അങ്ങനെയെങ്കിൽ ഞാൻ ബാഡ് ബോയ് ആണ്: ഒമർ ലുലു

omar-lulu
SHARE

സമൂഹമാധ്യമങ്ങളിൽ ഏറ്റവും സജീവമായി നിലകൊള്ളുന്ന മലയാള സിനിമാ സംവിധായകനാണ് ഒമർ ലുലു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റുമായി പ്രേക്ഷകരോട് നേരിട്ട് സംവദിക്കാറുമുണ്ട്. പക്ഷേ ഒരാൾ പ്രൊഫൈലിൽ വന്നു സ്ഥിരമായി ചീത്ത വിളിച്ചാൽ എന്തു ചെയ്യും. സംവിധായകൻ ഒമർ ലുലു പറയുന്നതിങ്ങനെ:

‘കഴിഞ്ഞ ദിവസം എന്റെ ഫെയ്സ് ബുക്ക് പേജിൽ വന്ന് ഒരുത്തൻ എന്നെ ചീത്ത വിളിച്ചു. ഞാന്‍ അവനെയും തിരിച്ചു വിളിച്ചു. ഇതെ തുടർന്ന് കുറച്ച് സുഹൃത്തുക്കൾ ഫോൺ ചെയ്തും മെസ്സേജ് അയച്ചും അഭിപ്രായം പറഞ്ഞു.  ഞാന്‍ ഒരു സംവിധായകനാണന്നും ഒരിക്കലും അങ്ങനെ തിരിച്ച് വിളിക്കരുത് എന്നും പറഞ്ഞായിരുന്നു ഉപദേശം. പക്ഷേ ഞാൻ ഒരു സാധാരണ വീട്ടിൽ ജനിച്ച് ഗ്രൗണ്ടിലും പാടത്തും ഒക്കെ കൂട്ട് കൂടി തല്ല്കൂടി കളിച്ചു വളർന്ന ആളാണ്. ചീത്ത  വിളിക്കുന്നവനെ ‘അല്ലയോ മഹാനുഭാവാ’ എന്ന് അഭിസംബോധന ചെയ്തു സംസാരിക്കാന്‍ ഒന്നും എനിക്ക് അറിയില്ല. ഇങ്ങനെയൊക്കെ ഉള്ള എന്നെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതി. അത് കൊണ്ടു ഞാന്‍ ബാഡ് ബോയ് ആവുകയാണ് എങ്കിൽ ആവട്ടെ– സംവിധായകൻ ഒമർ ലുലുവിന്റെയാണ് ഈ അഭിപ്രായം.  

സോഷ്യൽ മീഡിയയിൽ  സുഹൃത്തുക്കൾക്ക് കൃത്യമായി മറുപടി പറയുകയും ലൈക്കും കമന്റും ചെയ്യുന്ന സംവിധായകൻ. മലയാളത്തിൽ മറ്റൊരു സിനിമാ സെലിബ്രിറ്റിയും ഇത്രയേറെ സോഷ്യൽ മീഡിയയിൽ സംവദിക്കുന്നതായി ഉണ്ടാവില്ല. വിവാദത്തെക്കുറിച്ച് ഒമർ ലുലു പറയുന്നു.

∙എഫ്ബിയിൽ മറുപടി നൽകുന്നതിൽ എന്താണ് കുഴപ്പം?

സിനിമാ താരങ്ങളെല്ലാം സ്വന്തം പേജുകൾ സ്ഥിരമായി പരിശോധിക്കുന്നവരാണ്. ഞാനും അത്തരക്കാരനാണ്. പേജിൽ കമന്റു ചെയ്യുന്നവരോട് കൃത്യമായി മറുപടി പറയാറുണ്ട്. സൗഹൃദം പങ്കുവെക്കാറുണ്ട്. കമന്റുകൾക്ക് മറുപടി പറയുന്നത് എന്തോ ഒരു മോശം കാര്യമാണെന്നു ചില സിനിമാക്കാർ ധരിച്ചുവച്ചിട്ടുണ്ട്.

എന്റെ വാഹനം ഒാടിക്കുന്നതു സുഹൃത്തുക്കളാണ്. ഈ യാത്രാ സമയങ്ങളിലെല്ലാം ഞാൻ സമൂഹമാധ്യമങ്ങളിലാകും.  ആ സമയങ്ങളിലാണ് ഞാൻ കമന്റുകൾക്കു മറുപടി നൽകാറ്. ജാ‍ഡ കാരണമാവും പല സിനിമാക്കാരും ആളുകളുടെ കമന്റുകൾക്ക് മറുപടി കൊടുക്കാത്തത്. അഭിനേതാക്കളിൽ പലരും ഷൂട്ടിന്റെ ഇടവേളകളിൽ നല്ലൊരു സമയവും കാരവാനിലാവും. ഈ സമയത്ത് ഇവരൊക്കെ ആരാധകരുടെ മെസേജുകൾ വായിക്കുന്നവരുമാണ്. പക്ഷേ കമന്റിട്ടാൽ എന്തോ മോശമാണെന്ന ധാരണകൊണ്ടാണ് പലരും മിണ്ടാതിരിക്കുന്നത്.

∙ഞാൻ ഹാപ്പിയാണ്, പോസിറ്റീവാണ്

എന്തും പോസിറ്റീവായിട്ടാണ് എടുക്കുന്നതാണ് എന്റെ ശൈലി. പോസിറ്റീവ് ആയി  ചിന്തിച്ചാൽ തനിയ വിജയം വരും. എന്നെ തെറിവിളിച്ച ആളുടെ കമന്റിനെയും ഇപ്പോൾ അങ്ങിനെയേ കാണുന്നുള്ളു.

എന്തെങ്കിലും  നഷ്ടപ്പെടുമ്പോൾ ഞാൻ ദു:ഖിക്കാറില്ല. എന്തു നഷ്ടവും മറ്റൊരു ഗുണത്തിനാവും എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ധമാക്ക സിനിമ പരാജയപ്പെട്ടപ്പോൾ അതു മാറിച്ചിന്തിക്കാൻ പ്രേരണയായി. അതു വഴിയാണ് പവർ സ്റ്റാർ പോലെ വലിയൊരു പ്ലാറ്റ്ഫോമിലുള്ള പുതിയ സിനിമയുടെ പണിപ്പുരയിലേക്കു കടക്കാനും ഹിന്ദി ആൽബം വൻ വിജയമാക്കാനും സാധിച്ചത്.

∙പവർ സ്റ്റാർ തിരക്കഥാ രചനയിൽ

ആക്ഷൻ ഹീറോ ബാബു ആന്റണി പ്രധാന വേഷത്തിലെത്തുന്ന ‘പവർ സ്റ്റാർ’ കോവിഡ് കാരണമാണ് വൈകുന്നത്. ഡെന്നിസ് ജോസഫാണ് തിരക്കഥ. ചിത്രത്തിന്റെ തിരക്കഥാ രചന അവസാന ഘട്ടത്തിലാണ്.

കോവിഡ് പ്രതിസന്ധി പരിഹാരിച്ച് തിയറ്ററുകൾ സജീവമായ ശേഷം പ്രേക്ഷകരിലേക്കെത്തും. ഒടിടി റിലീസ് വേണ്ട എന്നാണ് നിലവിൽ തീരുമാനം. പ്രമുഖ കന്നഡ താരങ്ങൾ കൂടാതെ ഒരു മുൻനിര താരം കൂടി ഈ സിനിമയിൽ അതിഥി വേഷത്തിലെത്തും. കെജിഎഫ്  സിനിമയുടെ സംഗീത സംവിധായകനാണ് പവർ സ്റ്റാറിനും സംഗീതം ചെയ്യുന്നത്. മലയാളം–കന്നഡ ബൈലിങ്കൽ ആയിട്ടൊരുക്കുന്ന ഈ സിനിമ ഇത്തരത്തിൽ ആദ്യത്തേതാണ്.

∙10 മില്യൺ പിന്നിട്ട് ഹിന്ദി ആൽബം

റിലീസ്‌ ചെയ്ത്‌ മണിക്കൂറുകൾക്കകം ഒരു മില്യൺ കടന്ന 'തൂ ഹി ഹേ മേരി സിന്ദഗി' ആൽബം ഇപ്പോൾ 10 മില്യൺ പ്രേക്ഷകർ കണ്ടു കഴിഞ്ഞു. എന്റെ തന്നെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റെ 100 മില്യൺ വ്യുവേഴ്സിന്റെ റെക്കോർഡ് മറികടക്കുകയാണ് ലക്ഷ്യം.

ദുബായ് ബേസ്ഡ് മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സ് ആയ അജ്മൽ ഖാൻ, ജുമാന ഖാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഗാനത്തിന്‌ ഇപ്പോഴും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.  നിഖിൽ ഡിസൂസ, വിനീത് ശ്രീനിവാസൻ എന്നിവർ ചേർന്നാണ് ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്‌. അഭിഷേക്‌ ടാലണ്ടഡിന്റെ വരികൾക്ക്‌ ജുബൈർ മുഹമ്മദ്‌ സംഗീതസംവിധാനവും അച്ചു വിജയൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം മുസ്തഫ അബൂബക്കർ, കാസ്റ്റിംഗ്‌ ഡയറക്ഷൻ വിശാഖ്‌ പി.വി. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ്‌ ആനേടത്താണ്‌ ഈ ആൽബം നിർമ്മിച്ചത്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA