ഒരു വേഷത്തിലേക്കും എന്നെ വിളിച്ചില്ല; അവാർഡ് അവസരങ്ങളുടെ വാതിൽ അല്ല: സുരഭി ലക്ഷ്മി അഭിമുഖം

surabhi-lakshmi-main
SHARE

സീരിയൽ രംഗത്തുനിന്നു വരുന്നവരെ രണ്ടാം കിടക്കാരായി കാണുന്ന രീതി സിനിമയിൽ ഉണ്ടെന്ന് ദേശീയ അവാർഡ് ജേതാവായ നടി സുരഭി ലക്ഷ്മി. എന്തെങ്കിലും ഇഷ്ടക്കേടിന്റെ പേരിൽ സംഭവിക്കുന്നതല്ലെങ്കിലും പണ്ടുമുതലുള്ള നടപ്പുരീതി അതാണെന്ന് മനോരമ ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സുരഭി പറഞ്ഞു. സീരിയലി‍ൽ നിന്ന് വരുന്നവർക്ക് മാർക്കറ്റില്ല എന്നാണ് പൊതുവെ സിനിമക്കാർക്കിടയിലെ വിശ്വാസം. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവർക്ക് ശക്തമായ കഥാപാത്രങ്ങൾ നൽകാൻ സംവിധായകർക്ക് മടിയാണ്. എത്ര കഴിവു തെളിയിച്ചവരായാലും ടിവി ആർട്ടിസ്റ്റ് എന്ന് മുദ്രകുത്തിക്കഴിഞ്ഞാൽ, സിനിമയിൽ അവർ സർവൈവ് ചെയ്യണമെങ്കിൽ അതികഠിനമായി പ്രയത്നിക്കേണ്ടിവരും. എന്നാൽ ഇത് മനഃപൂർവം നടക്കുന്ന ഒരു ഒതുക്കൽ പ്രക്രിയ അല്ലെന്നും സുരഭി പറഞ്ഞു.

∙സീരിയൽ രംഗത്തുനിന്നു വന്ന് ദേശീയ അവാർഡ് വരെ വാങ്ങിയ ഒരു നടിക്ക് എങ്ങനെയാണ് അങ്ങനെ പറയാൻ കഴിയുന്നത്?

നോക്കൂ, ഞാൻ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്ത സിനിമയാണ് ‘മിന്നാമിനുങ്ങ്’. ആ പടത്തിനു തന്നെ എനിക്ക് അവാർഡ് കിട്ടി. അതിനു മുൻപ് വളരെ ചെറിയ വേഷങ്ങൾ മാത്രമേ ഞാൻ ചെയ്തിരുന്നുള്ളു. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് ആ അവാർഡ് ഓർക്കാപ്പുറത്ത് സംഭവിച്ച ഒന്നാണ്. ഇനിയും ഒരിക്കൽക്കൂടി അങ്ങനെ സംഭവിക്കണേ എന്ന് ആഗ്രഹിക്കാൻ പോലും പറ്റാത്ത വിധം അവിശ്വസനീയമായിരുന്നു അത്.

surabhi-212

എന്നാൽ, അത്രയും വലിയ ഒരു അവാർഡ് ഒക്കെ കിട്ടിക്കഴിഞ്ഞാൽ, ആരുടെയും ആത്മവിശ്വാസമൊന്നു കൂടും. എന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. ആത്മവിശ്വാസം വർധിച്ചതുകൊണ്ടാകാം പ്രതീക്ഷകളും സ്വാഭാവികമായി വർധിച്ചു. കൂടുതൽ നല്ല വേഷങ്ങൾ കിട്ടുമെന്നാണ് ‍‌ഞാൻ കരുതിയത്. ഇല്ലെങ്കിലും നല്ല നല്ല സിനിമകളുടെ ഭാഗമാകാൻ കഴിയുമെന്നെങ്കിലും പ്രതീക്ഷിച്ചു. എന്നാൽ, സംഭവിച്ചത് നേരെ മറിച്ചാണ്.

∙വീണ്ടും കോമഡി വേഷങ്ങളിലേക്കു തന്നെയായിരിക്കും ക്ഷണം വന്നത്?

ഇല്ല. ഒരു വേഷത്തിലേക്കും ആരും എന്നെ വിളിച്ചില്ല എന്നതാണ് സത്യം. അതുകൊണ്ട് എനിക്ക് വീണ്ടും ചാൻസ് ചോദിക്കേണ്ടി വന്നു. അതുകൊണ്ടും പ്രയോജനം ഉണ്ടായില്ല. നമുക്ക് പരിചയമുള്ളവരോടല്ലേ ചാൻസ് ചോദിക്കാൻ പറ്റൂ. പക്ഷേ, അവരുടെ സിനിമയിൽ നമുക്കു പറ്റിയ വേഷമുണ്ടെങ്കിലല്ലേ തരാനും പറ്റൂ. പിന്നെയെന്തു ചെയ്യും? അതാണ് ഞാൻ പറഞ്ഞത്, ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ സ്വന്തം അസ്തിത്വം നിലനിർത്താൻ കൂടുതൽ ഫൈറ്റ് ചെയ്യേണ്ടി വരുന്നു എന്ന്. എന്റെ ഉള്ളിൽ ഉള്ള നടിയെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി എനിക്ക് കൂടുതൽ കഠിനമായി ജോലി ചെയ്യേണ്ടി വരുന്നു.

surabhi-3

∙സീരിയലിൽ അഭിനയിച്ചു എന്നതുമാത്രമാണോ ഈ അവഗണനയ്ക്ക് കാരണം?

അവഗണന എന്ന് പറയാൻ പറ്റുമോ എന്നറിയില്ല. ഞാനൊരു സംഭവം പറയാം. എനിക്ക് ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ എന്റെ നാടായ നരിക്കുനിയിൽ ഒരു സ്വീകരണം സംഘടിപ്പിച്ചിരുന്നു. ദീദി ദാമോദരൻ, സജിത മഠത്തിൽ, റിമ കല്ലിങ്കൽ തുടങ്ങിയവരൊക്കെ അന്ന് അവിടെ വന്ന് പ്രസംഗിച്ചു. അന്ന് റിമ പറഞ്ഞു ‘‘ഇനി ചെറിയ വേഷങ്ങളിലേക്ക് നിങ്ങൾ സുരഭിയെ വിളിക്കരുത്; വെല്ലുവിളി ഉയർത്തുന്ന വേഷങ്ങളിലേക്കു വേണം വിളിക്കാൻ’’ എന്ന്. എന്നോടുള്ള ഇഷ്ടം കൊണ്ട് റിമ പറഞ്ഞതാണ് അങ്ങനെ. എന്നാൽ, ഇൻഡസ്ട്രയിൽ അത് വേറൊരു തരത്തിലാണ് പ്രചരിക്കപ്പെട്ടത്. ഇനി ചെറിയ വേഷങ്ങളിലേക്ക് വിളിച്ചാൽ ഞാൻ പോകില്ല എന്നൊരു തോന്നൽ പലയിടത്തും ഉണ്ടായി. ഇത്തരം തോന്നലൊക്കെ അവസരം കുറയാൻ ഒരു കാരണമായിട്ടുണ്ടാവും.

∙ഇത്തരം പ്രതിസന്ധികൾക്ക് എന്താണ് ഒരു പരിഹാരം?

പെട്ടെന്നൊരു പരിഹാരം ഒന്നും നിർദേശിക്കാനാവില്ല. എന്റെയുള്ളിലെ നടിയെ ആത്യന്തികമായി തൃപ്തിപ്പെടുത്തുക എന്നതു തന്നെയാണ് എന്നിലെ ഏറ്റവും വലിയ പ്രതിസന്ധി. ഓരോ സിനിമ കഴിയുമ്പോഴും ഇനിയും ബെറ്റർ ആകാൻ പറ്റും എന്നൊരു തോന്നൽ ഉണ്ടാകും. എന്നാൽ അങ്ങനെ ബെറ്റർ ആകണമെങ്കിൽ ഇനിയും സിനിമ ലഭിക്കേണ്ടേ? അതു തന്നെയാണ് പ്രതിസന്ധി. അത്തരം കഥാപാത്രങ്ങളെ ഞാൻ തന്നെ സൃഷ്ടിച്ചെടുക്കുകയും ഞാൻ തന്നെ പണം മുടക്കി അത് നിർമിക്കുകയും ചെയ്താൽ ഈ പ്രശ്നത്തിനു പരിഹാരമായി. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അതിനുള്ള സാധ്യതയില്ല. അതുകൊണ്ട് മറ്റുള്ളവരെ ആശ്രയിച്ച് നിൽക്കുക എന്നതു മാത്രമേ നിവൃത്തിയുള്ളു. കിട്ടുന്ന വേഷങ്ങൾ പരമാവധി മികച്ചതാക്കാൻ ശ്രമിക്കുക എന്നതുമാത്രമാണ് ഏക പോംവഴി.

surabhi-lakshmi-212

∙ദിലീഷ് പോത്തൻ ഉൾപ്പെടെ സുഹൃത്തുക്കളുടെ വലിയൊരു നിരയുണ്ടല്ലോ? ഇവരിൽനിന്നൊക്കെ ഇത്തരം സപ്പോർട്ടുകൾ കിട്ടേണ്ടതല്ലേ?

ദിലീഷ് പോത്തനും ഞാനും ശ്രീശങ്കര യൂണിവേഴ്സിറ്റിയിൽ ഒരുമിച്ച് പഠിച്ചവരാണ്. ജോജി തുടങ്ങിയപ്പോഴും പോത്തൻ എനിക്ക് ഒരു വോയ്സ് മെസേജ് ഇട്ടു. ‘‘എടീ ഞാനെന്റെ മൂന്നാമത്തെ പടം തുടങ്ങുന്നു; ഇതിലും നിനക്ക് പറ്റിയ വേഷം ഒന്നുമില്ല’’ . അതിന്റെ പേരിൽ എനിക്ക് അയാളോട് പിണങ്ങാൻ പറ്റുമോ? അതേ സമയം എനിക്ക് ഒരു 10 ലക്ഷം രൂപയുടെ ആവശ്യമുണ്ടെന്ന് കരുതുക. ഞാനൊന്ന് വിളിച്ചു പറഞ്ഞാൽ, ആ നിമിഷം എന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരിക്കും. അത്രയും ദൃഢമായ സൗഹൃദമുണ്ട് ഞങ്ങൾക്കിടയിൽ. എന്നുകരുതി അയാൾ സംവിധാനം ചെയ്യുന്ന പടങ്ങളിലെല്ലാം എനിക്കു വേഷം വേണം എന്ന് വാശി പിടിക്കാൻ പറ്റുമോ? അതൊക്കെ യാദൃച്ഛികമായി സംഭവിച്ചുപോകുന്നതാണ്.

∙സിനിമയിൽ സൗഹൃദങ്ങൾകൊണ്ട് ഒരു കാര്യവുമില്ല എന്നാണോ പറയുന്നത്?

അങ്ങനയല്ല അതിന്റെയർഥം. എന്നെ സിനിമയിലേക്ക് കൊണ്ടുവന്നയാളാണ് ജയരാജ് സാർ. അദ്ദേഹവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ, അദ്ദേഹം ഒടിടി പ്ലാറ്റ് ഫോമിൽ ചെയ്യുന്ന പുതിയ പടത്തിലേക്ക് എന്നെ വിളിച്ചിട്ടുണ്ട്. ഇതിനു മുൻപ് എത്രയോ സിനിമകൾ അദ്ദേഹം ചെയ്തു. അന്നൊന്നും വിളിച്ചില്ലല്ലോ. കാരണം, ഞാൻ ചെയ്താൽ നന്നാകും എന്നു തോന്നുന്ന ഒരു വേഷം അദ്ദേഹത്തിന് കിട്ടിയത് ഇപ്പോഴാണ്. ഉടനെ വിളിക്കുകയും ചെയ്തു. അതുപോലെ അനൂപ് മേനോൻ. തിരക്കഥ എന്ന സിനിമ മുതൽ അദ്ദേഹത്തിനെ അറിയാം. പകൽ നക്ഷത്രം എന്ന സിനിമ വന്നപ്പോൾ കുറച്ചുകൂടി നല്ല അടുപ്പമായി. ഇപ്പോൾ ‘പത്മ’ എന്ന സിനിമയ്ക്കുവേണ്ടി നല്ലൊരു വേഷത്തിലേക്ക് എന്നെ വിളിച്ചിട്ടുണ്ട്. ഇതൊക്കെ സൗഹൃദംകൊണ്ടുകൂടി ഉണ്ടാകുന്നതല്ലേ.

surabhi-lakshmi-22

∙വിളിക്കുന്ന ഏതു സിനിമയിലും സുരഭി അഭിനയിക്കുമോ?

മൂന്നു രീതിയിലാണ് ഞാനതിനെ കാണുന്നത്. മികച്ച വേഷമാണെങ്കിൽ ആ ഒറ്റക്കാരണംകൊണ്ടു മാത്രം ഞാൻ അതിനെ സ്വീകരിക്കും. അതല്ല, മികച്ചൊരു ടീമിന്റെ പടമാണെങ്കൽ വേഷം അത്ര പ്രധാനമല്ലെങ്കിലും ഞാനത് സ്വീകരിക്കും. ഇതു രണ്ടുമില്ലെങ്കിൽ നല്ല പ്രതിഫലം വേണം. എന്തിന് ഈ സിനിമ ചെയ്തു എന്നതിന് എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ഒരു കാരണം വേണം.

∙കോമഡിയാണോ കൂടുതൽ ഇഷ്ടം?

അതിനുകൂടിയുള്ള ഉത്തരമാണല്ലോ മുകളിൽ പറഞ്ഞത്.

∙കോമഡി ചെയ്യുന്ന സ്ത്രീകൾ പൊതുവെ കുറവാണ്. മറ്റുവേഷങ്ങളേ അപേക്ഷിച്ച് കോമഡി ഫലിപ്പിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടോ?

കുറച്ച് ബുദ്ധിമുട്ടുണ്ട്. കാരണം നമ്മൾ ചെയ്യുന്ന വളിപ്പ് വെറും ചളിപ്പായി പോകരുത്. മാത്രമല്ല; പ്രേക്ഷകർ ചിരിക്കുകയും വേണം. അതുകൊണ്ട് അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ആർട്ടിസ്റ്റ് മുഴുവനായും ഫ്രീയായിരിക്കണം. ഒരു ബാഹ്യ പ്രശ്നവും അവളെ അലട്ടരുത്. കോമഡി രംഗങ്ങൾ ഫലിപ്പിച്ചെടുക്കാൻ നല്ല ടൈമിങ്ങും വേണം.

∙സീരിയലിൽ നിന്നു വരുന്നവരോടെന്ന പോലെ കോമഡി ആർട്ടിസ്റ്റുകളോടും ഒരു വേർതിരിവ് സിനിമയിൽ ഉണ്ടെന്നുകേട്ടിട്ടുണ്ട്?

അത് വേർതിരിവ് ആണോ എന്നറിയില്ല. എങ്കിലും, ആ കോമഡിയൊക്കെ ചെയ്യുന്ന നടിയല്ലേ എന്നൊരു വയ്പുണ്ട്. ക്യാരക്ടർ റോളുകൾ ചെയ്യുന്നവരേക്കാൾ ഒരു പടി താഴെയാണ് പലപ്പോഴും കോമഡി നടന്മാരെയും നടികളെയും കാണുന്നത്. അതുപോലെ കോമഡി ചെയ്യുന്നയാളുകളെ ആർക്കും എപ്പോഴും അപ്രോച്ച് ചെയ്യാം എന്നൊരു ധാരണകൂടിയുണ്ട്. അവർ എപ്പോഴും കോമഡി പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് എന്നാണ് പലരുടെയും വിശ്വാസം. നമ്മൾ ഏതെങ്കിലും ഒരു പടത്തിൽ അഭിനയിക്കാൻ ചെന്നാൽ, വെറുതെ രണ്ട് കോമഡി ഇട്ടിട്ട് പോ എന്ന് പറയുന്നവരുണ്ട്. അങ്ങനെ വെറുതെ ഇട്ടിട്ടുപോകാൻ പറ്റുന്നതാണ് കോമഡി എന്ന് ഞാൻ കരുതുന്നില്ല.

pathu-surabhi

∙എംഐടി മൂസയിലെ പാത്തു എന്ന കഥാപാത്രമാണോ സുരഭിയെ ഇങ്ങനെ ബ്രാൻഡ് ചെയ്തത്.?

അതുണ്ടാവാം. എന്റെ കാര്യത്തിൽ മാത്രമല്ല അത് സംഭവിക്കുന്നത്. ഒരു സിനിമയിൽ പൊലീസുകാരനായി ഒരു നടൻ തിളങ്ങിയാൽ, പിന്നെ അയാളെ തേടി വരുന്നത് കൂടുതലും പൊലീസ് വേഷങ്ങളായിരിക്കും. അതിൽനിന്ന് മാറി പുതിയൊരു വേഷം നൽകാൻ പലരും തയാറാകുന്നില്ല. എന്നാൽ, പുതുമുഖങ്ങളെ വച്ച് ധാരാളം പരീക്ഷണം നടക്കുന്നുണ്ട്. നിലവിൽ ഉള്ളയാളുകളെ പഴയ കള്ളികളിൽ നിന്ന് മോചിപ്പിക്കാൻ പലരും തയാറാകുന്നില്ല എന്നതാണ് സത്യം.

പാത്തു എന്ന കഥാപാത്രത്തിന് കുടുംബസദസുകളിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആ കഥാപാത്രത്തിന് ഒരു കാരിക്കേച്ചർ സ്വഭാവമുണ്ട്. നാലാം ക്ലാസിൽ നാലുവട്ടം തോറ്റ പാത്തുവിന് അതിനുള്ള ബുദ്ധിയേ ഉള്ളു. എന്നാൽ, ചില സമയങ്ങളിൽ അതിബുദ്ധി കാണിക്കുന്നുമുണ്ട്. നരിക്കുനിയിലെയും പരിസരങ്ങളിലെയും പല ഉമ്മമാരെയും നിരീക്ഷിച്ചിട്ടാണ് ഞാൻ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ എനർജറ്റിക്കായ ഒട്ടേറെ ഉമ്മമാരുണ്ട് ഇവിടയൊക്കെ. അവരുടെയൊക്കെ ആകെത്തുകയാണ് പാത്തു. അതുകൊണ്ടുതന്നെ കാഴ്ചക്കാരെ സംബന്ധിച്ചിടത്തോളം, അവരുടെ അയൽപക്കത്തുള്ള ഒരാളായിട്ട് പാത്തുവിനെ സ്വീകരിക്കാൻ അവർക്കും പറ്റി.

∙ഈ സ്വീകാര്യതയാണോ സുരഭി എന്ന നടിയെ പാത്തുവിൽ തന്നെ തളച്ചിട്ടത്?

അതിനെ കുറച്ചുകൂടി സൂക്ഷ്മമായി വിലയിരുത്തേണ്ടിയിരിക്കുന്നു. പാത്തു എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത സുരഭി എന്ന നടിക്കു ലഭിച്ച സ്വീകാര്യത കൂടിയാണ്. അതു മറന്നുപോകരുത്. എന്നാൽ, എന്നിലെ നടിയെ പാത്തുവിൽ തളച്ചിടാൻ ഞാൻ ഒരുക്കമല്ല. എന്നിൽനിന്ന് പാത്തു ഇറങ്ങിപ്പോയിരിക്കുന്നു. ഇനി അതിനെ ബ്രേക്ക് ചെയ്യുന്ന വേഷങ്ങൾ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. അതിനാണ് എന്റെ പരിശ്രമവും.

∙പല ഉമ്മമാരെയും നിരീക്ഷിച്ചിട്ടാണ് പാത്തുവിനെ രൂപപ്പെടുത്തയതെന്ന് പറഞ്ഞല്ലോ? ഇതുപോലെ വേറെ ഏതെങ്കിലും കഥാപാത്രത്തെ അവതരിപ്പിക്കാനായി ഇത്തരമൊരു പഠനം നടത്തിയിട്ടുണ്ടോ?

കെ. ഹരികുമാർ സാറിന്റെ ‘‘ജ്വാലാമുഖി’’ എന്നൊരു സിനിമ ഞാൻ ഈയടുത്ത് പൂർത്തിയാക്കി. ശ്മശാനത്തിൽ ബോഡി കത്തിക്കുന്ന സ്ത്രീയുടെ വേഷമാണ് എനിക്കതിൽ. അവരുടെ മാനസികാവസ്ഥ എനിക്ക് നേരിട്ട് അവിടെച്ചെന്ന് പഠിക്കണമെന്നു തോന്നി. അങ്ങനെ തന്നെ ചെയ്യുകയും ചെയ്തു. ജീവിതത്തോടും മരണത്തോടുമുള്ള അവരുടെ കാഴ്ചപ്പാട് പഠിക്കാതെ ആ വേഷം ചെയ്താൽ പൂർണമാകില്ല എന്നുതന്നെയാണ് എന്റെ തോന്നൽ.

∙അഭിനയം എന്നത് ഇങ്ങനെ അഭ്യസിച്ച് പഠിച്ചെടുക്കാവുന്ന ഒന്നാണോ?

അഭിനയം ജന്മസിദ്ധമാണോ അതോ ആർജിച്ചെടുക്കാൻ പറ്റുന്നതാണോ എന്നതാണ് വിഷയം. എനിക്കു പറയാനുള്ളത് ഇതാണ്. ജന്മസിദ്ധമായ താൽപര്യമുള്ളവരായിരിക്കുമല്ലോ ഈ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നത്. ആ താൽപര്യം ഉള്ളതുകൊണ്ടു മാത്രം അവർ വിജയിക്കുകയും ചെയ്തേക്കാം. എന്നാൽ, ഒന്നോ രണ്ടോ അവസരത്തിനപ്പുറത്തേക്ക് ആ വിജയങ്ങൾ ആവർത്തിക്കാൻ പറ്റിയെന്നു വരില്ല. അവിടെയാണ് ട്രെയിനിങ്ങിന്റെ പ്രസക്തി. ഹോളിവുഡിലേക്കോ മറ്റ് വിദേശ സിനിമളിലേക്കോ നോക്കൂ. അവിടെ അഭിനയം തൊഴിലായി സ്വീകരിച്ചിരിക്കുന്ന എല്ലാ നടീനടന്മാരും ട്രെയിൻഡ് ആണ്.

ബോളിവുഡിലും നല്ല നടന്മാരൊക്കെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പോയി പഠിച്ചിട്ടുള്ളവരാണ്. ഇവിടെയും പലരും ആക്ടിങ് സ്കൂളുകളിൽ പഠിച്ചിട്ടുതന്നെയാണ് ഈ രംഗത്ത് വന്നിരിക്കുന്നത്. എല്ലാവരും അത് പുറത്തു പറയുന്നില്ലെന്നു മാത്രം. അഭിനയിക്കാൻ ജന്മനാ കഴിവുള്ള ഒരാൾ ആണെങ്കിൽ കൂടി തന്റെ കഴിവിനെ മിനുക്കിയെടുക്കാൻ ഈ പഠനം ഉപകരിക്കും. 35 വയസ്സുകാരിയായ ഒരാൾക്ക് 45 വയസ്സുകാരിയായി അഭിനയിക്കണമെങ്കിൽ ശരീരം കൊണ്ടു മാത്രമല്ല മനസ്സുകൊണ്ടും അവൾ മാറണം. അവളുടെ കാഴ്ചപ്പാടിന് 10 വർഷത്തെ പഴക്കം കൂടണം. പൂർണമായും ഇതൊരു ക്യാരക്ടർ സ്റ്റഡി ആവശ്യപ്പെടുന്ന വിഷയം തന്നെയാണ്.

surabhi-lakshmi-gym

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ക്യാമറയെക്കുറിച്ച് പഠിക്കാത്ത ഒരാൾക്ക് ക്യാമറ കൈകാര്യചെയ്യാൻ പറ്റുമോ? അല്ലെങ്കിൽ എഡിറ്റിങ് പഠിക്കാത്ത ഒരാൾക്ക് എഡിറ്ററാകാൻ പറ്റുമോ? അഭിനയവും അങ്ങനെ തന്നെയാണ്. വഴിയെ പോകുന്ന ആർക്കും കയറി വന്ന് ചെയ്യാവുന്ന ഒരു തൊഴിലാണ് ഇതെന്ന് ഞാൻ കരുതുന്നില്ല.

∙അഭിനയത്തിൽ നേടിയ മാസ്റ്റർ ബിരുദം സുരഭിയിലെ നടിയെ എങ്ങനെയാണ് മിനുക്കിയെടുത്തത്.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കൃഷ്ണന്റെ വേഷത്തിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. എന്റെ നാട്ടിലുള്ള മുകുന്ദേട്ടൻ എന്നയാളാണ് എന്നെ ആദ്യമായി നാടകത്തിലെത്തിച്ചത്. ഇവിടുത്തെ അമ്പലങ്ങളിലൊക്കെയായിരുന്നു ആ നാടകങ്ങളൊക്കെ കളിച്ചത്. കുറച്ചുകൂടി കഴിഞ്ഞപ്പോൾ നൃത്തം പഠിക്കാൻ തീരുമാനിച്ചു. ബിഎ ഭരതനാട്യം പഠിക്കാനാണ് ഞാൻ ശ്രീ ശങ്കര യൂണിവേഴ്സിറ്റിയിലെത്തിയത്. എംഎയ്ക്കു ചേർന്നപ്പോഴാണ് ആക്ടിങ് പ്രധാനവിഷയമായത്.

എന്നെ സംബന്ധിച്ചിടത്തോളം ഭാരതീയ അഭിനയരൂപങ്ങളായ കൂടിയാട്ടം, കൂത്ത് പോലെയുള്ള കലാരൂപങ്ങളെ അടുത്തറിയുന്നത് ഈ പഠനകാലത്താണ്. അതുപോലെതന്നെ പാശ്ചാത്യ നാടകങ്ങൾ. ഷേക്സ്പിയർ നാടകങ്ങളെപ്പറ്റിയൊക്കെ അതുവരെ കേട്ടിട്ടേയുണ്ടായിരുന്നുള്ളു. അവയൊക്കെ പഠിക്കാനും അഭിനയിക്കാനും അടുത്തറിയാനും കഴിഞ്ഞത് അത്ര ചെറിയ കാര്യമാണോ? അതുപോലെ മുരളി മേനോൻ, പി. ബാലചന്ദ്രൻ തുടങ്ങി പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തിൽ പഠിക്കാൻ കഴിഞ്ഞു. ഇവയെല്ലാം ചേർന്നാണ് സുരഭിയിലെ നടി രൂപപ്പെട്ടത്.

surabhi-lakshmi

∙സുരഭി ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങൾ ഈയിടെ വൈറൽ ആയിരുന്നല്ലോ?

ഒരു ആക്ടറുടെ പ്രധാന ടൂൾ ശരീരമാണ്. നമ്മുടെ മനസിനൊപ്പം ശരീരവും വഴങ്ങിയാലേ കഥാപാത്രത്തിന് മികവ് ലഭിക്കൂ. ലോക് ഡൗൺ കാലത്തെ വിശ്രമവും ഭക്ഷണവും ഒക്കെ കാരണം ഞാൻ കുറച്ച് അധികം തടിച്ചിരുന്നു. അപ്പോൾ രൂപേഷ് രഘുനാഥ് എന്ന എന്റെ സുഹൃത്താണ് ജിമ്മിൽ പോകാൻ എന്നെ നിർബന്ധിച്ചത്. ഇതിനിടയിൽ ദുൽഖർ സൽമാനൊപ്പം കുറുപ്പ് എന്ന ചിത്രത്തിൽ ഒരുവേഷം ചെയ്തു. ആ സമയത്ത് ദുൽഖറിന്റെ പേഴ്സനൽ ട്രെയിനർ അരുണുമായി പരിചപ്പെട്ടു. അരുണും കുറച്ച് കാര്യങ്ങൾ പഠിപ്പിച്ചു. ഇപ്പോൾ ഇതെല്ലാം തുടരുന്നു.

surabhi-live

∙കുറുപ്പിലെ വേഷം എങ്ങനെയുണ്ട്?

കുറുപ്പിന്റെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെ എനിക്ക് നേരത്തെ അറിയാം. സെക്കൻഡ് ഷോ ചെയ്യുമ്പോൾ ഒരു വേഷത്തിലേക്ക് എന്നെ വിളിച്ചിരുന്നു. അന്ന് അത് ചെയ്യാൻ പറ്റിയില്ല. ഇതിൽ മണിയമ്മായി എന്നൊരു വേഷമാണ്. അത്ര വലിയ വേഷമൊന്നുമല്ലെങ്കിലും എനിക്ക് പെർഫോം ചെയ്യാൻ ചാൻസുള്ള ചിത്രമാണത്. അതുപോലെ വളരെ ഡീറ്റെയിൽഡായി വർക്ക് ചെയ്യുന്ന സംവിധായകനാണ് ശ്രീനാഥ്. വളരെ ആസ്വദിച്ചാണ് ഞാൻ മണിയമ്മായിയായി വേഷമിട്ടത്.

padma-surabhi-movie

∙പുതിയ സിനിമകൾ ഏതൊക്കെ?

ജിത്തു കെ. ജയൻ സംവിധാനം ചെയ്യുന്ന ‘കള്ളൻ ഡിസൂസ’ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ഞാനുണ്ട്. സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവരാണ് ഒപ്പമുള്ളത്. ‘പൊരിവെയിൽ’ എന്ന മറ്റൊരു ചിത്രത്തിൽ ഞാനും ഇന്ദ്രൻസേട്ടനുമാണ് പ്രധാന വേഷത്തിൽ. ഞാൻ പ്രധാന വേഷം ചെയ്യുന്ന മറ്റൊരു പടമാണ് ‘തല’. ജന്ദ്രജിത്ത്, അനു സിത്താര, സുരഭി സന്തോഷ് എന്നിവർക്കൊപ്പം ഞാൻ ഒരു പ്രധാനവേഷം ചെയ്യുന്ന ചിത്രമാണ് ‘അനുരാധ’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA