ADVERTISEMENT

എട്ടു വയസ്സുവരെ സ്വപ്നങ്ങളിൽപോലും സിനിമയില്ലാത്തൊരു കുട്ടിയായിരുന്നു ഷായ്‌ലി കൃഷൻ‍. ജനിച്ചതും വളർന്നതും കശ്മീരിലെ ഒരു അഭയാർഥി ക്യാംപിൽ. അഭയാർഥി ക്യാംപിൽനിന്നു ജീവിതത്തിലേക്കും പിന്നീടു സിനിമയിലേക്കും അവൾ വളർന്നു. ബോളിവുഡിലും മലയാളത്തിലുമായി, ദേശീയശ്രദ്ധ നേടിയ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ ടി.കെ.രാജീവ് കുമാറിന്റെ പുതിയ ചിത്രം ‘ബർമുഡ’യിൽ നായിക. സന്തോഷ് ശിവന്റെ റിലീസ് ചെയ്യാനിരിക്കുന്ന ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം. സിനിമയെ വെല്ലുന്ന സ്വന്തം ജീവിതകഥ ഷായ്‌ലി മനോരമയോടു പങ്കുവയ്ക്കുന്നു.

കുട്ടിക്കാലത്തെക്കുറിച്ച്?

 

കശ്മീരിലെ മനോഹരമായ അനന്ത്നാഗ് താഴ്‌വരയിലാണു ഞങ്ങളുടെ നാട്. രാജപാരമ്പര്യമുള്ള വലിയൊരു തറവാട്ടിലെ അംഗമാണു ഞാൻ. എൺപതുകൾക്കൊടുവിലുണ്ടായ കലാപങ്ങളെത്തുടർന്ന് എന്റെ മുത്തച്ഛനു നാടും വീടുമുപേക്ഷിച്ച് അഭയാർഥി ക്യാംപുകളിൽ കഴിയേണ്ടിവന്നു. സ്വന്തമായൊരു മേൽവിലാസമോ അടിസ്ഥാനസൗകര്യങ്ങളോ ഒന്നുമില്ലാതെ, ഒരു ക്യാംപിലാണ് എന്റെ ജനനം. എട്ടു വയസ്സുവരെ പല പല ക്യാംപുകളിൽ കഴിഞ്ഞു. നല്ല ഭക്ഷണമായിരുന്നു അക്കാലത്തെ ഏറ്റവും വലിയ സ്വപ്നം.

 

shaylee-krishen5

സ്വപ്നങ്ങളിൽ സിനിമയെത്തിയത് എങ്ങനെ?

 

ഒൻപതാം വയസ്സിൽ ക്യാപ് ജീവിതം അവസാനിച്ചു. അച്ഛനു ബാങ്കിൽ ജോലി കിട്ടിയതോടെ ജമ്മുവിലായി താമസം. അക്കാലത്ത് റേഡിയോയിൽ കേട്ട സിനിമാഗാനങ്ങളാണ്, സിനിമയെന്ന അദ്ഭുതലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത്. ജീവിതത്തിലാദ്യമായി തിയറ്ററിൽ പോയി ഒരു സിനിമ കണ്ടത് ബെംഗളൂരുവിൽ പ്ലസ്ടുവിനു പഠിക്കുമ്പോഴാണ്. അതൊരു മലയാളം സിനിമയായിരുന്നു – സന്തോഷ് ശിവന്റെ ‘ഉറുമി’. ഒരിക്കലും മറക്കില്ല ആ അനുഭവം. അന്നുതൊട്ട് ഞാൻ സന്തോഷ് ശിവൻ സാറിന്റെ കടുത്ത ആരാധികയായി.

ജമ്മുവിലുള്ള അമ്മാവന്റെ ‘ഹോം സ്‌റ്റേ’യിൽ ഗസ്റ്റായി വന്ന ഒരു ഫൊട്ടോഗ്രഫർ എന്റെ ചിത്രമെടുത്തു. ‘നാഷനൽ ജ്യോഗ്രഫിക്’ മാഗസിൻ കവർഗേളായിരുന്ന അഫ്ഗാൻ അഭയാർഥിപ്പെൺകുട്ടിയുടെ ഛായയുണ്ടെന്നു പറഞ്ഞാണു പടമെടുത്തത്. പ്രശസ്ത സിനിമറ്റോഗ്രഫർ രവി വർമനാണ് അതെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. ​ഞാൻ അഭയാർഥി ക്യാംപിൽ ജനിച്ചുവളർന്നതാണെന്ന് അദ്ദേഹവും അറിഞ്ഞില്ല. 

shaylee-krishen-12

 

ആ ചിത്രം രവി വർമൻ സുഹൃത്തായ സന്തോഷ് ശിവനെ കാണിച്ചു. അങ്ങനെ ഹിന്ദി–ഇംഗ്ലിഷ് ചിത്രമായ ‘മോഹ’യിലേക്ക് എന്നെ തിരഞ്ഞെടുത്തു. സന്തോഷ് ശിവൻ സാറിന്റെ വലിയ ആരാധികയായ ഞാൻ അദ്ദേഹത്തിന്റെതന്നെ ചിത്രത്തിലൂടെ സിനിമയിലെത്തി!

 

ഇതുവരെ അഭിനയിച്ച സിനിമകൾ?

 

‘മോഹയ്ക്കു ശേഷം, സന്തോഷ് ശിവന്റെ തന്നെ ‘സിൻ’ എന്ന ഹിന്ദി–ഇംഗ്ലിഷ് ചിത്രത്തിൽ നായികയായി. തുടർന്ന് ‘ലാസ്‌റ്റ് അവർ’ എന്ന വെബ്സീരീസിൽ നായിക. അത് ഈ വർഷം റിലീസ് ചെയ്യും. അതിനിടെ, സന്തോഷ് ശിവന്റെ ‘ജാക്ക് ആൻഡ് ജിൽ’ എന്ന സിനിമയിൽ അഭിനയിച്ചു. ഇപ്പോൾ ടി.കെ.രാജീവ് കുമാറിന്റെ ‘ബർമുഡ’ എന്ന പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗമിന്റെ നായികയാണ്. 

 

‘ഉറുമി’ തന്ന ആദ്യ തിയറ്റർ അനുഭവവും സിനിമയിലേക്കു വാതിൽ തുറന്നുതന്ന സന്തോഷ് ശിവൻ സാറും ഷൂട്ടിങ്ങിനിടെ മലയാളികൾ തന്ന സ്നേഹവുമൊക്കെയാകാം കാരണം, കശ്മീർ പോലെ പ്രിയപ്പെട്ടതാണ് ഇന്നെനിക്ക് കേരളവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com