ADVERTISEMENT

ദുബായ്. യുഎഇയുടെ ചൊവ്വ ദൌത്യം വിജയകരമായപ്പോൾ മറ്റൊരു ചൊവ്വ ദൗത്യത്തിന്റെ കഥ പറയുകയാണ് മലയാളിയായ നീരജ രാജ്. താൻ ചെയ്ത അനിമേഷൻ ചിത്രത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അംഗീകാരങ്ങൾ എത്തുന്നതിന്റെ സന്തോഷത്തിലുമാണ്. ഹോളിവുഡിലെ പല പ്രമുഖരുമൊത്ത് ജോലി ചെയ്യാൻ കഴിയുന്നതിന്റെ അഭിമാനവുമുണ്ട്.

 

അമേരിക്കയിലെ പ്രശസ്ത നെക്സസ് സ്റ്റുഡിയോയിൽ ഡയറക്ടറായ നീരജ വാട്ടർ എയ്ഡ് എന്ന ആഗോള സംഘടനയ്ക്കു വേണ്ടിയാണ് ഈ ചിത്രം ചെയ്തത്. ചൊവ്വയിൽ ജലമുണ്ടോ എന്ന് രാജ്യങ്ങൾ അന്വേഷിക്കുമ്പോൾ ഭൂമിയിൽ വെള്ളം കിട്ടുമോ എന്ന് അന്വേഷിക്കുന്ന പെൺകുട്ടിയുടെ അവസ്ഥയാണ് " ദ് ഗേൾ ഹു ബിൽറ്റ് എ റോക്കറ്റ്" എന്ന ഒന്നരമിനിറ്റ് ചിത്രത്തിന്റെ പ്രമേയം. ഭൂമിയിൽ പത്തുപേരിൽ ഒരാൾക്ക് ശുദ്ധജലം കിട്ടാക്കനിയാണ് എന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് ഇതിലൂടെ. ബ്രീട്ടീഷ് പത്രപ്രവർത്തകനും വാർത്താ അവതാരകനുമായ സർ ട്രവർ മക്ഡൊണാൾഡാണ് ഇതിൽ ശബ്ദം നൽകിയിരിക്കുന്നത്. ബ്രിട്ടീഷ് ടെലിവിഷൻ ചാനൽ ഫോറിലും ചിത്രം കാണിച്ചു. ലണ്ടനിൽ എൻഎഫ്ടിഎസിൽ(നാഷനൽ ഫിലിം ആൻഡ് ടെലിവിഷൻ സ്കൂൾ) പഠനത്തിന്റെ ഭാഗമായി നിർമിച്ച ചിത്രം ഒട്ടേറെ രാജ്യാന്തര അവാർഡുകൾ നേടിയ സന്തോഷം തീരുമുൻപേയാണ് ഈ നേട്ടം.

 

പൂച്ച ബഹിരാകാശത്തേക്ക്

 

പൂച്ചക്കെന്തേ പൊന്നുരുക്കുന്നിടത്ത് കാര്യമെന്ന് ചോദിക്കുന്നവരോട് പൂച്ചക്ക് പല കാര്യങ്ങളുമുണ്ട് എന്നാണ് നീരജയുടെ പക്ഷം. കാരണം പൂച്ചയെ പ്രധാന കഥാപാത്രമാക്കിയുള്ള അനിമേഷനാണ് നീരജയ്ക്ക് അംഗീകാരങ്ങൾ പലതും നേടിക്കൊടുത്തത്.

 

ജീവിത്തിന്റെ അർഥം തേടി പൂച്ച ബഹിരാകാശ സഞ്ചാരം നടത്തുന്നതാണ് മ്യാവു ഓർ നെവർ എന്ന അനിമേഷൻ ചിത്രം. ക്യാറ്റ്സ്ട്രോനട്ടിന്റെ യാത്ര ( ക്യാറ്റും ആസ്ട്രോനട്ടും ചേർത്തപേര്) ഏതായാലും നീരജയുടെ ശുക്രദശയിലേക്കുള്ള യാത്ര കൂടിയായി. ജീവിത്തിന്റെ അർഥം കണ്ടെത്തിയോ എന്നു ചോദിച്ചാൽ ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുന്ന യാത്രയാണ് അതെന്ന് നീരജ പറയുമേങ്കിലും നെക്സസ് സ്റ്റുഡിയോയുടെ ഡയറക്ടർ ജോലിയിലേക്കും നിരവധി രാജ്യാന്തര അവാർഡുകളിലേക്കും ആ ചിത്രം എത്തിച്ചു എന്നതാണ് വാസ്തവം. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് പറഞ്ഞപ്പോഴെ ചിലർ കിളി പോയ കേസ് എന്ന രീതിയിൽ കണ്ടെങ്കിലും പ്രദർശന സമയത്ത് ഹാളിൽ നിറഞ്ഞ കയ്യടിയും കമന്റുകളും ജീവിത്തിലെ സന്തോഷ നിമിഷങ്ങളാണെന്നും നീരജ പറയുന്നു. പൂച്ചകളോടുള്ള ഇഷ്ടം തന്നെയാണ് അതിനെ പ്രധാന കഥാപാത്രമാക്കാൻ കാരണവും

 

നീരജ നെക്സസിലേക്ക്

 

നീരജയുടെ ചിത്രം നെറ്റ് ഫ്ലിക്സ് അധികൃതർ കണ്ടതാണ് മറ്റൊരു വഴിത്തിരിവായത്. അവരാണ് നെക്സസ് സ്റ്റുഡിയോയുമായി ബന്ധപ്പെടുത്തിയത്. അമേരിക്കയിൽ നെറ്റ് ഫ്ലിക്സിനു വേണ്ടി ജോലികൾ ചെയ്യുന്ന സ്ഥലമാണ് നെക്സസ് സ്റ്റുഡിയോസ്. നീരജയുടെ കഴിവുകൾ കണ്ടറിഞ്ഞ നെക്സസ് വാണിജ്യപരസ്യങ്ങൾ, മ്യൂസിക്, വീഡിയോസ് എന്നിവയുടെ ഡയറക്ടറാക്കുകയായിരുന്നു. ഏതായാലും ഹോളിവുഡിലെ പ്രശസ്തരുമായി സംവദിക്കാനും പലർക്കുമൊപ്പം ജോലി ചെയ്യാനും കഴിയുന്നതിന്റെ സന്തോഷത്തിലുമാണ് നീരജ.

 

അവാർഡുകളുടെ വരവ്

 

ബഫ്റ്റയിൽ( ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്സ്) അനിമേഷൻ വിഭാഗത്തിലേക്ക് പ്രവേശനം ലഭിച്ച ചിത്രത്തിന് ഡിജി കോൺ ഏഷ്യ അവാർഡും കിട്ടി. അനിമേഷൻ രംഗത്തെ പ്രശസ്തരുടെ കൂട്ടായ്മയായ വിമൻ ഇൻ അനിമേഷന്റെ മികച്ച ചിത്രത്തിനുള്ള അവാർഡും നേടി. ബ്രിട്ടൻ, സ്പെയിൻ, റഷ്യ എന്നിവിടങ്ങളിലെ അനിമേഷൻ വിഭാഗങ്ങളിലേക്കും ഇതു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

കഥയും കവിതയും പഥ്യം

 

ഷാർജ ഡിപിഎസിൽ പഠിക്കുമ്പോഴേ പാട്ടിലും കഥയെഴുത്തിലും നേട്ടങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട് നീരജ. 2011ൽ എമിറേറ്റ്സ് എയർലൈൻ ലിറ്ററേച്ചൽ ഫെസ്റ്റിവലിൽ കഥയ്ക്കും 2018ൽ കഥയ്ക്കും സമ്മാനം നേടി. ദുബായിൽ സ്വന്തമായി ബിസിനസ്സ് നടത്തുന്ന പിതാവ് രാജ്കുമാർ മാതാവ് സൌമ്യ എന്നിവരും മകളുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പാട്ട് പാരമ്പര്യമായി കിട്ടിയതാണ്. മുത്തശ്ശി ഡോ.വാസന്തിയുടെ സഹോദരീ പുത്രിയാണ് ഗായിക ഗായത്രി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പ്രഫസറും ഗ്രന്ഥകാരനുമാ. ഡോ.വി.വി സുധാകരനാണ് മുത്തച്ഛൻ. ഡിപിഎസിൽ ആദ്യ ഗേൾസ് ബാൻഡിന് നേതൃത്വം നൽകിയതും നീരജയാണ്. അഹമ്മദാബാദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങിലായിരുന്നു ബിരുദ പഠനം. ക്യാംപസ് സെലക്ഷൻ കിട്ടി മുംബൈയിൽ ഡിസ്നി പ്രോജക്ടിലും ജോലി ചെയ്തു. 

 

തുടർന്ന് ഗോവയിൽ മോപ്പറ്റ് സ്റ്റുഡിയോസിൽ ചേർന്നതോടെയാണ് സ്റ്റോപ് മോഷൻ അനിമേഷനാണ് തന്റെ വഴിയെന്ന് പൂർണമായി തിരിച്ചറിഞ്ഞതെന്ന് നീരജ പറഞ്ഞു. തുടർന്നാണ് ലണ്ടൻ എൻഎഫ്ടിഎസിന്റെ പ്രവേശനപരീക്ഷ പാസായി അവിടെ പഠനം ആരംഭിച്ചത്. ലോക്ഡൌൺ തുടങ്ങുന്നതിന് തൊട്ടുമുൻപ് ഫെബ്രുവരി 26നാണ് തന്റെ മ്യാവൂ ഓർ നെവർ ചിത്രം പ്രദർശിപ്പിക്കുന്നത്. ഏതായാലും പൂച്ച ബഹിരാകാശത്തേക്കും നീരജ സംവിധായക ജീവിത്തിലേക്കും പറന്നു. ജൂലൈ 31ന് ദുബായിൽ അൽ നാദയിൽ വീട്ടിലേക്കും പറന്നെത്തി. പല രാജ്യാന്തര അവാർഡുകളും പോയി വാങ്ങാൻ കഴിയാത്തതിന്റെ വിഷമത്തിലാണ്. രാജ്യങ്ങൾ കാണാനും ആളുകളെ അറിയാനുമുള്ള അവസരം പാഴാകുന്നതിന്റെ സങ്കടം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com