മികച്ച പ്രതികരണം നേടി ദൃശ്യം 2 ഹിറ്റാകുമ്പോൾ പ്രേക്ഷകരുടെ കയ്യടി നേടിയ സന്തോഷത്തിനാലാണു ജോർജുകുട്ടിയുടെയും റാണിയുടെയും മൂത്തമകൾ അഞ്ജുവായി അഭിനയിച്ച അൻസിബ ഹസ്സൻ. 4 വർഷം മുൻപ് അഭിനയം നിർത്തി മടങ്ങിയ അൻസിബ പറയുന്നു തിരിച്ചുവരവിനെക്കുറിച്ച്, ദൃശ്യം 2 വിശേഷങ്ങളെക്കുറിച്ച്...
∙ കഴിഞ്ഞ കുറച്ചു വർഷം എവിടെയായിരുന്നു അൻസിബ?
ദൃശ്യം ചെയ്തു കഴിഞ്ഞു മൂന്നോ നാലോ സിനിമകൾ ചെയ്തിരുന്നു. പിന്നീടു ഞാൻ പ്രതീക്ഷിച്ചതു പോലെ സാധ്യതകളുള്ള നല്ല കഥാപാത്രങ്ങൾ ലഭിച്ചില്ല. സിനിമ ചെയ്യേണ്ട എന്ന തീരുമാനമെടുക്കാൻ കാരണമിതായിരുന്നു. കഴിഞ്ഞ 4 വർഷമായി സിനിമ ചെയ്തില്ല. വീണ്ടും സിനിമയിലേക്കു വരും എന്ന് ആ സമയത്തു കരുതിയിരുന്നില്ല. ഇനി സിനിമ ചെയ്യേണ്ട എന്ന തീരുമാനത്തിലായിരുന്നു ആ ബ്രേക്ക് എടുത്തത്. ബിഎസ്സി വിഷ്വൽ കമ്മ്യൂണിക്കേഷൻ ഈ സമയത്തു പൂർത്തിയാക്കി. ദൃശ്യം 2 ഉണ്ടാകുമെന്നോ അതിലേക്കു വിളിക്കുമെന്നോ ഒന്നും ആ സമയത്തു കരുതുന്നില്ലല്ലോ. ഈ സിനിമ ഞാൻ നന്നായി ചെയ്തു എന്ന അഭിപ്രായം വരുമ്പോൾ ഞാൻ നന്ദി പറയുന്നത് ജീത്തു സാറിനോടാണ്. സാധ്യതയുള്ളൊരു കഥാപാത്രം തന്നതിന്.

∙ ദൃശ്യം 2വിനു വേണ്ടി നടത്തിയ ഹോംവർക്കിനെക്കുറിച്ച്?
ദൃശ്യം 2വിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് 3 ആഴ്ച മുൻപാണു സിനിമ തുടങ്ങുന്ന കാര്യം അറിയിച്ചത്. തിരക്കഥ ഒന്നര മണിക്കൂർ കൊണ്ടു വായിച്ചു തീർത്തു. അത്രയധികം ആകാംക്ഷയായിരുന്നു തിരക്കഥ വായിക്കുമ്പോൾ. അപസ്മാര രോഗിയായി അഭിനയിക്കുന്നതു ടെൻഷനുണ്ടായിരുന്നു. അഭിനയ രംഗത്ത് അത്രയധികം എക്സ്പീരിയൻസ് ഇല്ലാതിരുന്നതിനാൽ ഈ കഥാപാത്രം ചെയ്യാൻ ടെൻഷനുണ്ടായിരുന്നു. റഫറൻസിനായി മറ്റു സിനിമകൾ നോക്കിയെങ്കിലും ഇത്തരം കഥാപാത്രങ്ങൾ അധികം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടു പല ഡോക്ടർമാരുമായി സംസാരിച്ചു. ഷൂട്ടിങ്ങിനു മുൻപ് ഇങ്ങനെ ചെറിയൊരു റിസർച്ച് നടത്തിയിരുന്നു. ഇത് അഭിനയത്തിനു സഹായകരമായി.

∙ ഒടിടി റിലീസിൽ ആശങ്കയുണ്ടായിരുന്നോ?
തിയറ്റർ റിലീസ് ഇല്ലാതിരുന്നതു നഷ്ടമാണെന്ന് ആദ്യം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അതു നന്നായി എന്നാണ് എനിക്കു തോന്നുന്നത്. കേരളത്തിനു പുറത്തു നിന്നുള്ളവരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമൊക്കെ ആദ്യ ദിവസം തന്നെ സിനിമ കണ്ടു. കൂടുതൽപ്പേരും രാത്രി റിലീസ് ആയ സമയത്തു തന്നെ കണ്ടു. ചിലർ ഒന്നിലധികം തവണ കണ്ടുവെന്നൊക്കെ പറയുന്നു. ഇതൊക്കെ സന്തോഷം നൽകുന്നു.

∙ അഞ്ജുവെന്ന കഥാപാത്രത്തെക്കുറിച്ച് നല്ല അഭിപ്രായം വരുമ്പോൾ?
ഒട്ടേറെപ്പേർ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. പ്രേക്ഷകരുടെ പ്രതികരണം തന്നെയാണ് എനിക്കേറ്റവും സന്തോഷം നൽകുന്നത്. കാരണം ഞാനുമായി യാതൊരു ബന്ധവുമില്ലാത്തവർ ഞാൻ വളരെ നന്നായി അഭിനയിച്ചു എന്നു പറയുമ്പോഴും ഇതുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ചർച്ചകളും ഏറെ സന്തോഷം നൽകുന്നു. വലിയൊരു താരനിരയുടെ ഇടയിൽ നിന്നു നമ്മളെ ശ്രദ്ധിക്കുന്നതും അതേക്കുറിച്ചു അഭിപ്രായം പറയുന്നതുമൊക്കെ പ്രധാനമായി കാണുന്നു. കുടുംബത്തിൽ നിന്നുള്ള പിന്തുണ പ്രധാനമായിരുന്നു.