അമ്മയുടെ പേരിൽ അറിയപ്പെടാൻ ഇഷ്ടമെന്ന് നടൻ ആന്റണി അന്നു

antony
SHARE

അമ്മയുടെ പേരു ചേർത്ത് മക്കൾക്ക് പേരിടുന്നതു അവരോടുള്ള ആദരവെന്ന് നടൻ ആന്റണി അന്നു. തന്റെ പേരു മാറ്റിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഈ യുവ നടൻ. ജോലി ചെയ്ത ജ്വല്ലറിയുടെ പേരിലായിരുന്നു നേരത്തേ ‘ആന്റണി അന്നു’ അറിയപ്പെട്ടിരുന്നത്. ആന്റണി അറ്റ്‌ലസ് എന്നായിരുന്നു ആ പേര്. എന്നാൽ അമ്മ മരിച്ചതിന്റെ രണ്ടാം വാർഷികത്തിൽ അമ്മ ‘അന്നു’ വിന്റെ പേര് ആന്റണി ഒപ്പം ചേർക്കുകയായിരുന്നു. ഇതോടെ ‘ആന്റണി അന്നു’ എന്നായി. ആന്റണിയുടെ ആദ്യ സിനിമയായ സ്കൂൾ ഡയറി, പുതിയ സിനിമയായ ചാച്ചാജി എന്നിവ സംവിധാനം  ചെയ്ത ഹാജാ മൊയ്നുവാണ് അമ്മയുടെ പേര് ചേർത്ത് സിനിമാ രംഗത്ത് അറിയപ്പെടാൻ നിർദേശിച്ചത്. തന്റെ ഗോഡ്ഫാദറായ അദ്ദേഹത്തിന്റെ നിർദേശം ഉടനടി സ്വീകരിക്കുകയായിരുന്നുവെന്നും ഇപ്പോൾ പലരും ഇതുപോലെ അമ്മയുടെ പേരു ചേർത്ത് ഇടുന്നതു പതിവായിട്ടുണ്ടല്ലോയെന്നും ആന്റണി പറയുന്നു. ആന്റണി അന്നു അഭിനയിച്ച പുതിയ ചിത്രം ‘ചാച്ചാജി’ കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ റീലീസ് ചെയ്തത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നതെന്ന് ആന്റണി പറയുന്നു.

∙ഡിജിറ്റൽ കാലത്തെ അഭിനയം

പണ്ടത്തെപ്പോലെ അത്ര പ്രയാസമുള്ളതല്ല ഇക്കാലത്ത് അഭിനയം.  സിനിമയോടുള്ള പാഷനുണ്ടെങ്കിൽ ആർക്കും മികച്ച നടനാവാം. ക്യാമറയെ അഭിമുഖീകരിക്കാനുള്ള ധൈര്യമുള്ളവർക്ക്  വലിയ പ്രയാസമില്ലാതെ അഭിനയിക്കാം. അവരവരുടെ ജീവിതത്തിൽ എങ്ങിെനയാണോ അതുപോലെ ക്യാമറയ്ക്കു മുന്നിലും പെരുമാറിയാൽ മതി. ഷൂട്ടിങ് ഡിജിറ്റലായതിനാൽ എത്ര ടേക്ക് വേണമെങ്കിലും എടുക്കാം. പണ്ടത്തെപ്പോലെ റീൽ നഷ്ടമാകുന്ന പ്രശ്നമില്ല. പക്ഷേ സംവിധായകനു സമയ നഷ്ടമുണ്ടാകുമെന്നതാണ് പ്രധാന പ്രശ്നം.‌

∙ചാച്ചാജിയിലെ കിടിലൻ ഗെറ്റപ്പ്

2018 ൽ റീലീസ് ചെയ്ത സ്കൂൾ ഡയറി എന്ന സിനിമയിലൂടെയാണ് ആന്റണി അന്നു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പല വേഷങ്ങളും ഇതിനു സമാനമായ താടിയില്ലാത്തവയായിരുന്നു. പക്ഷേ ല‘ചാച്ചാജി’യിലെ കിടിലൻ ഗെറ്റപ്പ് കണ്ട് പലരും ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്നു. താടിയും മീശയും വച്ചാണ് ചിത്രത്തിൽ ആന്റണി അഭിനയിച്ചത്.

antony

∙മാധ്യമ പ്രവർത്തകന്റെ വേഷം

സിനിമയിൽ ചാനൽ മാധ്യമപ്രവർത്തകന്റെ വേഷമാണ് ആന്റണി അന്നുവിന്. നടി സുരഭി പ്രധാന വേഷം ചെയ്യുന്നു. ചാച്ചാജി എന്നു പേരുള്ള പ്രായം െചന്ന പോസ്റ്റ്മാന്റെ ജീവിതത്തിനു പിറകെ അന്വേഷിച്ചു ചെല്ലുന്ന മാധ്യമപ്രവർത്തകന്റെ വേഷം വളരെ തന്മയത്വത്തോടെയാണ് ആന്റണി അവതരിപ്പിക്കുന്നത്. 2 മണിക്കൂർ ദൈർഘ്യമുള്ള ഫീൽ ഗുഡി സിനിമയാണ് ‘ചാച്ചാജി’

∙ശരീരം ശ്രദ്ധിച്ചു തുടങ്ങി

സ്കൂൾ ഡയറി ചെയ്യുന്ന സമയത്ത് അൽപം തടിയുള്ള ശരീരമായിരുന്നു. ആ വേഷത്തിനു യോജിക്കുന്നതും അങ്ങിനെയായിരുന്നു. ഇപ്പോൾ ജിമ്മിൽ പോയി കൃത്യമായി വർക്കൗട്ട് ചെയ്യുന്നു. ശരീരം ശ്രദ്ധിക്കുന്നതു മികച്ച വേഷങ്ങൾ കിട്ടാൻ അനുയോജ്യമാണെന്ന സംവിധായക സുഹൃത്തുകളുടെ നിർബന്ധം കൂടി ജിമ്മിൽ പോകുന്നതിനു കാരണമായി.

∙ഒടിടി റിലീസിങ്

ചെറിയ പടം, വലിയ പടം എന്ന വേർതിരിവു സിനിമാ രംഗത്ത് വ്യാപകമാണ്. ചെറിയ പടങ്ങൾക്കു തിയറ്റർ ലഭിക്കുന്നില്ല.

വലിയ ആർട്ടിസ്റ്റ് പടങ്ങൾക്കു മാത്രമാണ് സ്വീകാര്യത ലഭിക്കുന്നത്. ചെറിയ പടങ്ങൾക്ക് ഒടിടി പ്ലാറ്റ്ഫോം വലിയ ആശ്വാസമാണ്. തിയറ്റർ കിട്ടാത്ത സിനിമ പോലും  പ്രേക്ഷകരിലെത്തിക്കാൻ കഴിയുന്നു. ഓൺലൈൻ റിലീസ് ചെയ്തതിനാൽ ലോകത്തിന്റെ ധാരാളം ഭാഗത്തു നിന്നു സിനിമയുടെ പ്രതികരണം അറിയാനായി. 

∙തമിഴിലും അവസരങ്ങൾ

തൃശൂർ കുന്നത്തങ്ങാടി സ്വദേശിയാണ്. 2017 ൽ ഭരതിന്റെ കൂടെ ‘പൊട്ട്’ സിനിമയിൽ പൊലീസ് വേഷം ചെയ്താണ് തമിഴിൽ തുടക്കം. രണ്ടാമത്തെ തമിഴ് സിനിമ ‘മെമ്മറീസ്’ ഷൂട്ടിങ് പൂർത്തിയായി. സൈക്കോ ത്രില്ലറാണ് ഈ സിനിമ. സ്കൂൾ ഡയറി(2018),  ബിജുമനോനും അജു വർഗീസും അഭിനയിച്ച ലവകുശ(2018), സായികുമാർ അഭിനയിച്ച കൃഷ്ണം(2018), ഒബാമ(2019), കിങ്ങിണിക്കൂട്ടം(റിലീസിനൊരുങ്ങുന്നു), നതിങ് ഈസ് ഇംപോസിബിൾ(റിലീസിനൊരുങ്ങുന്നു, ചാച്ചാജി തുടങ്ങിയവയാണ് പൂർത്തിയായ സിനിമകൾ. ആകെ ഒൻപതു സിനിമകൾ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA