എട്ടു വർഷത്തെ എന്റെ കാത്തിരിപ്പ്: അപ്പു എൻ. ഭട്ടതിരി അഭിമുഖം

appu-bhattathiri
SHARE

സംവിധായകനാകാൻ സ്വപ്നം കണ്ടയാൾ വഴിമാറിയെത്തിയത് എഡിറ്റിങ് ടേബിളിനു മുന്നിലാണ്. ഒരു കൂട്ടം ചെറുപ്പക്കാരുടെ നിർബന്ധത്തിലാണ് അന്നവിടെ ഇരുന്നതെങ്കിലും പെട്ടെന്നൊന്നും അവിടം വിട്ട് എഴുന്നേൽക്കാൻ അയാൾക്കായില്ല. സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ അംഗീകാരങ്ങളും പലപ്പോഴായി ആ ടേബിളിനു മുന്നിൽ എത്തിച്ചേർന്നു. പക്ഷേ എഡിറ്ററുടെ കത്രികക്കാഴ്ചകളിലല്ല, ക്യാമറയ്ക്കു മുന്നിൽ ഒരുക്കേണ്ട ഷോട്ടുകളിലായിരുന്നു അപ്പോഴും മനസ്സ്. ആഗ്രഹത്തിന്റെ തീവ്രതയ്ക്കൊപ്പം സുന്ദരമായ ഗൂഡാലോചനയുമായി പ്രപഞ്ചവും ഒത്തുചേർന്നപ്പോൾ, കോവിഡിനു പോലും ആ മോഹസാഫല്യത്തിനു തടയിടാനായില്ല. കോവിഡ് നിയന്ത്രണങ്ങളുടെ വെല്ലുവിളികൾക്കിടയിലും ഷൂട്ടിങ് നടത്തിയ ചിത്രം ഇപ്പോഴിതാ തിയറ്ററുകളിലെത്തിക്കഴിഞ്ഞു.

എഡിറ്റർ സംവിധായകനാകുമ്പോഴുള്ള ‘നിഴൽ’ കാഴ്ചകളെക്കുറിച്ച് മനസ്സു തുറക്കുന്നു, അപ്പു എൻ. ഭട്ടതിരി :

എഡിറ്ററോ സംവിധായകനോ

സംവിധാനം ആയിരുന്നു ആദ്യം മുതലേ ആഗ്രഹം. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്തു ദുൽഖർ സൽമാൻ നായകനായ സെക്കൻഡ് ഷോ എന്ന സിനിമയിലാണ് ആദ്യമായി ജോലി ചെയ്യുന്നത്. സഹസംവിധായകനായിരുന്നു. പക്ഷേ അതുപോരാ, പെട്ടെന്നു തന്നെ സ്വന്തമായി സംവിധാനം ചെയ്യണം എന്നായിരുന്നു മനസ്സിൽ. നിഴൽ സ്ക്രിപ്റ്റ് ചെയ്ത എസ്. സഞ്ജീവുമായി അന്നുതൊട്ടുള്ള അടുപ്പമാണ്. പക്ഷേ കുറെയായിട്ടും സിനിമയൊന്നും വർക്ക് ഔട്ട് ആയില്ല. അപ്പോഴാണ് കോളജിൽ നിന്നു പാസൗട്ട് ആകുന്ന ചില സുഹൃത്തുക്കൾ ഒരു വർക്ക് കംപൈൽ ചെയ്തു കൊടുക്കണമെന്നുള്ള ആവശ്യവുമായി എത്തിയത്. അങ്ങനെ പ്രത്യേക സാഹചര്യത്തിൽ അത് എഡിറ്റ് ചെയ്തു. അതിനു ശേഷം മറ്റൊരു ഫീച്ചർ, പിന്നീട് സിനിമ അങ്ങനെ വന്നു. എഡിറ്റ് ചെയ്ത്, എഡിറ്റ് ചെയ്ത് അങ്ങനെ എഡിറ്ററായിപ്പോയി. പിന്നീട് സംവിധായകനാൻ സമയമെടുത്തു.

saiju-appu

അവിചാരിതമായി എഡിറ്ററായ ആളെത്തേടി പുരസ്കാരങ്ങളെത്തിയല്ലോ

പുരസ്കാരത്തിനു വേണ്ടി എഡിറ്റ് ചെയ്തതല്ല, ഭാഗ്യം കൊണ്ടു പുരസ്കാരം കിട്ടുന്നതാണല്ലോ. രണ്ടുചിത്രങ്ങൾക്കാണു സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. ജയരാജ് സാറിന്റെ വീരം, രാഹുൽ രജിനായരുടെ ഒറ്റമുറി വെളിച്ചം എന്നീ സിനിമകളുടെ എഡിറ്റിങ്ങിനാണതു ലഭിച്ചത്. എന്റെ സിനിമാ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടൊരാളാണ് ജയരാജ് സാർ. ഒരു സീനിയർ സംവിധായകനൊപ്പം ഞാൻ ജോലിചെയ്യുന്നത് അദ്ദഹത്തിനൊപ്പമാണ്. ഞാൻ കഷ്ടിച്ചു മൂന്നോ നാലോ സിനിമ മാത്രം ചെയ്തിട്ടുള്ള സമയത്താണ് ‘വീരം’ പോലൊരു സിനിമയിലേക്ക് അദ്ദേഹം വിളിക്കുന്നത്. 

appu-award

പക്ഷേ എനിക്ക് ധാരാളം സ്പേസും സ്വാതന്ത്ര്യവും അദ്ദേഹം തന്നു. ഒരുപാട് വിഷ്വൽ എഫെക്ട്സ് ഷോട്സ് ഉള്ള സിനിമയാണ് വീരം. ഏതാണ്ട് എഴുന്നൂറോളം വിഷ്വൽ എഫെക്ട് ഷോട്സ് ഉള്ളതായിട്ടാണ് എന്റെയോർമ. ഒരു 100 മിനിറ്റ് അടുപ്പിച്ചേ ദൈർഘ്യമുള്ളൂ ആ സിനിമയ്ക്ക്, എന്നാൽപ്പോലും അത്തരം ഷോട്സുകൾ ധാരാളമുണ്ടായിരുന്നു. എന്റെ പഠനപശ്ചാത്തലവും വിഷ്വൽ എഫെക്ട്സാണ്. ചെന്നൈയിൽ നിന്ന് ബിഎ ഓണേഴ്സ് ഡിജിറ്റൽ മീഡിയ വിത് സ്പെഷലൈസേഷൻ ഇൻ വിഷ്വൽ എഫെക്ട്സ് ആണ് എന്റെ ബിരുദം. അത് ആ സിനിമയിലെ ജോലിക്കു ഗുണം ചെയ്തിട്ടുണ്ട്.

അതേസമയം, ഒറ്റമുറി വെളിച്ചം മറ്റൊരു തരത്തിലുള്ള സിനിമയായിരുന്നു. കുറച്ചു കൂട്ടുകാരുടെ വലിയസിനിമാ പദ്ധതികൾ നടക്കാതെ വന്നപ്പോൾ ചെറിയൊരു ഐഡിയ ആലോചിക്കുകയും അതിനു പൂർണ പിന്തുണ എന്നുള്ള രീതിയിൽ എനിക്കു നിൽക്കാൻ പറ്റുകയും ചെയ്തു. എത്ര ചുരുക്കി ചെയ്യാമോ അത്രയും ചുരുക്കി, എന്നാൽ ക്വാളിറ്റിയിൽ എറ്റവും കുറച്ചു കോംപ്രമൈസ് ചെയ്യുക എന്ന രീതിയിൽ ചെയ്ത സിനിമയാണ്. ആ അർഥത്തിൽ രാഹുൽ ടീം സ്പിരിറ്റോടെ ചെയ്തു വിജയിച്ച സിനിമയാണ്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

കഥാപാത്രം ആദ്യം, പിന്നെ കഥ!

രണ്ടര വർഷം മുമ്പാണ് എസ്. സഞ്ജീവ് ഈ ആശയം പറയുന്നത്. കഥയല്ല, കഥാപാത്രത്തെക്കുറിച്ചുള്ള ചില ഐഡിയകൾ. അതു കൊള്ളാമെന്നു തോന്നി മുന്നോട്ടുപോകുകയായിരുന്നു. കഥാരീതിയിലാണത് എഴുതിയത്. സഞ്ജീവേട്ടൻ എഴുതിത്തുടങ്ങിയെങ്കിലും മറ്റു കാര്യങ്ങൾ മുന്നോട്ടു നീങ്ങാതിരുന്ന സമയത്താണ് തീവണ്ടിയുടെ സംവിധായകനും നിഴലിന്റെ നിർമാതാക്കളിൽ ഒരാളുമായ ഫെല്ലിനി ഈ കഥയുമായി ചാക്കോച്ചനെ കാണാമെന്നു പറയുന്നത്. അങ്ങനെ അദ്ദേഹത്തെ കണ്ടു. ചാക്കോച്ചനു കഥ ഇഷ്ടപ്പെട്ടതോടെയാണ് ഇതൊരു സിനിമയാകുമെന്ന അവസ്ഥയിലേക്കെത്തിയത്.

nizhal-movie-review-2

നയൻതാരയെ വീണ്ടും മലയാളത്തിലെത്തിച്ചല്ലോ

ശക്തയായ നായിക കഥാപാത്രമാണ്, ഒരു കുട്ടിയുടെ അമ്മയാണ്, കണ്ടുപരിചയമുള്ള ആളാകണം, കൺവിൻസിങ് ആയിരിക്കണം എന്നൊക്കെയുണ്ടായിരുന്നു. പലരെയും ആലോചിച്ചു അതെല്ലാം നടക്കാതിരിക്കുന്ന സാഹചര്യത്തിൽ ചാക്കോച്ചനാണ് നയൻതാര ആയാലോ എന്നു ചോദിക്കുന്നത്. കാര്യം, കിടിലൻ ഓപ്ഷൻ ആണ്. പക്ഷേ ഇതൊക്കെ നടക്കുമോ എന്ന സംശയത്തിലാണ് ഞങ്ങൾ അത്തരം ഓപ്ഷനുകളിലേക്കു പോലും പോകാതിരുന്നത്. ചാക്കോച്ചന് ആത്മവിശ്വാസമുള്ള സ്ഥിതിക്കു എന്തുകൊണ്ട് ശ്രമിച്ചൂകൂടാ എന്നായി. കഥ പറ‍ഞ്ഞു, ഒന്നു രണ്ടു ചർച്ചകളും കഴിഞ്ഞപ്പോഴേക്കും നയൻതാര സിനിമയിലെത്തി.

വിഡിയോ കോൾ ഓഡിഷൻ

സിനിമയിൽ ഏറെ പ്രധാനപ്പെട്ട കഥാപാത്രമാണ് 8 വയസ്സുകാരനായ ആ കുട്ടി. ആ വേഷത്തിലെത്തുന്നയാൾ നന്നായാലേ സിനിമ തന്നെ നന്നാകൂ. നിതിൻ എന്ന കഥാപാത്രത്തോടു കൂടുതൽ ചേർന്നു നിൽക്കുന്നയാളെ കിട്ടാൻ ഒത്തിരി കുട്ടികളെ ഓഡിഷൻ ചെയ്തു. ലുക്കിലും അഭിനയത്തിലും ചേരുന്ന കുട്ടിയെയയാണ് ഞങ്ങൾ തിരഞ്ഞത്. ലുക്ക് ശരിയായൽ അഭിനയം ഓകെ ആകില്ല, അല്ലെങ്കിൽ തിരിച്ചും. എന്റെ അസോസിയേറ്റ് സന്ദീപ് ആണ് ആദ്യം ഐസണെ ഓഡിഷൻ ചെയ്യുന്നത്. ദുബായിലായതിനാൽ വിഡിയോ കോൾ വഴിയായിരുന്നു ഒഡിഷൻ. ഷൂട്ടിനു മുൻപായി ഐസൺ ഫൈനലൈസ് ചെയ്തു.

nizhal-movie-review-3

പിപിഇ കിറ്റ് ഇട്ട് ആക്‌ഷൻ

ജീവിതത്തിൽ ആദ്യമായി ‘ആക്‌‌ഷൻ’ വിളിച്ചത് പിപിഇ കിറ്റിട്ടാണ്. അതൊരിക്കലും മറക്കാനാകില്ല. പൂർണമായും കൊറോണക്കാലത്തായിരുന്നു ഷൂട്ടിങ്. അതുകൊണ്ടു തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പരിമിതികളുണ്ടായിരുന്നു. കൂടെയുള്ള സംഘം നമ്മുടെ സങ്കൽപത്തിലേതു പോലെയല്ല. ആളു കുറവാണ്, ഉള്ളവർ തന്നെ വല്ലാതെ അടങ്ങിനിൽക്കുന്ന സ്ഥിതിയാണ്. ആ രീതിയിലാണതു പൂർത്തിയാക്കിയത്.

 നയൻതാര ബീച്ചിൽ, ചുറ്റും ജനം

ഷൂട്ടിങ്ങിനിടെയുണ്ടായ വെല്ലുവിളിയെന്നത് ബീച്ചിൽ ചെയ്തൊരു സീനാണ്. ചാക്കോച്ചന്റെയും നയൻതാരയുടെയും കോംപിനേഷനാണത്. സിനിമയിലെ വളരെ പ്രധാനപ്പെട്ടൊരു ഭാഗം. എറണാകുളം ജില്ലയിലെ പ്രശസ്തമായ ബീച്ചിലാണതു ചെയ്യുന്നത്. ആ സീൻ ഷൂട്ട് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ച ദിവസമാണ്, സർക്കാർ അതുവരെയുള്ള കോവിഡ് നിയന്ത്രണങ്ങൾ നീക്കി പൊതുജനങ്ങൾക്ക് ബീച്ചുകൾ തുറന്നുകൊടുത്തത്. അതുപോലൊരു ചാലഞ്ച് അതുവരെയുള്ള ഷൂട്ടിങ് ജീവിതത്തിലുണ്ടായിട്ടില്ല. നയൻതാരയും ചാക്കോച്ചനും ബീച്ചിൽ, പ്രളയം പോലെ ജനങ്ങൾ ചുറ്റും.

കാത്തിരുന്നെത്തിയ ‘ഫ്രൈഡേ’

45 ദിവസത്തെ ഷൂട്ടിങ്, ആകെയൊരു വെടിയും പുകയും എന്ന അവസ്ഥയാണ് ഇപ്പോൾ അതേക്കുറിച്ച് ഓർക്കുമ്പോൾ. എന്നാലും പറയാം ഞാൻ വിചാരിച്ചതു പോലെയല്ലായിരുന്നു. എനിക്കിപ്പോൾ 31 വയസ്സാണ്. ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്, എന്റെ സിനിമ റിലീസ് ആകുന്ന ‘ആ വെള്ളിയാഴ്ച’ എന്നായിരുന്നു മനസിലുണ്ടായിരുന്നത്. പക്ഷേ ആ വെള്ളിയാഴ്ചയെ പറ്റി ഞാനൊരു സത്യം പറയാം, ഒന്നുമില്ല, വേറെതൊരു ദിവസത്തെയും പോലൊരു വെള്ളി. 

അന്നു രാവിലെ എന്റെ സിനിമ തിയറ്ററിലെത്തി, അത്രേയുള്ളൂ. ഞാൻ വിചാരിച്ചത്, ഒരു വശത്തു നിന്ന് വെളിച്ചമൊക്കെ വരും എന്നൊക്കെയായിരുന്നു. പക്ഷേ അന്നു നേരത്തെ ഉറങ്ങാൻപോലും പറ്റി.കോവിഡ് സമയമായതിന്റെ അനിശ്ചിതത്വം മൂലമാണോ എന്നു ചോദിച്ചാൽ അല്ല. പടം ചെയുന്ന സമയത്ത് എനിക്കു വലിയ ടെൻഷൻ ആയിരുന്നു. പക്ഷേ അതു പൂർത്തിയാക്കിയപ്പോൾ അതു കഴിഞ്ഞു എന്ന ഫീലായിരുന്നു. പീസ്‌ഫുൾ ആയിരുന്നു.

appu-famiy

കോവിഡ് കാല തിയറ്റർ അനുഭവം

തിയറ്റർ റെസ്പോൺസ് കൊള്ളാം. പക്ഷേ ആളു വളരെ കുറവാണിപ്പോൾ. കോവിഡ് കൂടുതലാകുന്നു എന്നതിനാൽ എല്ലാവരും നിർബന്ധമായി തിയറ്ററിൽ പോകണമെന്നു ഞാൻ പറയില്ല. കഴിഞ്ഞ എട്ടു വർഷത്തെ എന്റെ കാത്തിരിപ്പും ടെൻഷനും തകർച്ചയും സങ്കടവും ദേഷ്യവും പ്രതീക്ഷയുമെല്ലാം കണ്ടതും അറിഞ്ഞതും എന്റെ അമ്മയാണ്. മീറ്റിങ്ങിനു പോയി പാളിയിട്ടൊക്കെ വീട്ടിലെത്തുമ്പോൾ എന്നെ കണ്ടിട്ടുള്ളത് അമ്മയാണ്. അതുകൊണ്ട് ഈ സിനിമ കാണുമ്പോൾ അമ്മയ്ക്കു കിട്ടുന്ന സമാധാനവും സന്തോഷവും ലോകത്തു മറ്റൊരാൾക്കു കിട്ടില്ലന്നെനിക്കറിയാം. അമ്മ തിയറ്ററിൽ പോയി സിനിമ കണ്ടു. അതല്ലാതെ വേറെ ആരോടും ഇപ്പോൾ തിയറ്ററിൽ പോകണമെന്നു ഞാൻ പറയുന്നില്ല. സമയമെടുത്ത്, സൗകര്യവും സാഹചര്യവും പോലെ നിങ്ങളും സിനിമ കാണൂ, അഭിപ്രായം അറിയിക്കൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA