ADVERTISEMENT

‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നതിനു മുൻപു തന്നെ മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് സംവിധായകൻ ജീത്തു ജോസഫിന്റെ മനസ്സിൽ രൂപപ്പെട്ടിരുന്നു. അത് അദ്ദേഹം മോഹൻലാലിനോടു പറയുകയും അദ്ദേഹം പച്ചക്കൊടി കാട്ടുകയും ചെയ്തു. പക്ഷേ, ക്ലൈമാക്സ് മാത്രമേ കയ്യിലുള്ളൂ. ഇനി കഥ രൂപപ്പെടണം. അതിനു വർഷങ്ങൾ തന്നെ എടുക്കാം. ഹൈദരാബാദിൽ വെങ്കിടേഷ് നായകനാകുന്ന ദൃശ്യം 2 തെലുങ്ക് പതിപ്പിന്റെ ചിത്രീകരണത്തിനിടെ ജീത്തു സംസാരിക്കുന്നു.

 

ദൃശ്യത്തിന്റെ ഏതു ഭാഗമാണു മികച്ചത്?

 

എന്നെ സംബന്ധിച്ചു രണ്ടും ഒരുപോലെയാണ്. ‘ദൃശ്യ’ത്തിന്റെ ആശയം രൂപപ്പെട്ടത് 20 വർഷം മുൻപാണ്. അതങ്ങനെ വർഷങ്ങളോളം മനസ്സിൽ കിടന്നു. 2010ൽ തിരക്കഥയാക്കി. എഴുതാൻ രണ്ടു മാസമേ വേണ്ടിവന്നുള്ളൂ. എന്റെ അസിസ്റ്റന്റിനു വേണ്ടിയാണ് എഴുതിയതെങ്കിലും അദ്ദേഹത്തിനു സിനിമയാക്കാൻ സാധിച്ചില്ല. തിരക്കഥ തിരിച്ചുവാങ്ങി ഞാൻ സംവിധാനം ചെയ്യുകയായിരുന്നു. 2013ൽ ‘ദൃശ്യം’ ഇറങ്ങിയപ്പോൾ രണ്ടാം ഭാഗം വരുമോയെന്നു പലരും ചോദിച്ചു. ഇല്ലെന്നാണ് അന്നു ഞാൻ പറഞ്ഞത്. എന്നാൽ, 2015 ആയപ്പോൾ മറ്റു പലരും ദൃശ്യത്തിന്റെ രണ്ടാം ഭാഗം എഴുതാൻ തുടങ്ങി. അപ്പോഴാണ് അതെക്കുറിച്ചു ജീത്തുവിനു ചിന്തിച്ചുകൂടേയെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ ചോദിച്ചത്. അങ്ങനെ 4 വർഷം കൊണ്ടു രൂപപ്പെട്ടതാണു ദൃശ്യം 2ന്റെ കഥ.

 

ഹിറ്റാകുമെന്നു പ്രതീക്ഷിച്ചിരുന്നോ?

 

തിരക്കഥ പൂർത്തിയായപ്പോൾ നല്ല സിനിമ ആയിരിക്കുമെന്ന് ഉറപ്പായിരുന്നു. എങ്കിലും ആദ്യ ഭാഗത്തിന്റെയത്ര പോരാ എന്നു പറഞ്ഞേക്കാമെന്നു ഞാൻ ആന്റണിയോടു സൂചിപ്പിച്ചു. അതൊന്നും സാരമില്ല, പടം നന്നായാൽ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടാം ഭാഗത്തിന്റെ കാര്യത്തിൽ പ്രേക്ഷകർക്ക് അമിത പ്രതീക്ഷയുണ്ടാകും. ആ ഭയത്തോടെയാണു ചെയ്തത്. രണ്ടാം ഭാഗം ചെയ്യരുതെന്നു ഭാര്യയും മക്കളും ഉപദേശിച്ചിരുന്നു. തിരക്കഥ പൂർത്തിയായപ്പോൾ ആദ്യം വായിക്കാൻ കൊടുത്തതും അവർക്കാണ്.  

 

ദൃശ്യം 2 റിലീസ് ചെയ്യുമ്പോൾ ഞാൻ ഹൈദരാബാദിൽ ആയിരുന്നു. രാത്രി സിനിമ റിലീസായി. രാവിലെ എഴുന്നേൽക്കുമ്പോൾ ഫോണിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ 650 മെസേജ്. എന്റെ ഒരു സിനിമയ്ക്കും ഇങ്ങനെ പ്രതികരണം ഉണ്ടായിട്ടില്ല.  

 

ദൃശ്യത്തിന്റെ ആദ്യ ഭാഗം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തു കഴിഞ്ഞു. കൊറിയൻ ഭാഷയിൽ എടുക്കാൻ ചർച്ച നടക്കുന്നു. രണ്ടാം ഭാഗം ഇതുവരെ മൂന്നു ഭാഷകളിലായി.

 

ദൃശ്യം 2 തെലുങ്കു പതിപ്പി‍ൽ വെങ്കിടേഷ്, മീന, നദിയ മൊയ്തു തുടങ്ങിയവരാണു താരങ്ങൾ. ഹൈദരാബാദിലെ ഷൂട്ട് കഴിഞ്ഞാൽ അടുത്ത ഘട്ടം തൊടുപുഴയിലാണ്. അജയ് ദേവ്ഗൺ നായകനായി ഹിന്ദിയിലും എടുക്കുന്നുണ്ട്. പക്ഷേ, സംവിധായകൻ ഞാനല്ല. ഹിന്ദിയും ഞാൻ സംവിധാനം ചെയ്യണമെന്നായിരുന്നു നിർമാതാക്കളുടെ ആഗ്രഹം. പക്ഷേ, അവർക്ക് ഏപ്രിലിൽ ഷൂട്ടിങ് തുടങ്ങണം. െതലുങ്കു പടത്തിന്റെ ഷൂട്ടിങ് ഏപ്രിൽ 23 വരെയുള്ളതിനാൽ ഹിന്ദിയിൽനിന്നു പിന്മാറി. തമിഴിൽ രണ്ടാം ഭാഗം എടുക്കണമെന്നു കമൽഹാസൻ സൂചിപ്പിച്ചിട്ടുണ്ട്. 

 

ചില രംഗങ്ങൾ യുക്തിക്കു നിരക്കുന്നതല്ലെന്ന് ആക്ഷേപമുണ്ടല്ലോ?

 

ഫൊറൻസിക് ലാബിൽനിന്ന് അസ്ഥിയും മറ്റും മാറ്റാൻ സാധിക്കുമോയെന്നത് സിനിമ റിലീസായപ്പോൾ ചർച്ചയായിരുന്നു. അതുപോലെ ഒരാൾക്ക് അനായാസം ചെയ്യാനാവില്ല എന്നതു ശരിയാണ്. എന്നാൽ, മൂന്നു നാലു കൊല്ലം ഒരാൾ തുനിഞ്ഞിറങ്ങിയാൽ സംഭവിച്ചെന്നു വരും. 100% യുക്തി മാത്രം നോക്കി സിനിമ ചെയ്യാനാവില്ല. നാടകീയത ഉണ്ടെങ്കിലേ രസമാകൂ. 

 

മൂന്നാം ഭാഗം ?

 

മൂന്നാം ഭാഗം ഉണ്ടാകുമോയെന്ന് എനിക്കും അറിയില്ല. അതിന്റെ ക്ലൈമാക്സ് മനസ്സിലുണ്ട്. പറ്റുന്ന കഥ കിട്ടിയാൽ നമുക്കു ചെയ്യാമെന്നാണു മോഹൻലാൽ പറഞ്ഞത്. വർഷങ്ങൾ മനസ്സിൽ കിടക്കുമ്പോൾ നല്ലൊരു കഥ രൂപപ്പെട്ടേക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com