ADVERTISEMENT

‘ഏഴാം അറിവി’നു ശേഷം മലയാളത്തിന്റെ സ്വന്തം ഗിന്നസ് പക്രു വീണ്ടും തമിഴ് മനസ്സ് കീഴടക്കാനൊരുങ്ങുന്നു. തമിഴകത്തിന്റെ മിന്നും താരം പ്രഭുദേവയുടെ ‘ഭഗീര’യും യുവതാരം ജീവയും ആക്‌ഷൻ കിങ് അർജുനും ഒന്നിക്കുന്ന ‘മേധാവി’യുമാണ് പക്രുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന തമിഴ് സിനിമകൾ. പക്രു മനോരമ ‘കൊട്ടക’യോട്...

 

പുതിയ സിനിമകൾ

 

ഭഗീരയും മേധാവിയും തിയറ്ററുകളെ ഇളക്കിമറിക്കാൻ പോകുന്ന ചിത്രങ്ങളായിരിക്കും. ഭഗീരയിൽ പ്രഭുദേവ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നത്. അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിന്റെ ബാല്യകാല സുഹൃത്തായാണ് എന്റെ വേഷം. രണ്ടു ഗെറ്റപ്പുകളിലാണു ഞാനും അഭിനയിക്കുന്നത്. ഭഗീര സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രനാണ്. ഗാനരചയിതാവ് പി.വിജയ് ആണ് മേധാവിയുടെ സംവിധായകൻ. പ്രഭുദേവയുമൊത്ത് ആദ്യമായാണ് അഭിനയിക്കുന്നത്. ജീവയുമായുള്ള രണ്ടാമത്തെ സിനിമയാണ്. ഡിഷ്യുമിലാണ് ആദ്യമായി അഭിനയിച്ചത്. 

 

guiness-pakru

സംവിധാനം, പുരസ്കാരം 

 

മലയാളത്തിൽ എന്റെ രണ്ടു തിരക്കഥകൾ സിനിമയാക്കാൻ ഒരുങ്ങുകയാണ്. ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. 1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവനാണ് എന്റെ ആദ്യ ചിത്രം. അദ്ഭുതദ്വീപിലൂടെ ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് നേടി. 2013ൽ കുട്ടീം കോലിലൂടെ സംവിധായകനായി. പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോർഡും ഈ സിനിമ നേടിത്തന്നു. അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. 

 

ജീവയ്ക്കൊപ്പം അഭിനയിച്ച ഡിഷ്യൂം എന്ന സിനിമയിലൂടെ തമിഴ് സ്റ്റേറ്റ് ഫിലിം അവാർഡ് ലഭിച്ചു. 2018 ഏപ്രിൽ 21നു ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീകരിച്ച് ലിംക ബുക് ഓഫ് റെക്കോർഡ്‌സ്, യൂണിവേഴ്സൽ റെക്കോർഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ 3 സംഘടനകളുടെ റെക്കോർഡുകൾ ഒരു ദിവസം ഏറ്റുവാങ്ങാനുള്ള ഭാഗ്യം ലഭിച്ചു. 

 

കോവിഡിനെ കീഴടക്കിയ കഥ

 

കോവിഡിനെ കീഴടക്കുകയല്ല, മറികടന്നു എന്നു പറയുന്നതാണു നല്ലത്. പ്രത്യേകിച്ചു ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. മേക്കപ്പ്് അസിസ്റ്റന്റിന് പോസിറ്റീവായപ്പോൾ പരിശോധിച്ചതാണ്. അപ്പോൾ എനിക്കും പോസിറ്റീവ്. പിന്നീട് ക്വാറന്റീനിൽ കഴിഞ്ഞു. ദൈവം സഹായിച്ചു മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. വീട്ടിലാരും പോസിറ്റീവായില്ല എന്നതും ദൈവാനുഗ്രഹം. 

 

ചില വീട്ടുകാര്യങ്ങൾ

 

മകൾ ദീപ്തകീർത്തി ഇപ്പോൾ ചില നൃത്തപരിപാടികളൊക്കെയായി കലാരംഗത്തേക്കു വരുന്നുണ്ട്. ഇനി ഏഴാം ക്ലാസിലേക്കാണ്. ഡാൻസിനൊപ്പം വരയും ഇഷ്ടമാണ്. സിനിമകളോടും താൽപര്യമുണ്ട്. അവളുടെ താൽപര്യം എന്താണോ അതു പ്രോത്സാഹിപ്പിക്കാനാണ് എന്റെയും ഭാര്യ ഗായത്രിയുടെയും തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com