രണ്ടുവർഷത്തിലേറെ പഴക്കമുള്ള വേഷം, ഡിസ്കൗണ്ടിൽ വാങ്ങിയത്: മഞ്ജു വാരിയർ അഭിമുഖം

manju-warrier-younger
SHARE

മഞ്ജുവിന്റെ മുഖം ഒരു പുഞ്ചിരിയോടെയാണ് മലയാളികളുടെ മനസ്സിൽ ആദ്യം തെളിയുക. കൂടുതൽ ഓർമിക്കുന്തോറും അതൊരു പൊട്ടിച്ചിരിയായി കാതിൽ മുഴങ്ങാറുമുണ്ട്. എന്നാൽ, തൽക്കാലം ആ ചിരിയും കളിയുമൊക്കെ മാറ്റിവച്ച്  പ്രേക്ഷകരെ അൽപം പേടിപ്പിച്ച് ശ്വാസം പിടിച്ചിരുത്തിക്കാൻ വരികയാണ് മഞ്ജു വാരിയർ. സംഗതി അത്ര സിംപിൾ അല്ല. ഹൊറർ ആണ്. അതും മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ. 

ചതുർമുഖം എന്ന പുതിയ ചിത്രത്തിലൂടെയാണ് മഞ്ജു വ്യത്യസ്തമായ കഥാപാത്രമായി എത്തുന്നത്. ദൈനംദിന ജീവിതം സുഗമമാക്കാൻ വേണ്ടി മനുഷ്യൻ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ എങ്ങനെയാണ് ഒരു ബൂമറാങ് പോലെ ജീവിതത്തെ ഭയാനകമാക്കുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രമേയം. പുതിയ ചിത്രത്തിന്റെയും മഞ്ജുവിന്റെയും വിശേഷങ്ങളിലേക്ക്...

∙ മിഡിയും സ്കേർട്ടും ധരിച്ചുകൊണ്ടുള്ള കൊറിയൻ സുന്ദരിയെപ്പോലെയുള്ള ചിത്രം അടുത്തിടെ വളരെ വൈറൽ ആയല്ലോ.. എന്താണ് പുതിയ മേയ്ക്ക് ഓവറിന്റെ വിശേഷങ്ങൾ?

സത്യത്തിൽ അതൊരു മേയ്ക്ക് ഓവർ ഒന്നുമായിരുന്നില്ല. രണ്ടുവർഷത്തിലേറെ പഴക്കമുള്ള ഒരു വേഷമാണത്. മുൻപെപ്പോഴോ എവിടെനിന്നോ ഡിസ്കൗണ്ടിൽ വാങ്ങിയതാണെന്നാണ് ഓർമ. മുൻപും ഞാൻ ചിലപ്പോൾ അത് ഇട്ടിട്ടുണ്ടാകാം. അല്ലെങ്കിലും പലപ്പോഴും ഞാൻ മിഡിയും ടോപ്പും ഇടാറുണ്ട്. കംഫർട്ട് ആണ് ഒരു ഡ്രസിലേക്ക് എന്നെ ആകർഷിക്കുന്നത്. പിന്നെ അതിന്റെ ലാളിത്യവും. ആ ചിത്രം സോഷ്യൽ മീഡിയയിൽ വളരെയേറെപ്പേർ ഷെയർചെയ്യുന്നതു കണ്ടപ്പോൾ സന്തോഷം തോന്നി. പ്രത്യേകിച്ചും , ഒട്ടേറെ സ്ത്രീകൾ അത് ഏറ്റെടുത്തു. 

manju-warrier-32

ചെറുപ്പമോ മോഡേൺ ഡ്രസ് സെൻസോ ഒന്നുമല്ല മറിച്ച്, അതുപകരുന്ന പോസിറ്റിവിറ്റിയാണ് പലരും എടുത്തു പറഞ്ഞത്. അങ്ങനെ ഒരു ഫോട്ടോ മൊമന്റ് സംഭവിച്ചതിൽ വളരെ സന്തോഷമുണ്ട്. പക്ഷേ, നമ്മുടെ പോസിറ്റിവിറ്റി ഒരിക്കലും നമ്മുടെ വേഷമോ മേയ്ക്കപ്പോ ആയി ബന്ധപ്പെട്ടതല്ല. യഥാർഥത്തിൽ പോസിറ്റീവ് ആയ ഒരാൾക്ക് ഏതു വേഷം ധരിച്ചാലും മറ്റുള്ളവരിലേക്ക് ആ എനർജി പകരാൻ കഴിയും. നമ്മുടെ ചുറ്റും കാണുന്ന അതിജീവനത്തിന്റെ എത്രയേറെ സ്ത്രീമാതൃകകളുണ്ട്. അവർ പകർന്നു നൽകുന്ന ഊർജം എത്ര വലുതാണ്. എനിക്കു തോന്നുന്നു, എന്റെ ആ ചിത്രം കണ്ടവർ അതിനൊപ്പം അവർക്കെന്നോടുള്ള സ്നേഹം കൂടി ചേർത്തുവച്ചു. ആ സ്നേഹമാണ് വൈറലായത്. അല്ലാതെ ആ ചിത്രത്തിന്റെ മികവുകൊണ്ടാണെന്നു കരുതുന്നില്ല.

manju-warrier-viral

∙ എന്താണ് ഈ ചെറുപ്പത്തിന്റെ രഹസ്യം?

എപ്പോഴും ചെറുപ്പമായിരിക്കണം എന്ന ചിന്താഗതിയോട് എനിക്ക് യോജിപ്പില്ല. ചെറുപ്പമാണോ സൗന്ദര്യത്തിന്റെ അടിസ്ഥാനം? ഒരിക്കലുമല്ല. മനുഷ്യർക്ക് എപ്പോഴും യൗവനത്തിലായിരിക്കാൻ സാധിക്കില്ല. പ്രായമാകുന്നത് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. ഏതുപ്രായത്തിനും അതിന്റേതായ ഭംഗിയുണ്ട്. അതു നമ്മുടെ മുഖസൗന്ദര്യവും ശരീരവടിവുമായൊന്നും ബന്ധപ്പെട്ടതല്ല. നമ്മുടെ ആത്മവിശ്വാസവും മനസ്സിന്റെ സ്വസ്ഥതയുമൊക്കെ കൂടിച്ചേർന്ന് പക്വതയോടെയുള്ള ഒരു സെൽഫ് പ്രസന്റേഷനാണ്. 

കാലമെത്ര ചെന്നാലും ഉടഞ്ഞുപോകാതെ,  ഉലഞ്ഞുപോകാതെ നമ്മൾ നമ്മെത്തന്നെ പൊടിതട്ടി, മിനുക്കിയെടുത്തു സൂക്ഷിക്കുന്ന ഒരു രാസവിദ്യ. ഓരോ പ്രായത്തിലും ഏറ്റവും നന്നായിരിക്കുക, സന്തോഷമായിരിക്കുക എന്നതാണു പ്രധാനം. സന്തോഷം നമ്മൾ കണ്ടെത്തുക കൂടി വേണ്ടതാണ്. ഓരോ പ്രായത്തിന്റേതുമായ സന്തോഷങ്ങളും കൗതുകങ്ങളുമൊക്കെ ചേർന്നതാകണം ജീവിതം. ഓരോരുത്തർക്കും അത് വ്യത്യസ്തമായിരിക്കും. എല്ലാവർക്കും ബാധകമായ സന്തോഷത്തിന്റെ പൊതുനിയമങ്ങളില്ല. അതു തികച്ചും വ്യക്തിപരമാണ്. 

manju-warrier-chathurmukham

∙ലേഡി സൂപ്പർ സ്റ്റാർ എന്നു വിളിക്കപ്പെടുന്ന മലയാളത്തിലെ ആദ്യ നടിയല്ലേ മഞ്ജു... 

അങ്ങേയറ്റം സന്തോഷവും നന്ദിയുമുണ്ട്. പക്ഷേ, എനിക്കറിയാം ഇതൊക്കെ താൽക്കാലികമാണ്. ഒട്ടേറെ പുതിയ കുട്ടികൾ വരുന്നു. എല്ലാവരും ഒന്നിനൊന്നു മികച്ച രീതിയിൽ അഭിനയിക്കുന്നു. ഞങ്ങൾക്കിടയിൽ ഒരു മൽസരമൊന്നുമില്ല. ഓരോരുത്തരുടെയും ഇടം കൃത്യമായി കണ്ടെത്തി അത്തരം വേഷങ്ങൾ ഭംഗിയായി ചെയ്യുന്നു. ഒട്ടുമിക്ക നടികളുമായും നല്ല സൗഹൃദമുണ്ട്. കഴിയുന്നത്ര പുതിയ സിനിമകൾ കാണുകയും അഭിനയത്തെക്കുറിച്ച് പരസ്പരം അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ലേഡി സൂപ്പർ സ്റ്റാർ എന്ന അംഗീകാരം എല്ലാ നടികൾക്കുമുള്ള ഒരു പ്രചോദനം കൂടിയാണ്. സ്ത്രീകളെയും മലയാള സിനിമാ ലോകം അംഗീകരിക്കുന്നു എന്നതിന്റെ തെളിവല്ലേ അത്. ശ്രമിച്ചാൽ ഒരു പെൺപേരിനൊപ്പവും സൂപ്പർസ്റ്റാർ എന്ന വിശേഷണം ചേർത്തുവയ്ക്കാം എന്നത് ഈ ഇൻഡസ്ട്രിയിൽ ഒരു ചെറിയ മാറ്റമല്ല. 

manju-warrier

പൊതുവേ സിനിമ എന്നത് ആണുങ്ങളുടെ ലോകമാണെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. മുൻപ് അങ്ങനെ ആയിരുന്നിരിക്കാം. പക്ഷേ മറ്റെല്ലാ തൊഴിൽമേഖലകളിലുമെന്നപോലെ സിനിമയിലും സ്ത്രീകളുടെ പങ്കാളിത്തം കൂടിവരുന്നുണ്ട്. സ്ത്രീകൾക്കുവേണ്ടിയുള്ള സിനിമകൾ വരെ ഉണ്ടാകുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ വരുന്നു. അതിന് സിനിമയുടെ പ്രമേയം സ്ത്രീ കേന്ദ്രീകൃതമാകണമെന്നുപോലുമില്ല. 

∙ ആത്മവിശ്വാസമാണല്ലേ ജീവിതത്തിന്റെ ‘സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ’?

ആത്മവിശ്വാസം എന്നു പറയുന്നത് പെട്ടൊന്നൊരുദിവസം ഉണ്ടാകുന്നതല്ല, വളരെ സാവധാനം നേടിയെടുക്കുന്നതാണ്. മറ്റുള്ളവർ നമ്മളിൽ അർപ്പിക്കുന്ന വിശ്വാസം, അവർക്കു നമ്മെക്കുറിച്ചുള്ള കരുതൽ, സ്നേഹം ഇതൊക്കെയാണ് എന്റെ ആത്മവിശ്വാസം. ഏതു തിരക്കിലും എന്നോടു മിണ്ടാനെത്തുന്നവർ... ഒപ്പമുണ്ടെന്ന് തോന്നിപ്പിക്കുന്നവർ. ഞാൻ കൂടി ചേരുന്നതാണ് അവരുടെ ലോകം. അതു തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അടുപ്പമുള്ളവർ പലരും, പ്രത്യേകിച്ച് സ്ത്രീകൾ പറഞ്ഞുകേട്ടിട്ടുണ്ട്. ഞാൻ അവർക്ക് ഒരു മാതൃകയാണെന്ന്. സത്യത്തിൽ നേരെ തിരിച്ചാണ്. ഞാൻ ചുറ്റുമുള്ള പലരെയും മാതൃകയാക്കിയാണു  ജീവിക്കുന്നത്. ജീവിതം ഒരു അനിവാര്യതയാണ്. സന്തോഷത്തോടെ ജീവിക്കുക. മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ അവസരമുണ്ടെങ്കിൽ ചെയ്യുക. 

∙ പുതിയ ചിത്രം ചതുർമുഖത്തിന്റെ വിശേഷങ്ങളിലേക്ക്... 

അപകടകരമായ രീതിയിൽ ടെക്നോളജിയെ ആശ്രയിക്കേണ്ടി വരുന്ന, അതിന് അടിമപ്പെടുന്ന ഒരു യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. തേജസ്വിനി എന്ന എന്റെ കഥാപാത്രത്തെ കാണുമ്പോൾ നിങ്ങൾക്കതു മനസ്സിലാകും. നമ്മൾ കാണുന്ന പലരിലും ഇതുപോലെയുള്ള തേജസ്വിനിമാരുണ്ട്. നമ്മുടെ ജീവിതത്തിൽ ടെക്നോളജിയുടെ ഇടപെടലുകൾ വല്ലാതെ വർധിച്ചിരിക്കുന്നു. ഭക്ഷണം ഓർഡർ ചെയ്യുന്നതു മുതൽ ഇഷ്ടമുള്ള ഡ്രസ് വാങ്ങുന്നതും ടിക്കറ്റ് ബുക്ക് ചെയ്യുന്നതും പോലെയുള്ള ഓരോ ആവശ്യത്തിനും നാം ടെക്നോളജിയെ ആശ്രയിക്കുന്നുണ്ട്.  മറ്റുള്ളവരുമായി നമ്മുടെ കണക്ടിവിറ്റി വളരെ എളുപ്പത്തിലാക്കുന്നതിനും സൗഹൃദങ്ങൾ നിലനിർത്തുന്നതിനുമെല്ലാം ടെക്നോളജി വളരെ സഹായിക്കുന്നു.. 

ജീവിതത്തിലെ എല്ലാ പ്രിയപ്പെട്ട നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പകർത്തുന്നത് പലർക്കും ഒരു ഹരമായി മാറിക്കഴിഞ്ഞു. പക്ഷേ, സോഷ്യൽ മീഡിയയ്ക്കു മുന്നിൽ നമ്മുടെ സ്വകാര്യത എത്രമാത്രം വെളിപ്പെടുത്തണം എന്നതു നമ്മളാണു തീരുമാനിക്കേണ്ടത്. രാവിലെ എഴുന്നേൽക്കുന്നതു മുതലുള്ള എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളായും സെൽഫികളായും അപ്ഡേറ്റ് ചെയ്യുന്ന ഒരു ന്യൂ ജെൻ പെൺകുട്ടിയാണ് തേജസ്വിനി. എന്നാൽ, പിന്നീട് അവൾ പോലുമറിയാതെ അവളുടെ ജീവിതത്തിൽ വരുന്ന അദൃശ്യമായ ചില ഇടപെടലുകളിലേക്കാണ് ഈ ചിത്രം കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.  എന്നു കരുതി, ടെക്നോളജി വിരുദ്ധതയല്ല ചിത്രം പറയാൻ ശ്രമിക്കുന്നത്. മറിച്ച് അതിന്റെ ഉപയോഗത്തിൽ പാലിക്കേണ്ട പക്വതയും മിതത്വവുമാണ്. തേജസ്വിനിയുടെ സുഹൃത്തും ബിസിനസ് പാർട്ണറുമായി എത്തുന്നത് സണ്ണി വെയിൻ അവതരിപ്പിക്കുന്ന ആന്റണി എന്ന കഥാപാത്രമാണ്.

manju-warrier-2

∙ ഹൊറർ സിനിമയിലെ റോൾ ആഗ്രഹിച്ചുനേടിയ വേഷമാണോ?

വ്യത്യസ്തമായ വേഷങ്ങൾ കിട്ടുക എന്നത് അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യമാണ്. ഹൊറർ സിനിമ തിരഞ്ഞു പിടിച്ചു ചെയ്തതല്ല. അത് സംഭവിക്കുകയായിരുന്നു. യഥാർഥത്തിൽ ‘പ്രീസ്റ്റി’നു മുൻപേ ഷൂട്ടിങ് കഴിഞ്ഞ ചിത്രമാണ് ‘ചതുർമുഖം.’.  പ്രീസ്റ്റ് ആദ്യം റിലീസ് ചെയ്തുവെന്നേയുള്ളൂ. ഹൊറർ ചിത്രമാണെങ്കിലും ഇത് അതിഭയാനകമായ ഒരു സിനിമയൊന്നുമല്ല . കുട്ടികളെയും കൊണ്ട്, കുടുംബമായി വന്നു കണ്ട് ആസ്വദിക്കാവുന്ന ചിത്രമാണ്. ഭയം എന്നത് ചിത്രത്തിലെ ഒരു ഭാഗം മാത്രമാണ്. ടെക്നോ ഹൊറർ എന്ന ആശയമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. 

ചിത്രത്തിന്റെ തുടക്കത്തിൽ പറയുന്നുണ്ട്. men have become the tools of their tools.  നമ്മൾ ടെക്നോളജിയെ ആണോ ടെക്നോളജി നമ്മളെയാണ് ഉപയോഗിക്കുന്നത്? നമ്മുടെ ജീവിതം അനായാസമാക്കുന്നതിനു വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ നമ്മെ കീഴ്പ്പെടുത്തുന്നു എന്നതാണ് ഇതിലെ ഹൊറർ. അല്ലാതെ, സാധാരണ ഹൊറർ ചിത്രങ്ങളിലേതുപോലെയുള്ള ഭയാനകമായ രംഗങ്ങൾ അല്ല. പേടിപ്പെടുത്തുന്ന സിനിമ എന്നു കരുതി തിയറ്ററിൽ വരാൻ മടിക്കേണ്ട കാര്യമില്ല. തിയറ്ററിൽ കണ്ടാൽ മാത്രമേ സിനിമയുടെ ശരിക്കുമുള്ള ഫീൽ കിട്ടുകയുള്ളൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA