എസ്തർ പഴയ ആളല്ല, ആകെ മാറി: അഭിമുഖം

esther-222
ഫോട്ടോ: ശ്യാം ബാബു
SHARE

എസ്തർ പഴയ ആളല്ല, ആകെ മാറിയെന്ന് ആദ്യം പറഞ്ഞതു സെറ്റിലുള്ളവരാണ്. ദൃശ്യത്തിലെ 12 വയസ്സുകാരി അനുമോൾ ദൃശ്യം  രണ്ടിലേക്കു വളർന്നപ്പോൾ, വയനാട്ടിൽനിന്നു മുംബൈ മഹാനഗരത്തിലേക്കു ജീവിതം മാറ്റിനട്ടിരിക്കുന്നു എസ്തർ. അതു പഠനത്തിനു വേണ്ടിയാണെന്നു മാത്രം. മുംബൈ സെന്റ് സേവ്യേഴ്സ് കോളജിലെ ബിരുദ ക്ലാസുകൾക്കിടെയാണ് ജോർജ്കുട്ടിയുടെ കുടുംബത്തിന്റെ തുടർക്കഥയുമായി സംവിധായകൻ ജീത്തു ജോസഫ് എത്തുന്നത്. അവധിക്കാലത്തു സ്വന്തം വീട്ടിലേക്കു മടങ്ങുന്ന സന്തോഷത്തോടെ ലൊക്കേഷനിലേക്ക് ഓടിയെത്തി എസ്തറും. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു എസ്തർ.

ഷൂട്ടിങ്ങിനിടെ ക്ലാസും പരീക്ഷയുമെല്ലാം നടന്നല്ലോ. എന്തായിരുന്നു ലൊക്കേഷനിലെ വിശേഷങ്ങൾ ?

പണ്ടു സെറ്റിൽ എല്ലാവരോടും ഓടിനടന്നു സംസാരിച്ചിരുന്നു. ഇത്തവണ ഒഴിവുസമയത്തെല്ലാം ലാപ്‌ടോപ്പിനു മുന്നിലേക്കാണ് ഓടിയത്. മുംബൈ സെന്റ് സേവ്യേഴ്സ് കോളജിൽ ബിഎ ഇക്കണോമിക്സ്, കൊമേഴ്സ് ആൻഡ് സോഷ്യോളജി എന്ന കോഴ്സാണു ചെയ്യുന്നത്. ലോക്ഡൗൺ ആയതോടെ ക്ലാസുകൾ ഓൺലൈനായി. ആ സമയത്താണ് ജീത്തു അങ്കിൾ ദൃശ്യം രണ്ടാം ഭാഗത്തെക്കുറിച്ചു പറയുന്നത്. ലോക്ഡൗണിന്റെ നിരാശക്കാലത്തിൽ നിന്നുള്ള രക്ഷപ്പെടലും പ്രതീക്ഷയും ആയിരുന്നു ഷൂട്ടിങ്. അതിനൊപ്പം, സെറ്റിലിരുന്ന് ക്ലാസുകൾ അറ്റൻഡ് ചെയ്തു, പരീക്ഷയും എഴുതി. 

esther-22

‘എസ്തർ ആ റൂമിലിരുന്നു കോപ്പിയടിക്കുന്നുണ്ടാവും, കോപ്പിയടിച്ചാ പാസ്സാകുന്നേ’ എന്നൊക്കെ പറഞ്ഞു ലാലങ്കിൾ കളിയാക്കിയിരുന്നു. പരീക്ഷാ ടെൻഷൻ ഉണ്ടായിരുന്നെങ്കിലും എല്ലാം നന്നായി നടന്നു. ദൃശ്യം ആദ്യ ഭാഗത്തിലേതു പോലെ, വളരെ ചാലഞ്ചിങ്ങായ വേഷമല്ലെങ്കിലും വീണ്ടും അനുമോളെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.

വയനാട്ടിൽനിന്നു മുംബൈയിലേക്കു പോകാനുള്ള തീരുമാനത്തിനു പിന്നിൽ ?

11–ാം ക്ലാസിൽ വച്ചാണ് മുംബൈ സെന്റ് സേവ്യേഴ്സിൽ പഠിക്കമെന്ന ആഗ്രഹം തോന്നുന്നത്. നല്ല ഭംഗിയുള്ള കോളജ്, കുറെ സിനിമകളിലൊക്കെ കാണുന്നതാണല്ലോ. എന്തെങ്കിലുമൊരു ലക്ഷ്യം ഉണ്ടെങ്കിലാണ് എനിക്കു പഠിക്കാനും കാര്യങ്ങൾ ചെയ്യാനുമൊക്കെ തോന്നുക. പരീക്ഷ കഴിഞ്ഞാൽ ട്രിപ് പോകാമല്ലോ, കൂട്ടുകാരെ കാണാമല്ലോ എന്നൊക്കെ ചില ചെറിയ കാര്യങ്ങൾ മുൻകൂട്ടി സെറ്റ് ചെയ്താൽ പിന്നെ മോട്ടിവേഷൻ ആയി. അതുപോലെ സെന്റ് സേവ്യേഴ്സിൽ ചേരണമെന്ന മോഹത്തോടെയാണ് പ്ലസ്ടു പരീക്ഷയ്ക്കു കുത്തിയിരുന്നു പഠിച്ചത്. മുംബൈയിലേക്കു പോയതു നല്ല തീരുമാനമായിരുന്നു. അത്ര നന്നായി കോളജ് ലൈഫ് ആസ്വദിച്ചു. 

esther-lal

ദൃശ്യത്തിലെ അനുമോൾക്കൊപ്പം തമിഴ്, തെലുങ്ക് പ്രേക്ഷകർക്കും എസ്തർ പരിചിതയായല്ലോ?

മലയാളത്തിൽ പല ചിത്രങ്ങൾ ചെയ്തെങ്കിലും ദൃശ്യം വരെ ആളുകൾ ഓർത്തിരിക്കുന്നൊരു കഥാപാത്രം എനിക്കുണ്ടായിട്ടില്ല. അതുപോലെ തന്നെയാണ് മറ്റു ഭാഷകളിലേക്ക് പോയപ്പോഴും. തെലുങ്കിൽ ഇപ്പോഴും ‘വെങ്കിടേഷിന്റെ ചിന്ന പാപ്പ’ എന്നു പറഞ്ഞാണ് തിരിച്ചറിയുന്നത്. അവിടത്തെ ഏറ്റവും വലിയ ബാനറായ സുരേഷ് പ്രൊഡക്‌ഷൻസാണ് ആ ചിത്രം നിർമിച്ചത്. തമിഴിൽ കമൽ അങ്കിളിനൊപ്പം അഭിനയിക്കാനായി. ഇതെല്ലാം വലിയ ഭാഗ്യമാണ്. 

esther-anil

തെലുങ്കിൽ നായികയായല്ലോ ?

നായികാവേഷം ചെയ്തത് അൽപം സംശയത്തോടെയായിരുന്നു. കാരണം, ഞാൻ കാഴ്ചയിൽ ചെറിയ ആളാണ്. മലയാളത്തിൽ ഒരുഘട്ടത്തിൽ ടൈറ്റിൽ കഥാപാത്രങ്ങളാണ് എനിക്കു കിട്ടിയത്. ജെമിനി, ഓള് എന്നീ രണ്ടു ചിത്രങ്ങൾ ചെയ്തു. ടൈറ്റിൽ കഥാപാത്രമാണെങ്കിൽ ടെൻഷനാണല്ലോ, ഇനി വേണ്ട എന്നു തോന്നിയപ്പോഴാണ് പലരും നായികയാകാൻ വിളിച്ചത്. തീരുമാനമെടുക്കാതെ ഇരിക്കുമ്പോഴാണ് തെലുങ്കുചിത്രം ജോഹാർ വരുന്നത്. നല്ല കഥാപാത്രമായിരുന്നു. തെലുങ്കിൽ ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തതും. സത്യത്തിൽ ഷൂട്ടിങ് സമയത്തു ഞാൻ പറഞ്ഞതു തെലുങ്കല്ല, അങ്ങനെയൊരു ഭാഷ ഭൂമിയിലേ ഇല്ല എന്നാണ് കേട്ടുനിന്നവർ പറഞ്ഞത്. പക്ഷേ, ആരും ചിരിച്ചില്ല, നല്ല പിന്തുണ തന്നു. 

ധരിക്കുന്ന വസ്ത്രം വിവാദമാകുമ്പോൾ എസ്തറിന്റെ നിലപാട് എന്താണ് ?

സോഷ്യൽ മീഡിയയിൽ ഒരു നെഗറ്റീവ് കമന്റ് വന്നാൽ എനിക്കു ചിലപ്പോൾ 5 മിനിറ്റ് വിഷമം ഉണ്ടാകും. പക്ഷേ, അതു മാറും. പ്രശ്നം അതല്ല, ഞാൻ അല്ലെങ്കിൽ ഒരു സ്ത്രീയെന്നു പറയുമ്പോൾ ഒറ്റയൊരാളല്ല ബാധിക്കപ്പെടുന്നത്, വീട്ടിലിരിക്കുന്നവർ പോലും ഉൾപ്പെടുകയാണ്. അവരെയും ചീത്തവിളിക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാതെ മാറിനിൽക്കാറാണു പതിവ്. പക്ഷേ, അനശ്വരയ്ക്കു നേരെയുള്ള പ്രശ്നത്തിൽ പ്രതികരിച്ചിരുന്നു. 

മുംബൈയിലാണല്ലോ പഠനം.. ബോളിവുഡ് ആഗ്രഹങ്ങളുണ്ടോ ?

അങ്ങനെയൊരു ആഗ്രഹമില്ല. പണ്ടേ തന്നെ ഹിന്ദി സിനിമകളോടും അതിലെ കഥയോടും പ്രിയം തോന്നിയിട്ടില്ല. കൂട്ടുകാർ നിർബന്ധിച്ച് രണ്ടിടത്ത് ഓഡിഷനു പോയിരുന്നു. പക്ഷേ, വെളുത്തിരിക്കണം, പ്രത്യേക സ്റ്റൈലിൽ സംസാരിക്കണം എന്നൊക്കെയുള്ള അവരുടെ ചില രീതികളോട് ഒട്ടും യോജിക്കാനായിട്ടില്ല. ബോളിവുഡ് മോശമാണെന്നല്ല. എവിടെയായാലും നല്ല സിനിമയുടെ ഭാഗമാകണമെന്നാണ് ആഗ്രഹം. മുംൈബ നഗരത്തിന്റെ വൈബ്സ് ഇഷ്ടമാണ്. ബോളിവുഡ് മനസ്സിലില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA