ഇതു ‘ജോജി’യുടെ കഥ; യഥാർഥ ജോജി പറയുന്നു

SHARE

എരുമേലിയിലെ ‘പനച്ചേൽ’ തറവാട്ടിലേക്ക് ജെയ്സൻ ഒരിക്കൽകൂടി കടന്നുവന്നു...ഈ വരവിന് ആഹ്ലാദവും ആവേശവും കൂടുതലാണ്. ക്യാമറയ്ക്കു മുന്നിൽ തകർത്തഭിനയിച്ച ‘ജോജി’ സിനിമയിലെ ജെയ്സനെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയ്ക്കൊപ്പം തന്നെ തന്റെ കഥാപാത്രവും ജനങ്ങളിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് ജോജി. സംവിധായകനാകാൻ സ്വപ്നം കണ്ട ജോജി ഇപ്പോൾ തികഞ്ഞ നടനാണ്. ജോജി സിനിമയുടെ ലൊക്കേഷനിൽ നിന്നു നടൻ ജോജി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

∙ യാഥാർഥ്യമാകുന്നു, 20 വർഷത്തെ സ്വപ്നം

കലയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്. അതിനാൽ തന്നെ 20 വർഷങ്ങൾ ഈ മേഖലയിൽ കഠിന പരിശ്രമം നടത്തേണ്ടി വന്നു. സംവിധാനമാണ് എന്റെ മേഖല എന്നു നേരത്തെ തന്നെ മനസ്സിൽ ഉറപ്പിച്ചതാണ്. അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. എന്റെ ചിന്തകളും ആ തലങ്ങളിലായിരുന്നു. ജേണലിസത്തിൽ ഡിഗ്രി കഴിഞ്ഞശേഷം എറണാകുളത്ത് ജന്മഭൂമി പത്രത്തിൽ ജോലിയിൽ പ്രവേശിച്ചു. ആ സമയത്താണ് പ്രമുഖ സീരിയലിലേക്ക് ക്ഷണം ലഭിക്കുന്നത്. പിന്നീട് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാകുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. ഡോക്യുമെന്ററികളും ഷോർട് ഫിലിമുകളുമൊക്കെയായി ഈ രംഗത്ത് പിന്നീട് സജീവമായി. ഒരുപാട് നല്ല സൗഹൃദങ്ങളും ബന്ധങ്ങളും ഈ മേഖലയിൽ നിന്ന് ലഭിച്ചു.

∙ അപ്രതീക്ഷിതം ‘ജോജി’

ജോജി സിനിമയുടെ ഭാഗമാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. പ്രത്യേകിച്ച് അഭിനയം എന്നത് ചിന്തയിലോ സ്വപ്നത്തിലോ ഉണ്ടായിരുന്ന കാര്യമല്ലായിരുന്നു. ദിലീഷ് പോത്തൻ ആദ്യം വിളിക്കുന്നത് ലൊക്കേഷനെ സംബന്ധിക്കുന്ന കാര്യങ്ങൾ പറയുന്നതിനായിരുന്നു. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിലായി കഥയ്ക്ക് അനുയോജ്യമായ വീടുകളുണ്ടോ എന്ന് അന്വേഷിക്കണമെന്നും പറഞ്ഞു. പിന്നീടാണ് സിനിമയിലെ കഥാപാത്രമാകാൻ വിളിക്കുന്നത്. എന്നാൽ ചെറിയ കഥാപാത്രമെന്തെങ്കിലും ആയിരിക്കും എന്നാണ് കരുതിയത്. 

ദിലീഷിനൊപ്പം വർക് ചെയ്യണമെന്ന് പണ്ടേ ആഗ്രഹമുണ്ടായിരുന്നു. അതിനു പറ്റിയ അവസരമായാണ് ഇതിനെ ആദ്യം കണ്ടത്. പിന്നീട് ഓഡിഷനിൽ പങ്കെടുക്കണമെന്നും പറഞ്ഞു. ഓഡിഷൻ എന്നു കേട്ടപ്പോൾ തന്നെ ചെറിയ ഭയം തോന്നിയിരുന്നു. ഇത് എനിക്കു പറ്റിയതല്ലെന്ന് അപ്പോൾ തന്നെ പറഞ്ഞു. എന്നാൽ ദിലീഷിന് വിടാൻ ഉദ്ദേശ്യമില്ലായിരുന്നു. ഒന്നും പേടിക്കണ്ടെന്നും എല്ലാ സഹായത്തിനും കൂടെയുണ്ടെന്നും പറഞ്ഞു. പിന്നീട് ഓഡിഷനിൽ പങ്കെടുക്കാനുള്ള തയാറെടുപ്പുകളായിരുന്നു. യൂട്യൂബിൽ നിന്ന് ഓഡിഷൻ വിഡിയോകൾ കണ്ടുമനസ്സിലാക്കി. കാഞ്ഞിരപ്പള്ളിയിലെ ഒരു വീട്ടിൽ വച്ചായിരുന്നു ഓഡിഷൻ. എന്നെക്കൊണ്ട് സംഭാഷണങ്ങൾ പറയിപ്പിച്ചു നോക്കി.

ശരീരം കുറച്ചുകൂടി നന്നാക്കണമെന്നും വണ്ണം കുറയ്ക്കണമെന്നും ദിലീഷ് പറഞ്ഞു. ജെയ്സൻ എന്ന കഥാപാത്രം എന്നിലൂടെ അവതരിപ്പിക്കപ്പെട്ടത് ദിലീഷ് എന്ന സംവിധായകന്റെ ബ്രില്ല്യൻസ് കൊണ്ടു മാത്രമാണ്. എനിക്കു വേണ്ടി നൂറ് ടേക്കുകൾ എടുക്കേണ്ടിവന്നാലും അതിൽ കുഴപ്പമില്ലെന്ന ദിലീഷിന്റെ വാക്കുകളാണ് യഥാർഥത്തിൽ ഈ കഥാപാത്രത്തെ സ്വീകരിക്കാൻ പ്രചോദനമായത്.

∙ ജോജി കാലഘട്ടത്തിന്റെ ആവശ്യകത

ജോജി എന്ന കഥാപാത്രം യഥാർഥ ജോജിയുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. എന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവാണ് ഈ സിനിമ. മലയോരത്തു നിന്ന് സിനിമ എന്ന വിദൂര സ്വപ്നത്തിലേക്ക് ചുവടുകൾ ഏറെ താണ്ടേണ്ടതുണ്ട്. വിജയം സുനിശ്ചിതമെന്നു പറയാനും കഴിയാത്ത അവസ്ഥ. എന്നാൽ ഒരിക്കൽ ജീവിതം മാറിമറിയും എന്ന് സ്വപ്നം കണ്ടിരുന്നു.

ജോജി സിനിമ കാലഘട്ടത്തിന്റെ കൂടി ആവശ്യകതയായിട്ടാണ് കാണപ്പെടേണ്ടത്. ‘അപ്പൻ ആഗ്രഹിക്കുന്ന രീതിയിലുള്ള മകനാകാൻ എനിക്കു കഴിഞ്ഞില്ല, ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ആകാൻ പോലും എനിക്കു കഴിയുന്നില്ല’ എന്നു ജോജിയുടെ കഥാപാത്രം പറയുന്നുണ്ട്. വീടുമായി യാതൊരു ബന്ധവുമില്ലാത്ത മേഖലയെ സ്വപ്നം കാണുന്ന ആളാണ് ജോജി. താൻ ആഗ്രഹിക്കുന്ന രീതിയിൽ മകൻ വരണമെന്ന് ചിന്തിക്കുന്ന അപ്പൻ. ഇതിനിടയിൽ ഒന്നുമാകാതെ പോകുന്ന ജോജി. ജീവിതത്തിൽ വഴിത്തിരിവുകൾ തേടുന്ന അനേകം ജോജിമാരുടെ പ്രതീകം കൂടിയാണ് ഫഹദ് അവതരിപ്പിച്ച ജോജി.

∙ ലൊക്കേഷൻ, തയാറെടുപ്പുകൾ

സിനിമയുടെ ഷൂട്ടിങ് ദിവസങ്ങൾ വളരെ ആസ്വദിച്ചാണ് മുന്നോട്ട് പോയത്. ദിലീഷിന്റെ സെറ്റിൽ എല്ലാവർക്കും സ്വന്തം കുടുംബത്തിൽ എത്തിയ അനുഭവമാണ്. അവിടെ അസാധാരണമായി ഒന്നുമില്ല. ലൊക്കേഷന്റേതായ പ്രത്യേകതകളുമില്ല. സിങ്ക് സൗണ്ടാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ സംഭാഷണം വളരെ കൃത്യമായി പഠിച്ച് പറയേണ്ടിയിരുന്നു. ഫഹദിന്റെ അഭിനയവും ഒപ്പം ഓരോ ഷോട്ടും നന്നാക്കാനുള്ള അദ്ദേഹത്തിന്റെ കഠിനാധ്വാനവും വളരെ പ്രചോദനാത്മകമായിരുന്നു. ഒരുപാട് പടിക്കാനുള്ള അവസരം ഈ സിനിമ സമ്മാനിച്ചു. 

 

∙ കുടുംബം

മുണ്ടക്കയമാണ് സ്വദേശം. സിനിമയുടെ ആവശ്യങ്ങൾക്കായി കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ട സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ സിനിമാ മോഹത്തിന്റെ മുന്നിൽ അവർ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഭാര്യ ഷർമിൾ, മക്കൾ ജോഹൻ, ജോവോൺ, പിതാവ് കെ.ജെ.ജോൺ, മാതാവ് ലൂസമ്മ എന്നിവരടങ്ങുന്നതാണ് കുടുംബം. വലിയ പിന്തുണയായി എന്നും കൂടെ നിന്നിരുന്നതും ഇവർ തന്നെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA