ജോ ശരിക്കും ‘ചെന്നായയോ’?; ഇർഷാദ് അഭിമുഖം

irshad-ali-wolf-movie
SHARE

ആഫ്രിക്കൻ കാടുകളിലെ ഗെയിം ഹണ്ടിങ്ങിന്റെ ഒരു രംഗം പോലും ഷാജി അസീസ് സംവിധാനം ചെയ്ത വൂൾഫ് എന്ന സിനിമയിൽ ഇല്ല. എന്നിട്ടും ആ കാടും അതിന്റെ വന്യതയും ചില നിമിഷങ്ങളിൽ സിനിമയിൽ പ്രേക്ഷകർക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് ഇർഷാദ് എന്ന നടന് അവകാശപ്പെട്ടതാണ്. അടുത്ത നിമിഷം എന്താകും ഈ കഥാപാത്രത്തിൽ നിന്ന് വരാൻ പോകുന്നതെന്ന് ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരുന്നു പോയ സിനിമ. ഇർഷാദിന്റെ ഈ ഭാവപ്പകർച്ച കാണാൻ മാത്രമായി വൂൾഫ് കണ്ടവർ പോലുമുണ്ട്. 

ഫിലോസഫിയും അനുഭവകഥകളും നിറയുന്ന നെടുനീളൻ ഡയലോഗുകൾ അയത്നലളിതമായി ഇർഷാദ് അവതരിപ്പിക്കുമ്പോൾ ഒരു ഗംഭീര നടനെ തിരശീലയിൽ തിരിച്ചറിയുന്ന സന്തോഷമാണ് പ്രേക്ഷകർക്ക്! ഓപ്പറേഷൻ ജാവയിലെ പ്രതാപ് എന്ന പൊലീസ് ഓഫിസറിൽ നിന്ന് ജോ എന്ന വേട്ടക്കാരനിലേക്ക് അത്രമേൽ സ്വാഭാവികമായിട്ടാണ് ഇർഷാദ് വേഷപ്പകർച്ച നടത്തിയിരിക്കുന്നത്. ആരും കൊതിച്ചു പോകുന്ന ഈ കഥാപാത്രങ്ങൾ ഇർഷാദ് എന്ന നടനെ തേടിവരുന്നുണ്ടെങ്കിൽ അതിനു പിന്നിൽ തീർച്ചയായും അദ്ദേഹത്തിന്റെ കഠിനാധ്വാനവും അന്വേഷണവുമുണ്ട്. കരിയറിൽ നാഴികക്കല്ലായ ജോ എന്ന കഥാപാത്രത്തിന്റെ വിശേഷങ്ങളുമായി ഇർഷാദ് മനോരമ ഓൺലൈനിൽ. 

കരിയറിലെ നാഴികക്കല്ല്

വളരെ പോസിറ്റീവ് അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഒരുപാട് അഭിനന്ദനങ്ങൾ കിട്ടുന്നു. വളരെ സന്തോഷം നൽകുന്ന കാര്യം. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത് എന്തുകൊണ്ടും നന്നായി എന്നാണ് ഞാൻ കരുതുന്നത്. കാരണം, ‌ടെസ്റ്റ് പോസിറ്റിവിറ്റി ഇത്രയും കൂടി നിൽക്കുന്ന സമയത്ത് ആരും തിയറ്ററിൽ പോയി സിനിമ കാണുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. എന്റെ ചില സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞു, സിനിമ തീയറ്റിൽ ആണ് റിലീസ് ചെയ്തിരുന്നതെങ്കിൽ, എത്ര കയ്യടിക്കുള്ള നിമിഷങ്ങളുണ്ടായിരുന്നു! അതിനുള്ള അവസരം നഷ്ടമായിപ്പോയല്ലോ എന്ന്. അങ്ങനെ സങ്കടപ്പെട്ട സുഹൃത്തുക്കളുണ്ട്. പക്ഷേ, തീയറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ വളരെ കുറച്ചു പേർ മാത്രം കാണുന്ന സിനിമയായി അതു മാറുമായിരുന്നു. ഒടിടിയിൽ ആയതുകൊണ്ട് ഒരുപാടുപേർ വിളിക്കുന്നു... സന്തോഷം പങ്കു വയ്ക്കുന്നു... വൂൾഫിലെ 'ജോ' എന്ന കഥാപാത്രം എന്റെ കരിയറിലെ ഒരു നാഴികക്കല്ല് തന്നെയാണ്. 

irshad-ali-2

എന്നെക്കാൾ ഉറപ്പ് ഷാജിക്ക്

ജോ എന്ന കഥാപാത്രമാണ് ആ സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. അതൊരു ഉത്തരവാദിത്തമാണ്. ഒരുപാടു അടരുകളുള്ള ക്യാരക്ടറാണ് ജോ. ഈ കഥ ഇന്ദുഗോപൻ, സംവിധായകൻ ഷാജി അസീസിനോടാണ് ആദ്യം പറഞ്ഞത്. കഥ കേട്ടിട്ട് ഷാജി എന്നെ വിളിച്ചു... "ഇങ്ങനെയൊരു ക്യാരക്ടർ ഉണ്ട്... നിനക്ക് അതു ചെയ്യാൻ പറ്റുമെന്നാണ് എന്റെ വിശ്വാസം," എന്ന് എന്നോടു പറയുകയാണ്. അതിന്റെ മുഴുവൻ ക്രെഡിറ്റും ഷാജിക്കാണ്. എനിക്കിത് ചെയ്യാൻ പറ്റും എന്ന കാര്യത്തിൽ എന്നേക്കാൾ ഉറപ്പ് ഷാജിക്കായിരുന്നു. ഷാജി എന്ന സംവിധായകനിൽ എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു.

ഒരു 20 വർഷത്തെ സൗഹൃദമുണ്ട് ഞങ്ങൾ തമ്മിൽ. ഞാൻ നായകനായി അഭിനയിച്ച 'നിലാമഴ' എന്ന സീരിയലിലാണ് ഷാജി ആദ്യമായി അസിസ്റ്റന്റ് ആകുന്നത്. എന്നിലെ അഭിനേതാവിനെയും മനുഷ്യനേയും കൃത്യമായി അറിയാവുന്ന ആളാണ് ഷാജി. 'ജോ' എന്ന കഥാപാത്രത്തെ എന്റെ ഇഷ്ടത്തിന് ഡിസൈൻ ചെയ്യാൻ അദ്ദേഹം അനുവദിച്ചു. ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ... ക്യാമറയ്ക്കു മുൻപിൽ അത് കൃത്യമായി കിട്ടിയാൽ ഞാൻ ഓകെ പറയും... അല്ലെങ്കിൽ ഞാൻ തിരുത്തും. ഷാജിയുടെ കൂടെ ഈ പ്രൊജക്ടിനൊപ്പം ഈ നിമിഷം വരെ ഞാനുണ്ട്. 

irshad

വെല്ലുവിളിയായ നെടുനീളൻ ഡയലോഗുകൾ

ജോ എന്ന കഥാപാത്രത്തിത്തിലൂടെ ഞാൻ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. ലോക്ഡൗണിൽ അത്യാവശ്യത്തിന് താടിയും മുടിയും വളർന്നിരുന്നു. ഈ കഥാപാത്രത്തിനു വേണ്ടി അതൊന്നു മിനുക്കിയെടുത്തു. ശരീരം കൊണ്ടും എനിക്ക് ഈ കഥാപാത്രമായി മാറണമായിരുന്നു. ജോ എന്ന കഥാപാത്രത്തിലേക്ക് എന്റെയൊരു യാത്രയുണ്ടായിരുന്നു. തിരക്കഥ പല തവണ വായിച്ചു. അയാൾ ഇങ്ങനെ ആയിരിക്കും നടക്കുക... ഇങ്ങനെ ആകും നോക്കുക... ചിന്തിക്കുക... അങ്ങനെയുള്ള ചിന്തകൾ. സിനിമയിൽ ഒരുപാടു ദൈർഘ്യമേറിയ ഡയലോഗുകളുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ കാണികൾക്കു അരോചകമായേക്കാവുന്ന സംഭാഷണങ്ങൾ ആണ് അവ. അതൊരു കവിത പോലെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. 

എനിക്ക് വ്യക്തിപരമായി കവിതാഭ്രാന്ത് നല്ലപോലെ ഉള്ള ആളാണ്. ഡയലോഗ് സ്ഥിരം പറയുന്ന പാറ്റേണിൽ നിന്നു വ്യത്യസ്തമായി കവിതയുടെ ഒരു ശൈലി കൂടി ഉൾക്കൊണ്ടുള്ള പ്രസന്റേഷനാണ് സ്വീകരിച്ചത്. സിനിമയിലെ ഡയലോഗുകൾ അത്രയും എനിക്ക് മനഃപാഠമാണ്. ഞാനങ്ങനെ കാണാതെ പഠിക്കുന്ന ആളൊന്നുമല്ല. എങ്കിലും ഈ സിനിമയിലെ എല്ലാ ഡയലോഗുകളും എനിക്ക് ഇപ്പോഴും കാണാതെ അറിയാം. ഡയലോഗുകൾ കുറച്ചു ഓവർ ആയില്ലേ എന്നു ചോദിക്കുന്നവർ ഉണ്ടാകാം. പക്ഷേ, മോശമാകാതെ അതു ചെയ്തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. 

അവർ കട്ടയ്ക്ക് കൂടെ നിന്നു

അർജുന്റെയും സംയുക്തയുടെയും പിന്തുണ കൂടി എന്റെ പെർഫോർമൻസിലുണ്ട്. അവർ അത്രമേൽ കൂടെ നിന്നിട്ടുണ്ട്. അർജുന്റെ കഴുത്തിൽ പിടിച്ചുയർത്തി വലിച്ചു കൊണ്ടു പോകുന്ന രംഗമുണ്ട് സിനിമയിൽ. ശരിക്കും അർജുന്റെ കഴുത്ത് നല്ല പോലെ വേദനിച്ചിട്ടുണ്ട്. അതിലൊന്നും ഒരു പരാതിയും കൂടാതെ അർജുൻ കട്ടയ്ക്ക് നിന്നു. എന്നെ ചവിട്ടുന്ന രംഗങ്ങളിൽ അർജുന് എന്നെ അങ്ങനെ ചെയ്യാൻ ചെറിയൊരു മടിയുണ്ടായിരുന്നു. പക്ഷേ, അതൊന്നും വേണ്ട... ശരിക്കും ചെയ്യാനായിരുന്നു ഞാൻ പറഞ്ഞത്. അങ്ങനെ കുറെ കൊടുക്കൽ വാങ്ങലുകൾ ഉണ്ടായിരുന്നു. സംയുക്തയും അർജുനും വലിയ സഹകരണവും പിന്തുണയുമാണ് നൽകിയത്. അതും കൂടിയാണ് എന്റെ പെർഫോർമൻസിനെ മികച്ചതാക്കിയത്. 

irshad-ali

ഇതൊരു മനുഷ്യവിരുദ്ധ സിനിമയല്ല

ഓരോരുത്തവരും ഓരോ രീതിയിലാണ് സിനിമ കാണുന്നത്. അവർക്ക് അവരുടേതായ ശരികളുണ്ട്. നിങ്ങൾ കാണുന്നതൊന്നുമല്ല ഈ സിനിമ എന്ന തലക്കെട്ടിൽ ഒരു കുറിപ്പ് ഞാൻ വായിച്ചിരുന്നു. ഇറങ്ങിപ്പോയത് ജോ എന്ന കഥാപാത്രമല്ല, അവരുടെ ഈഗോ ആണെന്ന തരത്തിലുള്ള വായനയായിരുന്നു അത്. നിങ്ങളുടെ ശരികൾക്കൊപ്പം നിങ്ങൾ സഞ്ചരിക്കൂ എന്നേ പറയാൻ കഴിയൂ. ഇത് സ്ത്രീപക്ഷ സിനിമയാണെന്നും അല്ല, സ്ത്രീവിരുദ്ധ സിനിമയാണെന്നും പറയുന്നവരുണ്ട്. അങ്ങനെ വിവിധ അഭിപ്രായങ്ങൾ ഒരു സിനിമയ്ക്കുണ്ടാകാം. ആത്യന്തികമായി സിനിമ സംവിധായകയന്റെയാണെന്നാണ് എന്റെ കാഴ്ചപ്പാട്. ഇതൊരു മനുഷ്യവിരുദ്ധ സിനിമയായി എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ട് ഞാൻ ഈ സിനിമയിൽ അഭിനയിച്ചു. 

ആശങ്കകളില്ല, എന്നും ഇഷ്ടം സിനിമ മാത്രം

എന്റെയൊരു പ്രൊഡ്യൂസർ സുഹൃത്ത് പറഞ്ഞൊരു കാര്യമുണ്ട്. 'നിങ്ങളാണ് കൊറോണ സ്റ്റാർ' എന്ന്! കൊറോണ കാലത്ത് തീയറ്ററിലും ഹിറ്റുണ്ടാക്കാൻ പറ്റി... ഒടിടിയിലും റീച്ച് ഉണ്ടാക്കാൻ പറ്റിയെന്ന്! ഓപ്പറേഷൻ ജാവയിലും ഞാൻ നായകനല്ല... വൂൾഫിലും അല്ല. എന്നിട്ടും എനിക്ക് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫോൺ താഴെ വയ്ക്കാൻ പോലും സാധിക്കാത്ത തരത്തിൽ എനിക്ക് കോളുകൾ വന്നുകൊണ്ടിരിക്കുന്നു. പുലർച്ചെ രണ്ടു മണിക്കൊക്കെയാണ് ഞാൻ ഉറങ്ങുന്നത്. അത്രയും ആളുകളാണ് എന്നെ വിളിക്കുകയും സന്ദേശം അയയ്ക്കുകയും ചെയ്യുന്നത്. 

ഒരു നടൻ എന്ന നിലയിൽ അംഗീകരിക്കപ്പെടുക എന്നതിലുള്ള ആനന്ദം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. 25 വർഷമായി ഞാൻ സിനിമയിലുണ്ട്. നാളെ എന്താകും എന്നതിനെക്കുറിച്ചുള്ള ആശങ്കയൊന്നുമില്ല. അതു മുൻപും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഈ സിനിമയിലൂടെ ഞാൻ വലിയ സ്റ്റാർ ആകുമെന്നൊന്നും കരുതുന്നില്ല. എന്റെ ഇഷ്ടം എന്നും സിനിമയാണ്. അതിനൊപ്പം സഞ്ചരിച്ച് ജീവിച്ചു മരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെയാണ് ഞാൻ എന്റെ ജീവിതത്തെ ഡിസൈൻ ചെയ്തിരിക്കുന്നതും. ഇനിയുള്ള എന്റെ യാത്രകൾക്ക് ഓപ്പറേഷൻ ജാവയും വൂൾഫും ഗുണം ചെയ്യും. അത്ര മാത്രമേ ഞാൻ ആലോചിക്കുന്നുള്ളൂ. 

കാത്തിരിക്കുന്ന വേഷങ്ങൾ

ഇനി ഇറങ്ങാനുള്ള ചിത്രങ്ങളിൽ മാലിക്ക് ഉണ്ട്. അതിൽ ചെറിയൊരു കഥാപാത്രമാണ്. മഹേഷ് നാരായണന്റെ ചിത്രത്തിൽ സഹകരിക്കുക എന്ന ഇഷ്ടത്തിന്റെ പുറത്ത് ചെയ്ത വർക്കാണ്. കിങ്ഫിഷർ എന്ന അനൂപ് മേനോന്റെ സിനിമയിലും നല്ലൊരു വേഷമുണ്ട്. വലിയ റോൾ ഒന്നുമല്ല. പക്ഷേ, എന്റെ കരിയറിലെ നല്ലൊരു കഥാപാത്രമായി ഞാൻ കാണുന്ന ഒന്നാണ് അത്. ആ സിനിമ ആദ്യം ഇറങ്ങിയിരുന്നെങ്കിൽ ആ കഥാപാത്രമായിരുന്നേനെ ആദ്യം ആഘോഷിക്കപ്പെടുമായിരുന്നത്. രസകരമായ സീനും കഥാപാത്രവുമാണ് അത്. സുജിത് ലാൽ സംവിധാനം ചെയ്യുന്ന രണ്ട് ആണ് മറ്റൊരു സിനിമ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA