ADVERTISEMENT

മലയാളിയാണെങ്കിലും ഗൗരി ജി. കിഷനെ തേടി ആദ്യമെത്തിയതൊരു തമിഴ് സിനിമയാണ്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നതിനിടെയെത്തിയ ആ സിനിമ മലയാളികളുടെ മനസ്സു കീഴടക്കി – വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ച, സി.പ്രേംകുമാറിന്റെ ‘96’. സിനിമയിൽ നായിക ജാനുവിന്റെ കൗമാരമുഖമായിരുന്നു ഗൗരിയുടേത്. ആ വേഷം ലഭിച്ചത് ഓഡിഷനിലൂടെയായിരുന്നുവെന്നു ഗൗരി പറയുന്നു. ‘അഞ്ച് റൗണ്ട് ഓഡിഷൻ ഉണ്ടായിരുന്നു. എന്നാൽ ഉടനെയൊന്നും തിരഞ്ഞെടുപ്പിന്റെ വിവരങ്ങളൊന്നും അറിഞ്ഞില്ല. ഒടുവിൽ കോളജിൽ ബിരുദകോഴ്സിനു പോയി മാസങ്ങൾ കഴിഞ്ഞപ്പോഴാണു തിരഞ്ഞെടുക്കപ്പെട്ടെന്ന അറിയിപ്പെത്തിയത്.’ 

 

ആദ്യ ചിത്രത്തിലെ അഭിനയം തന്നെ ശ്രദ്ധിക്കപ്പട്ടതോടെ തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങൾ തേടിയെത്തി.  കാത്തിരിപ്പിനൊടുവിൽ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണു ഗൗരി. സണ്ണി വെയ്നിന്റെ നായികയായി അഭിനയിക്കുന്ന ‘അനുഗൃഹീതൻ ആന്റണി’ തിയറ്ററുകളിലെത്തിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം റിലീസിങ് നീണ്ടുപോയെങ്കിലും ഇപ്പോൾ തിയറ്ററുകളിൽനിന്നു മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണു ഗൗരി. 

 

തമിഴിൽ 4 ചിത്രങ്ങളും തെലുങ്കിൽ 3 ചിത്രങ്ങളും ഇപ്പോൾ ഗൗരി പൂർത്തിയാക്കിക്കഴിഞ്ഞു. വിജയിനൊപ്പം ‘മാസ്റ്റർ’ എന്ന മാസ് ചിത്രത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം ലഭിച്ചു. വിജയുമൊത്തുള്ള അഭിനയാനുഭവം ഒരിക്കലും മറക്കാനാകില്ലെന്നു ഗൗരി പറയുന്നു. ‘ഗ്ലോബൽ സ്റ്റാറായതിന്റെ ഒരു ജാഡയുമില്ല അദ്ദേഹത്തിന്. സെറ്റിലെത്തിയാൽ ഫുൾ തമാശകളൊക്കെ പൊട്ടിച്ച് ആൾ ഭയങ്കര ജോളി ആണ്. ആദ്യ ദിവസത്തെ ഷൂട്ട് തന്നെ വിജയ് സാറിനോടൊപ്പമായിരുന്നു. എന്നെ കണ്ടപ്പോൾ 96ലെ അഭിനയം ഇഷ്ടപ്പെട്ടെന്ന കോംപ്ലിമെന്റ്. മാസ്റ്ററിൽ ഒരു സീനിൽ വിജയ് സാറിനെ അനുകരിച്ചു ഞാൻ നടന്നുവരുന്നൊരു രംഗമുണ്ട്. ഇതു കണ്ട് എന്നെ ഒരുപാട് അഭിനന്ദിച്ചു.’ 

 

ധനുഷിന്റെ കർണൻ എന്ന സിനിമയിലും വളരെ ശ്രദ്ധേയമായ വേഷം ഗൗരി ചെയ്യുന്നുണ്ട്. അമ്മ വൈക്കം സ്വദേശിനിയും അച്ഛൻ അടൂരുകാരനുമാണെങ്കിലും ഗൗരി പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com