‘അമ്മ ചോദിച്ചു: അതു നീയായിരുന്നോ?’; കുഞ്ചാക്കോ ബോബൻ അഭിമുഖം

HIGHLIGHTS
  • കുഞ്ചാക്കോ ബോബന്റെ രണ്ടു ചിത്രങ്ങൾ ട്രെൻഡിങ്
  • നായാട്ട്, നിഴൽ, രണ്ടിലും വ്യത്യസ്തമായ നായകവേഷങ്ങൾ
kunchacko-boban-1
SHARE

കുഞ്ചാക്കോ ബോബന്റെ അഭിനയ വർഷങ്ങൾ അടുത്ത മാർച്ചിൽ സിൽവർ ജൂബിലി തൊടും. താരം സെഞ്ചുറി തികയ്ക്കുന്ന ചിത്രം, ‘അറിയിപ്പ്’ ഏതാണ്ട് ഈ സമയത്തു തന്നെയെത്തും. ആദ്യ ചിത്രമായ അനിയത്തിപ്രാവിനു രണ്ടരപ്പതിറ്റാണ്ട്. നൂറോളം ചിത്രങ്ങൾ. ചോക്കലേറ്റ് നായകൻ എന്ന ഇമേജ് പൂർണമായും കുടഞ്ഞുകളഞ്ഞു പുതിയ ഉയരങ്ങളിലെത്തി നിൽക്കുകയാണു കയറ്റിറക്കങ്ങൾ ഏറെക്കണ്ട ചാക്കോച്ചന്റെ കരിയർ. വർഷങ്ങളുടെ ചിത്രാനുഭവങ്ങൾ മാറ്റിയെടുത്തതാണോ അതോ, സിനിമകൾക്കായി താൻ മാറുകയായിരുന്നോ എന്ന ചോദ്യത്തിന് സ്വയം തീരുമാനിച്ചുറപ്പിച്ച്, ഏറെ പരിശ്രമിച്ചുള്ള മാറ്റമാണു തന്റേത് എന്നു ചാക്കോച്ചന്റെ മറുപടി. ആ മാറ്റത്തിൽ ജയങ്ങൾക്കു മാത്രമല്ല, തന്റെ പരാജയങ്ങൾക്കും വലിയ സ്ഥാനമുണ്ട്. ‘ഏതു പരാജയമാണ് ഏറെ സ്വാധീനിച്ചത്’ എന്ന ചോദ്യത്തിനു മറുപടി ഇങ്ങനെ. ‘പെട്ടെന്നൊരെണ്ണം മാത്രമായി എടുത്തു പറയാൻ കഴിയുന്നില്ല. ഒരുപാടെണ്ണമുണ്ടല്ലോ അതാണ്’  മറുപടിയിലെ നർമം ഉൾക്കൊണ്ടൊരു ചിരി പിന്നാലെ... 

2 പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളിൽ ചാക്കോച്ചന്റെ ഓരോ ചിത്രം വീതം ട്രെൻഡിങ്. മാർട്ടിൻ പ്രക്കാട്ട് ചിത്രമായ നായാട്ടും അപ്പു എൻ.ഭട്ടതിരിയുടെ നിഴലും. ഒന്നിനൊന്നു വ്യത്യസ്തമായ നായക വേഷങ്ങൾ.

ആമസോണിലും നെറ്റ്ഫ്ലിക്സിലുമായി 2 ചിത്രങ്ങൾ ഒരേ സമയം. രണ്ടിനും മികച്ച അഭിപ്രായം?

മുൻനിര ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒരേ സമയം തന്നെ രണ്ടു ചിത്രങ്ങൾ സ്ട്രീം ചെയ്യുന്നതു വലിയ ഭാഗ്യമായി കാണുന്നു. നെറ്റ്ഫ്ലിക്സ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു ‘നായാട്ട്’. കോവിഡിന്റെ ഇടവേളയിൽ തിയറ്ററുകളിലെത്തിയ ചിത്രമാണ്. പടത്തിനു മികച്ച അഭിപ്രായം ലഭിച്ചെങ്കിലും അധികം പേർക്കും തിയറ്ററിൽ കാണാൻ കഴിയാതെ പോയി. ഒടിടിയിലെ കാഴ്ചക്കാരുടെ എണ്ണമേറാൻ ഇതും കാരണമാണ്. വളരെ വ്യത്യസ്തമായ ട്രീറ്റ്മെന്റ് ആണ് ‘നിഴൽ’. കൊലപാതകവും അന്വേഷണവുമൊക്കെയായി ത്രില്ലർ തീമാണെങ്കിലും കൊലപാതകങ്ങൾ നേരിട്ടു കാണിക്കുന്നില്ല. പതിവുരീതിയിലെ അന്വേഷണവുമില്ല.        

kunchacko-boban-2

നായാട്ടിലേക്ക് എങ്ങനെയെത്തി?

മാർട്ടിൻ പ്രക്കാട്ടിനൊപ്പം ഒരു ചിത്രം ചെയ്യുക എന്നത് ഒരുപാടു നാളത്തെ ആഗ്രഹമാണ്. ‘നായാട്ട്’ ചെയ്യാൻ മാർട്ടിൻ തീരുമാനിച്ചപ്പോൾ അതിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്നു ഞാൻ അങ്ങോട്ടു പറയുകയായിരുന്നു. പക്ഷേ, ‘ഇതു ചാക്കോച്ചനു ചേരുമോ എന്നറിയില്ല’ എന്നായിരുന്നു മാർട്ടിന്റെ മറുപടി. ‘അള്ള് രാമേന്ദ്രനിൽ’ സാധാരണ പൊലീസുകാരനായി വേഷമിട്ടിട്ട് അധികനാളായില്ല എന്നതും ഈ വേഷം വ്യത്യസ്തമാക്കാൻ കഴിയുമോ എന്നുള്ള ആശങ്കയുമായിരുന്നു കാരണം. എന്നാൽ, ‘നമുക്ക് മാറ്റിപ്പിടിക്കാം. ഞാൻ മാറാം’ എന്നുറപ്പു നൽകി. എങ്കിലും, നായാട്ടിലെ പ്രവീൺ മൈക്കിളിലേക്ക് എന്നെ മാറ്റിയെടുക്കാൻ മാർട്ടിൻ നന്നായി തലപുകച്ചിട്ടുണ്ട്.

നായക ജാഡകളില്ലാത്ത, നായാട്ടിലെ സിപിഒ പ്രവീൺ മൈക്കിൾ?

‘നായാട്ട്’ എനിക്കു തിയറ്ററിൽ കാണാൻ കഴിഞ്ഞില്ല. പിന്നീട് ഒടിടിയിൽ വന്ന അന്നു രാത്രി 12ന് ചിത്രം കാണാനിരുന്നത് അമ്മയ്ക്കൊപ്പമാണ്. പടം തുടങ്ങി, എന്റെ ഇൻട്രൊഡക്‌ഷൻ സീൻ വന്നു പോയി. അമ്മയുടെ കമന്റ് ഒന്നുമില്ല. സാധാരണ എന്തെങ്കിലും പറയുന്നതാണ്. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ തട്ടിവിളിച്ചു ചോദിച്ചു, ‘എടാ അതു നീയാരുന്നോ?’ നായാട്ടിൽ ‘ചാക്കോച്ചനെ കാണാനില്ല’ എന്നു പലരും വിളിച്ചു പറഞ്ഞിരുന്നെങ്കിലും അമ്മ അങ്ങനെ പറഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. പതിവു താരസങ്കൽപങ്ങൾ ചേരാത്ത പൊലീസുകാരനാണു പ്രവീൺ. വലിയ തയാറെടുപ്പുണ്ട് ആ കഥാപാത്രത്തിന്റെ വിജയത്തിനു പിന്നിൽ. ഷൂട്ടിനു മുൻപു ഞങ്ങൾ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ പോയി പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കിയിരുന്നു. ഡയലോഗ് കുറവും ഭാവങ്ങൾക്കു പ്രാധാന്യം കൂടുതലുമാണു പ്രവീണിന്. ചലനങ്ങൾ, നടത്തം, കണ്ണിന്റെയും പുരികത്തിന്റെയും ചെറിയ അനക്കങ്ങൾ ഇവയൊക്കെ എങ്ങനെ വേണം എന്നതിൽപ്പോലും മാർട്ടിനു കൃത്യമായ ധാരണ ഉണ്ടായിരുന്നു. ആ പ്രയത്നത്തിന്റെയും ഒരുക്കത്തിന്റെയും ഫലമാണു പ്രവീൺ എന്ന കഥാപാത്രത്തിന്റെ ജയം.    

kunchacko-boban-5

നായാട്ടിന്റെ തുടക്കത്തിലെ വടംവലി സീനുകൾ ഹിറ്റായല്ലോ?  

ഒട്ടേറെപ്പേർ ഈ രംഗം കണ്ടു വിളിച്ച് അഭിനന്ദിച്ചു. പ്രഫഷനൽ ടീമിനെതിരെ വടം വലിച്ചാണ് ആ രംഗം ചിത്രീകരിച്ചത്. സിനിമയ്ക്കു വേണ്ടിയെങ്കിലും ശരിക്കും മത്സരം തന്നെയായിരുന്നു. വലിയ തയാറെടുപ്പും ശാരീരികാധ്വാനവും പഠനവും വേണ്ടി വന്നു. ആ ടീമിന്റെ ഭാഗമായ എല്ലാവരും കഠിനമായ വർക്ക് ഔട്ട് ഉൾപ്പെടെ നടത്തിയാണു തയാറെടുത്തത്. വടം പിടിക്കുന്ന രീതിയിലെ പ്രഫഷനലിസം ഉൾപ്പെടെ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുണ്ട്. നായാട്ടിലെ എല്ലാ രംഗങ്ങളിലും ഈ പ്രഫഷനിലിസം ഉണ്ട്. സിനിമയിലെ രംഗങ്ങൾ 90 ശതമാനവും അതേ ക്രമത്തിൽത്തന്നെയാണു ഷൂട്ട് ചെയ്തത്. കൂടെ സ്പോട് ഡബ്ബിങ്ങും. കഥാപാത്രത്തിനൊപ്പമുള്ള സഞ്ചാരത്തെ ഇക്കാര്യങ്ങൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ജോജുവും നിമിഷയും ഉൾപ്പെടെയുള്ളവരെല്ലാം താൻ മുൻപിൽ നിൽക്കണം എന്നതിനേക്കാൾ സിനിമ മുൻപിൽ നിൽക്കണം എന്നു മാത്രമാണ് ആഗ്രഹിച്ചത്.    

നായാട്ടിന്റെ ക്ലൈമാക്സ് ചില ആരാധകരെയെങ്കിലും നിരാശപ്പെടുത്തിയോ?

എൻടെർടെയിൻമെന്റ് എന്ന രീതിയിൽ സിനിമയെ നോക്കുമ്പോൾ കുറച്ചു കൂടി ‘ഹീറോയിക്’ ആയ ഒരു പര്യവസാനം പ്രേക്ഷകർ പ്രതീക്ഷിച്ചിരിക്കാം. എന്നാൽ, ചിത്രം മുന്നോട്ടു വയ്ക്കുന്ന വിഷയങ്ങളുടെ സത്യസന്ധത ഉൾക്കൊണ്ടു തന്നെയാണ് ആ ക്ലൈമാക്സ്. അധികാരവും വ്യവസ്ഥിതിയും സമൂഹത്തിലും ഉദ്യോഗസ്ഥരിലും അടിച്ചേൽപിക്കുന്ന സാഹചര്യങ്ങളുടെ സമ്മർദം കൃത്യമായി നായാട്ട് വിശദീകരിക്കുന്നുണ്ട്. ആ തിരിച്ചറിവുകൾ ക്ലൈമാക്സിനെ പൂർണമായും ന്യായീകരിക്കുന്നു.  

kunchacko-boban-4

‘അഞ്ചാംപാതിര’യുടെ ജയത്തോടെ ത്രില്ലറിലേക്കു ചുവടുമാറ്റം?

കുറ്റാന്വേഷണവും ആക്‌ഷനുമൊക്കെ ഇഷ്ടപ്പെട്ട് അതു വായിച്ചും സിനിമകൾ കണ്ടുമായിരുന്നു എന്റെ കുട്ടിക്കാലവും. കുറ്റാന്വേഷണ നോവലുകളുടെയും ജെയിംസ് ബോണ്ട് സിനിമകളുടെയും കടുത്ത ആരാധകനാണ്. എന്നാൽ, അത്തരം ചിത്രങ്ങളിലേക്കു കരിയറിന്റെ തുടക്കത്തിലൊന്നും ഞാൻ പരിഗണിക്കപ്പെട്ടില്ല. ‘ചോക്കലേറ്റ് നായകൻ’ എന്ന പരിവേഷമാകാം കാരണം. ‘കുഞ്ചാക്കോ ബോബൻ പൊലീസായാൽ ശരിയാകുമോ?’ എന്നൊരു ധാരണ പോലും സിനിമാരംഗത്തു രൂപപ്പെട്ടിരുന്നോയെന്നു സംശയമുണ്ട്. എന്നാൽ, ഇപ്പോൾ ത്രില്ലർ സ്വഭാവമുള്ള, കുറ്റാന്വേഷണം തീമാകുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ എനിക്കു കഴിയുന്നതിലും അത്തരം വേഷങ്ങൾ എന്നെത്തേടി എത്തുന്നതിലും വലിയ ആഹ്ലാദമുണ്ട്. 

ആദ്യം നിർമാതാവായ, കൊച്ചൗവ പൗലോ, അയ്യപ്പ കൊയ്‌ലോ’ എഴുപത്തഞ്ചാമത്തെ ചിത്രമായിരുന്നു. നൂറാമത്തെ ചിത്രമായ അറിയിപ്പിൽ വീണ്ടും നിർമാതാവ്. നിർമാണരംഗത്ത് എന്താണ് ഇത്ര നീണ്ട ഇടവേള? 

കരുതിക്കൂട്ടിയൊന്നുമല്ല, അങ്ങനെ സംഭവിച്ചുവെന്നേയുള്ളൂ. ‘കൊച്ചൗവ പൗലോ’ കഥ കേട്ട് ഇഷ്ടപ്പെട്ടു ചെയ്തതാണ്. അതു വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ‘അറിയിപ്പ്’ മഹേഷ് നാരായണന്റെ ചിത്രമാണ്. അടുത്ത സുഹൃത്താണ്. മഹേഷ് ഒരു പക്ഷേ ഏറ്റവും കൂടുതൽ എഡിറ്റ് ചെയ്തിട്ടുള്ളത് എന്റെ ചിത്രങ്ങളാകും. മഹേഷിന്റെ ആദ്യ ചിത്രമായ ടേക്ക് ഓഫിൽ അങ്ങനെയാണ് എത്തുന്നത്.  ‘മാലിക്’ പൂർത്തീകരിച്ച ശേഷമാണ് അറിയിപ്പിനെപ്പറ്റി എന്നോടു പറയുന്നത്. വ്യത്യസ്തമായ തീം. അങ്ങനെയാണ് അഭിനയത്തിനൊപ്പം അതു നിർമിക്കാനും തീരുമാനിച്ചത്.

kunchacko-boban6

മലയാള സിനിമയിലെ ഏറ്റവും വലിയ പാരമ്പര്യങ്ങളിലൊന്നിന്റെ പിന്തുടർച്ചക്കാരനാണ്. സിനിമയുടെ വളർച്ചയും തളർച്ചയും കണ്ടും കേട്ടും അറിഞ്ഞ കുടുംബം. എന്നാൽ, മലയാള സിനിമാ ചരിത്രത്തിലെങ്ങുമുണ്ടായിട്ടില്ലാത്ത, സമാനതകളില്ലാത്ത പ്രതിസന്ധി തീർക്കുകയാണ് കോവിഡ്?    

പ്രത്യാശ, അതാണു മനുഷ്യനു മുന്നോട്ടു പോകാനുള്ള മരുന്ന്. ഏതു പ്രതിസന്ധിയിൽ നിന്നും കരകയറിയ ചരിത്രമാണു മലയാള സിനിമയുടേത്. തിയറ്ററുകൾ പൊളിച്ചു കളഞ്ഞ് ഓഡിറ്റോറിയങ്ങൾ പണിത കാലം ഉണ്ടായിട്ടില്ലേ. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള ആധുനിക സൗകര്യങ്ങളുമുള്ള മൾട്ടിപ്ലക്സുകളും ചെറു തിയറ്ററുകളും നിർമിച്ച് നാം ആ പ്രതിസന്ധി മറികടന്നു. ആദ്യ കോവിഡ് തരംഗത്തിനു ശേഷം തിയറ്ററുകൾ 50% ശേഷിയിൽ പ്രവർത്തിച്ചപ്പോഴും ജനം തിയറ്ററുകളിലേക്കു മടങ്ങിയെത്തിയില്ലേ. രണ്ടാം വ്യാപനം ഭയപ്പെടുത്തുന്നുണ്ടെന്നതു ശരി. എന്നാൽ, തിയറ്ററുകളെ പ്രേക്ഷകർ ഉപേക്ഷിക്കില്ല. തൽക്കാലം ഒടിടിയും ചെറിയ സ്ക്രീനുകളുമാകാം ആശ്രയം. എന്നാൽ വലിയ സ്ക്രീനിലെ വിസ്മയക്കാഴ്ചകൾ നൽകുന്ന ഫീൽ വ്യത്യസ്തമാണ്. അതിനായി ജനം വീണ്ടും തിയറ്ററുകളിൽ എത്തുക തന്നെ ചെയ്യും. ഈ കാലവും കടന്നു പോകും.  

പ്രിയ, ഇസഹാക്ക്, ചാക്കോച്ചനെ കൂടുതൽ സമയം അടുത്തു കിട്ടുന്നതിന്റെ സന്തോഷത്തിലാണോ കുടുംബം? 

14 കൊല്ലത്തെ കാത്തിരിപ്പിനു ശേഷമാണ് ഇസഹാക്കിന്റെ ജനനം. അവന്റെ വളർച്ചയും കളിചിരികളും കണ്ടു കുടുംബത്തോടൊപ്പം കഴിയാൻ ഏറെ സമയം കിട്ടി. കോവിഡ് കാലത്തെ ഒരേയൊരു സന്തോഷം അതു മാത്രമായിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധി നീണ്ടു പോയാൽ പതിവായി വീട്ടിലിരിക്കുന്ന എന്നെ കണ്ട് ‘അപ്പനു പണിയൊന്നുമില്ലേ?’ എന്ന് അവൻ ചോദിക്കുമോ എന്നാണ് ഇപ്പോഴത്തെ എന്റെ ആശങ്ക!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA