‘പ്രേക്ഷകർക്ക് ഒന്ന് പൊട്ടിക്കാൻ തോന്നിയ ആ നടൻ’; നായാട്ടിലെ വില്ലൻ; ദിനീഷ് അഭിമുഖം

dineesh
SHARE

ഏപ്രില്‍ 8ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ-ജോജു ജോർജ്-നിമിഷ സജയൻ ചിത്രം "നായാട്ട്" കോവിഡിന്റെ രണ്ടാം വരവോടെ തീയറ്ററുകളിൽ നിന്നും പിൻവലിക്കുകയും ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുകയും ചെയ്തിരുന്നു.  ഒടിടി റിലീസോടെ ലോകമൊട്ടാകെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.  കണ്ടു തുടങ്ങിക്കഴിഞ്ഞാൽ ഓരോ നിമിഷവും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ബ്രില്യൻസാണ് മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷകപക്ഷം.  എന്നാൽ നായാട്ട് കണ്ടവരുടെ കണ്ണിലുടക്കിയ മറ്റൊരു മുഖം കൂടിയുണ്ട്.  ‘മുഖം പിടിച്ചു കല്ലിലുരയ്ക്കാൻ തോന്നി’ എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്ന ബിജു എന്ന വില്ലൻ.  ആദ്യമായി അഭിനയിക്കുകയാണെന്ന് തോന്നാത്ത വിധത്തിലാണ് ആലപ്പുഴക്കാരൻ ദിനീഷ്, ബിജു എന്ന ചട്ടമ്പിയായി വേഷപ്പകർച്ച ചെയ്തിരിക്കുന്നത്.

ദിനീഷിൽ നിന്നും ബിജുവിലേക്ക് എത്തപ്പെട്ടത്

സിനിമയിൽ അഭിനയിക്കണമെന്ന് പണ്ടുമുതൽക്കെ ആഗ്രഹമുണ്ടായിരുന്നു.  സുഹൃത്തുക്കളോട് എപ്പോഴും സംസാരിക്കുന്നതു സിനിമയെക്കുറിച്ചായിരുന്നു.  എന്നാൽ എങ്ങനെ ലക്ഷ്യത്തിലെത്തപ്പെടണം എന്ന് അറിയില്ലായിരുന്നു.  സിനിമയിൽ പരിചയമുള്ള ആരുമില്ല.  നന്നായി പ്രോത്സാഹിപ്പിക്കുന്ന കുറച്ചു സുഹൃത്തുക്കൾ മാത്രമാണ് ഉള്ളത്.  അങ്ങനെയിരിക്കെ ആണ് ലാലേട്ടന്റെ 1970 എന്ന സിനിമയുടെ ഓഡിഷന് വിളിച്ചത്. അന്ന് ആ സിനിമയിൽ  ചെറിയ വേഷം ചെയ്തു.  പക്ഷേ അതിൽ അഭിനയിക്കാൻ ഒന്നുമില്ല.  കുറച്ചു പട്ടാളക്കാരിൽ ഒരാളായി നിൽക്കുക അതായിരുന്നു വേഷം.  രാജസ്ഥാനിൽ ആയിരുന്നു ലൊക്കേഷൻ.  

dineesh-lal

പിന്നെ വേറൊരു പടത്തിന് വേണ്ടി ഒരു ഓഡിഷൻ ചെയ്തിരുന്നു.  ആ പടം നടന്നില്ല. പക്ഷേ ആ ഓഡിഷൻ കണ്ടിട്ടാണ്  നായാട്ടിലേക്ക് വിളിച്ചത്. മാർട്ടിൻ സാറിന്റെ വീട്ടിലേക്ക് ഒരുദിവസം വിളിച്ചിട്ട് ഒരു സീൻ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു.  ഞാൻ ചെയ്തു കാണിച്ചു.  കുറച്ചു ദിവസം കഴിഞ്ഞു വിളിച്ചിട്ട്  അഭിനയം ഓക്കേ ആണ് പക്ഷേ വണ്ണം കൂടുതലാണ് എന്ന് പറഞ്ഞു.  എനിക്കാകെ വിഷമമായി മാർട്ടിൻ സാറിന്റെ  പടത്തിലേക്ക് അവസരം കിട്ടിയിട്ട് എന്റെ വണ്ണം കാരണം പോകാൻ പറ്റിയില്ല എന്ന് വന്നാൽ അതുപോലെ ഒരു നഷ്ടം വേറെയുണ്ടോ.  

പിറ്റേന്ന് മുതൽ ഞാൻ കഠിനാധ്വാനം ചെയ്തു തുടങ്ങി.   ഒന്നാമത് സിനിമയിൽ ബന്ധങ്ങളൊന്നും ഇല്ല, അഭിനയിക്കണമെന്ന് അതിയായ ആഗ്രഹവുംഉണ്ട്.  അങ്ങനെ ഞാൻ ഒരാഴ്ചകൊണ്ട് ഡയറ്റും എക്സർസൈസും ഒക്കെ ചെയ്തു ഏഴുകിലോ കുറച്ചു.  ഇടയ്ക്കു അസിസ്റ്റന്റ് വിളിച്ചിട്ട് വീണ്ടും പറയും വണ്ണമാണ് പ്രശ്നം , സാറിന്റെ മനസ്സിൽ വളരെ മെലിഞ്ഞ ഒരാൾ ആണ് എന്ന്.  ഞാൻ വീണ്ടും കഷ്ടപ്പെട്ട് കുറച്ചുകൂടി വണ്ണം കുറച്ചു. കുറച്ച് ഫോട്ടോ എടുത്തു അയച്ചുകൊടുത്തു.  ഈ കഥാപാത്രം ഞാൻ ആണോ ചെയ്യുന്നതെന്ന് അപ്പോഴും അറിയില്ല.  ഒടുവിൽ അവർ പറഞ്ഞു ഇതല്ലെങ്കിൽ ഏതെങ്കിലും ഒരു വേഷം അതിൽ നിനക്ക് തരും എന്ന്. ഒരുദിവസം രാവിലെ എന്നെ വിളിച്ചിട്ട് ‘പുത്തന്‍കുരിശ് ഷൂട്ടിങ് നടക്കുന്നു അവിടെ എത്തണം എന്ന് പറഞ്ഞു.  ലൊക്കേഷനിൽ ചെന്നപ്പോൾ പൊലീസ് സ്റ്റേഷൻ സീൻ ആണ്.  അവിടെ ഒരു പേപ്പറിൽ എന്റെ പേര് ബിജു എന്ന കഥാപാത്രത്തിന് നേരെ എഴുതി വച്ചിരിക്കുന്നത് കണ്ടു.  എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.   

തൊഴിൽ?

ആലപ്പുഴ പൂന്തോപ്പിലാണ് എന്റെ വീട്.  ടൂറിസം വളരെയധികം സാധ്യതയുള്ള സ്ഥലമാണല്ലോ ആലപ്പുഴ. ബാക്‌വാട്ടർ  ടൂറിസവുമായി ബന്ധപ്പെട്ട ജോലികൾ ആണ് എനിക്ക്.  ചെറിയ ഒരു ബോട്ട് ഉണ്ട്, പിന്നെ സീസണിൽ ഹോം സ്റ്റേ നടത്തും, കയറുമായി ബന്ധപ്പെട്ട ബിസിനസ്സും ചെയ്യും. ചെറിയ ചെറിയ വർക്കുകളാണ് ചെയ്യുന്നത്.  സ്വന്തമായി ചെയ്യുന്നതുകൊണ്ട് ഫ്രീഡം ഉണ്ട്.  അതുകൊണ്ടാണ് ഓഡിഷനൊക്കെ പോകാൻ കഴിയുന്നത്.  എന്നാൽ ഫുൾ ടൈം അങ്ങനെ  നടക്കാനും കഴിയില്ല.  അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും അടങ്ങുന്ന കുടുംബമാണ്.  ചേച്ചിയുടെ വിവാഹം കഴിഞ്ഞു.  വീട്ടിലെ ആവശ്യങ്ങൾക്ക് പണം കണ്ടെത്തണം.  കോവിഡ് വ്യാപിച്ചതോടെ ടൂറിസം മേഖലയെല്ലാം നഷ്ടത്തിലായി.  തൊഴിൽ ഇല്ലാതെയായിരിക്കുകയാണ് ഇപ്പോൾ.

നായാട്ടിനു മുൻപുള്ള അഭിനയ പരിചയം?

ഞാൻ വളരെ ഇൻട്രൊവേർട്ട് ആയിട്ടുള്ള ഒരാളാണ്.  എന്റെ വീട്, വീടിനു ചുറ്റുമുള്ള സുഹൃത്തുക്കൾ, കൂടെപഠിച്ചവർ അത്രയേ ഉള്ളൂ ബന്ധങ്ങൾ.  സ്കൂളിലോ കോളജിലോ ഒരിടത്തും അഭിനയിച്ചു ശീലമില്ല.  ഡിഗ്രി വരെ പഠിച്ചിട്ടു തൊഴിൽ കണ്ടെത്താൻ ഇറങ്ങിയതാണ്.  എങ്കിലും സിനിമ എപ്പോഴും എന്റെയൊപ്പം ഉണ്ടായിരുന്നു.  ആരുടെ  മുന്നിലും  അഭിനയിക്കുകയോ കണ്ണാടിയുടെ മുന്നിൽ ചെയ്തു നോക്കുകയോ ചെയ്തിട്ടില്ല.  എങ്കിലും ഓരോ കഥാപാത്രങ്ങൾ കാണുമ്പോഴും മനസ്സിൽ ഇട്ടൊന്നു ചെയ്തുനോക്കും.  കൂട്ടുകാർ പറയുന്ന  പടങ്ങളൊക്കെ കാണും ഞങ്ങൾ ചർച്ച ചെയ്യും.  ഇത്രയൊക്കെയേ ഉള്ളൂ സിനിമയുമായുള്ള ബന്ധം.  ഓഡിഷന് പോയപ്പോഴാണ് ആദ്യമായി അഭിനയിച്ചു കാണിച്ചത്.  ആലപ്പുഴ ചുറ്റുവട്ടത്തെ തന്നെ ചെറിയ ജോലികളുമായി കഴിയുന്ന ഒരു സാധാരണക്കാരനാണ് ഞാൻ.  സിനിമ എന്റെ പാഷൻ ആയിരുന്നെങ്കിലും സഹായിക്കാൻ ആരുമില്ലാത്തതിനാൽ സിനിമയിൽ അഭിനയിക്കുക എന്നതൊക്കെ എന്റെ വിദൂരസ്വപ്നമായിരുന്നു.

സെറ്റിലുള്ള അനുഭവം?

എനിക്കൊരു അവസരം തന്നതുകൊണ്ടു പറയുന്നതല്ല, മാർട്ടിൻ സാർ വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്.  "എടാ നീ അങ്ങനെ ചെയ്യൂ" എന്ന് പറയുമ്പോൾ ഒരു  അനിയനോടെന്നപോലെ ആയിരുന്നു തോന്നിയത്.  ആദ്യത്തെ സീൻ പറഞ്ഞു തന്നു അതുപോലെ അങ്ങ് ചെയ്യുകയായിരുന്നു .  ചെറിയ മാറ്റങ്ങൾ ഉണ്ടങ്കിൽ പറഞ്ഞു തരും.  ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ കാമറ ചെയ്യുന്ന ഷൈജു ഖാലിദ് ചേട്ടൻ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.  മാറ്റി ചെയ്യാനും മാർട്ടിൻ സാർ പറഞ്ഞില്ല.  മാർട്ടിൻ സാറിന് സംതൃപ്തിയിലെങ്കിൽ അദ്ദേഹം മാറ്റി ചെയ്യിക്കും.  കുഞ്ചാക്കോ ബോബൻ സാർ എന്റെ സ്ഥലം ചോദിച്ചു ആലപ്പുഴയാണെന്നു പറഞ്ഞപ്പോൾ കൂടുതൽ പരിചയപ്പെട്ടു.  അദ്ദേഹം ആലപ്പുഴക്കാരനാണ്.  ജോജു ചേട്ടൻ ഒരു അനിയനോടെന്നപോലെ ഓരോ ഷോട്ടും മെച്ചപ്പെടുത്താനുള്ള ടിപ്സ് പറഞ്ഞു തന്നു.  നിമിഷ ഒക്കെ എത്ര വലിയ നടിയാണ്.  അവരും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്.  ആദ്യമായി സിനിമ ചെയ്യുന്ന ഒരാൾ ആണെന്ന തോന്നൽ ആരും ഉണ്ടാക്കിയില്ല.  എല്ലാവരും മികച്ച ഒരു സിനിമ എന്ന ലക്ഷ്യത്തിനായുള്ള പരിശ്രമത്തിലായിരുന്നു.

dineesh-nayattu

നായാട്ട് റിലീസ് ചെയ്തതിനു ശേഷം? 

ഞാനും എന്റെ സുഹൃത്തുക്കളും പിന്നെ പൊലീസ് ആയി അഭിനയിച്ച കുറച്ചുപേരും കൂടി ഷേണായീസിൽ പോയി ആണ് സിനിമ കണ്ടത്.  പിന്നെ ആലപ്പുഴ എത്തിയിട്ട് എന്റെ സുഹൃത്തുക്കളുമായി പോയി കണ്ടു.  ചേട്ടൻ അമ്മയെയും പെങ്ങളെയും എല്ലാവരെയും കൊണ്ട് പോയി കണ്ടിരുന്നു.  എല്ലാവർക്കും വളരെ സന്തോഷമായി.  ചേട്ടനും അളിയനും ചേച്ചിയുമൊക്കെ നല്ല അഭിപ്രായം കണ്ടു.  'അമ്മ അങ്ങനെ സിനിമ കാണാറില്ല.  എന്നാലും എന്നെ തിയറ്ററിൽ കണ്ടപ്പോൾ സന്തോഷം തോന്നി.  

നാട്ടുകാരും സുഹൃത്തുക്കളും ഒക്കെ കണ്ടു നന്നായി ചെയ്തു എന്ന് പറഞ്ഞു.  അവരുടെയൊക്കെ സപ്പോർട്ട് ആണ് എനിക്ക് ഏറ്റവും സന്തോഷം തന്നത്.  ഒടിടി റിലീസ് കഴിഞ്ഞപ്പോൾ ഒരുപാട് പേര് വിളിച്ച് അഭിപ്രായം പറയുന്നുണ്ട്.  സിനിമാതാരം ജയസൂര്യ വിളിച്ച് നന്നായിരുന്നു എന്ന് പറഞ്ഞു.  ജയേട്ടനെ പോലെ വലിയ ഒരു നടൻ എന്നെ വിളിച്ചത് എനിക്ക് വലിയ അദ്ഭുതവും സന്തോഷവുമായി.  ഇപ്പോൾ ഒരുപാടുപേർ വിളിക്കുന്നുണ്ട്.  ഫെയ്സ്‌ബുക്കിൽ ഒരുപാടു പേര്  മെസേജ് അയക്കുന്നുണ്ട്.  ഒത്തിരി ഫ്രണ്ട്സ് റിക്വസ്റ്റ് വരുന്നുണ്ട്.  ചെറിയ ജോലിത്തിരക്കുകൊണ്ടാണ് എല്ലാവരെയും അക്സെപ്റ്റ് ചെയ്യാൻ കഴിയാത്തത്.  

ഇത്രയധികം പിന്തുണ എന്നെപ്പോലെയുള്ള ചെറിയ താരങ്ങൾക്ക് വളരെ വലിയ കാര്യമാണ്.  മെസ്സേജ് അയക്കാൻ താമസിക്കുന്നതിൽ ആരും പരിഭവം വിചാരിക്കരുത് എന്നൊരു അപേക്ഷയുണ്ട്.  എന്റെ കഥാപാത്രം ഇത്രത്തോളം എല്ലാവരും ഏറ്റെടുക്കുന്നത് കാണുമ്പൊൾ ഒരു തുടക്കക്കാരനു മറ്റെന്താണ് വേണ്ടത്.  ചെയ്തു കഴിഞ്ഞപ്പോൾ പോലും ഞാൻ നന്നായി ചെയ്തു എന്ന്കരുതിയില്ല.  ഇപ്പോൾ എല്ലവരും നല്ല അഭിപ്രായം പറയുന്നത് കേൾക്കുമ്പോഴാണ് ഞാൻ ആ വേഷം നന്നായി ചെയ്തോ എന്ന് സ്വയം വിലയിരുത്തുന്നത്. എല്ലാവരുടെയും സ്നേഹം കാണുമ്പോൾ മനസ്സ് നിറയുന്നുണ്ട്.  

ആരെയും കൂസാത്ത തെറിച്ച പയ്യനായ ബിജു, ജീവിതത്തിൽ ബിജുവിനോട് സാമ്യമുണ്ടോ?

അയ്യോ ഞാൻ ഒതുങ്ങി ജീവിക്കുന്ന ഒരു സാധാരണക്കാരനാണ്.  നാട്ടിലെങ്ങും ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല.  ടൂറിസം മേഖലയിൽ ആയതുകൊണ്ട് തന്നെ എപ്പോഴും ഗസ്റ്റുകളോടൊപ്പം ആയിരിക്കും.  എല്ലാവരോടും നന്നായി പെരുമാറും.  അരി വാങ്ങാനുള്ള തത്രപ്പാടിനിടയിൽ അടിയും വഴക്കുമൊന്നും ഉണ്ടാക്കാനുള്ള സമയമില്ല.  ബിജു എന്ന കഥാപാത്രം മാർട്ടിൻ സാറിന്റെ ബ്രില്യൻസ് ആണ്.  അദ്ദേഹം പറഞ്ഞു തന്നതുപോലെ ചെയ്തു കാണിച്ചു.  അത് എന്റെ കഴിവ് ആണെന്ന് ഞാൻ പറയില്ല.  പിന്നെ ഒപ്പമുള്ളവരും നന്നായി സഹായിച്ചിട്ടുണ്ട്.  ആ കഥാപാത്രം നന്നായിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് മാർട്ടിൻ സാറിനാണ്.  "എന്നെ പൊലീസ് സ്റ്റേഷനിലിട്ടു തല്ലിയപ്പോൾ ഒരുത്തനും സഹായിക്കാൻ ഇല്ലായിരുന്നു" എന്ന് ഞാൻ ആശുപത്രിയിൽ വച്ച് പാർട്ടിയിൽ ഉള്ള ഒരാളോട് പറയുന്ന ഒരു സീൻ ഉണ്ട്.  അത് ചെയ്തു കുറെ കഴിഞ്ഞപ്പോൾ മാർട്ടിൻ സാർ വിളിച്ചിട്ടു പറഞ്ഞു "എടാ നീ ആ ചെയ്തത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു, നീ അത് നന്നായി ചെയ്തു" എന്ന്.  നന്നായാൽ ഓൺ ദ് സ്പോട്ടിൽ അദ്ദേഹം അത് പറയും.  ആദ്യമായി കിട്ടിയ ഒരു വേഷം നന്നായി ചെയ്‌തു എന്ന് സംവിധായകൻ തന്നെ പറഞ്ഞത് ഒരു തുടക്കക്കാരനായ എനിക്ക് വളരെ ആത്മവിശ്വാസം തന്നു.

  

പുതിയ ഓഫർ വല്ലതും വന്നോ?

കോവിഡ് ആയതു കാരണം ഷൂട്ടിങ് എല്ലാം നിർത്തിവച്ചിരിക്കുവാണല്ലോ.  ചില സിനിമാപ്രവർത്തകർ ഒക്കെ വിളിച്ചിരുന്നു.  ഇനി ചിത്രങ്ങൾ കിട്ടുമോ എന്നൊന്നും അറിയില്ല.  കിട്ടിയാൽ നന്നായിരുന്നു.  എന്നാലാവുന്ന വിധം നന്നായി ചെയ്യാൻ ശ്രമിക്കും.  കോവിഡ്  ആയതിനു ശേഷം തൊഴിൽ നിലച്ചിരിക്കുകയാണ്.  ഇനി എന്നാണു എല്ലാം പഴയപടി ആകുന്നതെന്ന് അറിയില്ല.  ഇല്ലെങ്കിൽ ചെറിയ ജോലി കണ്ടെത്തണം.  അതിനിടയിൽ സിനിമ കിട്ടിയാൽ ചെയ്യണം.  നമ്മുടെ വഴിയിൽ എന്താണ് വിധിച്ചിരിക്കുന്നതെന്ന് അറിയില്ല.  ഇത്രയുമൊക്കെ കിട്ടിയത് തന്നെ വലിയ കാര്യമാണ്.  ഈ ഒരു അവസരം തന്നതിന് മാർട്ടിൻ സാറിനോടും രഞ്ജിത്ത് സാറിനോടും ബാക്കി നായാട്ടിൽ ഒപ്പം പ്രവർത്തിച്ച എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA