ബിൻസിയായി മനസിൽ കണ്ടത് ജ്യോതിർമയിയെ, ഇരകളുമായുള്ള താരതമ്യം നല്ലത്: ശ്യാം പുഷ്കരൻ അഭിമുഖം

syam-pushkaran-unnimaya
SHARE

ലോലനായ മഹേഷിനും സൈക്കോ ഷമ്മിക്കും ശേഷം ശ്യാം പുഷ്കരൻ ഫഹദിനു നൽകിയ മറ്റൊരു കഥാപാത്രമാണ് ജോജി. ദിലീഷ് പോത്തന്റെ സംവിധാനമികവിൽ ജോജിയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ശ്യാം–ദിലീഷ്–ഫഹദ് കൂട്ടുകെട്ടിലെ പതിവു ചിത്രങ്ങളിൽനിന്നു വ്യത്യസ്തമായി  ക്രൈം ഡ്രാമയാണ് ചിത്രം പറയുന്നത്. ജോജിയുമായി ബന്ധപ്പെട്ട് വിമർശനങ്ങളും കയ്യടികളും ഉയരുമ്പോൾ ചിത്രത്തെക്കുറിച്ച് ശ്യാം പുഷ്കരൻ സംസാരിക്കുന്നു...

ഒടിടി റിലീസ് ആയതിനാൽ നേരിട്ടുള്ള പ്രതികരണം അറിയാൻ കഴിയില്ലല്ലോ? എന്ത് പറയുന്നു എല്ലാവരും?

എല്ലാവരും സിനിമയെക്കുറിച്ച് നല്ലതാണ് പറയുന്നത്. ഉടനെയെങ്ങും പഴയകാലത്തിലേക്ക്  ഒരു മടങ്ങിപ്പോക്കില്ല എന്ന്  ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റ് പറഞ്ഞപ്പോൾ നമുക്ക് വന്ന പ്രഷറിൽ എടുത്ത സിനിമയാണ്.  വട്ടച്ചെലവിനു കാശ് വേണമല്ലോ. അങ്ങനെ പെട്ടെന്നുണ്ടായ കഥയാണ്.  കൂടിയിരുന്ന് ആലോചിച്ച് എഴുതി, ഓർഗാനിക് ആയി വന്ന കഥയല്ല.

പതിവില്ലാത്ത ഒരു ജോണറിൽ ആണല്ലോ പടം, ബോധപൂർവമാണോ?

ബോധപൂർവമാണ്.  ക്രൈം മനുഷ്യർക്ക് വളരെ താല്പര്യമുള്ള വിഷയമാണ്.  ഈ ജോണർ സത്യത്തിൽ, എനിക്ക് ഈസി ആയി അനുഭവപ്പെട്ടു. കാലം കടന്നുപോകുന്തോറും എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല എന്ന് നമുക്ക് തോന്നുന്നുണ്ട്, അത് നമ്മുടെ എഴുത്തിലേക്കും ഫിലിം മേക്കിങ്ങിലേക്കും വരുന്നതാണ്. ഗ്രേ ഏരിയയിൽ കഥാപാത്രം നിൽക്കുമ്പോഴാണ് ഒരു നടന് അഭിനയിക്കാൻ എളുപ്പം.  ഞാനും ദിലീഷും ഫഹദും സുഹൃത്തുക്കളാണ്.  ജീവിതത്തോട് ഒരേ ഐഡിയോളജി ഉള്ള വ്യക്തികളാണ്.  ഒരേതരം കഥാപാത്രങ്ങൾ ആവർത്തിക്കാതിരിക്കുക വലിയ ബുദ്ധിമുട്ടാണ്.  ഇത് ഞങ്ങളുടെ സ്ഥിരം അവതരണശൈലിയിൽ നിന്നും മാറ്റി ചെയ്യാൻ ഒത്തിരി പണിപ്പെട്ടു. 

fahadh-joji-shot

മാക്ബത്തിന്റെ കഥാപാത്ര സൃഷ്ടിയിലേക്ക് എങ്ങനെയാണു എത്തിയത്?

ഇത് ‘മാക്ബത്ത് ലൈറ്റ്’ എന്ന് വേണമെങ്കിൽ പറയാം.  പോത്തൻ ബിരുദാനന്തരബിരുദം ചെയ്തത് നാടകത്തിലാണ്.  പുള്ളിക്ക് ഇഷ്ടമുള്ള ഒരു നാടകമാണ് മാക്ബത്ത്.  ഞാൻ നാടകം വായിച്ചിട്ടില്ല പക്ഷേ മക്ബൂൽ സിനിമ കണ്ടിട്ടുണ്ട്. വിശാൽ സർ ഗംഭീരമായി ചെയ്തിട്ടുണ്ട്, അത് മാക്ബത്ത് പ്രൊ മാക്സ് ആണ്.  ഇത് നമ്മുടെ നാട്ടിൽ നടക്കുന്നതുപോലെ ആക്കാൻ ശ്രമിച്ചു, മാക്ബത്തിന്റെ ഭാരമില്ലാതെ, വലിയ സമ്മർദം കൊടുക്കാതെ ചെയ്തതാണ്.  അത് ചിലകാര്യങ്ങൾ ഈസി ആക്കി. കഥയുടെ ഒരു കാമ്പ് ഷേക്സ്പിയർ തന്നിട്ടുണ്ട്.

ഇരകൾ സിനിമയുമായി ഒരു സമാനത ചിലർ പറയുന്നുണ്ടല്ലോ?

അങ്ങനെ പറയുന്നുണ്ടെങ്കിൽ അതൊരു കോംപ്ലിമെന്റ് ആണ്. അതുമായി താരതമ്യം ചെയ്യപ്പെടുന്നത് തന്നെ വലിയ കാര്യമാണ്.  ഇരകളുടെ  മൂഡ് ഉണ്ട് എന്നല്ലാതെ വലിയ ബന്ധമില്ല. റബ്ബർ തോട്ടം ഒക്കെ കണ്ടിട്ട് തോന്നുന്നതാകാം. അങ്ങനെ പറയുന്നവർ ഇരകളും ജോജിയും മനസ്സിലാക്കിയിട്ടില്ല എന്ന് ഞാൻ പറയും.  ബേബിയുടെ ചില എലമെന്റ്സ് ഉണ്ട് ജോജിക്ക്. ജോജിക്ക് കൂടുതലും ആർത്തിയാണ്. ബേബി റിബൽ ആണ്, സൊസൈറ്റിയെ ഉപയോഗിക്കാനും പറ്റിക്കാനുമൊക്കെ കഴിയുന്ന ഒരാളാണ് ജോജി.

കഥ എഴുതണമെങ്കിൽ ലൊക്കേഷൻ കാണണം എന്നു പറയുന്നത് ശരിയാണോ?

പത്മരാജൻ സാറും ഭരതൻ സാറും ഒക്കെ അങ്ങനെ ചെയ്തിരുന്നതായി കേട്ടിട്ടുണ്ട്.  ലൊക്കേഷൻ പോയി കണ്ടാൽ അതിനനുസരിച്ച് സ്ക്രീൻപ്ലേ നന്നായി എഴുതാം.  

ഫഹദ് ഫാസിൽ വളരെ മെലിഞ്ഞിരിക്കുന്നല്ലോ, സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്തതാണോ?

അല്ല. അതു നമ്മളായി ചെയ്തതല്ല.  ഈ സിനിമ തുടങ്ങുമ്പോൾ ഫഹദ്, മാലിക്ക് എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിൽ രണ്ടുമൂന്ന് ഗെറ്റപ്പ് ചെയ്യുന്നുണ്ട്.  അതിനുവേണ്ടിയാണ് മെലിഞ്ഞത്. അതിനിടയിലാണ് ഈ ചിത്രത്തിനു ഡേറ്റ് തന്നത്.  പിന്നെ തടി വയ്ക്കാൻ കഴിഞ്ഞില്ല, എന്നാൽ അത് ഈ കഥാപാത്രത്തിന് ഗുണം ചെയ്തതേയുള്ളൂ. കുട്ടപ്പൻ ചേട്ടായിയുടെ മൂന്നു മക്കളുടെ പ്രായത്തിന്റെ വ്യത്യാസം കാണിക്കാൻ പറ്റി.  

joji-baburaj-2

എന്തുകൊണ്ടാണ് ബാബുരാജ് ?

ആദ്യഘട്ടത്തിൽ തന്നെ ജോമോനായി ബാബുരാജിനെ തന്നെ തീരുമാനിച്ചിരുന്നു.  ഞാനും ഉണ്ണിമായയും പോകുന്ന ജിമ്മിലാണ് ബാബു ചേട്ടൻ വരുന്നത്.  അദ്ദേഹം ഞങ്ങളെ വെയിറ്റ് എടുക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ട്.  പണ്ട് സാൾട്ട് ആൻഡ് പെപ്പർ ഒരുമിച്ച് ചെയ്തതാണ്. അത് പുള്ളിക്ക് ഒരു ബ്രേക്ക് ആയിരുന്നു, ഇനി മറ്റൊരു ബ്രേക്ക് തരൂ എന്ന് കളിയായി ബാബുവേട്ടൻ പറയാറുണ്ട്.  ഞാനും പോത്തനും ചർച്ച ചെയ്തപ്പോൾ ബാബുരാജിന്റെ പേരുതന്നെയാണ് ആദ്യം തന്നെ വന്നത്.  പോത്തൻ ബാബുരാജിനെ മോൾഡ് ചെയ്യുന്നതിൽ വിജയിച്ചു.

ബിൻസിയെ  എഴുതിയപ്പോൾത്തന്നെ ഉണ്ണിമായയെ ആണോ കണ്ടത്?

ആ കഥാപാത്രം ഉണ്ണിമായ ചെയ്യണം എന്നില്ലായിരുന്നു. ജ്യോതിർമയിയോ മറ്റാരെങ്കിലുമോ ചെയ്യട്ടെ എന്നൊരു ഐഡിയ ആയിരുന്നു ഉണ്ടായിരുന്നത്.  പോത്തൻ പറഞ്ഞു ഉണ്ണിമായ മതി, നീ അവളെ മനസ്സിൽ കണ്ട് എഴുതൂ എന്ന്.  കൂടെയുള്ള ആളായതുകൊണ്ട് എനിക്ക് ഉണ്ണിമായയെ ജഡ്ജ് ചെയ്യാൻ പ്രയാസമാണ്. ഞാൻ ഒട്ടും ഫീഡ്ബാക്ക് കൊടുത്തിട്ടില്ല. എല്ലാം പോത്തനാണ് ചെയ്തത്.  ഉണ്ണിമായയുടെ കഥാപാത്രത്തിന്റെ ക്രെഡിറ്റും പോത്തനു തന്നെയാണ്.  

എന്തുകൊണ്ട് ഒടിടി?

കോവിഡ് കാരണം തന്നെയാണ് ഒടിടി തിരഞ്ഞെടുത്തത്. എന്റർടെയ്ൻമെന്റ് ചെയ്യുമ്പോൾ നിങ്ങൾ ആ ലോകത്ത് പെടുന്നുണ്ടോ എന്നുമാത്രമാണ് നോക്കുക.  ആൾക്കാർ എല്ലാ സീനിലും ചിരിക്കണം എന്നുള്ള മോഹമൊക്കെ കുറച്ചു നാൾ മുൻപേ ഉപേക്ഷിച്ചിരുന്നു. അടുത്തകാലത്തൊന്നും തിയറ്റർ പഴയനിലയിലേക്ക് എത്തുമെന്ന് തോന്നിയില്ല, എന്നാൽ സാമ്പത്തികമായി സ്റ്റെബിലിറ്റിയും വേണം.  സാമ്പത്തികമായി പിടിച്ചു നില്ക്കാൻ വേണ്ടിത്തന്നെയാണ് ഈ സിനിമ ചെയ്തത്.  

ഞങ്ങൾ ഒരു കമ്പനി നടത്തുന്നുണ്ട്, അവിടെ ജോലിക്കാരുണ്ട്, അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നു. ആൾക്കാർ കഷ്ടപ്പെട്ട് തിയറ്ററിൽ വന്നു സിനിമ കാണുമ്പോൾ അവർക്ക് കൊടുക്കാൻ ഒരു നല്ല ക്ലൈമാക്സ് വേണം.  ഇത് ആദ്യം മുതലേ ഒടിടിക്ക് വേണ്ടി ചെയ്തതായതുകൊണ്ടു ക്ലൈമാക്സ് പ്രഷർ ഇല്ലായിരുന്നു, അതുകൊണ്ടു തന്നെ ജോജി ഒരു ബെറ്റർ വർക്ക് ആയി എന്ന് തോന്നുന്നു.  ഒരു ഫിലിം മേക്കറിന് ക്ലൈമാക്സ് ഒരു കീറാമുട്ടിയാണ്.  ഇവിടെ ഞങ്ങൾ ആ പ്രഷർ എടുത്തില്ല.

തെറി കൂടുതൽ ഉപയോഗിച്ചു  എന്ന് അഭിപ്രായമുണ്ടല്ലോ?

ഒരുപാട് ഡയലോഗ് പറയുന്നതിനു പകരം  ഒരു തെറി ഉപയോഗിച്ചാൽ മതി എന്ന് തോന്നിയിട്ടുണ്ട്, അപ്പോൾ ഒരുപാട് എഴുതേണ്ട. സെൻസർ ബോർഡിന് കൂടി കുഴപ്പമില്ല എന്നു തോന്നുന്ന തെറി കണ്ടുപിടിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടാറുണ്ട്.  അങ്ങനെയാണ് "പൊന്നു നായിന്റെ മോനേ" എന്നൊക്കെ എഴുതേണ്ടി വരുന്നത്.  ഈ സിനിമയിൽ ഈ വീട്ടിലെ ആൾക്കാർ തെറി പറയുന്ന ആളുകളാണ് എന്നാണ് അവതരിപ്പിച്ചിരിക്കുന്നത്.

രണ്ടാമത്തെ കാഴ്ചയിലാണ് ഒന്നുകൂടി ആഴത്തിൽ മനസ്സിലാക്കാൻ കഴിയുക എന്ന് എല്ലാവരും പറയുന്നുണ്ട്. ‘പോപ്പി എന്റെ മോൻ ആണെന്ന് തോന്നുമോ’ എന്ന് ബാബുവേട്ടൻ ചോദിച്ചിരുന്നു. ഞാൻ പറഞ്ഞു അതൊക്കെ മനസ്സിലാകും പ്രേക്ഷകർ ബുദ്ധിയുള്ളവരാണ്. കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നുള്ള ജോലി ഒഴിവാക്കിയിട്ടുണ്ട്. കഥാപാത്രങ്ങൾ അവരുടെ ജോലിയിൽ അങ്ങ് പ്രവേശിക്കുകയാണ്, രണ്ടു മണിക്കൂർ ഉണ്ടല്ലോ, അതിനിടയിൽ പ്രേക്ഷകർ മനസ്സിലാക്കിക്കൊള്ളും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA