ഒടിടി എന്ന വിപ്ലവം; തിയറ്ററുകളുടെ ഭാവി; ജി.പി. രാമചന്ദ്രൻ അഭിമുഖം

gp-ramachandran
ജി.പി. രാമചന്ദ്രൻ
SHARE

ദൃശ്യ മാധ്യമ രംഗത്തെ പുതിയ വിപ്ലവമാണ് ഒടിടി (ഓവർ ദ് ടോപ്) പ്ലാറ്റ്ഫോമുകൾ. വിദേശ രാജ്യങ്ങളിലും ബോളിവുഡിലും നേരത്തേ പരിചിതമെങ്കിലും കോവിഡ് കാലത്താണിതു കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. തിയറ്റർ സംവിധാനത്തിന്റെ ഭാവിയെ ഇതു മാറ്റിമറിക്കുമോയെന്ന കാര്യം ഗൗരവ ചർച്ചയാണ്. തിയറ്റർ റിലീസ് സാധ്യമാകാത്തതിനാൽ വെളിച്ചം കാണാനാകാത്ത സിനിമകൾ ഇനിയുണ്ടാവില്ലെന്ന പ്രതീക്ഷ ഒടിടി സമ്മാനിക്കുന്നുണ്ട്. ലോകത്ത് എവിടെയും ആർക്കും സിനിമ എടുക്കാനും അതു പ്രേക്ഷകരിലെത്തിക്കാനുമുള്ള സാധ്യതകൾ തുറക്കുകയാണോ? ഇത് എങ്ങനെയാണ് നമ്മുടെ ചലച്ചിത്ര സംവിധാനങ്ങളെ സ്വാധീനിക്കുന്നത് ? തിയറ്ററുകൾ അപ്രത്യക്ഷമാവുകയാണോ ? പരീക്ഷണ സിനിമകൾ ഈ തരംഗത്തിൽ ഇല്ലാതാകുമോ ? ഇതിനെപ്പറ്റിയെല്ലാം പ്രമുഖ ചലച്ചിത്ര നിരൂപകൻ ജി.പി.രാമചന്ദ്രൻ മനോരമ ഓൺലൈനിനോടു സംവദിക്കുന്നു.

∙ കഴിഞ്ഞുപോയ കാലം

കഴിഞ്ഞ ഒരു വർഷം മുഴുവൻ അസ്വസ്ഥതയുടെ കാലമായിരുന്നു. ഈ കാലഘട്ടത്തി‍ൽ ജീവിക്കുന്ന ആരും ഇത്തരം ഒരു പ്രതിസന്ധി നേരിട്ടിട്ടില്ല. ഇക്കാലത്ത് ഒറ്റപ്പെട്ടുപോയ വലിയ ഒരു വിഭാഗത്തിന് ആശ്വാസമായത് സിനിമയായിരുന്നു. എന്തിനാണു സിനിമ കാണാൻ പോകുന്നതെന്ന ചോദ്യം നേരത്തേ പലപ്പോഴും പൊതു സമൂഹം ഉയർത്തിയിരുന്നു. അതു മാറി. ലോക്‌ഡൗൺ കാലത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ ധാരാളം ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും ഏറ്റവും ആശ്വാസം സിനിമതന്നെ ആയിരുന്നു. മനുഷ്യരാശിയുള്ളിടത്തോളം കാലം സിനിമയോടുള്ള ഇഷ്ടം അവസാനിക്കില്ലെന്ന് കോവിഡ് കാലം നമ്മെ പഠിപ്പിക്കുന്നു.

∙ ഒടിടി പ്ലാറ്റ്ഫോം സാധ്യതകൾ

സിനിമയെന്ന വാക്ക് കേൾക്കുമ്പോൾ പെട്ടെന്ന് ഓർമവരുന്നത് സിനിമാശാലയെപ്പറ്റിയാണെന്നു ഫ്രഞ്ച് ചിന്തകനായ റൊളാങ് ബാർത്ത് പറയുന്നു. എന്നാൽ, അതുമാത്രമല്ല സിനിമ. അതിനെ നിയന്ത്രിക്കുന്ന ഒരു ബലതന്ത്രമുണ്ട്. താരാധിപത്യം മുതൽ വിപണന ശൃംഖലവരെ നീളുന്ന ഒരു സാമ്പത്തിക വ്യവസ്ഥയാണത്. അതിന് അതീതമായ ചില കാര്യങ്ങളും സംഭവിക്കുമെന്നുതന്നെയാണു കഴിഞ്ഞ കാലം പഠിപ്പിച്ചത്. തിയറ്റർ സംവിധാനങ്ങൾ ഒഴിവാക്കി സിനിമയെടുക്കാനാകുന്നതിന്റെ സാധ്യതകളാണ് ഒടിടി പ്ലാറ്റ്ഫോമുകൾ തുറക്കുന്നത്. 

സിനിമ പുറംലോകത്ത് എത്തിക്കാൻ തിയറ്ററുകളെയും അതിന്റെ ബലതന്ത്രങ്ങളെയും ആശ്രയിക്കേണ്ടിയിരുന്ന കാലം കഴിയുന്നു. അതിന് ഉദാഹരണമാണ് ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമ നേടിയ ജനപ്രീതി. മലയാളിയുടെ പൊതുബോധത്തെ വെല്ലുവിളിക്കുന്ന ഒരു സിനിമയാണത്. അത് ഏറ്റെടുക്കാൻ ആമസോൺ പ്രൈം പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ ആദ്യം തയാറായില്ല. മറ്റൊരു സംവിധാനത്തിലൂടെയാണ് പ്രേക്ഷകരിലെത്തിച്ചത്. അതിന്റേതായ സാങ്കേതിക പ്രശ്നങ്ങളെ ആ സിനിമ ആദ്യഘട്ടത്തിൽ അഭിമുഖീകരിക്കേണ്ടിവന്നു. എന്നാൽ, ആമസോൺ പ്രൈമിന് ആ സിനിമ ഏറ്റെടുക്കേണ്ടിവന്നു. പല നല്ല സിനിമകളെയും തമസ്കരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന അനാരോഗ്യ പ്രവണത സിനിമാ രംഗത്തുണ്ട്. ഇതു ഭാവിയിൽ ഒടിടി രംഗത്തും വരാമെന്നതിന്റെ സൂചനയായിക്കൂടി ഇതിനെ കാണണം.

  

sufiyum-sujathayum-review

ഒടിടി രംഗത്ത്, മലയാളത്തിൽ ആദ്യമെന്നു പറയാവുന്ന സിനിമ ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത സൂഫിയും സുജാതയുമാണ്. അത്തരം സിനിമ തിയറ്ററിൽ വന്നാൽ അന്ന് ആരും ശ്രദ്ധിക്കില്ലായിരുന്നു. പിന്നീട് സീ യൂ സൂൺ വന്നു. ഫെസ്റ്റിവലുകളിൽ മാത്രം ഒതുങ്ങിപ്പോകാമായിരുന്ന സിനിമകളാണിവ. ഇപ്പോഴത്തെ വാണിജ്യ സംവിധാനങ്ങളിലൂടെ വെളിച്ചം കാണാനാകാത്ത ഇത്തരം  സിനിമകൾക്ക് ഒടിടി വലിയൊരു വേദി തുറന്നിടുകയാണ്. ഇന്ത്യയിലെ സെൻസർഷിപ് നിയമങ്ങൾ ഇതുവരെ ഒടിടി രംഗത്തു വ്യാപകമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ‘സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം’ എന്നതു പോലുള്ള സബ് ടൈറ്റിലുകളുടെ തടസ്സമില്ലാതെ നമുക്കു സിനിമ കാണാം.

സിനിമയിൽ വലിയ ചരിത്രമുള്ള രാജ്യമാണ് ഇറാൻ. ഇസ്‌ലാമിക വിപ്ലവശേഷം അവിടത്തെ ചലച്ചിത്ര പ്രവർത്തകർ പ്രതിസന്ധിയിലാണ്. പല സംവിധായകർക്കും സിനിമ എടുക്കാൻ വിലക്കുണ്ട്. മക്ബൽ ബഫിനെപ്പോലെയുള്ള സംവിധായകർ നാടുവിട്ടു. ജാഫർ പനാഹി വീട്ടു തടങ്കലിലാണ്. എന്നിട്ടും അദ്ദേഹം മൊബൈൽഫോൺ പോലുള്ള ചെറു സങ്കേതങ്ങൾ ഉപയോഗിച്ചു സിനിമയെടുക്കുകയും അവ പെൻഡ്രൈവിലും മറ്റും പകർത്തി ബെർലിൻ ഉൾപ്പെടെയുള്ള മേളകളിൽ അയച്ചു പുരസ്കാരങ്ങൾ നേടുകയും ചെയ്തു. 

sarada-ramachandran
നടി ശാരദയ്ക്കും പ്രദീപ് ബിശ്വാസിനുമൊപ്പം ജി.പി. രാമചന്ദ്രൻ

പുതിയ കാലം സിനിമയുടെ മുന്നിൽ തുറക്കുന്നത് ഇത്തരത്തിലുള്ള ധാരാളം സാധ്യതകളാണ്. കളറിങ് പാറ്റേൺ പുതിയ രീതിയിലെടുത്തുകൊണ്ടോ ക്ലോസപ്പുകൾ കൂടുതൽ ഉപയോഗിച്ചുകൊണ്ടോ പുതിയ സങ്കേതങ്ങളിൽ സിനിമ എടുക്കേണ്ടി വരാം. അതേപ്പറ്റിയൊക്കെ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ഈ രംഗത്തു മിടുക്കുള്ള ധാരാളം ചെറുപ്പക്കാർ കടന്നുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യാകരണത്തെ പുതിയ രൂപത്തിലേക്കു കൊണ്ടുവരാൻ അവർക്കു കഴിയും.                          

∙ സിനിമാശാലകൾ നിലനിൽക്കും

ചലച്ചിത്ര പ്രവർത്തകനും ആക്ടിവിസ്റ്റുമാണ് പട്ന സ്വദേശിയായ ശിവേന്ദ്ര സിങ് ദുംഗാർപുർ. ഇന്ത്യൻ സിനിമ ആർക്കൈവ്സിന്റെ  പിതാവും മലയാളിയുമായ പി.കെ.നായരെപ്പറ്റി അദ്ദേഹം നിർമിച്ച ഡോക്യുമെന്ററിയാണ് ‘ദ് സെല്ലുലോയ്ഡ് മാൻ’. ഒട്ടേറെ ദേശീയ പുരസ്കാരങ്ങൾ അതിനു ലഭിച്ചു. അദ്ദേഹം അടുത്ത കാലത്ത് ഒരു അഭിമുഖത്തിൽ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്– ‘സെല്ലുലോയ്ഡ് പോയി എന്ന് എല്ലാവരും വിചാരിക്കുന്നുണ്ട്. എന്നാൽ, സെല്ലുലോയ്ഡിൽ തന്നെ ഇപ്പോഴം പടമെടുക്കുന്ന ആളുകൾ ലോകത്ത് എല്ലായിടത്തുമുണ്ട്. ഹോളിവുഡിൽത്തന്നെ നൂറുകണക്കിനു സിനിമകൾ ഇങ്ങനെ വന്നുകഴിഞ്ഞു. അതു വികസിക്കുകയാണ്. 

യഥാർഥ സെല്ലുലോയ്ഡ് 24കെ ആണ്. നമുക്കിവിടെ 4കെ അല്ലെങ്കിൽ 8കെ ആണ് ഏറ്റവും വലിയ ചിത്രങ്ങളായി വിശേഷിപ്പിക്കുന്നത്. യഥാർഥ സെല്ലുലോയ്ഡിന്റെ ആഴമോ വ്യക്തതയോ, നിറങ്ങളുടെ വിന്യാസമോ ഡിജിറ്റലിലെത്താൻ ഇനിയും സമയമെടുക്കും.’ വളരെ ശരിയായ നിരീക്ഷണമാണിത്.

joji-deleted-scene

ഉദാഹരണത്തിന് സമീപകാലത്ത് ഒടിടിയിൽ ഹിറ്റായ ‘ജോജി’ എന്ന സിനിമയിലെ ചില ഫ്രെയിമുകൾ പരിശോധിക്കാം. ഉണ്ണിമായ അവതരിപ്പിക്കുന്ന കഥാപാത്രം അടുക്കളയിലേക്ക് ഒരു ഗ്ലാസുമായി വരുന്നു. അപ്പുറത്ത് ഒരാൾ ഇരുന്നു ഭക്ഷണം കഴിക്കുന്നു. മറ്റൊരു രംഗത്തിൽ വാഷിങ് മെഷീനുണ്ട്. വലിയ സ്ക്രീനിലായിരുന്നെങ്കിൽ കൂടുതൽ ശ്രദ്ധിക്കുമായിരുന്ന ഒട്ടേറെ വിശദാംശങ്ങൾ ഈ സീനുകളിലുണ്ട്. ഓരോ സീനുകളിലുമുള്ള ഇത്തരം വിശദാംശങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഏറെപ്പേർ ലോകത്ത് എല്ലായിടത്തുമുണ്ട്. 

തർക്കൊവിസ്കിയെ പോലുള്ളവരുടെ സിനിമകളിൽ ഇതു നമുക്കു വ്യക്തമാകും. ഒരു വീടിനകത്തു പോയിക്കഴിഞ്ഞാൽ അവിടെ പ്രധാനപ്പെട്ടതല്ലെന്നു വിചാരിക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. ചിലപ്പോൾ കഴിഞ്ഞ വർഷത്തെ ഒരു കലണ്ടറാകാം. എന്തിനാണ് ഈ വർഷം, കഴിഞ്ഞ വർഷത്തെ കലണ്ടർ തൂക്കുന്നത് ? അത്തരത്തിൽ ഒഴിവാക്കേണ്ട സംഭവങ്ങൾ ഒഴിവാക്കാതെയുള്ള ധാരാളം കാര്യങ്ങളുണ്ട്. ഇതിനൊക്കെ സാംസ്കാരിക– ചരിത്ര പ്രാധാന്യങ്ങളുണ്ടെന്ന് അവർ കരുതുന്നു. ഇതൊക്കെ ആസ്വദിക്കണമെങ്കിൽ വലിയ സ്ക്രീനിനു പ്രസക്തിയുണ്ട്. ഒടിടിക്കും വലിയ സ്ക്രീനിനും രണ്ടു ഭാഷയാണെന്നുകൂടി മനസ്സിലാക്കണം. ഇക്കാരണങ്ങളാൽ തിയറ്ററുകൾ നിലനിൽക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

∙ വാണിജ്യ സിനിമ ഒരു യാഥാർഥ്യം

മുഖ്യധാരാ സിനിമയെ മാറ്റിനിർത്തിയോ വെല്ലുവിളിച്ചോ നമുക്കു മുന്നോട്ടു പോകാൻ കഴിയില്ല. വാണിജ്യ സിനിമ നമുക്കു കേറേണ്ടാത്ത ഒരിടമല്ല. അതു തെളിയിച്ചതു തമിഴ് സിനിമയാണ്. ഭാരതിരാജ, കെ.ബാലചന്ദർ, പാ രഞ്ജിത്ത്, മാരി ശെൽവരാജ് തുടങ്ങി ഒട്ടേറെ പ്രഗൽഭരായ സംവിധായകരുടെ നാടാണത്. ശക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണവർ നിലനിൽക്കുന്നത്. എന്നാൽ, സ്വന്തം വീക്ഷണങ്ങൾ അവതരിപ്പിക്കാൻ അവർ ഉപയോഗിച്ച മാധ്യമം വാണിജ്യ സിനിമയുടേതാണ്. എഴുപതുകളിൽ ഇന്ത്യൻ ഭാഷകളിലെല്ലാം ഒരു നവസിനിമ പ്രസ്ഥാനം രൂപപ്പെട്ടിരുന്നു. നമ്മൾ അതിനെ ആർട് സിനിമയെന്നു വിശേഷിച്ചു. മലയാളത്തിൽ അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ഹിന്ദിയിൽ മണികൗൾ, കുമാർ സാഹ്നി തുടങ്ങിയവരെപ്പോലുള്ളവരുടെ സാന്നിധ്യം എല്ലാ ഭാഷകളിലുമുണ്ടായി. അതിനു സമാനമായ ഒന്ന് തമിഴ് സിനിമയിൽ ഉണ്ടായില്ല. 

സിനിമാ വ്യവസായ രംഗത്ത് ഇന്ത്യയിൽ മൂന്നാം സ്ഥാനമാണ് തമിഴിന്. അവിടെ സമകാലികവും രാഷ്ട്രീയവുമായ കാര്യങ്ങൾ പറയേണ്ടിവരുമ്പോൾ പോലും അവർ ഉപയോഗിക്കുന്ന മാധ്യമം വാണിജ്യ സിനിമയുടേതാണ്.  വിജയ്, ധനുഷ് തുടങ്ങിയ പുതുതലമുറക്കാരുടെ സിനിമകൾ പരിശോധിച്ചാൽ ഇതുകാണാം. കാലാ, കപാലി, കർണൻ തുടങ്ങിയ സിനിമകളിലൊക്കെ വാണിജ്യ സിനിമയുടെ മുദ്രകളുണ്ട്. പരിയേറും പെരുമാൾ പോലെ വ്യത്യസ്തമായ ഒരു രാഷ്ട്രീയ സിനിമയിൽപോലും അവർ വാണിജ്യ സിനിമാ സാധ്യതകളാണു പ്രയോജനപ്പെടുത്തിയത്. ആർട് സിനിമാ സാധ്യതകൾ മാത്രം ഉപയോഗിച്ചാവണം രാഷ്ട്രീയമായ പ്രമേയങ്ങൾ പറയേണ്ടതെന്ന സമീപനം മലയാളത്തിൽ ഇപ്പോഴുമുണ്ട്. അതിനെ ഞാൻ എതിർക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല. 

joji-review

എന്നാൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ ‘ന്യൂജെൻ’ എന്നു വിളിക്കപ്പെടുന്ന സിനിമാ പ്രവർത്തകർ വ്യത്യസ്തമായി സിനിമയെ സമീപിച്ചവരാണ്. ഇവരെയൊന്നുമല്ല, പരീക്ഷണ സിനിമകൾ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്ന വാദം ഒരുഘട്ടത്തിൽ ശക്തമായി ഉയർന്നു. അതേസമയം, നൂതന പരീക്ഷണങ്ങൾ നടത്താൻ മുഖ്യധാരയ്ക്കു പുറത്തുള്ള ഡോൺ‌ പാലത്തറയെപ്പോലുള്ള ചില സംവിധായകർ തയാറാകുകയും ചെയ്തു. ഈ നവ സംവിധായകർ നടത്തിയ വലിയ എടുത്തുചാട്ടങ്ങളുണ്ട്. അതിനെ കാണാതിരിക്കരുത്. അദ്ദേഹം വ്യത്യസ്തമായ സിനിമകളെടുത്തു. കാഴ്ചയുടെ ഇത്തരം പുതിയ രീതികളാണ് സിനിമയെ നിലനിർത്തുന്നത്. 

dileesh-shyam

സാമ്പ്രദായിക രീതിയിൽ ക പറയാൻ മാത്രമുള്ള മാധ്യമമായി സിനിമയെ മാറ്റുന്നതിനു പകരം അങ്ങനെയല്ലെന്നു തെളിയിക്കുന്നതിലൂടെയാണ് പലപ്പോഴും സിനിമയിൽ മാറ്റങ്ങളുണ്ടാകുന്നത്. അതിനു തയാറാകുന്ന ഒരു രീതി ഇന്നു മലയാള സിനിമയിലും മറ്റു സിനിമകളിലും ഉണ്ടാകുന്നുണ്ട്. അതു നവ സംവിധായകരുടെ സംഭാവനയാണ്. തമിഴിലും ഇത്തരം പരീക്ഷണ സിനിമകൾ വരുന്നുണ്ട്.  ഇത്തരം പരീക്ഷണങ്ങൾ തന്നെയാണ് എല്ലാക്കാലവും സിനിമയെ മുന്നോട്ടുകൊണ്ടുപോയത്. അതു പിന്നീടു മുഖ്യധാര സിനിമ ഉൾക്കൊള്ളുകയും ചെയ്തു.

∙ പ്രമേയം ഇല്ലാതാകുന്നില്ല

സിനിമയിൽ പ്രമേയം തിരയുന്ന ഒരു പ്രവണത പലപ്പോഴും ശക്തമാണ്. ഒരു രാഷ്ട്രീയ സിനിമ എടുക്കലല്ല, രാഷ്ട്രീയമായി സിനിമ എടുക്കലാണ് പ്രധാനമെന്ന് ഫ്രഞ്ച് നവ സിനിമയുടെ ആചാര്യന്മാരിൽ ഒരാളായ ഗൊദാർദ് പറഞ്ഞിട്ടുണ്ട്. ഗൊദാർദിന്റെ വീക്കെൻഡ് എന്ന സീരിസ് പ്രസിദ്ധമാണ്. ട്രാഫിക് ജാം ആണ് അതിലെ ഒരു പ്രമേയം. ഈ പ്രമേയത്തെപ്പറ്റി, ഗൊദാർദിനെ വായിച്ചവർ പറഞ്ഞത് ഫ്രഞ്ച് സംസ്കാരത്തെ അമേരിക്ക വിഴുങ്ങുന്നതാണ് അതെന്നാണ്. 

ramachandran-1

സിനിമയിൽ പ്രമേയം ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കുന്നതിൽ ഉപരിയായി അത് എങ്ങനെയാണ് അവതരിപ്പിക്കുന്നതെന്നും എങ്ങനെ സാക്ഷാത്കരിക്കുന്നുവെന്നതുമാണു പ്രധാനം. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി, കെ.ജി.ജോർജ് സംവിധാനം ചെയ്ത ‘ഇരകൾ’ എന്നീ സിനിമകളെ താരമ്യപ്പെടുത്തി ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്.  രണ്ടിലും സാദൃശ്യമുള്ള ചില രംഗങ്ങൾ ഉള്ളതിനാലാകാം ഇത്. എന്നാൽ, ഇവയിലെ വ്യത്യാസങ്ങൾ കാണാതിരിക്കരുത്. ഇരകളിൽ റബർ എസ്റ്റേറ്റുകളാണ്. ജോജിയിൽ കൈതച്ചക്കക്കൃഷിയാണ്. കാലത്തിന്റെ മാറ്റമാണത്. രണ്ടു സിനിമകളിലും ഓരോ പുരോഹിതർ വരുന്നുണ്ട്.  സാമാന്യ മലയാളിക്കു പരിചിതനായ ഒരു വികാരിയെയാണ് കെ.ജി.ജോർജ് ഇരകളിൽ അവതരിപ്പിച്ചത്. ജോജിയിൽ യാക്കോബായ പുരോഹിതനെ നമുക്കു കാണാം. യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങളുടെ പ്രാർഥനാ രംഗങ്ങളുണ്ട്. എന്താണു ക്രിസ്തീയ സഭകൾ,  അനുഷ്ഠാനങ്ങളിലെ വ്യത്യാസങ്ങൾ, സഭാതർക്കങ്ങൾ തുടങ്ങിയ ചർച്ചകളിലേക്കു നമ്മെ അതു കൊണ്ടുപോകുന്നുണ്ട്. ചിന്തിച്ചുതുടങ്ങിയാൽ കൂനൻ കുരിശു സത്യത്തിലേക്കുവരെ അതെത്താം. രണ്ടു കഥകളിലും പുരോഹിതർ സ്വാഭാവികമായിട്ടല്ല വരുന്നത്. അതു സംവിധായകരുടെ ബോധപൂർവമായ തീരുമാനമാണ്.

ജോജിയിലെ മറ്റൊരു രംഗത്ത് ഒരു കഥാപാത്രം ഗ്യാസ് കുറ്റി ഒരു കയ്യിൽ തൂക്കിക്കൊണ്ടു വരുന്നു. ഭാരമുള്ള ഗ്യാസ് കുറ്റി ഒരാൾക്ക് ഒറ്റയ്ക്കു കൊണ്ടുവരാനാകുമോയെന്ന ചോദ്യം ഉയരുന്നു. അതു സാധ്യമാകാം അല്ലാതിരിക്കാം. ഗ്യാസ് കുറ്റി മാറ്റുന്ന സമയത്ത് ഉണ്ണിമായയുടെ കഥാപാത്രത്തിന് അത് കൃത്യമായി ഫിറ്റ് ചെയ്യാനാകുന്നുണ്ട്. ഫഹദിന്റെ കഥാപാത്രത്തിനു കഴിയുന്നില്ല. ഇതു മലയാള സിനിമയിലെ അടുക്കള രംഗത്തെക്കുറിച്ചുള്ള ചർച്ചയിലേക്കു വഴിതുറക്കുന്നു. 

gp-ramachandran-4

ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ പങ്കുവയ്ക്കാൻ ശ്രമിക്കുന്നത് ലിംഗപരമായ വ്യത്യാസങ്ങളെക്കുറിച്ചാണല്ലോ. ഈ രംഗങ്ങൾ വരുന്നതു സ്വാഭാവികമായിട്ടല്ല. ബോധപൂർവമായ ഒരു തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്. അപ്പോൾ ഇത്തരം സിനിമകളിൽ പ്രമേയം ഇല്ലാതാവുകയില്ല. സൂക്ഷ്മമായി പടരുകയാണ്. ഒരു സിനിമയെ പരിശോധിക്കുമ്പോൾ അതിലെ സാങ്കേതികത, ദൃശ്യങ്ങൾ, സ്ഥലങ്ങളുടെ അവതരണം, ഡയലോഗ് പ്രസന്റേഷൻ എന്നിവയൊക്കെ കൂടുതൽ സൂക്ഷ്മമായി കാണേണ്ടതുണ്ടെന്നു ഞാൻ കരുതുന്നു. പൊതു സമൂഹവും ഓൺലൈൻ മാധ്യമങ്ങളും ഇതു ചർച്ച ചെയ്യുന്നുണ്ട്.  

kg-george

നമ്മുടെ സിനിമകൾ നിർവഹിക്കുന്നത് അനൗപചാരിക സർവകലാശാലകളുടെ പങ്കാണ്. സാമൂഹിക ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും  എങ്ങനെ വികസിക്കുന്നുവെന്നു സാമാന്യജനത്തിന് അറിവുലഭിക്കുന്നത് സിനിമയിൽ നിന്നാണ്. ഈ വിഷയത്തിലുള്ള പഠനങ്ങളും ചർച്ചകളും ഇവിടെ സജീവമാണ്. മറ്റു ഭാഷകളിൽ ഇത്തരം ചർച്ചകൾ നടക്കുന്നത് പണ്ഡിത സദസ്സുകളിലോ ഗവേഷകർക്കിടയിലോ ആണ്.  മലയാളത്തിൽ അങ്ങനെയല്ല. സർവകലാശാലകൾക്കു പുറത്താണ് ഈ സംവാദങ്ങളെല്ലാം. നമ്മുടെ സിനിമകൾ പങ്കുവയ്ക്കുന്ന സാമൂഹിക അറിവുകളും മാറ്റങ്ങളും വികസിപ്പിക്കുന്നതിൽ ഓൺലൈൻ മീഡിയ വലിയ പങ്കാണ് വഹിക്കുന്നത്. അതിനെ ക്രിയാത്മകമായി ഉപയോഗിക്കാനാകണം. ഇല്ലെങ്കിൽ വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് അതു നീങ്ങിയേക്കാം.

∙ സാഹിത്യം, സിനിമ

നൂറ്റാണ്ടുകളായി നമ്മോടൊപ്പമുള്ള ആവിഷ്കാര വ്യവസ്ഥയാണ് സാഹിത്യം, നാടകമായാലും കവിതയായാലും നോവലായാലും. ഷേക്സ്പിയറുടെ കൃതികളെടുത്താലും ഇതിഹാസ പുരാണങ്ങളായാലും അവ ചലച്ചിത്രങ്ങളേക്കാൾ ഒരുപടി മുകളിലാണെന്നാണു കരുതുന്നത്. ജോജി എന്ന സിനിമ മാക്ബത്തിന്റെ പതിപ്പാണെന്ന വാദത്തെ ഈ പശ്ചാത്തലത്തിലാണു സമീപിക്കേണ്ടത്. ജോജി മാത്രമല്ല ജാപ്പനീസ് ചലച്ചിത്രകാരൻ അകിര കുറസോവയുടെ ‘രക്തസിംഹാസനം’ എന്ന സൃഷ്ടിയും മാക്ബത്തിന്റെ ആവിഷ്കാരമാണ്. ജപ്പാനിലെ സമുറായികളുടെ പശ്ചാത്തലത്തിലേക്കാണ് ആ സിനിമ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. സമുറായികൾ അവിടത്തെ യോദ്ധാക്കളാണ്.  കേരളത്തിലെ കളരി പാരമ്പര്യത്തിലെയും വടക്കൻ പാട്ടുകഥകളിലെയും നായകരെപ്പോലെയാണ് ജപ്പാനിലെ സമുറായികൾ. ആ പോരാളികളിലൂടെയും ചാവേറുകളിലൂടെയുമാണു കുറസോവ സിനിമ അവതരിപ്പിച്ചത്. അതിലേക്ക് മാക്ബത്തിനെ കൊണ്ടുവന്നു. അതുകൊണ്ടു മക്ബത്തിന്റെ പ്രാധാന്യം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.

ജോജിയിൽ മാക്ബത്ത് എത്രയുണ്ടെന്നതിൽ ഷേക്സ്പിയറിനെക്കുറിച്ച് പഠിച്ചവർക്കും ക്ലാസെടുത്തുവർക്കും മാത്രമേ താൽപര്യമുണ്ടാകാൻ ഇടയുള്ളൂ. സാമാന്യ പ്രേക്ഷകന് അതു പ്രധാന വിഷയമല്ല. യഥാർഥത്തിൽ ആ സിനിമ പ്രചേദനമുൾക്കൊണ്ടത് ഏംഗൽസിന്റെ ‘കുടുംബം,  സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉദ്ഭവം’ എന്ന പുസ്തകത്തിൽ നിന്നാണെന്നു തോന്നിയിട്ടുണ്ട്. എല്ലാ കാലത്തെയും സാഹിത്യ കൃതികളുടെയും സിനിമകളുടെയും അന്വേഷണത്തിന്റെ വിഷയമാണ് കുടുംബത്തിനുള്ളിലെ സംഘർഷം. അവിടെ അധികാരം പ്രവർത്തിക്കുമ്പോൾ ഒരു വ്യക്തിയുടെ വികാസത്തിന് അതു തടസ്സമാകുന്നത് എങ്ങനെയാണെന്നാണ് അതിൽ ചർച്ച ചെയ്യുന്നത്. ഇരകളിലും ജോജിയിലും ചില സാമ്യങ്ങളുണ്ടെന്നതു ശരിയാകാം. ഒരു സിനിമയിൽ കാഞ്ഞിരപ്പള്ളി വന്നുവെന്നു കരുതി മറ്റാരും ആ സ്ഥലം  കേന്ദ്രമാക്കി സിനിമ എടുക്കാൻ പാടില്ലെന്ന വാദം ശരിയല്ല.

∙ കെ.ജി.ജോർജും ഇരകളും

ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്നയാളാണ് സംവിധായകൻ കെ.ജി.ജോർജ്. സിനിമാ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ തന്റെ കുടുംബത്തെ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്  ലിജിൻ ജോസ് സംവിധാനം ചെയ്ത ‘എട്ടര ഇന്റർ കട്ട്സ്’ എന്ന ഡോക്യുമെന്ററിയിൽ അദ്ദേഹം സമ്മതിക്കുന്നുണ്ട്. ഈ ഡോക്യുമെന്ററി ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. കെ.ജി.ജോർജിനെ വേണ്ട രീതിയിൽ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. വാണിജ്യ സിനിമയുടെ ചില സങ്കേതങ്ങൾ അദ്ദേഹം സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആർട് സിനിമയുടെ വക്താക്കളും നിരൂപകരും അദ്ദേഹത്തെ ഗൗരവമായി കണ്ടില്ല.

Irakal-movie-2

ഇന്ദിരാഗാന്ധിയുടെ വധം നടന്ന കാലത്ത് ആളുകളിൽ ശക്തമായിരുന്ന മോഹഭംഗങ്ങളാണ് ‘ഇരകൾ’ എന്ന സിനിമയെടുക്കുമ്പോൾ തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം ഈ ഡോക്യുമെന്ററിയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഇന്ദിരാഗാന്ധിയുടെ ചിത്രം പോലും ആ സിനിമയിൽ കാണിക്കുന്നില്ല. എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു അക്രമവാസന നിലനിൽക്കുന്നുണ്ട്. അതിനെ ഇല്ലാതാക്കി എങ്ങനെ മനുഷ്യരാകാമെന്ന് അന്വേഷിക്കുന്ന മാധ്യമമാണു കല. സിനിമയും അതിൽനിന്നു വ്യത്യസ്തമല്ല. ഇരകളെപ്പറ്റിയുള്ള ചർച്ചകളിലും ഇതു മനസ്സിലുണ്ടാകണം. 

അക്രമത്തെ ആഘോഷിക്കുന്ന ധാരാളം സിനിമകൾ വന്നിട്ടുണ്ട്. അവയൊന്നും പിൽക്കാലത്തു ചർച്ചപോലും ആയിട്ടില്ല. എന്നാൽ, ഈ സിനിമ നൽകുന്ന വലിയൊരു സന്ദേശമുണ്ട്. ഒരാളിൽ എങ്ങനെ അക്രമവാസന വളർന്നുവരുന്നുവെന്നു പരിശോധിക്കേണ്ട ഉത്തരവാദിത്തമാണത്. ആ ചുമതല പ്രാഥമികമായി കുടുംബത്തിനുണ്ട്. ചികിത്സകർക്കോ മതപുരോഹിതന്മാർക്കോ സാമൂഹിക പ്രവർത്തകർക്കോ സാംസ്കാരിക നായകർക്കോ അതിൽനിന്നു മാറിനിൽക്കാനാവില്ല. ഇതു മാറ്റിനിർത്തി സിനിമകളെ താരതമ്യം ചെയ്യുന്ന രീതി ശരിയല്ല.

∙ പൊളിറ്റിക്കൽ കറക്ട്നെസ്

ഈ കാലഘട്ടത്തിൽ വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന ഒരു പദമാണ് പൊളിറ്റിക്കൽ കറക്ട്നെസ്. ഒടിടി പ്ലാറ്റ്ഫോം വന്നതോടെ ഇതു സംബന്ധിച്ച ചർച്ചകൾക്കു പ്രചാരമേറി. ലാഘവത്തോടെ സിനിമ എടുക്കാൻ കഴിയാത്ത സ്ഥിതിവന്നു. ജനങ്ങൾ ഇഷ്ടപ്പെടുന്നതിനാലാണു സിനിമ എടുക്കുന്നതെന്നാണ് പൊതുവേ സംവിധായകരും തിരക്കഥാകൃത്തുക്കളും നടീനടന്മാരും ഇതുവരെ പറഞ്ഞു രക്ഷപ്പെട്ടിരുന്നത്. അതുമാറി. ഉണർന്നിരിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്ന തോന്നൽ ശക്തമാണ്. അതു കാണാതെ മുന്നോട്ടു പോകാൻ സിനിമാ പ്രവർത്തകർക്ക് ഇനി കഴിയില്ല. ആൾക്കൂട്ട ആക്രമണത്തിലേക്കോ അനൗപചാരിക സെൻസർഷിപ്പിലേക്കോ സിനിമ ചെന്നെത്താൻ ഇത് ഇടവരുത്തുമെന്ന സാധ്യതയും കാണാതിരുന്നുകൂട. പൊളിറ്റിക്കൽ കറക്ട്നെസ് കലാപരമായ നൈസർഗികതയെ ഇല്ലാതാക്കുമെന്ന വാദം ശരിയല്ല. 

കാരണം, നൈസർഗികതയെന്നതു കാലാതീതമായ മൂല്യമല്ല. രാഷ്ട്രീയം ഒഴിവാക്കി സിനിമ എടുക്കാൻ കഴിയില്ല. കാട്ടിലുള്ള മൃഗങ്ങളുടെ സിനിമ എടുക്കുമ്പോൾപോലും അതിൽ രാഷ്ട്രീയം പലതരത്തിൽ വരും. സ്വന്തം രാഷ്ട്രീയം ഒളിച്ചുകടത്താനുള്ള ശ്രമങ്ങളും സിനിമകളിലുണ്ടാകാം. ഉദാഹരണത്തിന് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത  ‘ദ് ടെനറ്റ്’ എന്ന അമേരിക്കൻ സിനിമ. അടുത്ത കാലത്ത് ഒടിടിയിൽ ഏറെ ജനപ്രീതി നേടിയതാണത്. ഒരു ക്രൈംത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ഈ സിനിമയുടെ പ്രമേയം ഭാവിയുമായുള്ള യുദ്ധമാണ്. അൻപതോ അഞ്ഞൂറോ വർഷം കഴിഞ്ഞുള്ള ജനത ടൈം മെഷീനൊക്കെവച്ച് നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിലേക്കു വരികയാണ്. അതിൽ കണ്ട ഒരു പ്രധാന മാറ്റം കറുത്ത വംശജനാണ് നായകൻ. 

tenet-oscar-main

നേരത്തേ ഇത്തരക്കാരെ സഹായികളുടെ റോളിലാണ് പാശ്ചാത്യ സിനിമകൾ അവതരിപ്പിച്ചിരുന്നത്. റഷ്യയിൽ ആണവ രസ്യം സൂക്ഷിക്കുന്ന രഹസ്യ നഗരങ്ങളുണ്ടെന്നാണ് അതിൽ പറയുന്നത്. ഗൂഗിളിനുപോലും കണ്ടുപിടിക്കാനാകാത്ത മേഖലകളാണത്രേ അത്. ഇപ്പോൾ സോവിയറ്റ് യൂണിയൻ ഇല്ല. ശീതസമരം അവസാനിച്ചു. എങ്കിലും റഷ്യയെ ഇനിയും പേടിക്കേണ്ടതുണ്ടെന്ന വാദമാണ് പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ രാഷ്ട്രീയം ഒളിച്ചുകടത്തുന്ന പ്രവണതകളെ കരുതിയിരിക്കാൻ സിനിമ ആസ്വാദകരും നിരൂപകരും ശ്രദ്ധിക്കണം.

gp-ramachandran-1
ഫെർണാണ്ടോ സൊലാനസിനൊപ്പം

∙ കുറസോവയുടെ സ്വാധീനം

പുതിയ സിനിമകൾ മാത്രമല്ല, പഴയകാല ക്ലാസിക്കുകളും ആസ്വദിക്കാനുള്ള അവസരം ഒടിടി പ്ലാറ്റ്ഫോമുകൾ ഒരുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പാശ്ചാത്യ സിനിമകൾക്കൊപ്പം പ്രസക്തമാകുന്ന ധാരാളം പൗരസ്ത്യ സിനിമകളുമുണ്ട്. അതിൽ ഏറ്റവും പ്രസക്തം അകിര കുറസോവയെന്ന ജപ്പാൻ സംവിധായകന്റെ സിനിമകളാണ്. പൗരസ്ത്യ ദേശത്തും വ്യത്യസ്തമായ സംസ്കാരവും കലയും വീരഗാഥകളുമുണ്ടെന്ന് ലോകത്തെ കാണിച്ചു കൊടുത്ത സംവിധായകനാണ് കുറസോവ. ലോകം യൂറോപ്പിനെ കേന്ദ്രീകരിച്ചുനിന്ന കാലത്ത് പൗരസ്ത്യ ലോകത്തിന്റെ മികവുകൾ ലോകത്തെ അറിയിക്കുന്നതിൽ അദ്ദേഹം ശക്തമായ ഇടപെടലാണു നടത്തിയത്. 

kurasowa
കുറസോവ

റാഷമോൺ, രക്ത സിംഹാസനം, സെവൻ സമുറായി, ഇക്രു തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം ലോകത്തിന് ആരാധ്യനായി. ഇന്ത്യൻ സിനിമാ രംഗത്തും സമാനമായ പരീക്ഷണങ്ങൾ ഈ ഘട്ടത്തിൽ സത്യജിത്ത് റേ ഉൾപ്പെടെയുള്ളവർ ആരംഭിച്ചിരുന്നു. കുറസോവയ്ക്കു സത്യജിത്ത് റേയോടു വലിയ മതിപ്പായിരുന്നു.‘ഞാൻ എഴുതാത്ത എന്റേതെന്നു തോന്നാവുന്ന തിരക്കഥ’യെന്നാണ് റേയുടെ സിനിമകളെ അദ്ദേഹം വിശേഷിപ്പിച്ചത്. സത്യജിത്ത് റേ, ഋത്വിക് ഘട്ടക് തുടങ്ങിയ ഇന്ത്യൻ ചലച്ചിത്രകാരന്മാരും കിംകി ഡുക്കിനെപ്പോലെയുള്ള കൊറിയൻ സംവിധായകരും പൗരസ്ത്യ സിനിമയുടെ ഖ്യാതി ഉയർത്തിപ്പിടിച്ചവരിലുൾപ്പെടും. ചൈനീസ്, ശ്രീലങ്കൻ ഭാഷകളിലും ഇന്നു മികച്ച സിനിമകൾ ഉണ്ടാകുന്നുണ്ട്.

ramachandran-12

∙ മലയാള സിനിമയുടെ നവോത്ഥാന പാരമ്പര്യം

ലോക ക്ലാസിക്കുകളെപ്പറ്റി പറയുമ്പോൾ മലയാള സിനിമയെ മാറ്റിനിർത്താൻ കഴിയില്ല. ലോക സിനിമയുടെ മാനദണ്ഡങ്ങൾ വച്ചുനോക്കി, മോശമാണ് മലയാള സിനിമയെന്ന വാദിക്കുന്നവർക്കൊപ്പം ഞാനില്ല. ഇന്ത്യൻ സിനിമയിൽനിന്നു വ്യത്യസ്ത പാതയിലാണു മലയാള സിനിമ നീങ്ങിയത്. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെ ഉൾപ്പെടെയുള്ളവർ രാജാ ഹരിശ്ചന്ദ്ര പോലെയുള്ള പുരാണ സിനിമകൾ പ്രമേയമാക്കിയപ്പോൾ മലയാള സിനിമയിലെ പ്രമേയങ്ങൾ സാമൂഹികപരമായിരുന്നു. 

ബാലൻ, വിഗതകുമാരൻ തുടങ്ങിയ ആദ്യകാല സിനിമകളിൽ ഇത്തരത്തിലുള്ള പ്രമേയങ്ങളുണ്ട്. മാർത്താണ്ഡ വർമയിൽപോലും അതുകാണാം. കേരളത്തിന്റെ സാംസ്കാരിക നവേത്ഥാനവുമായി കൂടിപ്പിണഞ്ഞാണു മലയാള സിനിമ വളർന്നുവന്നത്. അക്കാര്യത്തിൽ വലിയ പങ്കുവഹിച്ചത് പി.എൻ. മേനോൻ എന്ന സംവിധായകനായിരുന്നു. അദ്ദേഹത്തിന്റെ ‘ഓളവും തീരവും’ വന്നതോടെ മലയാള സിനിമ ഒരു വ്യത്യസ്ത വഴിയിലേക്കു നീങ്ങി. എന്നാൽ, അദ്ദേഹത്തോടും നമുക്കു നീതി പുലർത്താൻ കഴിഞ്ഞില്ല.

 

∙ സംരക്ഷിക്കണം, സിനിമകൾ

ഇന്ത്യൻ സിനിമയ്ക്ക് ഒരു ആർക്കൈവ് ഉണ്ടാക്കിയത് മലയാളിയായ പി.കെ.നായരാണ്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് രാജാ ഹരിശ്ചന്ദ്രയും മാർത്താണ്ഡ വർമയും ഉൾപ്പെടെയുള്ള ചിത്രങ്ങൾ വീണ്ടെടുത്തു സംരക്ഷിക്കാനായത്. ഏറെ ത്യാഗം സഹിച്ചായിരുന്നു അതെല്ലാം. അത്തരം പരിശ്രമങ്ങൾ ക്രമേണ ഇല്ലാതായി. അതുകാരണം ഒട്ടേറെ മികച്ച സിനിമകൾ നഷ്ടമായി. അങ്ങനെ ഇല്ലാതാകേണ്ടതല്ല ചലച്ചിത്രങ്ങൾ. അവ സംരക്ഷിക്കപ്പെടണം. പഴയ സിനിമകൾ മാത്രമല്ല, ഇനിയുള്ള സിനിമകളും സംരക്ഷിക്കേണ്ടതുണ്ട്. അതിനു കേരളത്തിലെ ചാനലുകൾക്കു വലിയ പങ്കുവഹിക്കാനാകും. അവരുടെ പക്കൽ വലിയൊരു സിനിമാ ശേഖരം ഇപ്പോഴുണ്ട്. അത് ആർക്കൈവ്സിൽ സംരക്ഷിച്ച്, പൊതുജനങ്ങൾക്ക് ആ സിനിമകൾ കാണാൻ അവസരം ഒരുക്കണം. ഒടിടി പ്ലാറ്റ്ഫോമിന്റെ ഈ കാലത്ത് അതിനുള്ള സാധ്യതകൾകൂടി തുറക്കുകയാണ്.

ramachandran

∙ ആവശ്യമുണ്ട് നിരൂപകരെ

സിനിമകളിൽ മാത്രമല്ല സിനിമാ നിരൂപണത്തിലും മാറ്റം പ്രകടം. സിനിമകളെപ്പറ്റി ഏറെപ്പേർ ചർച്ച ചെയ്യുന്നു, നിരൂപണ ദൃഷ്ടിയിൽ വിലയിരുത്തുന്നു. സിനിമാ നിരൂപണത്തിലും തലമുറ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യ കാലങ്ങളിൽ സിനിക് കോഴിക്കോടിനെപ്പോലെയുള്ളവരുണ്ടായിരുന്നു. പിന്നീട് കെ.വിജയകൃഷ്ണൻ, ഷൺമുഖദാസ് എന്നിവർ വന്നു. ഇന്നു നമ്മോടൊപ്പമില്ലാത്ത ചിന്ത രവിയെന്ന കെ.രവീന്ദ്രൻ പത്രപ്രവർത്തകനും നിരൂപകനും ചലച്ചിത്ര പ്രവർത്തകനുമായിരുന്നു. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ‘ഒരേ തൂവൽ പക്ഷികൾ’ അദ്ദേഹമാണു സംവിധാനം ചെയ്തത്. ഇവരുടെയൊക്കെ പാത പിന്തുടർന്നാണ് എന്നെപ്പോലുള്ളവർ സിനിമാ നിരൂപണത്തിലേക്കുവന്നത്. ഒരുകാലത്ത് ഞങ്ങളൊക്കെ സംവിധായകരോടും തിരക്കഥാകൃത്തുക്കളോടും ഉന്നയിച്ച ചോദ്യങ്ങൾ ഇപ്പോൾ പൊതുസമൂഹം ചോദിച്ചുതുടങ്ങിയെന്നതാണ് സിനിമാ മേഖലയിലെ ഏറ്റവം ഗുണപരമായ മാറ്റം. അതുകൊണ്ടുതന്നെ ഈ രംഗത്തേക്കു പുതിയ നിരൂപകർ കടന്നുവരണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA