ഇമേജ് നോക്കിയല്ല അഭിനയിക്കുന്നത്, ഇമേജിനെ തകർക്കലാണ് അഭിനയം: മുരളി ഗോപി പറയുന്നു

murali-gopy
SHARE

മലയാള സിനിമയിലെ തലയെടുപ്പുള്ള പേരാണ് മുരളി ഗോപി. നടൻ, തിരക്കഥാകൃത്ത്, ഗായകൻ എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച താരം, ദൃശ്യം 2ലെ പ്രകടനത്തിലൂടെ പ്രേക്ഷകരെ വീണ്ടും അദ്ഭുതപ്പെടുത്തി. ജനപ്രീതി നേടിയ 'തോമസ് ബാസ്റ്റ്യൻ' എന്ന കഥാപാത്രത്തിനു ശേഷം മമ്മൂട്ടി നായകനാകുന്ന 'വൺ' എന്ന ചിത്രത്തിൽ മാറമ്പള്ളി ജയനന്ദൻ എന്ന കരുത്തുറ്റ കഥാപാത്രത്തിന്റെ വേഷപ്പകർച്ചയിലാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. സിനിമാവിശേഷങ്ങളുമായി മുരളി ഗോപി മനോരമ ഓൺലൈനിൽ. 

വണ്ണിലെ കഥാപാത്രമായ മാറമ്പള്ളി ജയനന്ദന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോഴെ ഏറെ ചർച്ചയായിരുന്നു. എന്താണ് ആ കഥാപാത്രം?

വൺ സിനിമയിൽ മമ്മൂട്ടി സർ ആണ് സി.എം ആയി അഭിനയിക്കുന്നത്. എന്റെ കഥാപാത്രം പ്രതിപക്ഷ നേതാവിന്റെയാണ്. അതാണ് ആ സിനിമയിലെ കഥാപാത്രത്തിന്റെ പ്രാധാന്യം. ഒരു സാധാരണ പൊളിറ്റിക്കൽ ഫിലിം എന്നു നമ്മൾ ഉദ്ദേശിക്കുന്നതിനേക്കാൾ ഉപരിയായി പൊളിറ്റിക്കൽ സിനാരിയോയിൽ വരുത്താവുന്ന കറക്ഷൻസിനെക്കുറിച്ചൊക്കെ പറയുന്ന ഒരു സിനിമയാണ് വൺ.  അതിലെ മെയിൻ ആന്റഗോണിസ്റ്റ് എന്ന് പറയാവുന്ന കഥാപാത്രമാണ് മാറമ്പള്ളി ജയനന്ദിന്റെ കഥാപാത്രം. ബോബി ഇതിനു മുൻപ് രണ്ടു കഥാപാത്രം ഓഫർ ചെയ്തിരുന്നു. ആ സമയം ഞാൻ ചില സിനിമകൾ എഴുതുന്നതിന്റെ തിരക്കിലായിരുന്നതിനാൽ ചെയ്യാൻ പറ്റിയില്ല. ബോബി–സഞ്ജയ് വളരെ ഉത്തരവാദിത്തബോധമുള്ള തിരക്കഥാകൃത്തുക്കളാണ്, എഴുത്തുകാരാണ്. അവരുടെ ഒരു സ്ക്രിപ്റ്റിൽ വർക്ക് ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. തിരക്കഥ തന്നെയായിരുന്നു പ്രധാന ആകർഷണം. പിന്നെ, തീർച്ചയായും മമ്മൂട്ടി സർ. അദ്ദേഹത്തിനൊപ്പം സ്ക്രീൻ പങ്കിടുന്നത് എനിക്കെന്നും ഇഷ്ടമാണ്. 

ദൃശ്യത്തിലെ തോമസ് ബാസ്റ്റ്യനെക്കുറിച്ചാണ് പ്രേക്ഷകർ ഇപ്പോഴും സംസാരിക്കുന്നത്. ആ കഥാപാത്രത്തെ സമീപിച്ചത് എങ്ങനെയാണ്?

ഉയർന്ന റാങ്കിലുള്ള പൊലീസ് ഓഫീസേഴ്സ് ശരിക്കും ഒരു ഇന്റലക്ച്വൽ പൊലീസിങ് ആണ് ചെയ്യുന്നത്. വെറുമൊരു മസിലിങ് അല്ല അവരുടെ പൊലിസിങ്. തന്ത്രപരമായി കാര്യങ്ങൾ നീക്കുകയും ബുദ്ധിപരമായി വിഷയത്തെ സമീപിക്കുകയും ചെയ്യുന്നവരാണ്. ഫിസിക്കാലിറ്റി അല്ല അവരുടെ അടിസ്ഥാന സ്വത്വം. ആ രീതിയിലാണ് ഞാൻ തോമസ് ബാസ്റ്റ്യനെ സമീപിച്ചത്. ഒരുപാടു പൊലീസ് കഥാപാത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു വീക്ഷണകോണിൽ ആരും അങ്ങനെ സമീപിച്ചിട്ടില്ല. അക്കാര്യം ജീത്തു ജോസഫിനോട് സംസാരിച്ചു ചെയ്യുകയായിരുന്നു. വളരെ സ്വാഗതാർഹമായ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം എഴുത്തുകാരനും സംവിധായകനുമാണല്ലോ! വൺ പോയിന്റ് കമ്മ്യൂണിക്കേഷൻ മതി. ഓരോ കാര്യങ്ങൾ മനസിൽ വരുമ്പോഴും അദ്ദേഹവുമായി ചർച്ച ചെയ്യും. അങ്ങനെയാണ് ആ സിനിമയിൽ കുറെ മെച്ചപ്പെടുത്താൻ സാധിച്ചത്.

മലയാളി പ്രേക്ഷകർ റിയലിസ്റ്റിക് സിനിമകളുടെ കാഴ്ചപ്പാടിൽ നിൽക്കുന്ന സമയത്താണ് ലൂസിഫർ പോലുള്ള ആക്ഷൻ ഡ്രാമ സിനിമയുമായി വരുമ്പോൾ ആശയക്കുഴപ്പം ഉണ്ടായിരുന്നോ?

റിയലിസ്റ്റിക് മൂവി എന്ന് പറയുന്നത് സബ്ജക്ടീവായ ഒരു  നിർവചനമുള്ള കാര്യമാണ്. ഉദാഹരണത്തിന് 2019 ലാണ് കൊറോണ വൈറസ് വരുന്നത്. ഒരു മഹാമാരി! ഒരു വൈറസ് ലോകത്തിലെ എല്ലാ മുക്കിലും മൂലയിലും പോയി എല്ലാ രാജ്യങ്ങളെയും അടച്ചിടാൻ നിർബന്ധിതമാക്കി. ഇക്കാര്യം ഒരു ആർടിസ്റ്റിന് ഭാവനയിലൂടെ സൃഷ്ടിക്കാൻ കഴിയും. അങ്ങനെയൊരു സിനിമ 2017 ലാണ് വരുന്നതെങ്കിൽ അത് 'അൺറിയലിസ്റ്റിക്' സിനിമ ആയിട്ടേ വിലയിരുത്തപ്പെടൂ. എന്നാൽ 2019 ൽ അത് റിയാലിറ്റി ആണ്. ഇത്രയേ ഉള്ളൂ റിയലിസ്റ്റിക് സിനിമ! വളരെ ലിമിറ്റ‍ഡ് സ്കോപ്പുള്ള വാക്കാണ് റിയലിസ്റ്റിക്! റിയലിസം എന്നു പറയുന്നതു തന്നെ സിനിമയിൽ ചെറിയൊരു ജോണർ മാത്രമാണ്. ഒരു നിയോറിയലിസ്റ്റിക് ഹാങ്ങോവർ ഉള്ള ആസ്വാദന സംസ്കാരം ഇന്ത്യയിൽ ഉള്ളതു കൊണ്ടാണ് റിയലിസത്തിന് ഇത്ര പ്രാധാന്യം കൊടുക്കുന്നത്. കേരളത്തിലാണ് ഇതു കൂടുതൽ! ഉദാഹരണത്തിന് ക്വെൻടിൻ ടാറൻടീനോയുടെ സിനിമ എടുക്കുകയാണെങ്കിൽ ഏതു അളവുകോലു വച്ചാകും അത് അളക്കുക? ക്രിസ്റ്റഫർ നോളന്റെ സിനിമ എടുക്കുകയാണെങ്കിൽ എന്തു വച്ചാകും അളക്കുക? സിനിമയിൽ ഒരുപാടു ജോണറുകളുണ്ട്. അതിനെക്കുറിച്ച് അജ്ഞരായിരിക്കുന്നതു കൊണ്ടാണ് ഒരു പക്ഷേ അതു കാണാതിരിക്കുന്നതും അല്ലെങ്കിൽ കണ്ടാൽ മനസിലാകാതെ ഇരിക്കുന്നതും. 

ലൂസിഫർ എന്ന സിനിമയിലേക്കു വന്നാൽ അതിൽ പ്രാധാന്യം നൽകിയിരിക്കുന്നത് എന്റർടെയ്ൻമെന്റിനാണ്. എന്നെ സംബന്ധിച്ചിടത്തോളം കാഴ്ചക്കാരെ രസിപ്പിക്കുന്നതാകണം സിനിമ. വേറിട്ട രീതിയിൽ എന്നു കൂടി ഞാനതിനോടു ചേർത്തു വയ്ക്കും. ലൂസിഫർ തീയറ്ററിൽ കണ്ടതിനു ശേഷം ആ സിനിമ വീണ്ടും മറ്റൊരു പ്ലാറ്റ്ഫോമിൽ ഒറ്റയ്ക്കിരുന്നു കാണുമ്പോൾ മറ്റൊരു അർത്ഥതലങ്ങളിൽ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്. അങ്ങനെയൊരു ആസ്വാദനതലം കൂടിയുണ്ട് ആ സിനിമയ്ക്ക്. 

ഒരു സിനിമയെ മുൻവിധി കൂടാതെ കണ്ടാൽ മാത്രമേ ആ സിനിമ എന്താണ് സംവദിക്കുന്നതെന്ന് മനസിലാകൂ. ഒരുപാടു മുൻവിധികളുള്ള സമൂഹമാണ് നമ്മുടേത്. നമ്മുടെ നിരൂപക സംസ്കാരവും അങ്ങനെയാണ്. ആദ്യമേ കുറെ 'ടൂൾസ്' വീട്ടിൽ നിന്നു കൊണ്ടുവന്നിട്ട് അതു വച്ചു സിനിമയെ അളക്കാൻ നോക്കും. അതാണ് പ്രശ്നം. റിയലിസം അല്ലെങ്കിൽ ഉള്ള റിയലിസ്റ്റിക് എന്നത് സിനിമയിലെ ഒരു അംശമാണ്. അതുപോലെ വേറൊന്നാണ് മാസ് സിനിമകൾ. ഫാന്റസി സിനിമകളുണ്ട്... പീരീയഡ് മൂവിസും, റൊമാൻസും, ഡ്രാമയും ഉണ്ട്. ഇങ്ങനെ ഒരുപാട് ഒരുപാട് ജോണേഴ്സ് ഉണ്ട് സിനിമയിൽ. അതിനെയൊക്കെ എക്സ്പ്ലോർ ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. ഒരിടത്ത് മാത്രം നിൽക്കാൻ താൽപര്യം ഇല്ല ലൂസിഫർ അത് ബ്രേക്ക് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ എനിക്ക് അഭിമാനമുണ്ട്. 

രസികൻ പോലുള്ള സിനിമകൾ തീയറ്ററിൽ വലിയ വിജയം ആയില്ലെങ്കിലും പിന്നീട് ചർച്ച ചെയ്യപ്പെട്ടു. ഇത്തരമൊരു രീതിയെ എങ്ങനെ നോക്കിക്കാണുന്നു?

എന്റെ സിനിമ തീയറ്ററിൽ തന്നെ വിജയിക്കണം എന്നു അഗ്രഹിക്കുന്ന ആളാണ് ഞാൻ. ടിയാൻ, കമ്മാര സംഭവം പോലുള്ള സിനിമകൾ റീലിസ് ചെയ്തു രണ്ടു വർഷമൊക്കെ കഴിഞ്ഞ്, അത് ഭയങ്കര രസമുള്ള ആശയമായിരുന്നു... ഉഗ്രൻ ചിന്തയായിരുന്നു എന്നു കേൾക്കുമ്പോൾ നിരാശ തോന്നും. കാരണം, ഞാൻ തീയറ്ററുകൾക്കു വേണ്ടിയാണ് സിനിമ എടുക്കുന്നത്. അവിടെ അതു ഹിറ്റാകണം. കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ എന്നൊക്കെ ചിലർ പറയും. അങ്ങനെ പറയുന്ന സുഹൃത്തുക്കളോട് ഞാൻ പറയും, എനിക്ക് കാലത്തിന് മുന്നേ സഞ്ചരിക്കണ്ട. എന്റെ കാലത്തിൽ നിങ്ങൾ അതു കണ്ടിട്ട് കൊള്ളാമെന്ന് പറയാൻ കഴിയുമെങ്കിൽ അതു ചെയ്യുക. അല്ലാതെ അത് തിയറ്ററിൽ നിന്നും പോയിട്ട് പിന്നെ രണ്ട് കൊല്ലം കഴിഞ്ഞിട്ട് ഇപ്പോൾ നല്ല സിനിമയാണെന്ന് പറയുന്നത് എന്റെ പരാജയമായിട്ടാണ് ഞാൻ കാണുന്നത്.  

ലൂസിഫറിൽ ഞാൻ ട്രൈ ചെയ്തത് മാസ് എന്റർടെയ്നർ സിനിമ തന്നെയാണ്. അതാണ് രാജു (പൃഥ്വിരാജ്) റിലേറ്റ് ചെയ്തതും. അതു തന്നെയാണ് ആ സിനിമയുടെ വിജയവും. ജൂറിക്കു വേണ്ടി ഞാൻ സിനിമ എടുക്കാറില്ല. പുരസ്കാരങ്ങൾക്കു വേണ്ടിയോ നിരൂപകപ്രശംസയ്ക്കു വേണ്ടിയോ ഞാൻ സിനിമ ചെയ്യാറില്ല. നീരൂപണത്തിനു വേണ്ടി സിനിമ നിർമിക്കുന്ന ഒരു വ്യക്തിയല്ല ഞാൻ. സിനിമയിലൂടെ പ്രേക്ഷകരുമായി സംവദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു സിനിമയുടെ വിധി എന്താണെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. പെർഫോർമൻസിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ചില സമയങ്ങളിൽ അതു ശ്രദ്ധിക്കപ്പെടാതെ പോകാം. തീയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് തീർച്ചയായും സങ്കടകരമായ കാര്യമാണ്. 

murali-gopy-new

എമ്പുരാനെപ്പറ്റി കൂടുതൽ എന്തെങ്കിലും കാര്യങ്ങൾ പ്രേക്ഷകരോടു പറയാൻ സാധിക്കുമോ? 

ലൂസിഫറിന്റെ രണ്ടാം ഭാഗമാണെന്ന് മാത്രം പറയാം. സ്ക്രിപ്റ്റ് മനസിലുണ്ട്. അത് ഇനി പേപ്പറിലേക്ക് പകർത്തണം.  

റിലീസ് ചെയ്യാനുള്ള പ്രൊജക്ടുകൾ

ഇനി വരാനുള്ള എന്റെ സിനിമകള്‍ വൺ, കുരുതി, കൊച്ചാള്‍. ഇതിൽ മൂന്നിലും അഭിനയിച്ചിട്ടുണ്ട്. കുരുതി വളരെ രസകരമായ സിനിമയാകും. അതിനൊപ്പം പ്രധാനപ്പെട്ട സിനിമ കൂടിയാണ്. അതിലെ ക്യാരക്ടറിനെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കൊച്ചാളില്‍ ചെയ്യുന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ്. ദൃശ്യത്തിൽ ചെയ്തതിന്റെ നേരെ വിപരീതമായ ഒരു ക്യാരക്ടറാണ് ചെയ്യുന്നത്. സൈമൺ തോമസ് ഇരുമ്പൻ എന്ന് പറയുന്ന ഒരു കഥാപാത്രം. ഞാൻ നിർമിക്കുന്ന സിനിമയാണ് തീർപ്പ്. ലൂസിഫറിനു ശേഷം എഴുതുന്ന സിനിമയും 'തീർപ്പ്' ആണ്. ആക്ഷേപഹാസ്യത്തിന്റെ അംശങ്ങളുള്ള സിനിമയാണ്. ഞാൻ ഇതുവരെ ചെയ്യാത്ത വേറൊരു ജോണറിൽ ആണ് ഈ സിനിമ. എമ്പുരാനു ശേഷം ഒരു മമ്മൂട്ടി ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതുന്നുണ്ട്. ഷിബു ബഷീറാണ് ഡയറക്ടർ. ഫ്രൈഡേ ഫിലിംസ് ആണ് നിർമാണം. 

mammootty-vijay-babu-murali-gopy

സംവിധാനം ഇനി എപ്പോഴാണ് സംഭവിക്കുക? 

ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനുള്ള ഓഫറുകളും ഉണ്ട്. അതിനു മുൻപ് പൂർത്തീകരിക്കേണ്ട എഴുത്തുജോലികളുണ്ട്. എഴുതി കൊടുക്കാമെന്നേറ്റ വർക്കുകൾ തീർന്നതിനുശേഷം മാത്രമേ സംവിധാനത്തിലേക്ക് കടക്കൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA