ADVERTISEMENT

26 വർഷങ്ങൾക്കു മുമ്പിറങ്ങിയ സ്ഫടികം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ രണ്ടേ രണ്ടു സീനാണ് തൊരപ്പൻ ബാസ്റ്റ്യൻ എന്ന കഥാപാത്രത്തെ മലയാളികളുടെ മനസ്സിൽ ഇതുവരെ ഉറപ്പിച്ചു നിർ‌ത്തിയത്. കഴിഞ്ഞയാഴ്ച ജോജി എന്ന ചിത്രം റിലീസായതോടെ തൊരപ്പൻ ബാസ്റ്റ്യനിൽ നിന്ന് പനച്ചേൽ കുട്ടപ്പനിലേക്ക് താൻ പോലും അറിയാതെ ഒരു ‘പരകായപ്രവേശം’ നടത്തിയ ഞെട്ടലിലാണ് പി. എൻ സണ്ണി എന്ന കോട്ടയംകാരുടെ സ്വന്തം ‘സണ്ണി പൊലീസ്’. ഇതു വരെ വിളിക്കാത്തവരും മിണ്ടാത്തവരും മൈൻഡ് ചെയ്യാഞ്ഞവരുമൊക്കെ തടഞ്ഞു നിർത്തി സംസാരിക്കുമ്പോൾ സണ്ണിച്ചായനു പറയാനുള്ളത് ഒന്നേയുള്ളൂ. എല്ലാത്തിനും ദൈവം ഒരു സമയം വച്ചിട്ടുണ്ട്. 26 വർഷം മുമ്പ് നല്ലൊരു വേഷത്തിനായി തുടങ്ങിയ പ്രാർഥനയാണ് ജോജിയുടെ രൂപത്തിൽ അനുഗ്രഹമായി എത്തിയതെന്ന് സണ്ണി തറപ്പിച്ചു പറയുന്നു. 

 

ഇയ്യോബിലൂടെ ജോജിയിലേക്ക്

 

ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിൽ വച്ചാണ് ശ്യാംപുഷ്ക്കരനെ പരിചയപ്പെടുന്നത്. അങ്ങനെയാണ് ജോജിയുടെ ആലോചനകൾ നടക്കുന്ന സമയത്ത് ശ്യാം എന്നെ വിളിക്കുന്നത്. ‘നമുക്കൊരു കഥയും കഥാപാത്രവുമുണ്ട്. ഇപ്പോഴും എക്സർസൈസ് ഒക്കെ ചെയ്യുന്നില്ലെ ? നമുക്ക് ഫിറ്റ്നെസ്സ് ആവശ്യമുള്ള ഒരു കഥാപാത്രമാണ് ഉള്ളത്. സമയമാകുമ്പോൾ ഞാൻ വിളിച്ചോളാം’. അങ്ങനെ പറഞ്ഞു കുറച്ചു നാളുകൾക്ക് ശേഷം പോത്തന് കാണണമെന്നു പറഞ്ഞ് എന്നെ എറണാകുളത്തിന് വിളിപ്പിച്ചു. അവിടെ പോയി അദ്ദേഹത്തെ കണ്ടു. ഒന്നു രണ്ട് കാര്യങ്ങൾ ചെയ്തു കാണിക്കാൻ പറഞ്ഞത് കാണിച്ചു. പിന്നീട് ഷൂട്ടിന് മുമ്പ് വിളിച്ചു, കോവിഡ് ടെസ്റ്റും മറ്റും നടത്തി നേരെ ലൊക്കേഷനിലേക്ക്.

 

പേടിപ്പിക്കാത്ത പോത്തേട്ടൻ

 

ദിലീഷ് പോത്തൻ വലിയ കഴിവുള്ള സംവിധായകനാണ്. അദ്ദേഹം അഭിനയിക്കാനുള്ളത് പറഞ്ഞു തരും ഒപ്പം കാണിച്ചും തരും. പിന്നെ നമ്മളെ പേടിപ്പിക്കാതെ കാര്യങ്ങൾ ചെയ്തെടുപ്പിക്കും. അദ്ദേഹം ദേഷ്യമില്ലാത്ത വളരെ സ്നേഹമുള്ള മനുഷ്യനാണ്. അതു കൊണ്ടു തന്നെ അഭിനയമൊക്കെ തന്നെ വന്നോളും നമുക്ക്. പേടിപ്പിക്കുമ്പോഴാണല്ലോ കിട്ടാതെ വരുന്നത്. ഫഹദിനോട് നീളൻ ഡയലോഗ് പറയുന്ന സീനൊക്കെ ഒറ്റ ടേക്കിൽ തന്നെ ഒക്കെ ആയിരുന്നു. ദിലീഷ് മാത്രമല്ല ആ മുഴുവൻ ടീമും നല്ല ആളുകളാണ്. ഷൂട്ട് തീർന്ന് പോന്നപ്പോൾ എല്ലാവർക്കും വിഷമമായിരുന്നു. 

 

ഫഹദിന്റെ കുത്തിനു പിടിച്ചപ്പോൾ 

 

ഇയ്യോബിന്റെ പുസ്തകം മുതൽ ഫഹദുമായി പരിചയം ഉണ്ട്. അതു കൊണ്ട് ടെൻഷൻ ഇല്ലായിരുന്നു. എതിർഭാഗത്ത് നിൽക്കുന്നത് ഫഹദ് ആയതു കൊണ്ടു തന്നെ നമുക്ക് പറയാനുള്ളത് അറിയാതെ നാവിൽ വന്നു പോകും. പിന്നെ പൊലീസിൽ ആയിരുന്നതു കൊണ്ട് പല തരക്കാരായ അളുകളുമായി ഇടപെട്ട അനുഭവമുണ്ട്. അതു കൊണ്ട് ഇതൊക്കെ എളുപ്പമായി തോന്നി. 

 

ജോജിയിൽ വിശ്വാസം

 

സിനിമ വിജയിക്കുമെന്ന് എനിക്കൊരു വിശ്വാസമുണ്ടായിരുന്നു. നല്ല തിരക്കഥയാണ്, മികച്ച സംവിധായകൻ. പിന്നെ നമുക്ക് സെറ്റിലെ ആകെയുള്ള ഒരു രീതി കാണുമ്പോൾ മനസ്സിലാകും. സിനിമ കണ്ട ശേഷം ഇതുവരെ മിണ്ടാത്തവർ പോലും ഇപ്പോൾ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. എന്റെ കൂടെ പൊലീസിൽ അന്നുണ്ടായിരുന്ന പലരും വിളിച്ചു. ഭാര്യയുടെ കൂട്ടുകാർ മക്കളുടെ കൂട്ടുകാർ അങ്ങനെ പലരും വിളിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നു പോലും അഭിനന്ദനം ലഭിക്കുന്നു. 

 

മരണമാസ് സീൻ

 

ഞാൻ പെട്ടിയിൽ കിടക്കുന്ന സീൻ ഷൂട്ട് ചെയ്ത സമയത്ത് അവിടെ അടുത്തൊക്കെയുള്ള ആളുകൾ വന്ന് പേടിയില്ലേ എന്നൊക്കെ ചോദിച്ചു. എനിക്കൊരു പേടിയുമില്ലെന്ന് ഞാൻ പറഞ്ഞു. അല്ലെങ്കിലും നമ്മളെന്തിനാണ് പേടിക്കുന്നത്. മക്കൾക്കൊക്കെ പേടിയാണ്. നേരത്തെ ഇതു പോലൊരു സീനിൽ അഭിനയിച്ചപ്പോൾ ഇനി മേലാൽ ഇൗ പരിപാടിക്ക് പോകരുതെന്ന് പറഞ്ഞ് മകൾ പറഞ്ഞിട്ടുണ്ട്. പക്ഷേ സിനിമയല്ലേ ചെയ്യാൻ പറഞ്ഞാൽ ചെയ്യാതിരിക്കുന്നത് എങ്ങനെയാണ്. 

‌‌

പിഎസ്‌സി വഴി പൊലീസിലേക്ക്

 

ചെറുപ്പം മുതൽ ഫിറ്റ്നെസ്സിൽ ശ്രദ്ധിക്കുമായിരുന്നു. യോഗ, കളരി, ജിം അങ്ങനെ എല്ലാത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. പിഎസ്‌സി വഴി കേരള പൊലീസിലേക്ക് എടുത്ത ആദ്യത്തെ ബാച്ചിലാണ് ‍ഞാൻ സർവീസിൽ കയറിയത്. 27–ാം വയസ്സിൽ കോൺസ്റ്റബിളായി കയറി ഒടുവിൽ എസ്ഐ ആയി റിട്ടയർ ചെയ്തു. കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തു. 

 

കളരിയിൽ നിന്ന് സ്ഫടികത്തിലേക്ക്

 

സ്ഫടികത്തിന്റെ ഷൂട്ടിങ് നടന്നത് കോട്ടയത്താണ്. ഞാൻ‌ കളരിയിൽ പരിശീലിക്കുന്ന സമയത്താണ് സ്ഫടികം ജോർജ് അവിടെ എത്തുന്നത്. അദ്ദേഹമാണ് ഇൗ വേഷത്തിനു വേണ്ടി എന്നെ ഭദ്രൻ സാറിന് പരിചയപ്പെടുത്തുന്നത്. ഭദ്രൻ സാറിനെ കണ്ടപ്പോൾ അദ്ദേഹം എന്നോട് തീപ്പെട്ടി ചോദിക്കുന്ന ഡയലോഗ് പറയാൻ പറഞ്ഞു ഒപ്പം കാൽ പൊക്കി തൊഴിക്കാനും ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ഇഷ്ടമായി. അപ്പോൾ തന്നെ പോയി മുടിയൊക്കെ വെട്ടി പിറ്റേന്ന് സെറ്റിലെത്തി. മോഹൻലാലിന്റെ അടുത്ത് ചെന്ന് നിന്നപ്പോഴാണ് സിനിമയിൽ അഭിനയിക്കുന്നതിന്റെ ഒരു ഗൗരവം ശരിക്കും മനസ്സിലാകുന്നത്. എല്ലാം ഒരു സ്വപ്നം പോലെ കടന്നു പോയി. അതിലെ ഫൈറ്റിന്റെ അവസാനഭാഗം ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹൻലാൽ‌ ഇതിൽ മുഴുവൻ ഇടിയാണ് ഒാടുമോ എന്ന് സംശയമാണെന്നു പറഞ്ഞു. അങ്ങനെയല്ല ഇതു 100 ദിവസം ഒാടുമെന്ന് ഞാൻ പറഞ്ഞു. 

 

ന്യൂജനറേഷൻ എൻട്രി

 

ഭദ്രൻ സാറിന്റെ വെള്ളിത്തിര എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് വിനായകനെ പരിചയപ്പെടുന്നത്. അത് വിനായകന്റെ ആദ്യത്തെ സിനിമയായിരുന്നു. അദ്ദേഹമാണ് അമൽ നീരദിനെ പരിചയപ്പെടുത്തുന്നത്. ബിഗ് ബിയിൽ ഒരു വേഷത്തിനു വേണ്ടിയാണ് വിളിച്ചത്. പക്ഷേ ആ വേഷം ലഭിച്ചില്ല. പിന്നീട് അൻവറിൽ അഭിനയിച്ചു. അവിടെ നിന്ന് ഇയ്യോബിന്റെ പുസ്തകത്തിലെത്തി. അവിടെ വച്ച് ചെമ്പൻ വിനോദിനെ പരിചയപ്പെട്ടു. ആ വഴി ഡബിൾ ബാരലിലെത്തി. പിന്നീട് ജോജിയിലേക്ക്. എന്റെ നമ്പർ ഒന്നും ആരുടെയും കയ്യിൽ ഇല്ലല്ലോ. അങ്ങോട്ട് ബന്ധപ്പെട്ടാലേ എന്തെങ്കിലും നടക്കൂ. ജോലി വിടാതെ നിന്നതു കൊണ്ടാണ് സിനിമയിൽ സജീവമാകാൻ സാധിക്കാതെ പോയത്. ജോലി കളയാനുള്ള ധൈര്യം ഇല്ലായിരുന്നു. അവസരം ചോദിക്കാൻ മടിയാണ്. മറ്റൊന്നും കൊണ്ടല്ല ആളുകൾ ഏതു രീതിയിൽ‌ അതെടുക്കും എന്നറിയില്ലല്ലോ. അവർക്ക് ഇഷ്ടപ്പെടുമൊ ഇല്ലയോ എന്നൊന്നും അറിയാത്തതു കൊണ്ടാണ് ചോദിക്കാത്തത്. 

 

ജോജിയോ തൊരപ്പനോ ?

 

അഭിനന്ദനങ്ങൾ കൂടുതൽ കിട്ടിയത് ഇൗ സിനിമയ്ക്കാണ്. എനിക്ക് ഏറ്റവും സന്തോഷം തോന്നിയ കഥാപാത്രവും ഇതാണ്. എന്തെങ്കിലും അഭിനയിച്ചെന്ന് തോന്നുന്നത് ഇപ്പോഴാണ്. പക്ഷേ ആദ്യ കഥാപാത്രമെന്ന നിലയിൽ തൊരപ്പൻ മനസ്സിൽ മായാതെ നിൽക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com