ADVERTISEMENT

സിനിമയോടുള്ള ഇഷ്ടം മൂത്ത് അതു ചെയ്യാനിറങ്ങിയപ്പോൾ മനസിൽ കണ്ട ചിത്രം നിർമിക്കാൻ ആളെ കിട്ടാതിരുന്ന ഒരു ചെറുപ്പക്കാരൻ! അയാളുടെ സിനിമാഭ്രാന്തിന് കട്ടയ്ക്ക് കൂടെ നിന്ന സുഹൃത്തുക്കൾ അയാൾക്കായി ഒരു സിനിമാക്കമ്പനി തന്നെ തുടങ്ങുന്നു. അവരുടെ ആദ്യ സംരംഭത്തിന് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പടെ നാലു പുരസ്കാരങ്ങൾ! ഒരു സിനിമാക്കഥ പോലെ തോന്നുമെങ്കിലും യുവസംവിധായകൻ രാഹുൽ റിജി നായരുടെ ഇതുവരെയുള്ള ജീവിതം അദ്ദേഹം എടുക്കുന്ന സിനിമകളെക്കാൾ അപ്രതീക്ഷിത വഴിത്തിരിവുകൾ ഉള്ളതാണ്. 

 

അതിലേക്ക് പുതിയൊരു അധ്യായം കൂടി എഴുതിച്ചേർത്താണ് ഇത്തവണത്തെ ദേശീയ പുരസ്കാര പ്രഖ്യാപനം എത്തിയത്. മികച്ച മലയാള ചലച്ചിത്രമായി തിരഞ്ഞെടുത്തത് രാഹുൽ സംവിധാനം ചെയ്ത 'കള്ളനോട്ടം' എന്ന പരീക്ഷണ ചിത്രം. പലരും തള്ളിക്കളഞ്ഞ തന്റെ ചലച്ചിത്ര പരീക്ഷണങ്ങളെ രാജ്യം അംഗീകരിക്കുമ്പോൾ, നിഷ്കളങ്കമായ ചിരിയോടെ പുതിയ ചിത്രമായ 'ഖോ ഖോ'യുടെ റിലീസിങ് തിരക്കുകളുമായി ഓടി നടക്കുകയാണ് രാഹുൽ. വിഷുദിനമായ ഏപ്രിൽ 14നാണ് ചിത്രത്തിന്റെ റിലീസ്. അതിനിടയിൽ അൽപനേരം മനോരമ ഓൺലൈനിനൊപ്പം.

 

ആഗ്രഹിച്ചിരുന്നോ ഈ പുരസ്കാരം?

 

തീർച്ചയായും. അതുകൊണ്ടാണല്ലോ ദേശീയ പുരസ്കാര നിർണയ ജൂറിക്ക് സിനിമ അയച്ചു കൊടുത്തത്. സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലൊന്നിനെ അവതരിപ്പിച്ച വാസുദേവ് സജീഷ് മാരാറിനു മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ഏറെ ശ്രദ്ധേയമായ കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ റോയൽ ബംഗാൾ ടൈഗർ പുരസ്കാരം നേടിയിരുന്നു. അതു വലിയൊരു അംഗീകാരമായിരുന്നു. പരമ്പരാഗതരീതിയിലുള്ള ഒരു മെയിക്കിങ് അല്ല കള്ളനോട്ടം എന്ന സിനിമയുടേത്. അങ്ങനെയുള്ള പരീക്ഷണങ്ങൾ ചെയ്യാനുള്ള പ്രചോദനമാണ് ഈ പുരസ്കാരം. യു.കെ, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലെ ചലച്ചിത്രോത്സവ വേദികളിൽ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. അതു കഴിഞ്ഞാകും ഇവിടെ സിനിമ റിലീസ് ചെയ്യുക. സിനിമ ഒടിടി പ്ലാറ്റ്ഫോമിലായിരിക്കും റിലീസ്. 

 

എന്താണ് കള്ളനോട്ടം?

 

ഒരു സിനിമ എടുക്കാൻ വേണ്ടി രണ്ടു കുട്ടികൾ ഒരു കടയിൽ നിന്നു സർവെയ്‍ലൻസ് ക്യാമറ മോഷ്ടിക്കുന്നു. ഇവർ സിനിമ ഷൂട്ട് ചെയ്യാൻ തുടങ്ങുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോകുകയാണ്. ക്യാമറ മോഷ്ടിച്ചതാണെന്ന് തിരിച്ചറിയുന്നതോടെ കുട്ടികളുടെ കയ്യിൽ കാര്യങ്ങൾ നിൽക്കുന്നില്ല. തുടർന്ന് ക്യാമറ പലരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ഈ ക്യാമറ കാണുന്ന കാഴ്ചകളാണ് ഈ സിനിമ. ക്യാമറ എന്തു കാണുന്നുവോ അതേ പ്രേക്ഷനും കാണുന്നുള്ളൂ. കുട്ടികൾ അതു സിനിമ എടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഉപയോഗിച്ചത്. എന്നാൽ ഈ ക്യാമറ കൈമാറാൻ തുടങ്ങുമ്പോൾ ഇതുപയോഗിക്കുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളും മാറുന്നുണ്ട്. അതനുസരിച്ച് ക്യാമറ കാണുന്ന കാഴ്ചകളും മാറുന്നു. അതാണ് കള്ളനോട്ടം എന്ന സിനിമ പറയുന്നത്. കുട്ടികളുടെ ലോകത്തു നിന്നു തുടങ്ങി മുതിർന്നവരുടെ ലോകത്തിലേക്കു വരുമ്പോൾ ക്യാമറ ദുരുപയോഗം ചെയ്യപ്പെടുന്നതും അതിന്റെ തുടർച്ചയുമാണ് ഈ സിനിമ. 

 

എങ്ങനെയാണ് ഈ സിനിമ ചിത്രീകരിച്ചത്? 

 

പരമ്പാരഗത മെയ്ക്കിങ് രീതി പിന്തുടരാൻ കഴിയാത്ത ഒരു ആശയമാണ് ഈ സിനിമ പറയുന്നത്. ഇതിന് കൃത്യമായി എഴുതി തയ്യാറാക്കിയ ഒരു തിരക്കഥ ഉണ്ടായിരുന്നില്ല. ആകെയുള്ളത് കഥയുടെ ഒരു രൂപമാണ്. 99 ശതമാനവും ഓരോ സീനും സ്പോട്ടിൽ അഭിനേതാക്കൾ അതു ചെയ്യുമ്പോഴാണ് തീരുമാനിക്കപ്പെടുന്നത്. അഭിനേതാക്കളുടെ ശരീരത്തിൽ ക്യാമറ ഘടിപ്പിച്ചിട്ടാണ് പല രംഗങ്ങളും എടുത്തത്. ഷോട്ട് ഡിവിഷൻ ഇതിലില്ല. എല്ലാ രംഗങ്ങളും സിങ്കിൾ ടേക്ക് ആണ്. അതു സാധ്യമാക്കുന്ന ആക്ഷൻ കൊറിയോഗ്രഫിയുണ്ട്. ഒന്നു രണ്ടു രംഗങ്ങളിൽ മാത്രമാണ് അഭിനേതാക്കൾ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളൂ. ബാക്കിയെല്ലാ സമയത്തും ഛായാഗ്രാഹകനും ഇവർക്കൊപ്പം സഞ്ചരിക്കുകയാണ്. ടോബിൻ തോമസ് ആയിരുന്നു ഛായാഗ്രാഹകൻ. 

 

ആദ്യത്തെ രണ്ടു ദിവസം ഇതു ഷൂട്ട് ചെയ്തിട്ട് എഡിറ്ററുമായി ഞങ്ങൾ ഇരുന്നു. നമ്മൾ വിചാരിക്കുന്ന പോലെ കാര്യങ്ങൾ കിട്ടുന്നുണ്ടോ എന്ന് അറിയണമല്ലോ! ഇതിൽ പശ്ചാത്തലസംഗീതവും ഉപയോഗിച്ചിട്ടില്ല. Raw and Real ആയ സൗണ്ട് ഡിസൈൻ ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ലൂസിഫർ പോലെ വലിയ സിനിമകൾ ചെയ്തിട്ടുള്ള വിഷ്ണു പി.സി. ആണ് ഈ സിനിമയ്ക്ക് സൗണ്ട് ഡിസൈൻ ചെയ്തത്. അൻസു മരിയ, വാസുദേവ് സജീഷ് മാരാർ, സൂര്യദേവ് എന്നീ മൂന്നു കുട്ടികളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിനീത കോശി, രഞ്ജിത് ശേഖർ, പി.ജെ ഉണ്ണികൃഷ്ണൻ, വിജയ് ഇന്ദ്രചൂഡൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.  

 

എന്തുകൊണ്ട് ഇത്രയും വൈവിധ്യമേറിയ സിനിമാ പരീക്ഷണങ്ങൾ?

 

സത്യത്തിൽ ഞാൻ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. എനിക്ക് അങ്ങനെ കരിയർ പ്ലാനൊന്നും ഇല്ല. എനിക്ക് എത്ര സിനിമ എടുക്കാൻ പറ്റുമെന്നു പോലും അറിയില്ല. എത്ര കാലം ഞാൻ ഈ ഇൻഡസ്ട്രിയിൽ ഉണ്ടാകുമെന്നു പോലും അറിയില്ല. എന്റെ നാലാമത്തെ സിനിമയാണ് അടുത്ത മാസം ഇറങ്ങാൻ പോകുന്ന ഖോ ഖോ. ഈ നാലു സിനിമകളും എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് പൂർണമായി സംതൃപ്തി ലഭിക്കുന്ന, എന്റേതായ ഒരു കയ്യൊപ്പുള്ള സിനിമകളാകണം എന്നൊരു ആഗ്രഹം എനിക്കുണ്ട്. മറ്റു കാര്യങ്ങളെക്കുറിച്ച് ഞാൻ അത്ര വേവലാതിപ്പെടാറില്ല. ശരിയാണ്, ജീവിക്കാൻ പൈസ വേണം. അതു മാറ്റി വച്ചാൽ, ഞാൻ ചെയ്യുന്ന കലാപ്രവർത്തനത്തിൽ നൂറു ശതമാനം സത്യസന്ധത പുലർത്താൻ മാത്രമേ ഞാൻ ശ്രമിക്കുന്നുള്ളൂ. എന്നെപ്പോലെ ഒരാൾ ഈ സിനിമയിൽ നിലനിൽക്കുക എന്നു പറയുന്നത് എന്റെ ജീവിതം മുഴുവൻ അതിൽ നിക്ഷേപിക്കുന്നതിന് തുല്യമാണ്. അത് എളുപ്പമുള്ള ഒരു പ്രവർത്തിയല്ല. 

 

നമ്മൾ അത്രയും അഗ്രഹിക്കുന്നതു കൊണ്ടും അത്രയും സമർപ്പിച്ചിരിക്കുന്നതു കൊണ്ടും മാത്രമാണ് സിനിമയിൽ നിൽക്കാൻ പറ്റുന്നത്. വലിയ ക്യാൻവാസിലുള്ള സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വലിയ സിനിമ എന്നു പറയുമ്പോൾ അടിസ്ഥാനപരമായി അതിന്റെ ബിസിനസ് ആണല്ലോ മാറുന്നത്. വലിയൊരു താരം അതിലേക്ക് വരുന്നു... സാറ്റലൈറ്റ് അവകാശം വരുന്നു... സത്യത്തിൽ സിനിമ ചെയ്യാനെടുക്കുന്ന പരിശ്രമങ്ങൾ തുല്യമാണ്. മനസിൽ അഗ്രഹിക്കുന്ന സിനിമ ഒരു നിർമാതാവിനെ എളുപ്പത്തിൽ ബോധ്യപ്പെടുത്താൻ കഴിയണമെന്നില്ല. അതുകൊണ്ടാണ് ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് അതു നിർമിക്കുന്നത്. സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ പ്രതിഫലനം മാത്രമാണ് അത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com