ADVERTISEMENT

വിഷാദരോഗത്തിന്റെയും അവഗണനയുടെയും വേദനകളെ തകർത്തെറിഞ്ഞാണു തെന്നിന്ത്യൻ താരം നമിത മുകേഷ് വങ്കാവാല ചലച്ചിത്രരംഗത്തേക്കു തിരിച്ചെത്തിയത്. വിവിധ ഭാഷകളിലായി അൻപതിലേറെ സിനിമകളുടെ ഭാഗമായ നമിത അവതരിപ്പിച്ചതിലേറെയും ഗ്ലാമർ വേഷങ്ങളായിരുന്നു. പുതിയ വഴിയിലേക്കു തിരിയുകയാണിപ്പോൾ നമിത. മലയാളം ഉൾപ്പെടെ 4 ഭാഷകളിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ബൗ വൗ’ എന്ന ചിത്രത്തിന്റെ സഹനിർമാതാവെന്നതാണു പുതു നിയോഗം. ചിത്രത്തി‍ൽ ഒരു ബ്ലോഗറുടെ വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്. നമിത ജീവിതവും സിനിമയും പറയുന്നു.

 

∙ ‘ബൗ വൗ’വിലേക്കുള്ള വഴി?

എപ്പോഴും കാത്തിരുന്നതും ശ്രമിച്ചതും വ്യത്യസ്ത വേഷങ്ങൾക്കു വേണ്ടിയാണ്. പക്ഷേ, എന്നെത്തേടി വന്നതിലേറെയും ഗ്ലാമർ വേഷങ്ങൾ തന്നെയായിരുന്നു. മടുത്തുപോയി. അങ്ങനെയിരിക്കെയാണു ‘ബൗ വൗ’വിന്റെ കഥ കേൾക്കുന്നത്. കേട്ടപ്പോൾത്തന്നെ ഏറെ ഇഷ്ടമായി. ഞാനൊരു മൃഗസ്നേഹിയാണ്. 4 നായ്ക്കളുണ്ട് വീട്ടിൽ. ഞാനവരെ മക്കളെപ്പോലെയാണു പരിപാലിക്കുന്നത്. ഇതു കൂടാതെ ചെന്നൈയിലെ വീടിനു സമീപത്തെ തെരുവുനായ്ക്കൾക്ക് ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട്. കിളികൾക്കും മൃഗങ്ങൾക്കുമായി വെള്ളവും തീറ്റയും നിറച്ച പാത്രങ്ങളും ഒരുക്കിയിട്ടുണ്ട്. അത്രയേറെ മൃഗങ്ങളെയും പക്ഷികളെയും സ്നേഹിക്കുന്ന എനിക്ക് ഈ സിനിമയോടു വല്ലാത്ത അടുപ്പം തോന്നി. അങ്ങനെയാണ് ഇതു ചെയ്യാൻ തീരുമാനിച്ചത്. ഇതുവരെയുള്ള സിനിമകളിൽ കണ്ട നമിതയെയല്ല പ്രേക്ഷകർ ഈ ചിത്രത്തിൽ കാണാൻ പോകുന്നത്.

 

∙ ഗ്ലാമർ വേഷങ്ങൾ ജീവിതത്തിനും കരിയറിനും എന്തെങ്കിലും ഗുണം ചെയ്തിരുന്നോ?

നടീനടന്മാർ എല്ലാത്തരം കഥാപാത്രങ്ങളും അവതരിപ്പിക്കേണ്ടവരാണെന്നും അതവരുടെ അവകാശമാണെന്നും വിശ്വസിക്കുന്നയാളാണ് ഞാൻ. പക്ഷേ, നിർഭാഗ്യവശാൽ ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ‘ടൈപ് കാസ്റ്റിങ്’ ആയിരുന്നു. ഒരിക്കൽ ഗ്ലാമർ കഥാപാത്രം ചെയ്താൽ പിന്നെ എന്നും അങ്ങനെ തന്നെ ചെയ്യേണ്ടിവരുന്ന അവസ്ഥ. മറിച്ച്, ആ നടനോ നടിക്കോ മറ്റെന്തൊക്കെ അധികമായി ചെയ്യാനാകുമെന്ന കാര്യം ആരും പരിഗണിക്കുന്നതേയില്ല. മടുത്തു പോകും നമ്മൾ. നാടകവേദികളിൽ പോലും അനുഭവസമ്പത്തുള്ള എനിക്ക് പലപ്പോഴും ലഭിച്ച കഥാപാത്രങ്ങൾ വെറും ഗ്ലാമറിൽ ഒതുങ്ങിപ്പോയി. ഈ പാഠങ്ങളാണ് ‘ബൗ വൗ’ പോലൊരു സിനിമ ചെയ്യാനുള്ള പ്രേരണയും. മികച്ച കഥാപാത്രങ്ങൾ എനിക്കും വഴങ്ങുമെന്നു തിരിച്ചറിയപ്പെടണം.

 

∙ വേർതിരിവുകൾ ശക്തമാണോ സിനിമാമേഖലയിൽ?

സംശയമുണ്ടോ? ഒരു നടി വിവാഹിതയായാൽ ഉടൻ മാധ്യമങ്ങൾ ചോദിക്കും ഇനി അഭിനയിക്കുന്നുണ്ടോ എന്ന്. എന്നാൽ, ഏതെങ്കിലുമൊരു നടൻ വിവാഹം കഴിച്ചാൽ അങ്ങനെ ചോദിക്കുമോ? സിനിമാമേഖലയിൽ നടന്മാർക്കു പ്രത്യേകിച്ച് റൂൾസ് ഒന്നുമില്ല. അവർ സ്വതന്ത്രരാണ്. നടിമാർ അങ്ങനെയല്ല. അവർക്ക് ഏറെ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നു. വിവാഹം എന്നതു ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. അല്ലാതെ ജീവിതത്തിന്റെയും കരിയറിന്റെയും അവസാനമല്ലെന്നു പെൺകുട്ടികൾ മനസ്സിലാക്കണം.

 

∙ ഇനി ഐറ്റം സോങ്സ് ചെയ്യില്ലെന്ന തീരുമാനം എന്തുകൊണ്ടാണ്?

ചില സംവിധായകർ പ്രധാന കഥാപാത്രമാണെന്ന തരത്തിൽ സിനിമയിലേക്കു വിളിക്കും. കുറച്ചു ഭാഗങ്ങളൊക്കെ ഷൂട്ട് ചെയ്യും. അതിനൊപ്പം ഒരു ഗാനരംഗമുണ്ടാകും. പക്ഷേ, സിനിമ പുറത്തിറങ്ങുമ്പോൾ മറ്റുള്ള ഭാഗങ്ങളെല്ലാം ഒഴിവാക്കി ഗാനരംഗം മാത്രം ഉൾപ്പെടുത്തും. പലതവണ അത്തരം അനുഭവമുണ്ടായി. ഇതു കാണുന്ന പ്രേക്ഷകർ വിചാരിക്കും ഞാൻ ഐറ്റം സോങ് മാത്രമേ ചെയ്യൂ എന്ന്. ഇതോടെയാണ് ഐറ്റം സോങ് ചെയ്യേണ്ടെന്ന ഉറച്ച തീരുമാനമെടുത്തത്.

 

∙ ബോഡി ഷെയ്മിങ് അനുഭവങ്ങളുണ്ടായിട്ടുണ്ടോ?

2001ലാണു ഞാൻ സിനിമയിലെത്തിയത്. 15 വർഷത്തോളം പലതരത്തിലുള്ള ബോഡി ഷെയ്മിങ്ങിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഒരു നടി ഒന്നു തടിച്ചാലോ മെലിഞ്ഞാലോ ഉടൻ അഭിപ്രായ പ്രകടനങ്ങളും വിമർശനങ്ങളുമായി. 2010 മുതൽ 2015 വരെ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു ഞാൻ. 

ആ സമയത്ത് വല്ലാതെ ശരീരം തടിച്ചു. 15 – 20 കിലോ വരെ വർധിച്ചു. അതിന്റെ പേരിലും കേട്ടു കുറെ അപവാദ പ്രചാരണങ്ങൾ. പക്ഷേ, അതെല്ലാം തള്ളിക്കളഞ്ഞ് 2015 മുതൽ ഞാൻ എന്നെയും എന്റെ ശരീരത്തെയും കൂടുതൽ സ്നേഹിക്കാൻ തുടങ്ങി. ബോഡി ഷെയ്മിങ് നടത്തുന്നവർ അവരുടെ അരക്ഷിതാവസ്ഥ നമ്മിലേക്കു പകരാൻ ശ്രമിക്കുന്നെന്നു മാത്രം. അതു കാര്യമാക്കേണ്ടതില്ല.

 

∙ മലയാള സിനിമയെക്കുറിച്ച്? 

മലയാള സിനിമ എനിക്കേറെ ഇഷ്ടമാണ്. മലയാളത്തിൽ പൃഥ്വിരാജാണ് എന്റെ ഇഷ്ടതാരം. അദ്ദേഹത്തിനൊപ്പമുള്ള ഒരു സിനിമ ആഗ്രഹമാണ്. മലയാള സിനിമയുടെ ചിത്രീകരണ രീതിയും സംവിധാന മികവും എടുത്തു പറയേണ്ടതാണ്. ‘ബൗ വൗ’വിനു ഭാഷാ വേർതിരിവു പാടില്ലെന്ന വിചാരത്തിലാണു മലയാളം ഉൾപ്പെടെ 4 ഭാഷകളിൽ പുറത്തിറക്കുന്നത്. മേയ് 10 എന്റെ ജന്മദിനമാണ്, അന്നു റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com