ഒരാളാണ്. ഒരു സിനിമയ്ക്ക് പ്രൊൊഡ്യൂസർ ഉണ്ട്, സംവിധായകൻ ഉണ്ട്, നായകനടൻ ഉണ്ട്. ഇവരെക്കാളും ഉത്തരവാദിത്തം എനിക്കില്ല എന്നായിരുന്നു ഞാൻ എന്നെ ഞാൻ വിശ്വസിപ്പിച്ചിരുന്നത്. അതുകൊണ്ട് ഞാൻ മുഴുവൻ തിരക്കഥ വായിക്കേണ്ട ആവശ്യമില്ലല്ലോ! ഞാനെന്റെ സംവിധായകൻ പറയുന്നത് കേൾക്കുക. ഞാനൊരു സംഭാഷണവും ആഡ് ചെയ്യുന്ന ആളല്ല. എന്താണോ തന്നിരിക്കുന്നത് അതു ചെയ്യുക. അത് എത്ര ടേക്ക് വേണമെങ്കിലും പോകാം. ഞാൻ 67 ടേക്ക് വരെയൊക്കെ പോയിട്ടുണ്ട്. പറയുന്നത് ചെയ്തിട്ടു പോവുക... അതായിരുന്നു രീതി. നല്ല റോളുകൾ തിരഞ്ഞെടുക്കാനും ചോദിക്കാനും അതായത് സ്ക്രീനിൽ കുറച്ചു നേരമേ ഉള്ളൂ എങ്കിലും ആ റോൾ എനിക്കൊരു മാറ്റം തോന്നിക്കുകയാണെങ്കിൽ അതു ചോദിക്കാൻ സ്ക്രിപ്റ്റ് വായിക്കണം. ഞാനിപ്പോൾ തിരക്കഥ വായിക്കുന്നില്ലെങ്കിലും അതു നോക്കാൻ എന്റെ രണ്ടു മൂന്നു സുഹൃത്തുക്കളോട് പറയാറുണ്ട്. അങ്ങനെ സഹായിക്കുന്ന കൂട്ടുകാരുമുണ്ട്. ഫിലിം ഫോർ തോട്ട്സ് എന്ന ഗ്രൂപ്പുണ്ട്. അതിലെ സുഹൃത്തുക്കളാണ് തിരക്കഥ വായിച്ചു സഹായിക്കുന്നത്. 

ജോമോന്റെ ചോദ്യവും എന്റെ ആഗ്രഹവും

ലവ് ആക്ഷന്റെ ഷൂട്ട് നടക്കുന്ന സമയം റൂമിൽ വലിയ ചർച്ച. ഞാൻ കുളിച്ചു വന്നിട്ടു ചോദിച്ചു, എന്താ പ്രശ്നം... എന്തിനാ ഈ ചർച്ച? സംഭവം എന്താണെന്നു വച്ചാൽ അടുത്ത ദിവസം ജോമോന് ഒരു പരിപാടിയുണ്ട്. ഷൂട്ട് മുടങ്ങാൻ പറ്റില്ലല്ലോ! നയൻതാരയുടെ വരെ ഡേറ്റ് ഉള്ളതാ! എന്തു ചെയ്യും എന്ന ചർച്ചയിലാണ് എല്ലാവരും. അപ്പോൾ ജോമോൻ എന്നോടു ഒരു ചോദ്യം– "എടോ, തനിക്ക് നാളെ എന്താ പരിപാടി?" ഞാൻ നാളെ ക്യമാറ ചെയ്യേണ്ടി വരുമോ എന്ന ചിന്തയായി പെട്ടെന്ന് എനിക്ക്... ഈശ്വരാ... ജോമോന്റെ സീറ്റിൽ എന്നെ ഇരുത്തുകയാണോ? എന്നാലും ജോമോന് എന്നെ വിളിക്കാൻ ആത്മവിശ്വാസം തോന്നിയല്ലോ... ഞാൻ അത്രയൊക്കെ പോയി. ക്രെയിനിൽ ഞാൻ എന്നെ കണ്ടു. ഉടനെ ജോമോന്റെ നിർദേശം– "എടോ... നാളെ ഫ്രീയാണെങ്കിൽ ചേർത്തലയിൽ ഞാൻ പഠിച്ച സ്കൂളിൽ ഒരു പരിപാടിയുണ്ട്. അവിടെ ഒന്നു പോകാമോ?" അതിന് ഞാനെന്തൊക്കെ ചിന്തിച്ചു കൂട്ടി?!

എന്നെ ക്രൂരനാക്കിയത് എഡിറ്റർ

ഹെലനിലെ പൊലീസ് കഥാപാത്രം നെഗറ്റീവാണെന്ന് അഭിനയിക്കാൻ പോയപ്പോൾ എനിക്ക് അറിയില്ലായിരുന്നു. ഒരു ചൊറിയൻ കഥാപാത്രം എന്നേ വിചാരിച്ചുള്ളൂ. പൊലീസ് സ്റ്റേഷനിലെ സീൻ ചെയ്യാൻ നിൽക്കുന്നു. ഓപ്പോസിറ്റ് ലാൽ സർ ആണ്. മാത്തുക്കുട്ടി പറഞ്ഞു, ചേട്ടാ, ഒരു എക്സ്പ്രഷനും ഇല്ലാതെ പറഞ്ഞാൽ മതി. അപ്പോൾ ഞാൻ പറഞ്ഞു, മാത്തുക്കുട്ടീ... സമയമെടുക്കും. എന്നെ അത് ശീലിപ്പിക്കണമല്ലോ! ലാൽ സർ ഓപ്പോസിറ്റ് നിന്നത് വലിയ പ്ലസ് ആയി. അദ്ദേഹം സംവിധായകൻ കൂടിയാണല്ലോ. ആ വിശ്വാസം വലിയ കരുത്തായിരുന്നു. ചില ഷോട്ടുകൾ ഒന്നൂടെ പോകാമെന്ന് സർ തന്നെ പറയും. അങ്ങനെ എന്നെ ട്രെയിൻ ചെയ്യിപ്പിച്ച് എടുത്തതാണ്. സത്യത്തിൽ ആ ചിത്രത്തിന്റെ എഡിറ്റർ എഡിറ്റ് ചെയ്താണ് എന്നെ ക്രൂരനാക്കിയത്. അന്നാ ബെൻ എവിടെയോ പെട്ടിരിക്കുകയാണെന്നേ എനിക്കറിവുണ്ടായിരുന്നുള്ളൂ. ആ പെൺകുട്ടി അവിടെ ഇത്രയും യാതനകൾ അനുഭവിക്കുന്നുണ്ടെന്ന് ഈ സിനിമ കണ്ടപ്പോഴാ മനസിലായേ. ആ പെൺകുട്ടി ഫ്രീസറിൽ കാലിന് പരിക്ക് പറ്റി ഇരിക്കുന്നതിന്റെ തുടർച്ചയായി ഷമീർ എന്ന എഡിറ്റർ കാണിക്കുന്നത് ഞാനീ ചെയ്തു കൂട്ടുന്ന കാര്യങ്ങളാണ്. അപ്പോൾ പ്രേക്ഷകർക്ക് നല്ല ദേഷ്യം വരും. ആ എഡിറ്റാണ് എന്റെ കഥാപാത്രത്തെ കൂടുതൽ ക്രൂരനാക്കിയത്. ഷമീറിനും മാത്തുക്കുട്ടിക്കും ആണ് അതിന്റെ മുഴുവൻ ക്രെഡിറ്റ്. ഫൺടാസ്റ്റിക് ഫിലിംസ് ആയിരുന്നു അതിന്റെ വിതരണം. നമ്മുടെ ബാനർ ബ്രാൻഡ് ചെയ്യുക എന്നതും നമ്മുടെ ഒരു സ്വപ്നമാണ്. നല്ല സിനിമ പ്രേക്ഷകർക്ക് കൊടുക്കാൻ കഴിയണം. ഈ ബാനറിന്റെ സിനിമകൾ നല്ലതാണെന്ന് പ്രേക്ഷകർക്ക് തോന്നുന്ന ഒരു കാലം വരിക എന്നതും ഒരു സ്വപ്നമാണ്. അതിന് ഹെലൻ വലിയൊരു സഹായമായി. 

aju-varghese-1

അവർക്ക് എന്നെയല്ല, എനിക്ക് ആവരെ ആവശ്യം

ബേസിൽ ജോസഫിനെയും മിഥുൻ മാനുവേലിനേയും, അതുപോലെ ഷോർട്ട് ഫിലിമിൽ‌ വർക്ക് ചെയ്ത എല്ലാവരേയും എനിക്ക് ആവശ്യമായിരുന്നു. ഞാൻ അവരെ യൂസ് ചെയ്തതാണ്. ആരിലൂടെ അവർ തിരിച്ചറിയപ്പെട്ടാലും, ഇന്നുള്ള സ്ഥലത്ത് തന്നെ അവർ വരും. എനിക്കായിരുന്നു അവരെ ആവശ്യം. അതുതന്നെയാണ് ഏറ്റവും സത്യന്ധമായ ഉത്തരം. ബന്ധങ്ങൾ എനിക്ക് ഭയങ്കര പ്രധാനം ആണ്. ഒരു വ്യക്തിയോട് തോന്നുന്ന അടുപ്പം വളരെ പ്രധാനപ്പെട്ടതാണ്. ഒരാൾ വന്ന് ഒരു സിനിമ നന്നായി വിവരിച്ചു പറഞ്ഞാൽ ഞാനത് ചെയ്യാമെന്ന് സമ്മതിക്കും. എന്നോട് വിവരിച്ച പോലെ സിനിമ ചെയ്യാതെ വന്നിട്ട് ഞാൻ ദേഷ്യപ്പെട്ടിട്ടുണ്ടോ എന്നു ചോദിച്ചാൽ... ജോലിയിൽ ആത്മാർഥത കാണിക്കാതിരുന്നാലും ഭക്ഷണം മോശമായാലും എനിക്ക് ദേഷ്യം വരും. എന്നു വച്ച് വീണ്ടും സഹകരിക്കാതെ ഇരിക്കില്ല. ഇറിറ്റേഷൻ കാണിക്കും. ജോലിയിൽ കോംപ്രമൈസ് ചെയ്യരുത്. രാത്രിയിലോ, പകലോ എപ്പോഴാണ് സൗകര്യം എന്നു വച്ചാൽ ചെയ്യാം. അവർ പേഴ്സണൽ ലൈഫിൽ എന്തും ആയിക്കോട്ടെ. പക്ഷേ ഏറ്റെടുത്ത ജോലി പറഞ്ഞ സമയത്ത് തീർക്കണം. അത്  പ്രധാനം ആണ്. സമയം ഭയങ്കര ഇംപോർട്ടന്റ്് ആണ്. 

പരസ്യവും വിവാദവും

ഒരു പരസ്യത്തിൽ അഭിനയിച്ചതിന് സമൻസ് വന്നു. കോടതിൽ ഉള്ള വിഷയമാണ്. കൂടുതൽ അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പറ്റില്ല. കുറേ ട്രോളുകൾ ഒക്കെ കണ്ടു . വിരാട് കോഹ്‌ലി വീട്ടിൽ ചോദിച്ചു കാണും അജു വർഗീസ് ആരാണെന്ന്, എന്നൊക്കെ. കോടതിയിൽ നിൽ‌ക്കുന്ന കാര്യമായതുകൊണ്ട് കമന്റ് ചെയ്യാൻ പറ്റില്ല. ഞാൻ ആഗ്രഹിച്ചതോ, ആലോചിച്ചതോ ഉദ്ദേശിച്ചതോ അല്ല. അപ്രതീക്ഷിതമായ സംഭവങ്ങൾ സമൂഹത്തിൽ നടക്കണമെന്ന് ആഗ്രഹിക്കുന്ന തീവ്രവാദി ഒന്നും അല്ല ഞാൻ. അത് എന്റെ മോശം സമയം അല്ലെങ്കിൽ തെറ്റായ തീരുമാനം. ഒരു വിഡിയോയേ ചെയ്തുള്ളൂ. അതോടെ നിർത്തി, 10 മാസം മുമ്പ് ചെയ്താണ്. പരസ്യങ്ങളെ ഞാൻ സമീപിക്കുന്നത് അതിന്റെ കലാമൂല്യം നോക്കിയല്ല. പരസ്യത്തിന്റെ തിരക്കഥ നോക്കിയാണ്. സിനിമയുടെ വായിച്ചില്ലെങ്കിലും പരസ്യത്തിന്റെ തിരക്കഥ വായിക്കും. കുറച്ചല്ലേ ഉള്ളൂ... രണ്ടോ മൂന്നോ പേജ് മാത്രം. ഞാൻ വേറെയും പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. നല്ലത് ചെയ്യുമ്പോൾ അതിനെക്കുറിച്ചും പറയണം. ഉദാഹരണത്തിന് സേഫ് ബോക്സിന്റെ പരസ്യം. ഗോകുലിന്റെ കൂടെ വളരെ എന്റർടെയ്നിങ് ആയിട്ടുള്ള പരസ്യം ആയിരുന്നു. പിന്നെ, ലാലാ സ്റ്റോറീസ് എന്ന പരസ്യം. ബേസിൽ ജോസഫിന്റെ കൂടെ ചെയ്തത്. അതിൽ പറയുന്ന കണ്ടന്റ് തന്നെ സ്ത്രീകൾ മാത്രമല്ല ഭക്ഷണം ഉണ്ടാക്കേണ്ടത് എന്നാണ്. നല്ലത് ചെയ്യുമ്പോൾ അതും പറയണം. 

നല്ല വിമർശനങ്ങൾ ഞാൻ സ്വീകരിക്കാറുണ്ട്. തെറി വിളിക്കുന്നതിനോട് എനിക്ക് വിയോജിപ്പാണ്. കാരണം അതിന്റെ ഉദ്ദേശ ശുദ്ധി ശരിയല്ല. തിരുത്തണം എന്നുള്ള ഉദ്ദേശ്യത്തിൽ അല്ല വിളിക്കുന്നത്. അയാൾ തിരുത്തണമെന്നുണ്ടെങ്കിൽ, 'ചെയ്തത് ശരിയായില്ല, ഇനി ചെയ്യരുത്' എന്ന് മാന്യമായി പറയാം. തിരുത്തേണ്ടതാണെന്ന തോന്നൽ അതിലൂടെ വരും. അല്ലാതെ സ്വയം ആളാകുക, പ്രസിദ്ധി നേടുക എന്നുള്ളതാണ് ഉദ്ദേശ്യമെങ്കിൽ തെറി വിളിക്കാം. അതൊന്നും നമ്മുടെ വിഷയം അല്ല. ഞാൻ തിരുത്തി. ഇനി അത് ചെയ്യില്ല എന്നത് ഞാൻ എടുത്ത തീരുമാനം ആണ്. പബ്ലിക്ക് ആയിട്ട് പറഞ്ഞിട്ടില്ല. ചോദിച്ചതുകൊണ്ട് പറയുന്നു. പരസ്യം എന്റെ ഒരു വരുമാനമാർഗ്ഗം ആണ്. പരസ്യം ചെയ്യുന്നത് രാജ്യത്തെ നിയമ വ്യവസ്ഥ അനുവദിക്കുന്നതാണ്. ഇതി‍നു മുമ്പും ചെയ്തിരുന്നതും, ഇപ്പോൾ ചെയ്യുന്നതും എന്റെ വരുമാന മാർഗ്ഗത്തിന് വേണ്ടിയാണ്.

aju-varghese-kids-drawing

ഇരട്ടക്കുട്ടികളുടെ വീട്

ഞാൻ ഒരു ഉത്തരവാദിത്തബോധമുള്ള ഭർത്താവ് അല്ലായിരുന്നു. ഞാൻ അപ്പോഴും ഇപ്പോഴും എന്റെ കരിയറിന്റെ ഓട്ടത്തിലായിരുന്നു. കുട്ടികൾ വലുതായി കഴിഞ്ഞപ്പോഴാണ് രസം തോന്നിത്തുടങ്ങിയത്. എനിക്ക് സൈലന്റ് ബേബീസിനെക്കാളും ഇഷ്ടം വയലന്റ് ബേബീസ് ആണ്. ചെറുതായിരുന്നപ്പോൾ ഇവർ ഉറങ്ങും കഴിക്കും വീണ്ടും ഉറങ്ങും. ഇതിൽ ഒരു രസമില്ലായിരുന്നു. ഇപ്പോൾ അവർ കുറച്ചു കൂടെ വലുതായി... എന്നെ ട്രോളാൻ തുടങ്ങി. അല്ലു അർജുന്റെ തമിഴ് സിനിമ കാണുമ്പോൾ നല്ല വണ്ണമുള്ള, കോമഡി ആയിട്ടുള്ള ക്യാരക്ടർ കാണുമ്പോൾ, അവർക്ക് അത് ‘അപ്പ’ ആണ്. അവരുടെ മനസിലുള്ള ഇമേജ് എനിക്ക് പിടി കിട്ടി. എന്നെ കാണുന്നത് അങ്ങനെയാണ്. അവരുടെ ആ ഒരു ഫ്രണ്ട്ഷിപ്പാണ് എനിക്ക് ഒന്നുകൂടി ഇഷ്ടം. അവർക്ക് ആവശ്യമായ വിദ്യാഭ്യാസം, ഭക്ഷണം, സംരക്ഷണം ഇവയെല്ലാം നൽകുന്നതിലാണ് എന്റെ ഉത്തരവാദിത്വം ഞാൻ കാണുന്നുള്ളൂ. 

aju-varghese-lock-down-days

ഞാൻ കൊടുക്കുന്ന സ്നേഹത്തിന്റെ അളവ് കാണിക്കാൻ എനിക്ക് താൽപര്യം ഇല്ല. അവർ എന്റെ സ്ട്രസ് ബസ്റ്റേഴ്സ് ആണ്. അവർ എപ്പോഴും അവരുടെ ലോകത്തായിരിക്കും. അതിനുവേണ്ടി സഹായിക്കുന്നത് അഗസ്റ്റീനയാണ്. ചില്ലറ അധ്വാനം ആയിരുന്നില്ല. ഇപ്പോഴും അങ്ങനെ തന്നെ. അക്കാര്യത്തിൽ അഗസ്റ്റീനയോട് എനിക്ക് ഒരുപാട് ബഹുമാനം ഉണ്ട്. ഇപ്പോൾ കുറച്ചുകൂടി അവർക്ക് മനസിലാക്കാനുള്ള പ്രായം ആയി. എന്നാലും, ഞാൻ വളരെ ബുദ്ധിപരമായി കണ്ണടച്ച് ഇരിക്കും. ചെയ്യുന്നത് ശരിയാണോ എന്ന് ചോദിച്ചാൽ എനിക്ക് എന്റേതായ കുറച്ച് ശരികൾ ഉണ്ട്. നമ്മൾ ആ ശരികളിലും സത്യങ്ങളിലുമാണ് മുന്നോട്ടു പോകുന്നത്. ഓരോരുത്തർക്കും ഓരോ സത്യങ്ങളും ശരികളും ഉണ്ട്. ക്ലൈമാക്സ് നന്നാകണം എന്നേയുള്ളൂ. അവസാനം ഞാൻ ടീനയോട് (അഗസ്റ്റീന) പറഞ്ഞു, നീ കുട്ടികളെ കെയർ ചെയ്യൂ... ഞാൻ എന്റെ ജോലി ടേക്ക് കെയർ ചെയ്യാം എന്ന്. അവർക്കൊരു ലോകം ഉണ്ടാക്കുക എന്നതാണ് എന്റെ ജോലിയും ഉത്തരവാദിത്തവും. അവരെ സ്വയം പര്യാപ്തരാക്കി വളർത്തണം. 10 രൂപയ്ക്കും ജീവിക്കാൻ പഠിക്കണം 1000 രൂപയ്ക്കും ജീവിക്കാൻ പഠിക്കണം.

aju-varghese-saajan-bakery

ഭക്ഷണത്തോട് പിടിവാശിയില്ല

സാജൻ ബേക്കറിയിൽ ഭക്ഷണം ഉണ്ടാക്കി. പഫ്സ്,ക്രീം ബൺ, സ്വീറ്റ് നാൻ, ഇവയൊക്കെ ബേക്ക് ചെയ്തു. ഒന്നും തെറ്റിപ്പോകാൻ പറ്റില്ല. തെറ്റിപ്പോയാൽ അകത്ത് കയറാൻ പറ്റില്ല പൊള്ളിപ്പോകും. കാരണം ചിരട്ട ബോർമ ആണ്. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. കുറേ ദിവസമായിട്ട് മൈദയുടെ ഒക്കെ മണം വരുമ്പോൾ ഒരു മടുപ്പ് വരും. കഴിക്കുന്ന സുഖം അകത്തില്ല. അത് ഏത് ഭക്ഷണമായാലും. കുക്ക് ചെയ്യുന്നവർക്ക് അത് കഴിക്കാൻ താൽപര്യം കാണാറില്ല. ജീവിതത്തിൽ ഭക്ഷണത്തോട് പിടിവാശിയില്ല. വേണ്ടാത്ത കുറച്ചു കാര്യങ്ങൾ തൊടാറില്ല. ഒരുപാട് വിഭവങ്ങൾ ഇഷ്ടമല്ല. നോമ്പ് തുറക്കലിന് പോകുമ്പോൾ മനസ് കൺഫ്യൂസ്ഡ് ആകും. ഒരു വിഭവം അതായത് ചോറും കറിയും അച്ചാറും പപ്പടവും ആണെങ്കിൽ അത് കുറേ കഴിക്കുക. കുറേ ഐറ്റംസ് വന്നു കഴിഞ്ഞാൽ അത് ആസ്വദിച്ച് കഴിക്കാൻ പറ്റില്ല. പ്ലേറ്റിൽ നിറച്ച് ഇടരുത്, ആരും അറിയാതെ ഞാൻ മൂന്നു പ്രാവശ്യം എടുത്തോളാം എന്നതാണ് എന്റെ ഒരു ലൈൻ. ബിരിയാണി ആണെങ്കിൽ അതു ഫോക്കസ് ചെയ്ത് ഡെഡിക്കേറ്റ് ചെയ്ത് കഴിക്കുക. ബിരിയാണിയുടെ കൂടെ വേറെ കറികളോ, ചിക്കനോ ഒന്നും പറ്റില്ല. ഒന്നിൽ കൂടുതൽ ബിരിയാണി കഴിക്കാൻ എനിക്ക് ഇഷ്ടമാണ്. ഒന്നിൽ തൃപ്തി വരാറില്ല. രണ്ടു രണ്ടര ബിരിയാണി വരെ കഴിച്ചിട്ടുണ്ട്. എപ്പോഴും ഇല്ല.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA