ബേസിൽ നന്നായി പണിയെടുത്തു, ഫഹദുമൊത്തുള്ള ആവർത്തനം യാദൃച്ഛികം: ദിലീഷ് പോത്തൻ

SHARE

മലയാളത്തിൽ ഇറങ്ങിയ ക്ലാസിക് സിനിമയെന്ന ഖ്യാതിയുമായാണ് ദിലീഷ് പോത്തൻ–ശ്യം പുഷ്കരൻ കൂട്ടുകെട്ട് ഒന്നിച്ച 'ജോജി' ആമസോൺ പ്രൈമിൽ പ്രദർശനം തുടരുന്നത്. ശ്യാം പുഷ്കരന്റെ അസാധ്യമായ എഴുത്തും ദിലീഷ് പോത്തന്റെ അതിഗംഭീരമായ മെയ്ക്കിങ്ങും പനച്ചേൽ കുടുംബത്തിന്റെ അധികാര വടംവലിയുടെ അദൃശ്യമായ കുരുക്കിലേക്ക് പ്രേക്ഷകരെ കൊളുത്തിയിടുന്നുണ്ട്. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി സിനിമ ചെയ്തപ്പോഴുള്ള അനുഭവങ്ങളും വെല്ലുവിളികളും പങ്കുവച്ച് സംവിധായകൻ ദിലീഷ് പോത്തൻ മനോരമ ഓൺലൈനിൽ.  

ജോജിക്കു മികച്ച പ്രതികരണം ലഭിക്കുമ്പോൾ ഈ നിമിഷത്തിൽ എന്തു തോന്നുന്നു? 

സന്തോഷം... ഉദ്ദേശിച്ച കാര്യം നടന്നു. 

ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി സിനിമയൊരുക്കിയപ്പോൾ പ്ലാനിങ്ങിലും മെയ്ക്കിങ്ങിലും എന്തെല്ലാം വ്യത്യാസങ്ങളാണ് സംഭവിച്ചത്?

ഒരു സിനിമ തിയറ്ററിലാണ് ഇറങ്ങുന്നതെങ്കിൽ കാണുന്ന പ്രേക്ഷകർക്കു തന്നെ വ്യത്യാസമുണ്ട്. ഒരാളോ രണ്ടാളോ ഇരുന്ന് സിനിമ ആസ്വദിക്കുന്നതും ഒരു ക്രൗഡിന്റെ ഒപ്പമിരുന്ന് ആസ്വദിക്കുന്നതും തമ്മിലുള്ള സിനിമാ കാഴ്ചയിൽ വ്യത്യാസമുണ്ട്. ടിവി സ്ക്രീനിന്റെ വലിപ്പം, പൊതുവെ ഉപയോഗിക്കുന്ന ഫോൺ സ്ക്രീനിന്റെ വലിപ്പം, ഇതെല്ലാം പരിഗണിക്കേണ്ടതുണ്ട്. ഏറ്റവും സൗകര്യമായ സമയത്ത്, ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് ഇരുന്നാണ് ഒടിടിയിൽ സിനിമ കാണുന്നത്. തിയറ്ററിൽ പോയി സിനിമ കാണണമെങ്കിൽ നമ്മൾ വണ്ടി പിടിച്ചു പോയി അതു സാധ്യമാക്കേണ്ടതുണ്ട്. കാണുന്ന ആളുകളുടെ മാനസികാവസ്ഥ, അവർ കാണുന്ന മീഡിയെ ഇതിലൊക്കെ സാരമായ വ്യത്യാസം തിയറ്ററിൽ നിന്ന് ഇന്റർനെറ്റിലേക്ക് വരുമ്പോൾ ഉണ്ടെന്നു തന്നെയാണ് ഞാൻ കരുതുന്നത്. സിനിമാസ്കോപ്പിൽ അല്ല ഷൂട്ട് ചെയ്തത്. കുറച്ചു കൂടി ടിവിക്ക് അനുയോജ്യമായ 185 ഫോർമാറ്റിലാണ് ഷൂട്ട് ചെയ്തത്. അതായത് അത്ര വൈഡ് ആയിട്ടുള്ള സ്ക്രീനല്ല. 

fahadh-joji-shot

ഇന്റർനെറ്റിലേക്ക് സിനിമ വരുമ്പോൾ അതു കാണുന്ന ഓഡിയൻസ് കുറച്ചു കൂടി പാൻ ഇന്ത്യൻ ആകുന്നുണ്ട്. അവരുടെ കാഴ്ചകളും ടേസ്റ്റുകളും അൽപം കൂടി മാറിയിട്ടാണ്. അതു ഒരു തരത്തിൽ സ്വാതന്ത്ര്യം തരുന്നുണ്ട്. Individual സിനിമ ആക്കാനാണ് ഞാൻ ശ്രമിച്ചത്. ഒരു personal watch! ആളുകളെ ആ ലൂപ്പിലേക്കു കൊണ്ടു വരിക... അവരെ ആ അന്തരീക്ഷത്തിലേക്ക് പെടുത്തുക... കുട്ടപ്പൻ ചേട്ടന്റെ മൂന്നു മക്കളിൽ ആരെങ്കിലുമൊക്കെ നമ്മുടെ ഉള്ളിൽ ഉണ്ട് എന്നു ഓർമ്മപ്പെടുത്തി, അങ്ങനെ കഥാപാത്രങ്ങൾക്കൊപ്പം അവരെയും ചിന്തിപ്പിക്കുക... എന്റെ പ്രവർത്തികൾ ശരിയാണോ... എന്റെ നിലപാടുകൾ ശരിയാണോ... ഇങ്ങനെ ഓരോ ഘട്ടത്തിലും പ്രേക്ഷകർ സ്വയം വിചിന്തനം ചെയ്യുക... ഇതൊക്കെയായിരുന്നു എന്റെ അഗ്രഹം! 

മൂന്നാമതും ഫഹദ് തന്നെയാണ് ദിലീഷിന്റെ സിനിമയിലെ നായകൻ‌. വീണ്ടും ഫഹദിനെ തന്നെ കാസ്റ്റ് ചെയ്തത് എന്തുകൊണ്ടാണ്?

സത്യത്തിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ല. സിനിമ ഉരുത്തിരിഞ്ഞു വന്നപ്പോൾ ആ ക്യാരക്ടറിനു വേണ്ടി പലരെയും ആലോചിക്കുകയും എഴുതി നോക്കുകയും ചെയ്തിരുന്നു. ഫഹദ് ആ ക്യാരക്ടർ ചെയ്താൽ കുറച്ചു കൂടെ നന്നാകുമെന്നും ആ കഥാപാത്രത്തിന് ഏറ്റവും ചേരുന്ന ആൾ ഫഹദ് ആണെന്ന് തോന്നിയതു കൊണ്ടുമാണ് അദ്ദേഹത്തെ കാസ്റ്റ് ചെയ്തത്. ആവർത്തിച്ച് അങ്ങനെ എന്റെ സിനിമകളിൽ സംഭവിച്ചത് യാദൃച്ഛികമാണ്. അതിനെക്കുറിച്ചു ചോദിക്കുമ്പോൾ ഇതേയുള്ളൂ ഉത്തരം. അതാണ് അതിന്റെ വാസ്തവം. അല്ലാതെ, ഫഹദ് ഹീറോ ആയിട്ട് ഒരു പടം ചെയ്യാമെന്നു കരുതി ഞാനും ശ്യാമും ചെയ്യുന്നതല്ല. ജോജിയെക്കുറിച്ച് ആലോചിച്ചപ്പോൾ ഏറ്റവും അനുയോജ്യനാണെന്നു തോന്നിയ ഒരു കാസ്റ്റിങ് ആയിരുന്നു ഫഹദിന്റേത്. അദ്ദേഹത്തോടു സംസാരിച്ചപ്പോൾ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് അതു സംഭവിച്ചത്. 

പനച്ചേൽ കുട്ടപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സണ്ണി ഗംഭീരമായി അതു ചെയ്തു. എങ്ങനെയാണ് സണ്ണിയിലെത്തിയത്?

എനിക്ക് ഫിസിക്കലി നല്ല സ്ട്രോങ് ആയ ആൾ വേണമായിരുന്നു. പെട്ടെന്നു വീഴുമെന്ന് തോന്നാത്ത... ആരോഗ്യവാനാണെന്നു തോന്നുന്ന ആളെ തന്നെയാണ് കാസ്റ്റ് ചെയ്യാൻ ആഗ്രഹിച്ചത്. ആ ക്യാരക്ടറിനു വേണ്ടി പല റൗണ്ട് ഓഡിഷനുകൾ നടത്തി. ഒരുപാടു ഫോട്ടോസ് കണ്ടു. നാട്ടിൻപുറത്തെ സുഹൃത്തുക്കളോടു പറഞ്ഞു. ചില പ്രത്യേക ഫീച്ചേഴ്സ് ഉള്ള ആളുകളെ ഞങ്ങൾ അന്വേഷിച്ചിരുന്നു. സിനിമയിലുള്ള പലരെയും നോക്കി. ഒന്നോ രണ്ടോ തവണ സണ്ണി ചേട്ടൻ വന്നു. ഓഡിഷനിൽ പങ്കെടുത്തു. ഞാൻ പറഞ്ഞു, 'ചേട്ടാ... ഈ സിനിമയിൽ ഉണ്ടാവുമോ ഇല്ലയോ എന്നറിയില്ല. ചേട്ടൻ വന്ന് ഒരു ദിവസമൊന്നു സംസാരിച്ചു നോക്കാം.' അങ്ങനെ സണ്ണി ചേട്ടൻ വന്നു... ഞങ്ങൾ സംസാരിച്ചു. ചെറിയ ഡയലോഗ് കൊടുത്ത് ചെയ്യിപ്പിച്ചു നോക്കി. ഗെറ്റപ്പിനു വേണ്ടി കുറച്ചു കാലത്തെ ഒരുക്കം ഉണ്ടായിരുന്നു. പനച്ചേൽ കുട്ടപ്പനായി ഏറ്റവും നന്നായി തോന്നിയത് സണ്ണി ചേട്ടൻ തന്നെയാണ്. അദ്ദേഹം അതു മനോഹരമാക്കി.    

joji-movie

ബാബുരാജ് ചെയ്ത ജോമോനും ഏറെ പ്രേക്ഷകശ്രദ്ധ നേടിയല്ലോ. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് ജോജിയിലെ ജോമോൻ. അതും അധികം ആലോചനകളില്ലാതെ എത്തിച്ചേർന്ന ചോയ്സാണോ?

അധികം ആലോചനകളില്ല എന്നു ഞാൻ പറയില്ല. എല്ലാ കാസ്റ്റിങ്ങിനു വേണ്ടിയും വളരെയധികം ആലോചനകൾ ഉണ്ടായിട്ടുണ്ട്. അതിനു ശേഷമെടുത്ത തീരുമാനങ്ങളിൽ നിന്നു അധികം മാറിയിട്ടില്ല. ബാബുചേട്ടനെ ആ ക്യാരക്ടർ ഏൽപ്പിക്കാമെന്നു തീരുമാനിച്ചതിനു ശേഷം പിന്നീടതിന് മാറ്റമുണ്ടായിട്ടില്ല. ബാബുചേട്ടനെ മനസിൽ കണ്ടാണ് ആ കഥാപാത്രം എഴുതിയത്. കാസ്റ്റിങ്ങിന്റെ ആദ്യഘട്ടത്തിൽ തന്നെ ബാബുരാജിനെ തിരഞ്ഞെടുത്തിരുന്നു. അതിനു അധികം സമയമെടുത്തില്ല. എനിക്കു തോന്നുന്നു സണ്ണി ചേട്ടന്റെ കഥാപാത്രം ആരു ചെയ്യണമെന്നു തീരുമാനിക്കാൻ ഞങ്ങൾക്ക് പിന്നെയും സമയമെടുത്തിരുന്നു. പലരെയും നോക്കിയതിനു ശേഷമാണ് സണ്ണി ചേട്ടനിലെത്തിയത്. 

എല്ലാ കാസ്റ്റിങ്ങും വളരെ ഗംഭീരമായിരുന്നല്ലോ. ആ തിരഞ്ഞെടുപ്പ് എങ്ങനെയായിരുന്നു?

ഉണ്ണിമായ ചെയ്ത ബിൻസി ആരു ചെയ്യണമെന്നു പലയാവർത്തി ഞങ്ങൾ ആലോചിച്ചിരുന്നു. ഉണ്ണിമായയെക്കൊണ്ടു തന്നെ പല കാര്യങ്ങൾ ചെയ്യിപ്പിച്ചു നോക്കുകയുമൊക്കെ ചെയ്തതിനു ശേഷമാണ് അതു ഉറപ്പിച്ചത്. ജെയ്സൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോജി മുണ്ടക്കയത്തിന്റെ കാര്യമായാലും ദീർഘമായ ആലോചനകൾ ഉണ്ടായിട്ടുണ്ട്. 

joji-movie

കാഴ്ചയിൽ അത്ര പക്വത തോന്നാത്ത, ശക്തനാണെന്നു തോന്നിക്കാത്ത ഒരാളായിരിക്കണം ഫാ. കെൽവിന്റെ കഥാപാത്രം ചെയ്യേണ്ടതെന്ന് തീരുമാനിച്ചിരുന്നു. അതാണ് ബേസിൽ ജോസഫിലേക്ക് എത്തിച്ചത്. ബേസിലിന്റെ അച്ഛൻ പുരോഹിതൻ ആയതിനാൽ അദ്ദേഹത്തിന് സുറിയാനി രീതിയിലുള്ള പ്രാർത്ഥനകൾ പരിചയം ഉണ്ടാകുമെന്നത് ആ തിരഞ്ഞെടുപ്പ് ഉറപ്പിക്കാൻ കൂടുതൽ സഹായിച്ചു. ബേസിലിന് അതിലുള്ള അനുഭവപരിചയം സിനിമയിൽ ഗുണം ചെയ്തു. സെറ്റിൽ സഹായിക്കാൻ ആളുകൾ ഉണ്ടായിരുന്നെങ്കിലും ബേസിലിനോട് ഇക്കാര്യത്തിൽ ഇടയ്ക്കിടെ ഉപദേശം തേടാറുണ്ടായിരുന്നു. ബേസിലിന് സുറിയാനിയിലുള്ള പ്രാർത്ഥനകൾ കുറച്ചൊക്കെ അറിയാം. എങ്കിലും പുരോഹിതൻ ആയി അഭിനയിക്കുമ്പോൾ അദ്ദേഹം ചൊല്ലുന്ന ദീർഘമായ പ്രാർത്ഥനകൾ എത്രത്തോളം കാണാപാഠം അറിയാമായിരുന്നെന്ന് ഉറപ്പില്ല. എന്തായാലും ബേസിൽ കുറച്ചു നന്നായി പണിയെടുത്തിട്ടുണ്ട്. 

ജോണി ആന്റണി ഒരു ശബ്ദമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ വോയ്സ് തിരഞ്ഞെടുക്കാൻ എന്തായിരുന്നു കാരണം?

ജോണി ആന്റണി ഒരു ശബ്ദമായി സിനിമയിലുണ്ടെന്നു പറയുമ്പോൾ ഞാൻ അതിനെ ഒരു കഥാപാത്രമായിട്ടാണ് കാണുന്നത്. ജോജിയുടെ പാപ്പൻ വിളിക്കുമ്പോൾ ശബ്ദത്തിലൂടെയാണ് ആ ക്യാരക്ടർ വരുന്നത്. പലരെയും ആലോചിച്ചു. എന്തോ ജോണി ചേട്ടൻ അതു ചെയ്താൽ നന്നായിരിക്കും എന്നു തോന്നി. ആളുടെ ഡയലോഗ് ഡെലിവറിയുടെ പാറ്റേൺ എനിക്ക് ഇഷ്ടമാണ്. അതിന് ജോജിയുടെ പാപ്പനുമായി ചെറിയൊരു ബന്ധം ഫീൽ ചെയ്തു. ഞാൻ ജോണി ചേട്ടനെ വിളിച്ചു ചോദിച്ചു, എനിക്ക് ചെറിയൊരു ഡയലോഗടിച്ചു തരുമോ എന്ന്. അദ്ദേഹം അതു സന്തോഷത്തോടെ വന്നു ചെയ്തു തന്നു. ആ ശബ്ദത്തിന് അതു നല്ല ഐഡന്റിറ്റി നൽകിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

പോപ്പിയുടെ റോൾ ചെയ്ത പയ്യനെ കണ്ടെത്തിയത് എങ്ങനെയാണ്?

ഓഡിഷനിലൂടെയാണ് അലിസ്റ്ററിലെത്തുന്നത്. കാസ്റ്റിങ് കോളിൽ ഒരുപാട് പേർ അപേക്ഷ നൽകിയിരുന്നു. പല റൗണ്ട് ഓഡിഷൻസ് നടത്തി. പോപ്പിയുടെ ക്യാരക്ടറിനുവേണ്ടി ഏറ്റവും ആദ്യം ഓഡിഷൻ അറ്റൻഡ് ചെയ്ത ആളാണ് അലിസ്റ്റർ. അതേപോലെ ജയ്സൺന്റെ ക്യാരക്ടർ ചെയ്ത ജോജി. ജോജി എന്റെ കുറേ നാളായിട്ടുള്ള സുഹൃത്താണ്. ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിട്ടുള്ള കാലം മുതലുള്ള എന്റെ സുഹൃത്താണ്. ജോജി ഒരു സിനിമ ഡയറക്ട് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളാണ്. ജോജിയെ കണ്ടെത്തിയത് വളരെ രസമുള്ള പ്രോസസ് തന്നെയായിരുന്നു. 

joji-john-joji-movie

ജോജിയിൽ സംവിധായകനും 'മുഖം' കാണിക്കാതെ അഭിനയിച്ചിട്ടുണ്ടല്ലോ? 

ഞാനും ജോജിയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, മുഖം കാണില്ല. ഇതിനുമുൻപ്, തൊണ്ടിമുതലിൽ പർദ്ദ ഇട്ടിട്ടുള്ള ഒരു കഥാപാത്രം ഉണ്ണിമായ ചെയ്തിരുന്നു. അതിന്റെ ഷൂട്ടിന്റെ സമയത്ത് എന്നോട് ചോദിച്ചു, 'പർദ്ദ ഇട്ടിട്ട് ആരെങ്കിലും മതിയോ' എന്ന്. അപ്പോൾ ഞാൻ പറഞ്ഞു,' അത് പോര എനിക്ക് ആക്ടർ തന്നെ വേണം' എന്ന്. മുഖം കാണുന്നുണ്ടോ ഇല്ലയോ എന്നല്ല, ആ ക്യാരക്ടർ ചെയ്യുന്നത് ആക്ടറാകണമെന്നു എനിക്ക് നിർബന്ധമുണ്ട്. ഒരു ആക്ടറെ അഭിനയിക്കാൻ വിളിച്ചിട്ട് മുഖം കാണില്ല എന്ന് പറയുന്നത് അൽപം പ്രയാസമുള്ള കാര്യമാണ്. ജോജിയുടെ ക്ലൈമാക്സിന്റെ ടെയിൽ എൻഡിൽ പിപിഇ കിറ്റ് ധരിച്ചു വരുന്ന ഡോക്ടർമാരെ കാണിക്കുന്നുണ്ട്. പിപിഇ കിറ്റിന് അകത്താണെങ്കിലും ഒരു ആക്ടർ‌ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ആ സീനിൽ ഡിവൈഎസ് പി ആയി ചെയ്തിരിക്കുന്നത് തൊണ്ടിമുതലിൽ ഡിവൈഎസ്പി ആയി അഭിനയിച്ചിട്ടുള്ള മധു സാറാണ്. മധുസാറിനോട് ഞാൻ പറഞ്ഞത്, 'മുഖം ഒന്നും ഉണ്ടാവില്ല... ശരീരം മാത്രമേ ഉള്ളൂ,' എന്നായിരുന്നു. 'എന്തെങ്കിലും ആകട്ടെ ശരീരമെങ്കിൽ ശരീരം' എന്ന് പറഞ്ഞാണ് മധു സാർ വന്നത്. ഒരു പിപി കിറ്റിൽ ഞാൻ... മറ്റൊന്നിൽ മധു സർ... ഞങ്ങൾക്കൊപ്പം അതേ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് എന്റെ കോ–ഡയറക്ടർ റോയ് ആണ്. 

സഹസംവിധായകരും സിനിമയിൽ ഗംഭീര വേഷങ്ങൾ ചെയ്തിട്ടുണ്ടല്ലോ. കോവിഡ് ആയതിനാൽ അധികം ആളുകളെ ഉൾപ്പെടുത്താൻ കഴിയാത്തതുകൊണ്ടായിരുന്നോ ഇങ്ങനെയൊരു പരീക്ഷണം? 

പനച്ചേൽ കുട്ടപ്പന്റെ സഹായിയായ ഗിരീഷിനെ ചെയ്തിരിക്കുന്നത് എന്റെ അസോസിയേറ്റ് ഡയറക്ടർ രഞ്ജിത്താണ്. ഇങ്ങനെ പലതരം ജോലികൾ അസിസ്റ്റന്റ് ഡയറകടേഴ്സ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരു സീൻ എടുക്കുമ്പോൾ രഞ്ജിത് ഓടിപ്പോയി ആർട് ഒക്കെ സെറ്റ് ചെയ്യുകയാവും. ആർടിസ്റ്റ് എവിടെ എന്നു ചോദിക്കുമ്പോഴേക്കും രഞ്ജിത് ഓടിപ്പോയി കോസ്റ്റ്യൂം ഒക്കെ ഇട്ടു വന്ന് അഭിനയിക്കും. എല്ലാവരും അത്രയും ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. എല്ലാവരും വളരെയധികം ആ സിനിമയിൽ involved ആയിരുന്നു. കോവിഡ് കാരണം ആളുകളെ കുറയ്ക്കുന്നതിന്റെ പരിമിതി ഭയങ്കരമായിട്ടുണ്ടായിരുന്നു. അതുകൊണ്ട്, പലരും പല ജോലികളും ചെയ്തിട്ടുണ്ട്. ഉണ്ണിമായയ്ക്ക് അഭിനയിക്കുന്നതിന്റെ ഇടയ്ക്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിന്റെ ഉത്തരവാദിത്തങ്ങളുണ്ട്. അങ്ങനെ ജോജി  സാധ്യമാകാൻ ഓരോരുത്തർക്കും ഒരുപാട് ജോലി എടുക്കേണ്ടി വന്നിട്ടുണ്ട്. 

joji-fahadh

ജോജിയിൽ ദിലീഷിന് ഏറെ പ്രിയപ്പെട്ട രംഗം ഏതാണ്?

അങ്ങനെ പേഴ്സണൽ ആയിട്ട് പറയാൻ പറ്റില്ല. ചില സീനുകൾ നമ്മുടെ ജീവിതവുമായിട്ട് അടുപ്പം ഉണ്ടാകും. അപ്പോൾ കൂടുതൽ കണക്ട് തോന്നും. ഉദാഹരണത്തിന് ജോമോൻ അപ്പനൊപ്പം ആശുപത്രിയിൽ ഉള്ളപ്പോൾ ജോജി ഫോൺ ചെയ്യുന്ന രംഗമുണ്ടല്ലോ. ഫോൺ വിളിച്ച്, ഞാനിപ്പോൾ ബിസിയാ, കുറച്ചു കഴിഞ്ഞു വിളിക്കാമെന്നു പറയുന്ന രംഗം.ഒരിക്കൽ ഞാൻ ദിലീഷ് നായരെ വിളിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ആ സംഭവത്തിൽ നിന്നാണ് ആ സംഭാഷണം ഉണ്ടായത്. ഞാൻ, അത്യാവശ്യമായി എങ്ങോ പോവുകയായിരുന്നു. ദിലീഷ് നായരോടു എന്തോ കാര്യം പറയാൻ വിളിച്ചു. അതിനിടയിൽ വേറൊരു തിരക്ക് വന്നപ്പോൾ ഞാൻ അറിയാതെ പറഞ്ഞുപോയതാണ്. ഞാൻ സത്യത്തിൽ അതു മറന്നു പോയി. പിന്നീട് ദിലീഷ് നായർ എന്നോടു ചോദിച്ചു, നീ കഴിഞ്ഞ ദിവസം വിളിച്ചിട്ട് എന്താണ് അങ്ങനെ പറഞ്ഞത് എന്ന്. ശരിക്കും അത് ദിലീഷ് നായരുടെ ഹ്യൂമർ ആണെന്ന് പറയാം. ദിലീഷ് നായരുടെ ആംഗിളിൽ നിന്നുമാണ് ആ ഹ്യൂമർ ഉണ്ടായിട്ടുള്ളത്. പല സീനുകൾക്കും നമുക്ക് അങ്ങനത്തെ ഇമോഷനൽ അടുപ്പം പല തരത്തിലുണ്ട്. ഏറ്റവും ഇഷ്ടം ഏതെന്നു ചോദിച്ചാൽ, ജോജിയിലെ സുദീർഘമായ ഡയലോഗ് സീനുകൾ തന്നെയായിരിക്കും എന്റെ ഫേവറിറ്റ്. 

ഏത് അഭിനേതാക്കളായാലും ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ കയ്യിലേക്ക് എത്തുമ്പോൾ ഒരു മാറ്റം സംഭവിക്കുന്നുണ്ട്. എങ്ങനെയാണ് അഭിനേതാക്കളെ ഇങ്ങനെ പരുവപ്പെടുത്തിയെടുക്കുന്നത്? 

ഞാനും എന്റെ ടീമും കൃത്യമായി എഫേർട്ട് എടുക്കാറുണ്ടെന്നുള്ളത് യാഥാർഥ്യമാണ്. ഓരോ ക്യാരക്ടറിനുവേണ്ടി ഓരോ ആക്ടേഴ്സിനേയും ഓരോ രീതിയിലാണ് ഞാൻ ഒരുക്കാറുള്ളത്. അതിനുവേണ്ടിയിട്ട് ഒരു പ്ലാൻ തയാറാക്കും. ഒരു സീനിൽ തന്നെ ബാബുരാജും ഫഹദും ഉണ്ടെങ്കിൽ രണ്ടുപേരെയും ഫീഡ് ചെയ്യുന്നത് രണ്ടു തരത്തിലാണ്. ആ വ്യക്തി എങ്ങനെയാണ്... അയാളുടെ കാഴ്ചപ്പാടുകൾ... സെൻസിബിലിറ്റി... ഒബ്സർവേഷൻ സ്കിൽ... അതെല്ലാം ഞാൻ പഠിക്കും. അവരുടെ വർക്കുകൾ കുത്തിയിരുന്നു കാണും. പുതിയ ആളുകൾ ആണെങ്കിൽ ദിവസങ്ങളോളം ഓഡിഷൻ ചെയ്യാറുണ്ട്. അവരുടെ കരുത്തും കുറവുകളും കണ്ടെത്തിയാണ് ഗ്രൂം ചെയ്യുന്നത്. ഇത് ഓരോ ആക്ടറിനും അനുസരിച്ച് മാറും. ഈ പ്രോസസ് എനിക്ക് വളരെ ഇഷ്ടമാണ്. അതിനുവേണ്ടി ഒരുപാട് സമയം ചെലവഴിക്കാറുണ്ട്. ചില ആക്ടേഴ്സ് പറയാറുണ്ട്, എന്റെ കൂടെ വർക്ക് ചെയ്യുന്നത് ഭയങ്കര കംഫർട്ട് ആണെന്ന്. 

പക്ഷേ എനിക്ക് തോന്നുന്നത്, അവർക്ക് ഇത്തിരി കട്ടപ്പണി ആണെന്നാണ്. ബാക്കി സിനിമകളേക്കാളും അവർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കുറച്ച് കൂടെ എഫേർട്ട് എടുക്കേണ്ടി വരുന്നുണ്ടെന്ന് തോന്നാറുണ്ട്. ഒരുപാടു റിഹേഴ്സലുകൾ ചെയ്യിപ്പിക്കും. ചിലപ്പോൾ വെളുപ്പിനെ തുടങ്ങും ഈ പരിപാടികൾ. ജോജിക്കു വേണ്ടി പുലർച്ചെ 4 മണിക്ക് ഷൂട്ടിങ് തുടങ്ങിയ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ എന്നോട് എല്ലാവരും സഹകരിക്കാറുണ്ട്. ഞാൻ പൊതുവേ അവരോട് ഇക്കാര്യങ്ങൾ നേരത്തേ പറയാറുണ്ട്. സീൻ ഓർഡറിൽ തന്നെ ഷൂട്ട് ചെയ്യുന്നതാണ് എന്റെ രീതി. പ്രൊഫഷണൽ ആക്ടേഴ്സിന് പെട്ടെന്ന് വന്ന് 5 ദിവസം കൊണ്ട് അഭിനയിച്ചിട്ട് അവരുടെ പോർഷൻസ് തീർത്തിട്ട് പോകുന്ന രീതിയുണ്ട്. പക്ഷേ, ഞാൻ അതു പിന്തുടരാറില്ല. സീൻ ഓർഡറിൽ ഷൂട്ട് ചെയ്യുന്നതു മൂലം ആക്ടേഴ്സിന് കൂടുതൽ എഫർട്ട് എടുക്കേണ്ടി വരാറുണ്ട്. പക്ഷേ, അതു സിനിമയ്ക്ക് ഗുണം ചെയ്യും. 

എങ്ങനെയാണ് ഈ പ്ലോട്ട് പരുവപ്പെട്ടത്? ശ്യാമിന്റെ മനസ്സിലാണൊ ദിലീഷിന്റെ മനസ്സിലാണോ ഈ ചിന്ത ആദ്യം വന്നത്? 

ഇതിന് മുമ്പുള്ള രണ്ട് പടങ്ങളിൽ നിന്നും കുറച്ചും കൂടി വ്യത്യസ്തമായിരുന്നു ജോജിയുടെ പ്രോസസ്. ഒരു തിയറ്റർ ക്യാമ്പു പോലെയാണ് എനിക്ക് അത് അനുഭവപ്പെട്ടത്. പുറംലോകവുമായി ബന്ധമില്ലാതെ വലിയൊരു പിരീഡ് ഞങ്ങൾ ഇരുന്നിരുന്നു. കോവിഡിന്റെ സാഹചര്യമായതുകൊണ്ട് അങ്ങനെ ഇരിക്കാൻ പറ്റി... അത് ആ പ്രോസസിന്റെ വേഗത കൂട്ടി. ഒരു ഒടിടി പ്ലാറ്റ്ഫോമിന് പറ്റുന്ന ഒരു സിനിമ... അത് ഈ സമയത്ത് ഷൂട്ട് ചെയ്യാന്‍ പറ്റുന്നതായിരിക്കണം, പ്രായോഗികമായിട്ട്. ഞങ്ങൾ ഒരു നാടകത്തിലേക്കാണ് ആദ്യം എത്തിയത്. നാടകത്തിന്റെ ഐഡിയകൾ ഞങ്ങൾ വെറുതെ റഫർ ചെയ്തു നോക്കി. 

കാരണം എപ്പോഴും പരിമിതമായിട്ടുള്ള സ്പേസ് ആണല്ലോ നാടകങ്ങൾ ഉപയോഗിക്കാറുള്ളത്. ഞങ്ങൾ പലവിധ നാടകങ്ങളെ കുറിച്ച് ആലോചിച്ചു. ഷേ്ക്സ്പിയറിന്റെ മാക്ബത്തിലെത്തിയപ്പോള്‍ അതിന്റെ ആശയമൊക്കെയായി വളരെയധികം ലോക്ക് ആയി. ഞാൻ കാലടിയിൽ പഠിക്കുന്ന കാലത്ത് മാക്ബത്തിലെ ഒരു ഭാഗം അവതരിപ്പിച്ചിട്ടുണ്ട്. മാക്ബത്തിന്റെ ചർച്ചകളിൽ നിന്ന് വളരെ പെട്ടെന്ന് സിനിമയുടെ ബേസിക് പ്ലോട്ടിലേക്ക് എത്താൻ പറ്റി. അങ്ങനെ പല ഡ്രാഫ്റ്റ്കൾ ശ്യാം എഴുതി... ഒടുവിലാണ് ഇപ്പോഴത്തെ ഒരു അവസ്ഥയിൽ എത്തിച്ചേർന്നത്. 

ദുരാഗ്രഹവും കുറ്റബോധവുമാണല്ലോ മാക്ബത്ത് എന്ന നാടകത്തിന്റെ പ്രധാന പ്രമേയങ്ങൾ. അവ രണ്ടും എത്രത്തോളം ജോജിയിൽ കൊണ്ടു വരാൻ കഴിഞ്ഞിട്ടുണ്ട്? 

ജോജിയുടെ പ്ലോട്ട് ഐഡിയയിലേക്ക് എത്തിയതിന് ശേഷം നമ്മൾ ആദ്യം എടുത്തൊരു തീരുമാനം മാക്ബത്തിനെ എത്രത്തോളം ഉപേക്ഷിക്കാം എന്നുള്ളതാണ്. ആ നാടകത്തിനെ അതുപോലെ പിന്തുടരണ്ട എന്നു ഞങ്ങൾ തീരുമാനിച്ചു. ഈ പ്ലോട്ട് ഐഡിയ അതിന്റെ സ്വതന്ത്രമായ വളർച്ചക്ക് വിട്ടു. ഈ ആശയങ്ങളിൽ നിന്നു കൊണ്ട് തന്നെ അതിനോട് സ്വാഭാവികമായി ബന്ധപ്പെടുന്ന പോയിന്റുകൾ ബന്ധപ്പെടുത്തിയും വിയോജിപ്പുള്ളതിനെ അങ്ങനെ തന്നെയും വച്ചു. അല്ലാതെ ഷേക്സ്പിയറിന്റെ നാടകം അതിന്റെ എല്ലാ ഘടനയോടും കൂടി പുനരവതരിപ്പിക്കാനുള്ള ഒരു ശ്രമമെൊന്നും ആയിരുന്നില്ല ജോജി. പ്ലോട്ട് ഐഡിയ ഫിക്സ് ചെയ്ത്, ഞാൻ അതു സംവിധാനം ചെയ്യാമെന്നു തീരുമാനിച്ചതിനു ശേഷം ഞങ്ങൾ അടുത്തത് തീരുമാനിച്ചത് ഷൈജു ഖാലിദ് ഇത് ക്യാമറ ചെയ്യാം എന്നാണ്. 

ഞങ്ങൾ രണ്ടു പേരും കഴിഞ്ഞാൽ ഈ പ്രോജക്ടിലേക്ക് മൂന്നാമതായി ജോയിന്‍ ചെയ്യുന്ന ആൾ ഒരു പക്ഷെ ഷൈജു ഖാലിദ് ആയിരിക്കും. ആ കഥപറച്ചിലിന്റെ രീതിക്ക് ഷൈജുവിന്റെ കാഴ്ചപ്പാട് അല്ലെങ്കില്‍ ഷൈജുവിന്റെ ഛായാഗ്രഹണ മികവ് ഒരുപാട് contribute ചെയ്യാനുണ്ടെന്ന് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. ഒരു വീടിനകത്താണ് കഥ പറയേണ്ടത്. ആളുകളുടെ ഉള്ളിലേക്ക് അത് എത്തണം. അതിന് ഷൈജു ഖാലിദിന്റെ ക്യാമറ സപ്പോർട്ട് ചെയ്യുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആദ്യം തന്നെ ഈ ഐഡിയ ഷൈജുവിനോടാണ് സംസാരിക്കുന്നത്. ഷൈജു ആ ഐഡിയയിൽ പെട്ടെന്ന് convinced ആയി. 

കോവിഡിന്റെ സാധ്യതകളെയും സിനിമ നന്നായി ഉപയോഗപ്പെടുത്തിയ സിനിമയാണ് ജോജി. കൊറിയർ ഡെലിവറി ചെയ്യുന്ന സമയത്ത്, 'അപ്പാപ്പൻ ക്വാറന്റീനിലാണ്' എന്നു പറയുന്നതും ജോജിയോട് മാസ്ക്ക് എടുത്തു വച്ച് വരാൻ ബിൻസി പറയുന്നതുമൊക്കെ ഏറെ ചർച്ചയായല്ലോ.

ഞാനും ശ്യാമും കൂടി വർക്ക് ചെയ്യുമ്പോൾ ആദ്യം പ്ലോട്ട് തീരുമാനിക്കും. അവിടെ നിന്നു നമ്മള്‍ ഓരോന്ന് കണ്ടെത്താനാണ് ശ്രമിക്കാറുള്ളത്. ഈ കാലഘട്ടം എന്തൊക്കെ സാധ്യതകള്‍ നമുക്ക് തരുന്നുണ്ടെന്ന് ആലോചിക്കും. അത് എഴുത്തിലായാലും അവിടുന്ന് കിട്ടുന്ന ഒരോന്ന് ഉപയോഗിക്കുന്നതിലായാലും. അങ്ങനത്തെ ഒരു സ്വഭാവം നമ്മുടെ മേക്കിങ്ങിലുണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്റെയൊരു പ്രോസസിൽ അതുണ്ട്. ജോജിയിൽ നാട്ടുകാരായിട്ടും ബന്ധുക്കാളായിട്ടും അഭിനയിച്ചിരിക്കുന്നവരിൽ പലരും ആ വീട്ടിലെ തന്നെ ആളുകളും ബന്ധുക്കളുമൊക്കെയാണ്. 

ഹൗസ് മെയ്ഡ് ആ വീട്ടിലെ ഹൗസ് മെയ്ഡ് ആണ്. ആവീട്ടിലെ ചേച്ചിയും ചേട്ടനും ഉണ്ടായിരുന്നു. അതിനു മുകളിലത്തെ വീട്ടിലെ അവരുടെ തറവാട്ടിൽ താമസിക്കുന്ന വീട്ടിലെ ചേച്ചിയും ചേട്ടനുമുണ്ടായിരുന്നു. 'ഒരു കല്യാണം കഴിച്ചാൽ നിന്റെ പ്രശ്നങ്ങളൊക്കെ തീരു'മെന്നൊക്കെ പറയുന്ന ഓമനചേച്ചിയൊക്കെ അവിടെയുള്ളവർ തന്നെയാണ്. അവിടെയുണ്ടായിരുന്ന ഒരു സണ്ണിച്ചേട്ടനെയാണ് അവരുടെ ബന്ധുവായി അഭിനയിപ്പിച്ചത്. അങ്ങനെ ആ പ്ലോട്ടിൽ കിട്ടാവുന്നതൊക്കെ ഉൾപ്പെടുത്തിയാണ് സിനിമ ചെയ്തത്. 

ടൈറ്റിൽ കാർഡിൽ എന്തോ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നൊരു ചർച്ച സജീവമാണ്. ബോധപൂർവമാണോ അത്തരമൊരു ശ്രമം?

ഒന്നും ബോധപൂർമവല്ല. സിനിമ കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ആദ്യം കാണുന്നത് ആ ഫോണ്ട് ആണ്. അവരിലേക്ക് ആ സിനിമയുടെ ആദ്യ ഇൻഫർമേഷൻ എത്തുന്നത് അതിലൂടെയാണ്. അപ്പോൾ അത് തീർച്ചയായും അവരെ സ്വാധീനിക്കുന്ന ഘടകമാണ്. സിനിമയുടെ ടൈറ്റിൽ ചെയ്യുന്ന കലാകാരന്മാർ അതിനു വേണ്ടി നല്ല എഫർട്ട് എടുത്തിട്ടുണ്ട്. അവരുമായി ഞാൻ സിനിമയുടെ പ്ലോട്ട് ചർച്ച ചെയ്തിരുന്നു. അവർ അവരുടെ കഴിവുപയോഗിച്ച് ഏറ്റവും നല്ല ഔട്ട്പുട്ടാണ് തന്നത്. ടൈറ്റിൽ എഴുതി കാണിക്കുക എന്നത് വേറുതെ ഒരു കാര്യത്തിനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആ ഫോണ്ടിൽ നിന്നാണ് ആൾക്കാർ കണ്ട് തുടങ്ങുന്നത്. അപ്പോൾ അതിന്റെ കാഴ്ച, രൂപം, കളര്‍, അതിന്റെ സൈസ്, മറ്റു വിശദാംശങ്ങൾ എല്ലാം അതിനെ സ്വാധീനിക്കും. അത് ആളുകള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നോ അതിന് എത്രമാത്രം ആളുകളെ സ്വാധീനിക്കാൻ പറ്റിയെന്നോ ഞാൻ നോക്കാറില്ല. പക്ഷേ, സൂക്ഷിച്ചു നോക്കുന്ന ആളുകൾക്ക് അതിൽ കാണാൻ ഉള്ളത് ഉണ്ടാകണം. അത് ഞാൻ ആഗ്രഹിക്കുന്നുണ്ട്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA