‘ഇരകൾ’ ഒരുപാട് സ്വാധീനിച്ച സിനിമ, ആ മികവ് ‘ജോജി’യിൽ അവകാശപ്പെടുന്നില്ല: ദിലീഷ് പോത്തൻ

SHARE

ദിലീഷ് പോത്തൻ എന്ന സംവിധായകൻ ആകെ ചെയ്തത് മൂന്നു ചിത്രങ്ങൾ ആണെങ്കിലും പൂർണതയുടെ കാര്യത്തിൽ അവയോരോന്നും പുതിയ നാഴികക്കല്ലുകളാണ് മലയാള സിനിമയിൽ സൃഷ്ടിച്ചത്. ആദ്യ കാഴ്ചയിൽ അനുഭവിക്കാവുന്നതും ഒന്നിലേറെ കാഴ്ചയിൽ വെളിപ്പെട്ടു വരുന്നതുമായ നിരവധി ലെയറുകളുണ്ടാകും ഓരോ സിനിമയിലും. 'പോത്തോട്ടൻ ബ്രില്ല്യൻസ്' എന്ന വാക്കിലൂടെയാണ് പ്രേക്ഷകർ ആ മികവിനെ അടയാളപ്പെടുത്തുക. ഗൗരവമായി സിനിമയെ പിന്തുടരുന്നവർക്ക് തീർച്ചയായും ഒരു പാഠപുസ്തകമാണ് ദിലീഷ് പോത്തന്റെ ഓരോ സിനിമകളും. മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ തന്റെ മെയ്ക്കിങ് രീതികളെക്കുറിച്ചും സമർത്ഥരായ തന്റെ ടീമംഗങ്ങളെക്കുറിച്ചും ദിലീഷ് പോത്തൻ മനസു തുറക്കുന്നു. 

ആദ്യത്തെ രണ്ടു സിനിമകൾ ഓരോ വർഷത്തെ ഇടവേളയിൽ സംഭവിച്ചു. മൂന്നാമത്തെ സിനിമ വരുന്നത് നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ്. എന്തുകൊണ്ടാണ് ഇത്രയും സമയമെടുത്തത്?

തൃപ്തികരമായ സിനിമയിലേക്ക് എത്തിപ്പെടാനെടുത്ത സമയം എന്നു തന്നെയാണ് എനിക്കതിനെക്കുറിച്ച് പറയാനുള്ളത്. ഈയൊരു കാലഘട്ടത്തിൽ ഞാൻ സിനിമയിൽ സജീവമായിരുന്നു. അഭിനയമായിട്ടും പ്രൊഡക്ഷൻ ആയിട്ടും ഞാൻ സിനിമയയ്ക്കൊപ്പം തന്നെയുണ്ടായിരുന്നു. ആ കാലഘട്ടം ക്രീയേറ്റീവ് ആയി തന്നെ ഞാൻ ആസ്വദിച്ചു. 2017ൽ തൊണ്ടിമുതൽ ഇറങ്ങിയതിനു ശേഷം തന്നെ മൂന്നാമത്തെ സിനിമയ്ക്കു വേണ്ടിയുള്ള എന്റെ ശ്രമം ഞാൻ തുടങ്ങിയിരുന്നു. പലതും പാതിവഴിയിൽ നിന്നു പോവുകയോ അതിന്റെ വളർച്ചയിൽ പൂർണമായ തൃപ്തി തോന്നാതിരിക്കുകയോ ചെയ്യുന്ന തരത്തിൽ മാറിയും മറിഞ്ഞും പോയി. അവസാനം പൂർത്തിയാക്കാൻ കഴിഞ്ഞ പ്രൊജക്ട് ജോജിയായി മാറി എന്നതാണ് യാഥാർഥ്യം. 

joji-movie

ജോജിയിലേക്ക് വന്നാൽ അതിന്റെ പിന്നണിയിൽ സൂക്ഷ്മവും ദൈർഘ്യമേറിയതുമായ ഒരുക്കങ്ങൾ സംഭവിച്ചിട്ടുണ്ടല്ലോ. എങ്ങനെയായിരുന്നു അത്?

മഷർ ഹംസയുടെ കോസ്റ്റ്യൂം ആണെങ്കിലും റോണക്സ് ചെയ്ത മേക്കപ്പ് ആണെങ്കിലും എല്ലാം സിനിമയുടെ പൂർണതയ്ക്ക് ബലമേകി. കുട്ടപ്പൻ ചേട്ടന്റെ മൂന്നു ഗെറ്റപ്പുകൾ പ്രത്യക്ഷത്തിൽ വലുതല്ലെങ്കിലും പ്രാധാന്യമർഹിക്കുന്നതാണ്. ആരോഗ്യവാനായ കുട്ടപ്പൻ ചേട്ടനുണ്ട്... പക്ഷാഘാതത്തിനു ശേഷമുള്ള കുട്ടപ്പൻ ചേട്ടനുണ്ട്... സർജറിക്കു ശേഷമുള്ള ഗെറ്റപ്പുണ്ട്... എല്ലാം സൂക്ഷ്മതയോടെ ചെയ്തവയാണ്. ഷൈജു ഖാലിദിന്റെ ക്യാമറ ഈ സിനിമയ്ക്കു വേണ്ടി എത്രത്തോളം കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ടോ അത്രത്തോളം തന്നെ സിനിമയുടെ ആർട് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈൻ ചെയ്ത ഗോകുലും ചെയതിട്ടുണ്ട്. എരുമേലിയിൽ പോയി ഞങ്ങൾ ആ വീട് കാണുമ്പോൾ അവിടെ താമസക്കാരില്ല. കുറെ നാളുകളായി അടഞ്ഞു കിടന്നിരുന്ന വീടാണ്. ആ വീടിനെ പനച്ചേൽ കുട്ടപ്പന്റെ വീടാക്കി മാറ്റാൻ കുറച്ചു പണിയുണ്ടായിരുന്നു. സമയത്തിന്റെ പരിമിതി... കോവിഡിന്റെ സാഹചര്യം... കുളം കുത്തി സെറ്റ് ചെയ്യുക... ഇതൊക്കെ ഗോകുൽ വളരെ രസമായി ചെയ്തു. വീട്ടിൽ നിന്ന് വിളിച്ചാൽ കേൾക്കാവുന്ന ദൂരത്തിൽ എന്നാൽ കാഴ്ച എത്താത്ത ദൂരത്തിൽ ഒരു കുളം ഈ സിനിമയ്ക്ക് ആവശ്യമായിരുന്നു. അത് ഗ്രാഫിക്സ് ചെയ്ത് ഷൂട്ട് ചെയ്യാനൊക്കെ ആദ്യം ആലോചിച്ചിരുന്നെങ്കിലും അതു സിനിമയെ ബാധിക്കുമെന്നു കരുതി വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതുകൊണ്ട് ഞങ്ങൾ കുളം കുത്തി. അതിന് പഴക്കം തോന്നിപ്പിക്കുന്ന തരത്തിൽ ആർട് ചെയ്തെടുത്തു. 

എല്ലാ വർക്കുകളും സീൻ ഓർഡറിൽ തന്നെയാണോ ഷൂട്ട് ചെയ്യുന്നത്?

എല്ലാ വർക്കുകളും അത്തരത്തിൽ പ്രായോഗികമാണോ എന്നറിയില്ല. എന്നാലും മഹേഷും തൊണ്ടിമുതലും ജോജിയും അങ്ങനെയൊരു ഓർഡറിൽ തന്നെയാണ് ഷൂട്ട് ചെയ്തത്. ഓരോ സെഗ്മന്റുകളും തീർത്താണ് അടുത്തതിലേക്ക് പോയത്. അതു സിനിമയുടെ ടോട്ടാലിറ്റിക്ക് ഒരുപാടു സഹായിച്ചിട്ടുണ്ട്. അഭിനയിക്കുന്നവർക്കും അതിലെ സാങ്കേതികപ്രവർത്തകർക്കും എനിക്കും അതു സഹായകരമാണ്. ഞാനെത്ര വിശദീകരിച്ചു കൊടുത്താലും അതു യാഥാർത്ഥ്യമാകുന്നതിനു മുൻപ് എല്ലാവരുടേയും മനസിലാണ് ആ സിനിമ ഉള്ളത്. സീൻ ഓർഡറിൽ ഷൂട്ട് ചെയ്യുമ്പോൾ നമ്മൾ മനസിൽ കണ്ട സിനിമ അതേ ഓർഡറിൽ അൽപം മന്ദഗതിയിൽ പരുവപ്പെട്ടു വരുന്നത് കാണാം. ആദ്യം നമ്മൾ മനസിലൊരു സിനിമ കാണുന്നു. അതിനെ നമുക്ക് ഓർഡറിൽ കാണാം. അങ്ങനെ എക്സ്പീരിയൻസ് ചെയ്യുന്നതിന്റെ ടൈംലാപ്സ് ആണ് അവസാനം സിനിമ ആയിട്ടു മാറുന്നത്. 

ഒരു സീൻ പറഞ്ഞു കൊടുക്കുമ്പോൾ അത് എങ്ങനെയാണ് ആ ആക്ടർ അഭിനയിക്കുക എന്നത് നമ്മുടെ ഒരു പ്രതീക്ഷ ആണല്ലോ. പ്രായോഗികമായി അതു ഷൂട്ട് ചെയ്തു വരുമ്പോൾ ഒരുപാടു തടസങ്ങളും മാറ്റങ്ങളും ഒക്കെ സംഭവിക്കും. എന്തെങ്കിലും പോരായ്മകൾ സംഭവിച്ചാൽ അതിൽ തിരുത്തലുകൾ വരുത്തുന്നതിൻ ഇങ്ങനെ ഷൂട്ട് ചെയ്യുന്നത് സഹായകരമാണ്. അഭിനേതാക്കളും സിനിമയുടെ ആ പ്രോസസിൽ അങ്ങു കേറും. 'A' എന്ന സീൻ കഴിഞ്ഞിട്ടാണല്ലോ 'B' എന്ന സീൻ ചെയ്യേണ്ടത്. അതേ ഓർഡറിൽ ചെയ്യുമ്പോൾ അത് അഭിനേതാക്കൾക്കും ഗുണം ചെയ്യും. അവർക്ക് അത് ശരിക്കും അനുഭവിച്ച് ചെയ്യാൻ കഴിയും. എന്നാൽ എല്ലാ പ്രൊജക്ടുകളിലും അതു പ്രായോഗികമാകണമെന്നില്ല. ഞാനെന്തായാലും വളരെ കഷ്ടപ്പെട്ടാണെങ്കിലും എന്റെ മൂന്നു പ്രൊജക്ടിൽ അതു പിന്തുടർന്നിട്ടുണ്ട്. 

ഇങ്ങനെ ഷൂട്ട് ചെയ്യുന്നത് നിർമാണച്ചെലവ് വർധിക്കുന്നതിന് കാരണമാകാറുണ്ട്. സത്യത്തിൽ ഞാൻ ഇങ്ങനെയുള്ള കാര്യങ്ങൾക്കാണ് പണം ചെലവഴിക്കുന്നത്. അത് സിനിമയ്ക്ക് ഫിനിഷിങ് നൽകുന്നുണ്ട്. ജി.എഫ്.എം പോലുള്ള ഉപകരണങ്ങൾ ജോജിയിൽ ഉടനീളം ഉപയോഗിച്ചിട്ടുണ്ട്. അത് ഒരു ഇലക്ട്രോണിക് ട്രാക്ക് ആന്റ് ട്രോളി ആണ്. 65 ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. ഏകദേശം 50000 രൂപയോളം ആണ് അതിന്റെ പ്രതിദിന വാടക. ജി.എഫ്.എം ചില ഷോട്ടുകൾക്കു നൽകുന്ന സ്മൂത്ത്നസ് പടത്തിന് ആവശ്യമായിരുന്നു. 

താങ്കളുടെ സിനിമയിൽ പലപ്പോഴും 'co-director' എന്ന പേരിൽ ക്രെഡിറ്റ് കാണാറുണ്ട്. അസിസ്റ്റന്റ് അല്ലെങ്കിൽ അസോസിയേറ്റ് എന്നീ രണ്ടു രീതിയിലേ സാധാരണ സിനമകളിൽ കാണാറുള്ളൂ. എന്താണ് 'co-director' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

ജോജിയിൽ എന്റെ കോ ഡയറക്ടേഴ്സ് ആയിട്ട് വർക്ക് ചെയ്തത് അറാഫത്തും റോയിയുമാണ്. തങ്കം എന്ന സിനിമ ഡയറക്ട് ചെയ്യാൻ പോകുന്ന ആളാണ് അറാഫത്ത്. തൊണ്ടിമുതലിലെ എന്റെ  കോ–ഡയറക്ടർ ആയിരുന്നു റോയ്. മധുവും ഉണ്ടായിരുന്നു. അവരുടെ കോൺട്രിബ്യൂഷൻ ഭയങ്കര വലുതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ കരുതുന്നു, ഒരു ഡയറക്ഷൻ ഡിപ്പാർട്ട്മെന്റാണ് ഒരു സിനിമയുടെ നട്ടെല്ല്. മലയാള സിനിമയിൽ പണ്ട് വർക്ക് ചെയ്യുന്ന കാലത്തൊക്കെയാണെങ്കിലും അസിസ്റ്റന്റ് ഡയറക്ടേഴ്സിന് വേണ്ടത്ര വില കിട്ടാറില്ല എന്നാണ് എനിക്ക് സത്യസന്ധമായിട്ട് തോന്നിയിട്ടുള്ളത്. എപ്പോഴും അപമാനിക്കപ്പെടുന്ന, എപ്പോഴും ഓടിക്കുന്ന, എപ്പോഴും കളിയാക്കുന്ന രീതിയിൽ അസിസ്റ്റന്റ് ഡയറക്ടേഴ്സിനെ ട്രീറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്‌. 

പക്ഷേ എനിക്ക് അസിസ്റ്റന്റ് ഡയറക്ടേഴ്സ് അങ്ങനെയല്ല  അവരൊരുപാട്  ഉത്തരവാദിത്വപ്പെട്ട ഒരുപാട് ജോലിചെയ്യുന്ന, ഒരുപാട് ഹാർഡ്‌വർക്ക് ചെയ്യുന്ന ആളുകളാണ് അവർ. ഒരു സിനിമയുടെ പ്രോസസ് എന്ന് പറയുന്നത് ഒരു കൊല്ലത്തോളം ഉണ്ട്. അതിന്റെ ഫസ്റ്റ് ഡേ മുതൽ ഈ പടം റിലീസ് ആയി ഇറങ്ങി ഇന്നും വർക്ക് ചെയ്യുന്നവരാണ് അസിസ്റ്റന്റ് ഡയറക്ടേഴ്സ്. എന്നേപ്പോലെ എല്ലാ ജോലികളും അവരും ചെയ്യുന്നുണ്ട്. അവർ കോ ഡയറക്ടേഴ്സ് ആയിട്ട് നിൽക്കുന്നത് അവർ സിനിമ ചെയ്യാൻ പ്രാപ്തിയുള്ളവർ ആയതുകൊണ്ട് തന്നെയാണ്. അവരുടെ അത്ര വലിയ കോൺട്രിബ‍്യൂഷൻസ് സിനിമയിൽ ഉണ്ട്. എന്റെ എല്ലാ സിനിമകൾക്കും അത് ഗുണം ചെയ്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.

ജോജിയെ ഇരകളുമായി താരതമ്യം ചെയ്യുന്ന തരത്തിൽ ഒട്ടേറെ ചർച്ചകൾ നടക്കുന്നുണ്ട്. എന്താണ് അതിനെക്കുറിച്ച് പറയാനുള്ളത്?

തീർച്ചയായിട്ടും ഞാൻ കണ്ടിട്ടുള്ള സിനിമയാണ് ഇരകൾ. എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള സിനിമയാണ്. കെ.ജി. ജോർജ് സർ അതിലേറെ സ്വാധീനിച്ചിട്ടുള്ള ആളാണ്. അതുകൊണ്ട് ആ സിനിമ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്കും അറിയില്ല. പിന്നെ മധ്യകേരളത്തിൽ അങ്ങനെ‌യൊരു റബർ എസ്റ്റേറ്റകൾക്ക്  നടുവിലെ ഒരു വീട്ടിലെ കഥ പറയുമ്പോൾ, അങ്ങനത്തെ ഒരു പൊതുസ്വഭാവം ഈ രണ്ട് സിനിമകളുടെയും പ്ലോട്ടിലുണ്ട്. ആ കഥ നടക്കുന്ന അന്തരീക്ഷത്തിനുണ്ട്, പശ്ചാത്തലത്തിലുണ്ട് , ചില മാനസികാവസ്ഥകൾ... ചില സാഹചര്യങ്ങൾ ഒക്കെ ഉണ്ടാവാം. ഞാൻ പക്ഷേ ബോധപൂർവ്വം അതിനെ കണ്ക്ട് ചെയ്യാൻ ശ്രമിച്ചിട്ടില്ല. അത്രയും ക്വാളിറ്റിയുള്ള വർക്കാണ് ഇരകൾ. അതുപോലെ പോലെ ക്വാളിറ്റിയുള്ള വർക്കാണ് ജോജി എന്ന് ഞാൻ അവകാശപ്പെടുന്നുമില്ല.

fahadh-joji-movie

അഭിനയത്തിൽ ഇപ്പോൾ സെലക്ടീവ് ആകുന്നുണ്ടോ?

അഭിനയത്തെ കുറച്ചൂടെ സീരിയസ് ആയിട്ട് ഇപ്പോൾ കാണുന്നുണ്ട്. എനിക്ക് വരുന്ന കഥാപാത്രങ്ങളൊക്കെ അധികവും മുഴുനീള ക്യാരക്ടേഴ്സും കൂടുതൽ ദിവസം ആക്ട് ചെയ്യേണ്ട വലിയ ക്യാരക്ടേഴ്സും ഒക്കെ ആണ്. പണ്ട് കുറച്ചു ദിവസങ്ങളിൽ സിനിമയിൽ അഭിനയിച്ചാൽ മതിയാരുന്നു. ഇപ്പോൾ ഒരു സിനിമയിൽ 30–40 ദിവസത്തെ ഡേറ്റ് ആണ് കൊടുക്കേണ്ടി വരുന്നത്. അപ്പോൾ ഒരു വർഷത്തിൽ ചെയ്യാൻ പറ്റുന്ന സിനിമകളുടെ എണ്ണം സ്വാഭാവികമായി കുറയും. പണ്ട് എന്നെ തേടി വരുന്ന ക്യാരക്ടേഴ്സ് ഒക്കെ എനിക്ക് സമയമുണ്ടെങ്കിൽ ഞാൻ ചെയ്യാൻ ശ്രമിക്കുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ഞാൻ കുറച്ചുകൂടെ എനിക്കും കൂടെ ചെയ്യാൻ പറ്റുന്നതാണോ, ആ സന്തോഷം കിട്ടുന്നതാണോ എന്ന് ഞാൻ നോക്കാറുണ്ട്. ഇനി അത് എൻജോയ് ചെയ്യാതെ ആ ജോലി എനിക്ക് ചെയ്യാൻ പറ്റും എന്നു തോന്നുന്നില്ല. വരാനുള്ള പടങ്ങൾ മാലിക്, പട, കള്ളൻ ഡിസൂസ, ജിബൂട്ടി അങ്ങനെ 4 സിനിമകൾ ആണ്. പിന്നെ പ്രകാശൻ പറക്കട്ടെ എന്നു സിനിമയും ഉണ്ട്. ഇനി അഭിനയിക്കാനുള്ള പടം കടുവയാണ്. ഭീഷ്മ ചെയ്തുകൊണ്ടിരിക്കുന്നു. 

അടുത്ത സിനിമ എപ്പോൾ പ്രതീക്ഷിക്കാം?

അടുത്ത സിനിമയ്ക്കുവേണ്ടി ഒന്നിലധികം പ്രോസസുകൾ നടക്കുന്നുണ്ട്. തിയറ്ററിനു പറ്റുന്ന സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ആഗ്രഹങ്ങൾ എപ്പോഴും സഫലമാകാറില്ല. വേറൊന്നായിരിക്കും വരിക. പറയാൻ പറ്റില്ല. തിയറ്ററിനു പറ്റുന്ന, കുറച്ചുകൂടെ കൊമേഷ്യൽ ആയിട്ടുള്ള ഒരു എന്റർടെയ്നർ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കുറച്ച് ഫാൻസിനൊക്കെ വേണ്ടിയിട്ടുള്ള സിനിമ!  എനിക്ക് കുറച്ചുകൂടെ ഫ്രീഡം കിട്ടിയാൽ കൊള്ളാമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. ഫ്രീ ആയിട്ട് സിനിമ ചെയ്യാൻ പറ്റണമെന്നാണ് എനിക്കും ആഗ്രഹം. രണ്ടു മൂന്ന് ഐഡിയയകൾ ഉണ്ട്. ചില വിഷയങ്ങൾ വർക്ക് ചെയ്തുവരുമ്പോൾ ചില ജംങ്ഷൻസിൽ അത് എത്തുകയും അതിനൊരു ചെറിയ പ്രതിസന്ധി ഉണ്ടാകുകയുമാണ്. അപ്പോൾ ഞാൻ അതിനെ അങ്ങോട്ട് മാറ്റി വയ്ക്കും. കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും അതിലേക്ക് എത്തും. അങ്ങനെ മൂന്നാമത് വേറൊരു സിനിമ പ്ലാൻ ചെയ്ത് വന്നപ്പോഴാണ് കോവിഡ് വന്നത്. ഈ സമയത്ത് ആ സിനിമ പ്രായോഗികമല്ലായിരുന്നു. ആ പ്രൊജക്ട് ഉപേക്ഷിച്ചിട്ടില്ല. അതിന്റെ  പ്രീപ്രൊഡക്ഷൻ  പ്രവർത്തനങ്ങളും റിസേർച്ചുകളും ഒക്കെ അതിന്റെ ഭംഗിക്കുതന്നെ നടക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA