പ്രിൻസിൽ വില്ലനായ ലാലിന്റെ ശബ്ദം; രജനിയുടെ മാസ് എൻട്രി; സുരേഷ് കൃഷ്ണ അഭിമുഖം

suresh-krishna
SHARE

‘സ്ക്രീനിൽ രജനീകാന്ത് അമാനുഷനാണ്. 1000 ട്രക്കുകളെ അദ്ദേഹം ഒരു ചൂണ്ടുവിരലിൽ നിർത്തും. അടിച്ചുവീഴ്ത്താൻ വരുന്ന വില്ലന്മാർക്കു നടുവിൽ ഈഫൽ ടവർ പോലെ വളരും. രജനി പൂഴിമണ്ണിലൂടെ നടന്നാൽ അതു ടാർ റോഡാകും. മരുഭൂമിയിലൂടെ പാട്ടുപാടി ചുവടുവച്ചാൽ അതു ടുലിപ് തോട്ടമാകും. എന്നാൽ, സ്ക്രീനിൽ നിന്നിറങ്ങിയാൽ ഒരു പച്ചമനുഷ്യനാണു രജനീകാന്ത്. ജോലിയെ തീവ്രമായി സ്നേഹിക്കുന്ന, സഹപ്രവർത്തകരെ തരിമ്പും ബുദ്ധിമുട്ടിക്കാത്ത, താരപരിവേഷത്തെ വലിച്ചെറിയുന്ന രജനിയെ ആണ് എനിക്കു പരിചയം. 46 വർഷം മാറിമാറി വന്ന തലമുറകളെ ഒരുപോലെ എന്റർടെയ്ൻ ചെയ്യുക എന്നത് എത്രയോ വലിയ കാര്യം’–ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ രജനീകാന്തിനെ വച്ച് 4 സിനിമകൾ ചെയ്ത മലയാളി സുരേഷ് കൃഷ്ണയ്ക്ക് രജനി ഹൃദ്യമായ ഓർമകളുടെ കൂടാരമാണ്.

രജനിയുടെ സിനിമകൾ പോലെ അപ്രതീക്ഷിതമായൊരു ട്വിസ്റ്റിലാണ് സുരേഷ് കൃഷ്ണ രജനീകാന്തിന്റെ സിനിമയുടെ സംവിധായകനാകുന്നത്. ‘സിനിമ തുടങ്ങാൻ 3 ദിവസമുണ്ട്. തീരുമാനമെടുക്കാൻ 2 ദിവസവും. രജനീകാന്താണു നായകൻ. നിനക്കു ഡയറക്ട് ചെയ്യാൻ പറ്റുമോ?’– ചോദിച്ചത് തമിഴ് സിനിമയിലെ ‘ഇയക്കുനർ സിഗരം’ കെ.ബാലചന്ദറാണ്. ഇയക്കുനർ സിഗരമെന്നാൽ സംവിധായകരിലെ വൻമല.

ആരും പതറിപ്പോകുന്ന ചോദ്യത്തോട് ‘യെസ്’ പറയാൻ സുരേഷ് കൃഷ്ണയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. രജനീകാന്തിനെ ആൾക്കൂട്ടത്തിൽ മാത്രം കണ്ടുള്ള പരിചയം. ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയുമറിയില്ല. എന്നിട്ടും സുരേഷ് കൃഷ്ണ എന്ന പാലക്കാട്ടുകാരൻ തലൈവരുടെ സംവിധായകനായി. രജനീകാന്തിനു സിനിമയിൽ ഗുരുവും ദൈവവുമാണ് കെ.ബാലചന്ദർ. ആ വാക്കിനു മറുവാക്കില്ല. ബാലചന്ദർ പറഞ്ഞയച്ച യുവാവ് അടുത്ത ദിവസം രജനിയെ കണ്ടു. 2 ദിവസം കഴിഞ്ഞ് ഷൂട്ടിങ് തുടങ്ങി – 1992ൽ റിലീസായ ‘അണ്ണാമലൈ’ തമിഴകത്തെ ഇളക്കിമറിച്ച ഹിറ്റായി.

കവിതാലയ പ്രൊഡക്‌ഷൻസിന്റെ പുതിയ രജനി സിനിമ ‘അണ്ണാമലൈ’ ആണെന്നും സംവിധായകൻ വസന്ത് ആണെന്നും തലേദിവസം 1992 മാർച്ച് 8ന് കെ.ബാലചന്ദർ പ്രഖ്യാപിച്ചിരുന്നു. സിനിമ അനൗൺസ് ചെയ്ത അന്നു വൈകിട്ട് വസന്ത് പിന്മാറി. അതിന്റെ കാരണം ഇന്നും സുരേഷിന് അറിയില്ല. 

suresh-krishna-1

‘അണ്ണാമലൈ’ സുരേഷിനു തമിഴകത്തൊരു കസേര വലിച്ചിട്ടു നൽകി. രജനീകാന്തിന്റെ ഓപ്പൺ ഡേറ്റും. സുരേഷ് കൃഷ്ണ – രജനി ടീമിന്റെ വീരയും ബാഷയും അതുക്കും മേലെ വിജയമെഴുതി. ‘അൾട്ടിമേറ്റ് ഹീറോയിസം’ എന്ന് സുരേഷും ആരാധകരും ഒരുപോലെ പറയുന്ന ബാഷ, രജനിയുടെ താരപരിവേഷത്തെ പരകോടിയിലെത്തിച്ചു. ചുരുക്കിപ്പറഞ്ഞാൽ തമിഴകം നൽകിയ കസേര സുരേഷ് സിംഹാസനമാക്കി. അണ്ണാമലൈക്കു ശേഷം വീര, ബാഷ, ബാബ...

ബോക്സ് ഓഫിസ് ചക്രവർത്തി

രജനീകാന്തിന്റെ സിനിമയിലേക്കുള്ള മാസ് എൻട്രിയാണ് സുരേഷ് കൃഷ്ണയുടെ ജീവിതം മാറ്റിയെഴുതിയത്. സുരേഷിന്റെ ജീവിതത്തെ സംഭവബഹുലമാക്കിയ നായകൻ. വിജയ ഫോർമുലയുടെ മാസ്റ്റർ എന്നു സുരേഷിനെ തമിഴകം വിശേഷിപ്പിച്ച സിനിമകൾ.

‘‘ഞാൻ രജനിയുടെ ഹീറോയിസവും പ്രശസ്തിയും പ്രയോജനപ്പെടുത്തിയെന്നേയുള്ളൂ. ബാഷ അൾട്ടിമേറ്റ് ഹീറോയിസമാണ്. ‘നാൻ ഒരു തടവ സൊന്നാ, നൂറു തടവ സൊന്ന മാതിരി’ എന്ന ബാഷയിലെ ഡയലോഗ് ഇപ്പോഴും പ്രേക്ഷകർ ഏറ്റു പറയുന്നു. സത്യത്തിൽ സിനിമയിൽ അഞ്ചിടത്തേ ആ ഡയലോഗുള്ളൂ. പഞ്ച് അറിഞ്ഞ് പ്രയോഗിച്ചതുകൊണ്ടാണ് അതിപ്പോഴും ചൂടോടെ നിൽക്കുന്നത്. ബാഷയിൽ ആദ്യ പകുതിയിൽ ഒരു ആകാംക്ഷയുണ്ടാക്കി. രണ്ടാം പകുതിയിൽ അതിന്റെ ചുരുൾ നിവർത്തി. നിങ്ങൾ ഒരു സൂപ്പർസ്റ്റാർ ചിത്രം ചെയ്യുമ്പോൾ ഓർക്കുക, പ്രേക്ഷകൻ കാണാൻ വരുന്നത് സൂപ്പർസ്റ്റാറിനെയാകും. അവരെ തൃപ്തിപ്പെടുത്തുക. നിങ്ങൾ ശരവണ ഭവനിലും താജിലും പോകുന്നത് വ്യത്യസ്ത രുചികൾ തേടിയാണ്. ശരവണ ഭവൻ നിങ്ങൾക്ക് സൗത്ത് ഇന്ത്യൻ ടിഫിൻ തരും. കിടിലൻ ചട്നി തരും. അവിടെ ചിക്കൻ വിളമ്പിയാൽ ശരിയാകില്ല’’.

രജനിക്കു വർക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഏഴിനു മേക്കപ്പിട്ട് വരാൻ പറഞ്ഞാൽ കൃത്യം വരും. ഗോസിപ്പില്ല, പരാതിയില്ല. രാത്രിയാണ് ഷൂട്ടെങ്കിൽ അതിനും  റെഡി. മേക്കപ്പോടെ 7നു വരണമെങ്കിൽ 5നു തന്നെ റെഡിയാകണം. രജനി വൈകിയതിനാൽ പടം വൈകിയ ചരിത്രമില്ല. നിർമാതാവിന്റെ പത്തുപൈസ വെറുതേ കളയില്ല. ബാബ പരാജയപ്പെട്ടുവെന്നു പറയുമ്പോഴും ഇപ്പോഴും ടെലിവിഷനിൽ ഹിറ്റാണ്. ബാബയിൽ രജനി സംതൃപ്തനായിരുന്നു– സുരേഷ് പറയുന്നു. രജനിയുമൊത്തുള്ള അനുഭവങ്ങളാണ് സുരേഷിനെ കാണുമ്പോൾ പലർക്കും അറിയേണ്ടത്. അങ്ങനെ രജനിയുടെ മൂന്നു സിനിമകളിലെ അണിയറ അനുഭവങ്ങൾ ചേർത്തൊരു പുസ്തകമെഴുതി – ‘മൈ ഡേയ്സ് വിത് ബാഷ’.

കെ.ബാലചന്ദർ  വിളിച്ചപ്പോൾ

കെ.ബാലചന്ദർ ആദ്യ ഹിന്ദി സിനിമ ‘ഏക് ദുജേ കേലിയേ’ സംവിധാനം ചെയ്യാൻ ബോംബെയിൽ വിമാനമിറങ്ങുമ്പോൾ സ്വീകരിക്കാൻ പോയത് സുരേഷ് കൃഷ്ണയായിരുന്നു. 1970കളുടെ മധ്യം. ബോംബെ ബെൽബോട്ടം പാന്റ്സണിഞ്ഞ കാലം. ബാലചന്ദറുടെ കാർ നേരെ പോയത് സംവിധായകൻ ലക്ഷ്മികാന്ത് പ്യാരേലാലിന്റെ വീട്ടിലേക്ക്... ഹാർമോണിയത്തിൽ ‘തേരേ മേരേ ബീച്ച് മെ ഐസാകോയി ബന്ധൻ അഞ്ചാ...’ എന്ന എക്കാലത്തെയും റൊമാന്റിക് ഗാനത്തിന്റെ പിറവി. സ്ക്രീനിൽ കമൽഹാസന്റെ പ്രണയജോടിയായി രതി അഗ്നിഹോത്രിയുടെ പിങ്ക് ഷാൾ ഉലയുന്ന പാട്ട്. പ്രണയത്തിനു വേണ്ടി രക്തസാക്ഷിയാകുന്ന നായകൻ... ബോളിവുഡ് അന്നുവരെ പരിചയിക്കാത്ത മൺവാസനയുള്ള പ്രണയസിനിമയായിരുന്നു ‘ഏക് ദുജേ കേലിയേ...’

‘‘മുംബൈയിൽ മോണിങ് ബാച്ചിൽ ബികോമിനു പഠിക്കുമ്പോൾ എൽ.വി.പ്രസാദ് പ്രൊഡക്‌ഷൻ കമ്പനിയിൽ യാദൃച്ഛികമായാണ് എനിക്ക് പാർട്‌ടൈം അക്കൗണ്ടന്റിന്റെ ജോലി ലഭിക്കുന്നത്. സ്ഥാപനത്തിൽ 10 പേരുണ്ട്. എൽ.വി.പ്രസാദ് അന്നൊരു സിനിമ ചെയ്യുകയാണ്. കൂടെയുണ്ടായിരുന്ന 4 അസിസ്റ്റന്റുമാരും വിട്ടുപോയ സമയം. ഒരുദിവസം അദ്ദേഹം എന്നെ കാബിനിലേക്കു വിളിച്ചു. അക്കൗണ്ടന്റ് ജോലി മതിയാക്കാം. ഇനിമുതൽ നീയെന്റെ തിരക്കഥാ സഹായിയാണെന്നു പറഞ്ഞു. ഹിന്ദിയും തമിഴും അറിയാമെന്നതു മാത്രമാണ് എന്റെ യോഗ്യത. എൽ.വി.പ്രസാദിന്റെ ആ ചിത്രം നടന്നില്ല. അടുത്തതൊരു ഹിന്ദി സിനിമയാണ്. കെ.ബാലചന്ദറുടെ ആദ്യ ബോളിവുഡ് സിനിമ. ആ ചുമതല എന്നെ ഏൽപിച്ചു.കെ. ബാലചന്ദറെ ബോംബെ മുഴുവൻ കറക്കി അണിയറ പ്രവർത്തകരെ പരിചയപ്പെടുത്തി മടക്കിയയച്ചു. 

വിശാഖപട്ടണത്താണ് ഷൂട്ടിങ്. ചിത്രീകരണം തുടങ്ങി രണ്ടാം ദിവസം ഡയലോഗ് അസിസ്റ്റന്റ് വന്നില്ല. കമലിനെ ഹിന്ദി പഠിപ്പിക്കാൻ ചുമതലപ്പെടുത്തിയ ആളാണ് വരാതിരുന്നത്. ബാലചന്ദർ സാർ ഉടനെ എന്റെ പേരോർത്തു. പ്രസാദ് സാറിനെ വിളിച്ച് സുരേഷിനെ ഉടനെ സെറ്റിലേക്കു വിടാൻ പറഞ്ഞു. അങ്ങനെ മറ്റൊരു സുപ്രഭാതത്തിൽ ഞാൻ വിശാഖപട്ടണത്തെത്തി. കെ.ബാലചന്ദറിന്റെ സഹസംവിധായകനായി. കമലിന്റെ സുഹൃത്തായി. സിനിമയുടെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ഞാൻ മദ്രാസ് നഗരത്തിൽ സ്ഥിരതാമസം തുടങ്ങി. ആ യാത്ര 7 വർഷം നീണ്ടു. സിന്ധുഭൈരവിയും പുന്നകൈ മന്നനും ഉൾപ്പെടെ 14 സിനിമകൾ ’’– തന്നെ സിനിമയിലുറപ്പിച്ച ഫ്രെയിമുകളിലൂടെ സുരേഷ് കൃഷ്ണ പിൻനടന്നു. 

കമൽഹാസൻ സുരേഷ് കൃഷ്ണയെ പരിചയപ്പെടുമ്പോൾ അദ്ദേഹം ബാലചന്ദറിന്റെ നാലാമത്തെ സഹായിയായിരുന്നു. പതിയെപ്പതിയെ സുരേഷ് അസോഷ്യേറ്റ് ഡയറക്ടറാകുന്നതും കമലിന്റെ കരിയർ ഗ്രാഫ് ഉയർന്നതും ഒരുപോലെ. ആ വിശ്വാസത്തിലാണ് കമൽ സ്വന്തം പ്രൊഡക്‌ഷൻ കമ്പനിയായ രാജ്കമലിന്റെ ചിത്രം ചെയ്യാൻ സുരേഷിനെ വിളിക്കുന്നത്. കമലും അമലയും ചേർന്ന ‘സത്യ’ സുരേഷിനു നൽകിയ പേരു ചെറുതല്ല. 

ശബ്ദം നഷ്ടമായ രാജകുമാരൻ

മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി പ്രിൻസ് എന്ന സിനിമയെടുത്തിരുന്നു സുരേഷ്. മോഹൻലാലിന്റെ ശബ്ദത്തിനു ചില പ്രശ്നങ്ങളുള്ളപ്പോഴായിരുന്നു ചിത്രം ഡബ്ബ് ചെയ്ത്. സിനിമ ഇറങ്ങിയ ഉടൻ ഇതു ലാലിന്റെ ശബ്ദമല്ല എന്നു പറഞ്ഞ് വലിയ വിവാദമുണ്ടായി. തമിഴിൽനിന്നു വന്ന സംവിധായകൻ മറ്റാരെക്കൊണ്ടോ ലാലിന്റെ ശബ്ദം ഡബ്ബ് ചെയ്തുവെന്നുവരെ ചിലർ പറഞ്ഞു. ഒടുവിൽ ഇത് എന്റെ ശബ്ദമാണെന്ന് ലാൽ പറയുന്ന പരസ്യം വരെ ചെയ്തുനോക്കിയിട്ടും രക്ഷപ്പെട്ടില്ല. ‘‘ലാലിന്റെ ശബ്ദമോ സ്വന്തം സിനിമയുടെ കുഴപ്പമോ എന്താണു പ്രശ്നമെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. എന്തായാലും അതിനു ശേഷം മറ്റൊരു മലയാള സിനിമ ചെയ്തിട്ടുമില്ല’’– സുരേഷ് പറഞ്ഞു.

പാലക്കാട് ജില്ലയിലെ ആനിക്കോട് ആണ് സുരേഷിന്റെ നാട്. പിതാവ് കൃഷ്ണനും അമ്മ ശാരദയും വർഷങ്ങൾക്കു മുൻപേ മുംബൈയിലേക്കു കുടിയേറിയവരാണ്. നടി ശാന്തികൃഷ്ണയാണുസഹോദരി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA