പൊളിച്ചു കളഞ്ഞ ദൃശ്യം സെറ്റ് 7 വർഷത്തിനു ശേഷം പുനർനിർമിച്ചപ്പോൾ: കലാസംവിധായകൻ അഭിമുഖം

drishyam-art0director
രാജീവ് കോവിലകം
SHARE

ദൃശ്യം 2 പുറത്തിറങ്ങിയതിനു ശേഷം ചിത്രത്തെക്കുറിച്ച് രസകരമായ കണ്ടെത്തലുകളും കമന്റുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അതിലൊന്നാണ് പൊലീസ് സ്റ്റേഷനു പുറകിലിരുന്ന് രണ്ടെണ്ണം അടിക്കാൻ ധൈര്യം കാണിച്ച ഓട്ടോ ചേട്ടന്മാരെ അഭിനന്ദിച്ചുകൊണ്ടുള്ള ചില പ്രേക്ഷകരുടെ കമന്റുകൾ. എന്നാൽ അധികമാർക്കും അറിയാത്ത ഒരു കൗതുകം ആ ഓട്ടോ ചേട്ടന്മാർക്കിടയിലുണ്ട്. സിനിമയിൽ ഇടയ്ക്കിടെ വന്നു പോകുന്ന ഓട്ടോ ഡ്രൈവറായി വേഷമിട്ടത് കലാസംവിധായകനായ രാജീവ് കോവിലകമാണ്.

rajeev-kovilakam
ദൃശ്യം 2വിൽ രാജീവ് കോവിലകം

ഇടുക്കിയിലെ രാജാക്കാടും കോട്ടയത്തെ ഫൊറൻസിക് ഡിപ്പാർട്ട്മെന്റും എന്നു വേണ്ട ജോർജുകുട്ടിയുടെ വീടും ഐജിയുടെ ഓഫിസും കോടതിയുമെല്ലാം തൊടുപുഴയിലും കൊച്ചിയിലുമായി നിർമിച്ചെടുത്ത പ്രതിഭയാണ് രാജീവ് കോവിലകം എന്ന ആർട് ഡയറക്ടർ. ട്രോളന്മാരുടെ ഭാഷയിൽ പറഞ്ഞാൽ, ഭീകരനാണിവൻ... കൊടും ഭീകരൻ! 

22 വർഷത്തോളമായി കലാസംവിധാന രംഗത്തുണ്ട് രാജീവ്. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒട്ടേറെ സിനിമകൾക്കു വേണ്ടി കലാസംവിധാനം നിർവഹിച്ചിട്ടുള്ള രാജീവിന് ഇത്രത്തോളം അഭിനന്ദനങ്ങൾ ലഭിച്ച മറ്റൊരു വർക്കില്ല. ദൃശ്യം 2 പുറത്തിറങ്ങി മൂന്നാഴ്ച പിന്നിടുമ്പോഴും സ്വീകരണങ്ങളുടയും അഭിനന്ദനങ്ങളുടെയും നടുവിലാണ് രാജീവ്. അതിനിടയിൽ ദൃശ്യം 2ന്റെ തെലുങ്കു പതിപ്പിന്റെ ചിത്രീകരണജോലികളും ആരംഭിച്ചു കഴിഞ്ഞു. മലയാളം ചിത്രീകരിച്ച അതേ സ്ഥലത്ത് തെലുങ്കിനു വേണ്ടി സെറ്റിടുന്നതും രാജീവ് ആണ്. ദൃശ്യം 2ന്റെ മലയാളം–തെലുങ്കു പതിപ്പുകളുടെ വിശേഷങ്ങളുമായി രാജീവ് കോവിലകം മനോരമ ഓൺലൈനിൽ. 

ഈ അംഗീകാരം ഇതാദ്യം

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ കാഞ്ഞാർ എന്ന സ്ഥലത്താണ് സിനിമയ്ക്കു വേണ്ടി രാജാക്കാട് ഉണ്ടാക്കിയെടുത്തത്. കൃത്യമായി പറഞ്ഞാൽ കൈപ്പക്കവല! ഒരുപാടു പേർ ദൃശ്യം 2ന്റെ സെറ്റിനെക്കുറിച്ച് പോസിറ്റീവ് കമന്റ്സ് പറഞ്ഞു. അതു വലിയ അനുഗ്രഹമായി. പടം റിലീസ് ചെയ്തിട്ട് രണ്ടാഴ്ച കഴിയുമ്പോഴേക്കും പത്തോളം മെമന്റോകൾ ലഭിച്ചു കഴിഞ്ഞു.

drishyam-set

സിനിമയിൽ വന്നിട്ട് ഇത്ര വർഷമായി... എങ്കിലും ഒരു സിനിമയുടെ പേരിൽ ഇത്രയും അഭിനന്ദനങ്ങളും സമ്മാനങ്ങളും ലഭിക്കുന്നത് ഇതാദ്യമായാണ്. ദ‍ൃശ്യത്തിന്റെ ആദ്യ പതിപ്പിന് ഇത്രയധികം പ്രതികരണം ലഭിച്ചിട്ടില്ല. അതിനേക്കാൾ വലിയ അഭിനന്ദനങ്ങളും പ്രശംസകളുമാണ് ഇപ്പോൾ വരുന്നത്. 

drishyam-2-set-1

തെലുങ്കിലും അതേ സ്ഥലം തന്നെ

മലയാളം ദൃശ്യം 2 ഷൂട്ട് ചെയ്ത അതേ സ്ഥലത്താണ് തെലുങ്കിലെ ചില ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. സിനിമയിൽ കാണിക്കുന്ന കവല, ജോർജ്ജുകുട്ടിയുടെ വീട്, കേബിൾ ടിവി ഓഫിസ്, ചായക്കട, പൊലീസ് സ്റ്റേഷൻ എന്നിവയുടെ സെറ്റ്, തെലുങ്ക് പതിപ്പിനു വേണ്ടി ഒരുക്കുന്നത് തൊടുപുഴയിൽ തന്നെയാണ്. സൂപ്പർതാരം വെങ്കിടേഷ് ആണ് തെലുങ്കിൽ കേന്ദ്ര കഥാപാത്രമായി വരുന്നത്. അവിടെ ജോർജുകുട്ടി അല്ല, രാം ബാബു എന്നാണ് നായകന്റെ പേര്. 

drishyam-2-set-2
drishyam-set-2A

മലയാളത്തിൽ‍ കണ്ട ഐജി ഓഫിസ്, ഡിജിപി ഓഫിസ്, കോടതി ഇന്റീരിയർ, ഫൊറൻസിക് ഓഫിസ്... ഇതെല്ലാം എറണാകുളത്ത് പല ഫ്ലോറുകളിലായി സെറ്റിട്ടതാണ്. തെലുങ്കിനു വേണ്ടി ഈ സെറ്റുകളെല്ലാം ഹൈദരാബാദിൽ ചെയ്തു. മലയാളം പതിപ്പിൽ കവലയിലൊരു കുരിശുപള്ളിയുണ്ട്. തെലുങ്കിലേയ്ക്കെത്തുമ്പോൾ അതൊരു സായിബാബ ഭജൻ മന്ദിർ ആകും. അത്തരം ചില വ്യത്യാസങ്ങൾ സെറ്റു നിർമാണത്തിലുണ്ട്. ഹൈദരാബാദിലെ വർക്കുകൾക്ക് ശേഷം ബാക്കി സെറ്റ് പണികൾക്കായി കേരളത്തിലാണ് ഇപ്പോൾ. 

drishyam-set-e

രണ്ടാം ഭാഗം വരുമെന്ന് ഓർത്തില്ല

സെറ്റിട്ടപ്പോൾ ഏറ്റവും വെല്ലുവിളി ഉയർത്തിയ വർക്ക് ദൃശ്യത്തിലെ കവല ആയിരുന്നു. കാരണം, ആദ്യം ദൃശ്യത്തിനു വേണ്ടി സെറ്റിടാൻ വന്നപ്പോൾ ഇതിനൊരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് കരുതുന്നില്ലല്ലോ! അതുകൊണ്ട് ഈ സെറ്റിന്റെ അളവുകളും അതുപോലുള്ള വിവരങ്ങളും സൂക്ഷിച്ചു വച്ചിരുന്നില്ല. എല്ലാം മറന്നു പോയി. അതു കഴിഞ്ഞ് ഞാൻ വേറെ സിനിമകളുടെ വർക്കിലായിരുന്നല്ലോ! എന്നാൽ മലയാളി പ്രേക്ഷകർക്ക് ആ സിനിമയും അതിലെ ഓരോ രംഗങ്ങളും മനഃപാഠമായി കഴിഞ്ഞിരുന്നു. അതിനാൽ, അതെല്ലാം രണ്ടാമതും നിർമിച്ചെടുക്കുക എന്നത് ശരിക്കും ആയാസമേറിയ ജോലിയായിരുന്നു. 

drishyam-2-set-5
drishyam-set-8

ഉദാഹരണത്തിന് ആ ചായക്കട എടുത്താൽ അതിലെ ജനലഴികളുടെ എണ്ണം വരെ കൃത്യമായി കൊടുക്കണം. അല്ലെങ്കിൽ പ്രേക്ഷകർ ആ പിഴവ് കണ്ടെത്തും. ട്രോളുകൾ ഇറങ്ങും. അതുകൊണ്ട് ഒരുപാടു തവണ ദൃശ്യം കണ്ട്, അതിലെ ചെറിയ വിശദാംശങ്ങൾ പോലും ശ്രദ്ധിച്ച് കുറിപ്പുകൾ തയ്യാറാക്കിയാണ് ദൃശ്യം 2നായി തയാറെടുത്തത്. നമ്മുടെ കവലകൾക്കും ടൗൺഷിപ്പുകൾക്കുമെല്ലാം കാലത്തിനനുസരിച്ച മാറ്റങ്ങൾ സംഭവിക്കുമല്ലോ.

drishyam-set-54

ഏഴു വർഷം മുൻപ് കണ്ട പോലെ ആയിരിക്കില്ല ഇപ്പോൾ. ചെറിയ മാറ്റങ്ങളുണ്ടാകും. അതു മനസിൽ വച്ച് സംവിധായകനുമായി സംസാരിച്ച് ധാരണയിലെത്തി. അതനുസരിച്ചാണ് ദൃശ്യം 2ന് സെറ്റിട്ടത്. അന്നില്ലാത്ത ചില പുതിയ കൺസ്ട്രക്ഷൻസ് കൊണ്ടു വന്നു. അത്തരം മാറ്റങ്ങളൊക്കെ ജനങ്ങൾ നന്നായി സ്വീകരിച്ചു. 

ലാലേട്ടനെ അതിശയിപ്പിച്ച ഫൊറൻസിക് ഡിപ്പാർട്മെന്റ്

കോട്ടയത്തെ ഫൊറൻസിക് ലാബിൽ സിനിമ ഷൂട്ട് ചെയ്യാൻ കഴിയുമായിരുന്നില്ല. കോവിഡ് പ്രോട്ടോകോൾ ഉള്ളതുകൊണ്ട് അധികം ആളുകളെ അവിടെ അനുവദിക്കില്ല. കൂടാതെ, കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് ഡിപ്പാർട്മെന്റിന് അടുത്തായിരുന്നു കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന വാർഡും. അതുകൊണ്ട് സെറ്റിടാതെ വേറെ മാർഗമുണ്ടായിരുന്നില്ല. എറണാകുളം കളമശേരിയിലെ ഒരു ഷട്ടിൽ–ബാഡ്മിന്റൺ കോർട്ടിലാണ് സിനിമയ്ക്കു വേണ്ടി ഫൊറൻസിക് ഡിപ്പാർട്ട്മെന്റ് സെറ്റിട്ടത്.

drishyam-2-set-video

ലാൽ സർ ആ സീനിൽ അഭിനയിച്ചു കഴിഞ്ഞിട്ട് പ്രൊഡക്ഷൻ കൺട്രോളറെ വിളിച്ച് സെറ്റ് അതിഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളർ എന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോൾ ഒരു അവാർഡ് കിട്ടിയ സന്തോഷമായിരുന്നു എനിക്ക്. അതു സെറ്റാണെന്ന് പലർക്കും പിടി കിട്ടില്ല. 

കോവിഡ് കാലത്തെ സെറ്റിടൽ

സാബുവിന്റെയും സരിതയുടെയും വീട് ആയിരുന്നു വെല്ലുവിളി ഉയർത്തി മറ്റൊരു പ്രധാന വർക്ക്. ജോർജുകുട്ടിയുടെ വീടിന് അടുത്തുള്ള ഒരു പൈനാപ്പിൾ തോട്ടത്തിലാണ് ആ വീട് നിർമിച്ചത്. ഏഴു ദിവസം കൊണ്ടാണ് അതു പൂർത്തിയാക്കിയത്. സാബു–സരിത വീട്ടിൽ വഴക്കു നടക്കുമ്പോൾ അതു അയൽവക്കത്തുള്ള ജോർജുകുട്ടിയും റാണിയും കേട്ട് അവരുടെ വീട്ടിൽ നിന്നു ഇവിടേക്ക് നടന്നു വരുന്നത് കാണിക്കുന്നുണ്ട്. ക്ലൈമാക്സിൽ കാണിക്കുന്ന പുഴയോരത്തെ കളത്തട്ട് എല്ലാം സെറ്റിട്ടതാണ്. കോലഞ്ചേരിയിലായിരുന്നു കോടതിയുടെ സെറ്റിട്ടത്. അവിടെ ഒരു ഇവന്റ് മനേജ്മെന്റ് സെന്ററുണ്ട്. അതിനകത്ത് ഒരു ബാൻക്വറ്റ് ഹാളുണ്ട്. അവിടെയാണ് കോടതി ഒരുക്കിയത്. 

drishyam-2-set

കോടതിയിൽ വാദം നടക്കുമ്പോൾ ഐജിയും ഗീതയും പ്രഭാകറും ഇരിക്കുന്ന ഗസ്റ്റ് ഹൗസ് കാണിക്കുന്നുണ്ട്. ആ ഇന്റീരിയർ എറണാകുളത്ത് സെറ്റിട്ടതാണ്. സത്യത്തിൽ ഇതൊന്നും കണ്ടിട്ട് പ്രേക്ഷകർക്ക് സെറ്റാണെന്ന് തോന്നിയില്ല. ഷൂട്ട് നടക്കുമ്പോൾ അതിന്റെ ആളുകളല്ലാതെ മറ്റൊരു വ്യക്തിക്കും അവിടെ പ്രവേശനം ഉണ്ടായിരുന്നില്ല. കൃത്യമായും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരുന്നു ഷൂട്ട്. ഷൂട്ട് മൂലം ജനങ്ങൾക്കോ ജനങ്ങൾ കാരണം സെറ്റിലുള്ളവർക്കോ യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. അതിനാൽ അതീവ ശ്രദ്ധയോെടയാണ് സെറ്റിട്ടതും ഷൂട്ട് നടന്നതും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA