‘ഇടതു സർക്കാർ കിറ്റ് കൊടുത്ത് കണ്ണിൽ പൊടിയിടുന്നു; ധർമം ജയിക്കാൻ ധർമജനൊപ്പം’

Dharmajan-Bolgatty-Main
SHARE

കോഴിക്കോട്∙ കാത്തിരിപ്പിനൊടുവിൽ ബാലുശ്ശേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടൻ ധർമജൻ ബോൾഗാട്ടിയെത്തുന്നു. രാഷ്ട്രീയമാണിത് സിനിമയല്ല എന്ന വ്യക്തമായ തിരിച്ചറിവോടെയാണു തന്റെ വരവെന്ന് ധർമജന്റെ വാക്കുകൾ. ‘ധർമം ജയിക്കാൻ ധർമജനൊപ്പം എന്നതാണ് എന്റെ ടാഗ് ലൈൻ. ഇതു ഞാൻതന്നെ ഉണ്ടാക്കിയതാണ്. വെറുതെ പ്രാസം ഒപ്പിക്കാനായി ഉണ്ടാക്കിയതല്ല. കേരളത്തിൽ ഇപ്പോൾ എല്ലായിടത്തും അധർമമാണു വിളയാടുന്നത്. 

അഴിമതിയുടെ അഴിയാക്കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നു. അർഹരായവർക്കു തൊഴിലും അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. ഇങ്ങനെ സമസ്ത മേഖലകളിലും  അധർമം വിളയാടുകയാണ്. ഇത് അവസാനിച്ചേ പറ്റൂ. അതിന് യുഡിഎഫ് അധികാരത്തിൽ വരണം’– മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ ധർമജൻ വ്യക്തമാക്കി. എന്തുകൊണ്ട് ബാലുശ്ശേരി മണ്ഡലം? എന്തെല്ലാം തന്ത്രങ്ങളായിരിക്കും വിജയത്തിനായി പ്രയോഗിക്കുക? പ്രചാരണത്തിന് രമേഷ് പിഷാരടിയും മറ്റ് സിനിമാ പ്രവർത്തകരും വരുമോ? ധർമജൻ മറുപടി പറയുന്നു..

നേരത്തേ തുടങ്ങി

യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്‍പുതന്നെ ബാലുശ്ശേരിയിൽ ധർമജനു വോട്ടു തേടി ബോർഡുകളും ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഏതാനും ആഴ്ചകളായി മണ്ഡലത്തിൽ സജീവവുമായിരുന്നു ധർമജൻ. ഫെബ്രുവരി ആദ്യവാരം മലബാർ മേഖലയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി.മോഹനുമായി കൂടിക്കാഴ്ചയും നടത്തി. കുടുംബസമേതമാണ് അന്ന് ധർമജൻ ബാലുശ്ശേരിയിലെത്തിയത്. മണ്ഡലത്തിലെ ഒട്ടേറെ പൊതു, സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്ത ധർമജൻ, പ്രധാന കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും സന്ദർശിച്ചു

‘പാർട്ടി എവിടെ മത്സരിക്കാൻ പറഞ്ഞാലും മത്സരിക്കും. സ്ഥാനാർഥിയായാലും ഇല്ലെങ്കിലും യുഡിഎഫിനായി പ്രചാരണത്തിനിറങ്ങും. ജയസാധ്യതയുള്ളതോ ഇല്ലാത്തതോ ആയ മണ്ഡലത്തിൽ നിർത്തിയാലും മത്സരിക്കും. ഞാനൊരു കോൺഗ്രസ് പ്രവര്‍ത്തകനാണ്. അതിനെ നെഞ്ചിലേറ്റി നടക്കുന്ന ഒരാൾ. പാർട്ടിയുടെ ഏത് തീരുമാനവും നിറവേറ്റും.’– എന്നായിരുന്നു അന്നു ധർമജൻ വ്യക്തമാക്കിയത്. എന്നാൽ ഫെബ്രുവരിയിലെ ആ വരവ് ബാലുശ്ശേരിയിലെ വോട്ടർമാരെയല്ല, സുഹൃത്തുക്കളെ കാണാനായിരുന്നെന്നും വ്യക്തമാക്കിയിട്ടായിരുന്നു മടക്കം. ഫെബ്രുവരി 20ന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര കൊല്ലത്തെത്തിയപ്പോൾ സമാപന സമ്മേളന വേദിയിലെത്തിയ ധർമജൻ താൻ കോൺഗ്രസിനൊപ്പം ചേരുന്നതായി ഔദ്യോഗികമായും പ്രഖ്യാപിച്ചു.

എതിർപ്പുണ്ടോ?

സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ ധര്‍മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നൽകിയിരുന്നതായും വാർത്തകൾ പ്രചരിച്ചിരുന്നു. ധർമജനെ മത്സരിപ്പിച്ചാൽ നടി ആക്രമിക്കപ്പെട്ട കേസ് ചർച്ചയാകുമെന്നും മുന്നണിക്ക് മറുപടി പറയേണ്ടി വരുമെന്നും ഇത് യുഡിഎഫിന് ആക്ഷേപകരമാണെന്നുമാണ് മണ്ഡലം കമ്മിറ്റി ആരോപിച്ചത്. എന്നാൽ ബാലുശ്ശേരിയില്‍നിന്ന് ഒരു നിയോജക മണ്ഡലം കമ്മിറ്റിയും തനിക്കെതിരെ കെപിസിസിക്ക് കത്ത് എഴുതിയിട്ടില്ലെന്നും കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍ ആണ് ഇതിനു പിന്നില്‍ പ്രവർത്തിച്ചിരിക്കുന്നതെന്നുമായിരുന്നു അന്ന് ധർമജന്റെ മറുപടി. 

ധർമജൻ ബാലുശ്ശേരിയിൽ മത്സരിക്കാനെത്തുന്നതിനെപ്പറ്റി നിലവിലെ എംഎൽഎ പുരുഷൻ കടലുണ്ടിയോടു ചോദിച്ചപ്പോൾ ചിരിയോടെ മറുപടി ഇതായിരുന്നു: ‘ഇതിനൊക്കെ നമ്മൾ പ്രധാന്യം നൽകേണ്ടതുണ്ടോ? വലിയ താരങ്ങൾ നിന്നിട്ടുവരെ ജനങ്ങൾ ജയിപ്പിച്ചിട്ടില്ലാത്ത ചരിത്രമുണ്ട് ബാലുശ്ശേരിക്ക്...’ 

എതിരാളികളുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരവുമായാണ് ധർമജൻ ബാലുശ്ശേരിയിലേക്കെത്തുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവാണ് മണ്ഡലത്തിൽ ധർമജന്റെ പ്രധാന എതിരാളിയായ എൽഡിഎഫ് സ്ഥാനാർഥി.

English Summary: Actor Dharmajan Bolgatty on His Election Plans in Balussery Assembly Constituency

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA