അച്ഛൻ അവർക്ക് പപ്പുവേട്ടനായിരുന്നു, ഒരു സാധാരണക്കാരന്‍: ബിനു പപ്പു അഭിമുഖം

binu-pappu
SHARE

‘താമരശ്ശേരി ചുരം’ എന്ന് കേൾക്കുമ്പോഴൊക്കെ മലയാളിയുടെ മനസ്സിലേക്ക് എത്തുന്ന ഒരു മുഖമുണ്ട് കോഴിക്കോടൻ ഭാഷയിൽ ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുന്ന നിഷ്കളങ്കനായ കുതിരവട്ടം പപ്പു എന്ന മഹാനടൻ.  അന്തരിച്ച് ഇരുപതു വർഷം പിന്നിടുമ്പോഴും ട്രോള്‍ ആയും കഥാപാത്രങ്ങളായും ഇപ്പോഴും നമ്മുടെയിടയിൽ നിറഞ്ഞു നിൽക്കുകയാണ് ആ ചിരിയുടെ നറുവസന്തം.  ആ അച്ഛന്റെ പേരും പെരുമയും പിൻപറ്റാതെ ബിനു പപ്പു എന്ന മകനും പതിയെ സിനിമാസ്വാദകരുടെ മനസ്സിലേക്ക് കയറിക്കൂടുകയാണ്. ഒരൊറ്റ സീനിലെ  ഉള്ളൂ എങ്കിലും തന്റെ സാന്നിധ്യം അറിയിക്കാതെ ഈ താരം മടങ്ങാറില്ല.  ഓപ്പറേഷൻ ജാവ എന്ന കൊച്ചു വലിയ ചിത്രം വീണ്ടും ചർച്ചയാകുമ്പോൾ ബിനു പപ്പു എന്ന പപ്പുവിന്റെ മകനും ആഘോഷിക്കപ്പെടുകയാണ്. ലോക്ഡൗൺ വിരസതകൾക്കിടയിൽ വീണുകിട്ടിയ സന്തോഷമാണ് ജാവയുടെ ഈ വിജയം എന്ന് ബിനു പപ്പു മനോരമ ഓൺലൈനിനോട് പറയുന്നു

മലയാളികളുടെ പ്രിയതാരമായ പപ്പുവിന്റെ മകൻ എന്തുകൊണ്ടാണ് അഭ്രപാളിയിലേക്ക് കടന്നു വരാൻ താമസിച്ചത്?

ബാംഗ്ലൂരിൽ മായ അക്കാദമി ഓഫ് അഡ്വാൻസ്ഡ് സിനിമാറ്റിക്സ് എന്ന സ്ഥാപനത്തിൽ ആണ് പഠിച്ചത്. ആനിമേഷൻ ആയിരുന്നു. പഠനശേഷം ചെറിയ ഒന്ന് രണ്ട് കമ്പനികളിൽ വർക്ക് ചെയ്തു. പിന്നീട് ഫ്ലൂയിഡ് സിജിഐ കമ്പനിയിൽ ത്രീഡി വിഷ്വലൈസർ ആയി ജോലി കിട്ടി. അവർ ഒരു പിന്നീട് ആനിമേഷൻ വിങ് സ്റ്റാർട്ട് ചെയ്തു, ആ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുക്കുമ്പോഴാണ് ആ ജോലി 2015ൽ രാജിവച്ചത്. 

ആ സമയത്തൊന്നും സിനിമ എന്റെ മനസിലേ ഇല്ല.  ഒരു നിമിത്തം പോലെ ആണ് ഞാൻ സിനിമയിലേക്ക് വന്നത്. കൃത്യമായി പറഞ്ഞാൽ ആഷിക്ക് അബുവിന്റെ മായാനദിക്കു ശേഷമാണ് ഞാൻ സിനിമയെ വളരെയധികം ആഗ്രഹിച്ചു തുടങ്ങിയത്.  2015–ല്‍ സിനിമയാണ് എന്റെ പ്രൊഫഷൻ എന്ന് ഞാൻ തീരുമാനിക്കുന്നു. 2013–ൽ ഗുണ്ട എന്ന പടത്തിലൂടെ അരങ്ങേറ്റം. അതിനുശേഷം ആഷിക്ക് അബുവിന്റെ  ഗ്യാങ്ങ്സ്റ്റർ എന്ന പടത്തിൽ അഭിനയിച്ചു.  പിന്നീട് റാണിപത്മിനിയിൽ അഭിനയിച്ചു.  റാണിപത്മിനിയിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചു.  അതുകഴിഞ്ഞ് ജോൺപോൾ ജോർജിന്റെ കൂടെ ഗപ്പിയിൽ ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തു.  മായാനദിയിലും അസിസ്റ്റന്റ് ആയിരുന്നു.  അതിനുശേഷം സഖാവ്, പുത്തൻപണം അങ്ങനെ രണ്ടുമൂന്നു സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.  ഇതായിരുന്നു തുടക്കം. 

സിനിമ സ്വപ്നം കണ്ടിട്ടില്ലാത്ത ആൾ പിന്നീട് എങ്ങനെയാണ് സിനിമയിൽ എത്തുന്നത്?

സിനിമ എന്റെ സ്വപ്നത്തിലെ ഇല്ലായിരുന്നു. സിനിമയുടെ ഏതു മേഖലയിൽ പ്രവർത്തിച്ചാലും അതിന്റേതായ തിരക്കുണ്ട് എന്ന് എനിക്കറിയാമായിരുന്നു. അഭിനയിക്കുമ്പോൾ മാത്രമാണ് വളരെ ചുരുക്കം ദിവസങ്ങള്‍ക്കുള്ളിൽ നമ്മുടെ വർക്ക് തീരുന്നത്..  പിന്നണിയിൽ പ്രവർത്തിക്കുമ്പോൾ ആറേഴ് മാസമൊക്കെ ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വയ്ക്കേണ്ടി വരും. അച്ഛൻ അഭിനയിക്കുന്ന സമയത്ത് ഒരു വർഷം 25-30 സിനിമയൊക്കെ അദ്ദേഹം ചെയ്തിരുന്നു.  

ഇപ്പോൾ അങ്ങനെ അല്ല, കൂടുതൽ മെച്ചപ്പെട്ട ഗതാഗത മാർഗങ്ങൾ വന്നു, കമ്മ്യൂണിക്കേഷൻ പുരോഗമിച്ചു അതിനു അനുസരിച്ച് എല്ലാം മാറി.  സിനിമ വേണം എന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.  2013ൽ ഒരിക്കൽ ജോലി സംബന്ധമായി എറണാകുളത്ത് വന്നപ്പോൾ അവിടെ വച്ച് ഷാജി പട്ടിക്കര എന്ന പ്രൊഡക്‌ഷൻ കൺട്രോളറെ പരിചയപ്പെട്ടു.  അദ്ദേഹത്തെ ഞാൻ അച്ഛനോടൊപ്പം മുൻപ് കണ്ടിട്ടുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞു, കുറെ പഴയ നടന്മാരുടെ മക്കളെ വെച്ച് ഒരു സിനിമയെടുക്കുന്നു ബിനുവും അതിൽ ഒന്ന് അഭിനയിക്കൂ എന്ന്.  

binu-gunda
ഗുണ്ട എന്ന സിനിമയിൽ നിന്നും

സ്ഫടികം ജോർജിന്റെ മകൻ, മാഫിയാ ശശിയുടെ മകൻ, രാജൻ പി. ദേവിന്റെ മകൻ, സലിം ദാദയുടെ മകൻ, തിലകന്റെ മകൻ അങ്ങനെ ഒരുപാട് പഴയ നടന്മാരുടെ മക്കൾ അഭിനയിക്കുന്ന ഒരു സിനിമയായിരുന്നു അത്.  കോഴിക്കോട് ആണ്, ഷൂട്ട് ബിനു കൂടി അതിൽ ഒരു ഭാഗമായി എങ്കിൽ നന്നായിരുന്നു എന്ന് അദ്ദേഹം എന്നോട് പറഞ്ഞുയ ആ സമയത്ത് മലയാള സിനിമയിൽ ഒരുപാട് നടന്മാരുടെ മക്കൾ സജീവമാകുന്ന സമയമായിരുന്നു.  ഞാൻ എപ്പോഴും നേരിട്ടുകൊണ്ടിരുന്ന ചോദ്യമാണ് താൻ എന്തുകൊണ്ട് സിനിമയിൽ ട്രൈ ചെയ്തു നോക്കുന്നില്ല എന്ന്.  നീ ഒന്ന് ട്രൈ ചെയ്തു നോക്കൂ ഒരു പ്രാവശ്യം, വേണ്ടെങ്കിൽ പിന്നെ ഉപേക്ഷിക്കാമല്ലോ എന്നൊക്കെ  സുഹൃത്തുക്കൾ പറയും, എല്ലാത്തിനും ഒരു ഉത്തരം ആയിക്കോട്ടെ എന്ന് കരുതിയാണ് ഞാൻ ഗുണ്ടയിൽ അഭിനയിക്കാൻ തയ്യാറായത്.  അതിൽ അഭിനയിച്ച് എന്റെ ഭാഗം കഴിഞ്ഞപ്പോൾ തിരികെ ബാംഗ്ലൂരിൽ വന്ന് ജോലി തുടർന്നു.

ഷാജിയെ കണ്ട ദിവസം തന്നെ ഞാൻ എറണാകുളത്ത് വച്ച് രഞ്ജിത്ത് എന്ന മറ്റൊരു പ്രൊഡക്‌ഷൻ കൺട്രോളറെ കണ്ടിരുന്നു.  രഞ്ജിത്ത് അന്ന് ബെന്നി കട്ടപ്പന എന്ന ഒരു സുഹൃത്തിനോടൊപ്പം ആണ് താമസിക്കുന്നത് ബെന്നി ചേട്ടനെയും അന്ന് അവിടെവച്ച് പരിചയപ്പെട്ടിരുന്നു. ഷാജിയും ബെന്നി ചേട്ടനുമാണ് ആഷിഖ് അബുവിന് എന്നെ പരിചയപ്പെടുത്തുന്നത്. ഞാൻ ഗുണ്ടയിൽ അഭിനയിച്ചു കഴിഞ്ഞിട്ട് ബെന്നി ചേട്ടന്റെ ഒരു കോൾ വന്നു "ബിനു ഒന്ന് രണ്ട് ഫോട്ടോസ് അയച്ചു തരണം ആഷിക് അബുവിനെ കാണിക്കാനാണ്" എന്ന് പറഞ്ഞു.  ഞാൻ ഫോട്ടോ അയച്ചു കൊടുത്തു. അങ്ങനെയാണ് "ഗ്യാങ്സ്റ്റർ' എന്ന പടത്തിൽ ആഷിക് ഏട്ടൻ എന്നെ കാസ്റ്റ് ചെയ്യുന്നത്. 

ഗ്യാങ്സ്റ്റർ കഴിഞ്ഞു വീണ്ടും  ഞാൻ  എന്റെ തൊഴിലിലേക്കുമടങ്ങി.  ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ ആഷിക് ഏട്ടന്റെ ഒരു കോൾ വന്നു ജൂൺ-ജൂലൈ മാസത്തിൽ എന്താണ് പരിപാടി എന്ന് ചോദിച്ചു.  ഞാൻ പറഞ്ഞു പ്രത്യേകിച്ച് ഒന്നുമില്ല ചേട്ടാ, എന്നാൽ നീ ഇങ്ങോട്ടു പോരെ എന്ന് പറഞ്ഞു.  അങ്ങനെയാണ് ഞാൻ "റാണിപത്മിനി" എന്ന സിനിമയുടെ ഭാഗമാകുന്നത്.  അന്ന് ഹിമാലയത്തിൽ ക്രൂ മെമ്പേഴ്സ് വളരെ കുറവായിരുന്നു.  മധു സി. നാരായണനും വിഷ്ണു നാരായണനും  ആഷിക് ഏട്ടനെ അസിസ്റ്റ് ചെയ്യുകയാണ്.  മധു പിന്നീട് കുമ്പളങ്ങിയും  വിഷ്ണു മറഡോണയും ചെയ്തു.  

റാണിപദ്മിനിയുടെ സെറ്റിൽ എനിക്ക് ഷൂട്ട് ഇല്ലാത്ത സമയത്ത് ഞാൻ ഇവരെ സഹായിക്കുമായിരുന്നു.  എന്റെ ജോലിയിൽ ഗ്രീൻ സ്ക്രീൻ ഷൂട്ട് ഒക്കെ വരുമ്പോൾ ഞാനാണ് അത് ഡയറക്ട് ചെയ്യുന്നത്.  അപ്പോൾ എനിക്കൊരു ആഗ്രഹം തോന്നി സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചാൽ അത് എന്റെ ജോലിക്കും സഹായകമാകുമല്ലോ എന്ന്.  എങ്ങനെ ഒരു സ്റ്റോറി ഡെവലപ്പ് ചെയ്യാം എങ്ങനെ ഒരു വർക്ക് പ്ലാൻ ചെയ്യാം എന്നൊക്കെ പഠിക്കാമെന്ന് കരുതി, ഞാൻ ആഷിക് ചേട്ടനോട് എന്റെ ആഗ്രഹം പറഞ്ഞു. അദ്ദേഹം എനിക്കൊരു അവസരം തന്നു.   പിന്നീട് ജോൺ പോൾ ജോർജ് ഗപ്പിയിലും അസോസിയേറ്റ് ആകാൻ അവസരം തന്നു.  അതിനുശേഷം ആഷിക് ഏട്ടന്റെ  മായാനദിയിൽ അസോസിയേറ്റ് ആയി വർക്ക് ചയ്തു.  മായാനദി ചെയ്യുമ്പോഴാണ് ഞാൻ സിനിമ സീരിയസ് ആയി കാണുന്നത്.  ഇനി സിനിമ മതി എന്നുള്ള തീരുമാനമെടുത്തതും എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം മനസ്സിൽ വന്നതുമൊക്കെ അതിനുശേഷമാണ്.  

ചെറുപ്പത്തിലെ സിനിമ അനുഭവം ?

സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിലോക്കെ  അഭിനയിച്ചിട്ടുണ്ട്.  അച്ഛന് അക്ഷര തീയറ്റേഴ്സ് എന്ന ഒരു നാടകട്രൂപ്പ് ഉണ്ടായിരുന്നു അതിൽ വെക്കേഷൻ സമയത്തൊക്കെയേ അഭിനയിച്ചിട്ടുള്ളൂ.  സ്കൂളിലെ പഠനം കളഞ്ഞിട്ടുള്ള ഒരു പരിപാടിക്കും അച്ഛൻ കൂട്ടുനിന്നിട്ടില്ല.   സ്കൂളിൽ നാടകം ചെയ്യുമ്പോഴൊക്കെ നന്നായി ചെയ്യണം അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞു തരും എന്നല്ലാതെ പഠനമുപേക്ഷിച്ച് അഭിനയത്തിലേക്ക് ശ്രദ്ധ തിരിക്കാൻ അച്ഛൻ പ്രോത്സാഹിപ്പിച്ചില്ല.  

binu-mammootty

പക്ഷേ കുട്ടിക്കാലത്ത് ഞാൻ മൂന്നു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അത് അധികം ആർക്കും അറിയില്ല.  അച്ഛന്റെ കൂടെ ഷൂട്ടിങ് കാണാൻ പോയപ്പോൾ കൗശലം എന്ന സിനിമയിൽ എന്റെ അച്ഛന്റെ മകൻ ആയിട്ട് തന്നെ അഭിനയിക്കാനുള്ള ഒരു സാഹചര്യം ഉണ്ടായി.  അന്ന് അവിടെ അഭിനയിക്കേണ്ടിയിരുന്ന കുട്ടി വന്നില്ല അപ്പോൾ ഡയറക്ടർ പറഞ്ഞു പപ്പുവേട്ടാ മോനോട് ഒന്നു വന്ന് നിൽക്കാൻ പറയൂ എന്ന്, ഒറ്റ ഡയലോഗേ എനിക്ക് സിനിമയിൽ ഉണ്ടായിരുന്നുള്ളൂ.  അതാണ് ആദ്യത്തെ രംഗപ്രവേശം.  "ഏകലവ്യൻ"  എന്ന സിനിമയ്ക്കുവേണ്ടി ആശുപത്രി സെറ്റ് ഇട്ടത് കോഴിക്കോട് മഹാറാണിയിലായിരുന്നു അവിടെ അച്ഛന്റെ ഫാമിലിയായി കാണിക്കാൻ വേണ്ടി ഒരു പെൺകുട്ടിയും ആൺകുട്ടിയും ഉണ്ടായിരുന്നു. അതിലും ഞാനാണ് ആൺകുട്ടി ആയി നിന്നത്. "ഏയ് ഓട്ടോ" എന്ന സിനിമയിൽ ആദ്യമായിട്ട് ലാലേട്ടൻ കുറെ കുട്ടികളെ സ്കൂളിൽ കൊണ്ട് ഇറക്കുന്ന ഒരു സീനുണ്ട്.  ആ സ്കൂൾ ഞാൻ പഠിക്കുന്ന പ്രെസെന്റേഷൻ ഹൈസ്കൂൾ ആയിരുന്നു.  അതിൽ ഓട്ടോയിൽ കൊണ്ടുവന്നിറക്കുന്ന കുട്ടികളിൽ ആദ്യത്തെ കുട്ടി ഞാനാണ്.  അങ്ങനെ കുട്ടിക്കാലത്ത് സിനിമയിലഭിനയിച്ച മൂന്നു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  മൂന്നിലോ നാലിലോ ഒക്കെ പഠിക്കുമ്പോഴാണ് അത്. 

പപ്പു എന്ന പ്രഗത്ഭനായ നടന്റെ മകൻ എന്ന പ്രിവിലേജ് ഇൻഡസ്ട്രിയിൽ കിട്ടാറുണ്ടോ? 

മുപ്പത്താറ് വർഷം ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്ന ആളാണ് അച്ഛൻ.  സത്യന്റെ  കാലം തൊട്ട് ഇങ്ങേയറ്റത്ത് കുഞ്ചാക്കോ ബോബൻ നായകനായിരുന്ന കാലം വരെ അച്ഛൻ സിനിമയിൽ ഉണ്ടായിരുന്നു.  ഇപ്പോൾ സിനിമയിലുള്ള ഒട്ടുമിക്ക വലിയ താരങ്ങളോടൊപ്പവും വലിയ സംവിധായകരോടൊപ്പവും  അച്ഛൻ ജോലി ചെയ്തിരുന്നു.  മമ്മൂക്ക, മോഹൻലാൽ, സിദ്ദിക്ക, മുകേഷ് ഏട്ടൻ, സായി ഏട്ടൻ അവരോടെല്ലാം ഒപ്പം അച്ഛൻ ഉണ്ടായിരുന്നു.  അതിന്റെ പ്രിവിലേജ് അല്ല എനിക്ക് കിട്ടുന്നത്, അച്ഛനോടുള്ള സ്നേഹം ഒരു വാത്സല്യത്തിന്റെ  രൂപത്തിലാണ് ഇപ്പോൾ എനിക്ക് കിട്ടുന്നത്.  

binu-pappu-nivin

വൺ എന്ന സിനിമയിൽ ഞാൻ ഒരു അസിസ്റ്റന്റ് ഡയറക്ടർ കൂടിയായിരുന്നു. അതിൽ മമ്മുക്ക, സിദ്ദീക്ക, മുരളി ചേട്ടൻ,  മുരളി ചേട്ടന്റെ അച്ഛന്റെ ഒപ്പം എന്റെ അച്ഛന്‍ അഭിനയിച്ചിട്ടുണ്ട്. അവർക്കൊക്കെ ഡയലോഗ് പറഞ്ഞു കൊടുക്കുന്ന സമയത്ത്. അവർക്ക് എന്നോടുള്ള മനോഭാവം എനിക്ക് മനസ്സിലാകും.  എനിക്ക് അവർ തരുന്ന സ്പേസ് അച്ഛന് കൊടുക്കുന്ന റെസ്പെക്ട് ആണ്. 

അതുപോലെ മമ്മുക്കയും ലാലേട്ടനും ഒക്കെ വളരെ സ്നേഹത്തോടെ ആണ് പെരുമാറുന്നത്.  ഉറക്കമില്ലാതെ വിശ്രമമില്ലാതെ ഓടി നടന്നുള്ള സിനിമ അഭിനയം ആയിരുന്നല്ലോ അച്ഛന്റേത്.   അച്ഛന് എൺപതുകളിൽ ഒരു വലിയ അറ്റാക്ക് വന്നിരുന്നു, അനുരാഗക്കോടതി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ.  അതിനുശേഷം അച്ഛൻ ഹൃദ്രോഗിയായിരുന്നു, എങ്കിലും വലിയ കുഴപ്പമില്ലായിരുന്നു. സിനിമ ഒരു ഉപജീവന മാർഗ്ഗത്തെക്കാൾ കൂടുതൽ പാഷൻ ആയിരുന്നു അച്ഛന്. സിനിമയ്ക്കായി ഉഴിഞ്ഞു വച്ചിട്ടുള്ള ജീവിതം ആയിരുന്നു അച്ഛന്റേത്.  62ആമത്തെ വയസ്സിൽ ആണ് അച്ഛൻ മരിച്ചത്, ന്യുമോണിയ ആയിരുന്നു.

അച്ഛന്റെ അഭിനയം കുട്ടിക്കാലത്ത് എങ്ങനെയാണ് കണ്ടിരുന്നത്?  അച്ഛൻ എങ്ങനെയായിരുന്നു വീട്ടിലും നാട്ടിലും ?

നടൻ എന്ന പരിവേഷം ഒന്നും അച്ഛനുണ്ടായിരുന്നില്ല.  സെലിബ്രിറ്റി  സ്റ്റാറ്റസ് എന്താണെന്നു പോലും അന്ന് അറിയില്ല.  ഒരു കല്യാണത്തിനൊക്കെ പോയാൽ മോനെ അച്ഛൻ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ അച്ഛൻ സിനിമാ നടൻ ആണ് എന്ന് പറയും, ആണോ എന്താ അച്ഛന്റെ പേര് എന്ന് ചോദിക്കും അപ്പോ പപ്പു എന്ന് പറയും, അയ്യോ പപ്പു ഏട്ടന്റെ മകനാണോ എന്ന് ചോദിക്കും.  നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു അച്ഛൻ.  അച്ഛൻ വീട്ടിൽ വന്നാൽ ഒരു ലുങ്കിയും ഷർട്ടും ഇട്ടു തലയിൽ കെട്ടും കെട്ടി കവലയിൽ പോയി മീൻ വാങ്ങി വരും, അല്ലെങ്കിൽ വീട്ടിലും പുറത്തും ഉള്ള ജോലികൾ ചെയ്യും.  പപ്പുവേട്ടാ ഷൂട്ടിങ് ഇല്ലേ എന്ന് നാട്ടുകാർ ചോദിക്കും.  അവർക്കൊന്നും അച്ഛൻ സെലിബ്രിറ്റി അല്ല അവർക്ക് അച്ഛൻ പപ്പുവേട്ടൻ ആണ്.  

binu-lukeman

അച്ഛൻ ഒരു സാധാരണക്കാരന്‍ ആയിരുന്നു.  എപ്പോഴും  തിരക്കിലായിരുന്നു.  കാസർകോടു നിന്ന് ട്രെയിനിൽ പോകുമ്പോൾ  ചിലപ്പോൾ കോഴിക്കോട് ഇറങ്ങാതെ നേരെ പോകേണ്ടി വന്നിട്ടുണ്ട്.  അത്രയ്ക്ക് തിരക്കുണ്ട് അന്ന്.  അച്ഛൻ തെരുവ് നാടകങ്ങൾ കളിച്ച്, സ്റ്റേജിൽ കളിച്ച്, വായന ശാലയുടെ നാടക ഗ്രൂപ്പിനോടൊപ്പം പ്രവർത്തിച്ച് സിനിമയിൽ എത്തിയ ആളാണ്. അങ്ങനെ അഭിനയിച്ച നാടകങ്ങൾ കണ്ടാണ് രാമു കാര്യാട്ട് സിനിമയിലേക്ക് വിളിക്കുന്നത്.  ആദ്യത്തെ സിനിമ മൂടുപടം ആയിരുന്നു പിന്നെ ഒരു വർഷത്തോളം സിനിമ ഇല്ലായിരുന്നു.  പിന്നെ അങ്ങോട്ട് വളരെ തിരക്കേറിയ നടനായി, 1300 ഓളം സിനിമ അഭിനയിച്ചു, 36 വർഷം സിനിമയിൽ ഉണ്ടായിരുന്നു.  ഒരു വർഷം 25-30 ഓളം സിനിമകളായിരുന്നു ചെയ്തിരുന്നത്.  ഐ.വി. ശശി സാർ ഒരു വർഷം പതിനഞ്ചു പതിനാറു സിനിമകൾ ഒക്കെ ചെയ്തിട്ടുണ്ട് അതിൽ പത്തിലും അച്ഛൻ കാണും.  അത്രമാത്രം തിരക്കുള്ള ആയിരുന്നു.  വീട്ടിൽ കിട്ടുക വളരെ അപൂർവമായിരുന്നു.

കുടുംബം 

കോഴിക്കോട് കുതിരവട്ടം ആണ് സ്ഥലം.  വീട്ടിൽ അമ്മ പദ്മിനിയും ചേട്ടൻ ബിജുവും ഉണ്ട്.  ചേച്ചി ബിന്ദു വിവാഹം കഴിഞ്ഞ് പോയി.  ഞാൻ ജോലിസംബന്ധമായി ബാംഗ്ലൂർ പോയതാണ് ഇപ്പോൾ ബാംഗ്ലൂർ സെറ്റിൽഡ് ആണ്.  ഭാര്യ അഷിത ആർക്കിടെക്റ്റ് ആണ്.  ബാംഗ്ലൂർ തന്നെയാണ് ജോലി ചെയ്യുന്നത്.  ഓണം വിഷു ഒക്കെ വരുമ്പോൾ നാട്ടിൽ പോകും.  എപ്പോഴും വിളിക്കും.  ഭാര്യ നല്ല ഒരു സിനിമ ആസ്വാദകയാണ്.  എന്റെ സിനിമകൾ കണ്ടു അഭിപ്രയം പറയാറുണ്ട്.  അമ്മയും ചേട്ടനും ചേച്ചിയും ഒക്കെ കാണുകയും അഭിപ്രായം പറയുകയും ചെയ്യും എല്ലാവർക്കും സന്തോഷം തന്നെ.  

binu-pappu-wife

ഓപ്പറേഷൻ  ജാവ എന്ന ഇന്ദ്രജാലം

ലോക്ഡൗൺ കഴിഞ്ഞു തിയറ്റർ വീണ്ടും തുറന്നപ്പോൾ ആറാമതായി റിലീസ് ചെയ്ത സിനിമയാണ് ഓപ്പറേഷൻ ജാവ.  ജാവ ചെയ്യുമ്പോൾതന്നെ ഞങ്ങൾക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു, ജാവ ജനങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പുണ്ടായിരുന്നു.  ജനുവരിയിൽ ഷൂട്ട് കഴിഞ്ഞ് മാർച്ച് ഡബ്ബിങ് വച്ചിരുന്ന സമയത്താണ് ലോക്ഡൗൺ ആകുന്നത് അതോടുകൂടി ഞങ്ങൾ ആകെ പ്രതിസന്ധിയിലായി.  ആദ്യം വിചാരിച്ചു ഒരു മാസമേ ലോക്ക്ഡൗൺ ഉണ്ടാവുകയുള്ളൂ എന്ന് പിന്നെ രണ്ടുമാസമായി മൂന്നുമാസമായി പിന്നെ ഇളവുകൾ വന്നു തുടങ്ങിയിട്ടും തിയേറ്റർ എന്ന് തുറക്കും എന്ന് പറയാത്ത അവസ്ഥ.  ഒടിടിയിൽ പടം കൊടുക്കണോ എന്നുള്ള ചർച്ച പോലും വന്നിരുന്നു.  

പക്ഷേ തരുൺ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണം എന്ന് പറഞ്ഞിട്ട് കടുംപിടിത്തം പിടിച്ചു.  എനിക്ക് ഈ കളിപ്പാട്ടം വേണമെന്ന് വാശിപിടിച്ചു കരയുന്ന മകനോടൊപ്പം നിൽക്കുന്ന അച്ഛനെയാണ് ജാവയുടെ നിർമാതാക്കൾ ഓർമ്മിപ്പിക്കുന്നത്.  അങ്ങനെയാണ് ഓപ്പറേഷൻ ജാവ തിയറ്ററിലെത്തിയത്.  കാശുമുടക്കി വർക്ക് ചെയ്തിട്ട് തരുണിൽ വിശ്വാസമർപ്പിച്ച് റിസ്ക് എടുത്തുകൂടെ നിൽക്കുകയായിരുന്നു അവർ.  അവർക്കാണ് കയ്യടി കൊടുക്കേണ്ടത്.  ആ വിശ്വാസം ശരിയാകുകയും ചെയ്തു എന്നാണ് എനിക്ക് പറയാനുള്ളത്.  ജാവ 75 ദിവസം തിയറ്ററിൽ ഓടി. ഈ അവസ്ഥയിൽ ഇത്രയും ഒരു വിജയം ഞങ്ങൾ പ്രതീക്ഷിച്ചതല്ല.  ആദ്യം കുറച്ചു തീയറ്ററിൽ റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ കുറച്ചു കൂടുതൽ തിയറ്ററുകളിൽ റിലീസ് ചെയ്തു, വീണ്ടും തിയറ്റർ കൂട്ടി. 

വീണ്ടും ലോക്ഡൗൺ ആയി തിയറ്ററുകൾ അടയ്ക്കുന്നത് വരെ ജാവ കളിച്ചു.  ഈയൊരു  അവസ്ഥ അല്ലായിരുന്നെങ്കിൽ ഇതിൽ കൂടുതൽ റെസ്പോൺസ് കിട്ടുമായിരുന്നു.  ഞങ്ങൾ നൂറ് ശതമാനം ഹാപ്പിയാണ്.  തീയറ്ററിൽ പോകാൻ പേടിച്ചിരുന്നവർ വിളിച്ചു ചോദിക്കുമായിരുന്നു ഇത് എന്നാണ് ഒടിടിയിൽ വരുന്നത് എന്ന്.  ഇപ്പോൾ മൂന്നുദിവസമായി എന്റെ ഫോണിന് വിശ്രമമില്ല തിയേറ്ററിൽ കിട്ടുന്നതിനേക്കാൾ മൂന്നിരട്ടി റെസ്പോൺസ് ആണ് ഇപ്പോൾ കിട്ടുന്നത്.  ഇന്ത്യയിൽ മാത്രമല്ല പുറംരാജ്യങ്ങളിൽ ഉള്ളവർ കൂടി കണ്ടിട്ട് വിളിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്നു. ഒരു പുതിയ സിനിമ റിലീസ് ചെയ്തതുപോലെ റെസ്പോൺസ് വീണ്ടും കിട്ടുകയാണ്. 

operation-java-pooja

ലോക്ഡൗൺ ആയി എല്ലാരും വീട്ടിലിരിക്കുകയാണ്, മാനസികമായി വല്ലാത്ത സംഘർഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയമാണ്, ആ സമയത്താണ് ഇത്തരമൊരു സന്തോഷം കിട്ടുന്നത്.  നാളെ എന്ത് എന്നുള്ള ചോദ്യത്തിന് മുന്നിൽ എല്ലാവരും പേടിച്ചിരിക്കുകയാണ്.  ലോക്ഡൗൺ മാറിയാലും ഇനിയെന്ന് സിനിമകൾ റിലീസ് ചെയ്യും എന്ന് അറിയില്ല.  എന്ന് ഷൂട്ട് തുടങ്ങും എന്ന് അറിയില്ല. ഷൂട്ട് തുടങ്ങിയാൽ തന്നെ പണിതീർത്തു വച്ചിരിക്കുന്ന സിനിമകൾ ഇറങ്ങിയാൽ മാത്രമല്ലേ അടുത്ത സിനിമകൾക്ക് തിയറ്റർ കിട്ടുകയുള്ളൂ   പല പടങ്ങളും പകുതി വഴിക്ക് വെച്ച് നിന്നിരിക്കുകയാണ്.  സിനിമയുടെ അണിയറ പ്രവർത്തകർ ലൈറ്റ് ബോയ് മുതൽ ഇങ്ങോട്ട് ഡയറക്ടർ വരെയുള്ള ആൾക്കാർ ഉണ്ട് അവരെല്ലാം വല്ലാത്ത പ്രതിസന്ധിയിലാണ്. തിയറ്റർ തുറന്നാൽ തന്നെ എത്രപേരെ ഉൾക്കൊള്ളിക്കാൻ കഴിയുമെന്നോ, സെക്കൻഡ് ഷോ ഉണ്ടാകുമോ എന്നൊന്നും.  അങ്ങനെ ഒരു വല്ലാത്ത പ്രതിസന്ധി ഘട്ടത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്.  വീണ്ടും ഒന്നെന്നു തുടങ്ങേണ്ടി വരും.   ഒരു ചെറിയ പടത്തിന്റെ അണിയറപ്രവർത്തകർ പോലും 75 പേരെങ്കിലും വരും.  വലിയ പടത്തിന്റെ 150-200 പേരൊക്കെ വരും.  അത്രയും  ആളുകൾ ജോലി ഇല്ലാതെ ഇരിക്കുകയാണ്.  അങ്ങനെ ഒരു പ്രതിസന്ധിയിൽ ഇരിക്കുമ്പോൾ എല്ലാം മറന്നു ഒന്ന് റിലാക്സ് ചെയ്യാൻ കിട്ടിയ അവസരമായിരുന്നു ഇത്.  കുറെ മെസ്സേജുകൾക്ക് മറുപടി പറഞ്ഞു കഴിയുമ്പോൾ വീണ്ടും ഓർക്കും, ദൈവമേ നാളെ എന്ത് എന്ന്.  എന്നാലും ഈ കെട്ടകാലത്ത് ഒരു ആശ്വാസമായിരുന്നു ഓപ്പറേഷൻ ജാവ വീണ്ടും ചർച്ച ആയത്

കഥ നായകനായ സിനിമ

അതെ ജാവയിൽ കഥയാണ് നായകൻ.  അതുകൊണ്ടു തന്നെ ഓരോ കഥാപാത്രവും ഓരോ നായകൻ ആണ്.  എല്ലാവര്ക്കും തുല്യ പ്രാധാന്യം ഉണ്ട് അത് കഥ നായകൻ ആയതുകൊണ്ടാണ്.   അതിൽ അഭിനയിച്ച ഓരോ വ്യക്തിയും മികച്ച അഭിനേതാക്കൾ ആയിരുന്നു, ബാലു, ലുക്കു, പ്രശാന്ത്, ഇർഷാദ് ഇക്ക, ഷൈൻ ടോം വിനായകൻ, മമത, വിനിത കോശി, ധന്യ എല്ലാവരും ഒന്നിനൊന്നു മെച്ചം.  ധന്യയുടെ കാര്യം പ്രത്യേകം എടുത്തു പറയണം.  ഒരു ഡയലോഗ് പോലും ഇല്ലാതെ ആ കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ചു.  

നമുക്ക് ഒരു കാര്യം പറഞ്ഞു ഫലിപ്പിക്കാൻ വളരെ എളുപ്പമായിരിക്കും  പക്ഷെ ഒന്നും പറയാതെ ഒരു ഇമോഷൻ എക്സ്പ്രസ്സ് ചെയ്യുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാണ്.  ധന്യയുടെ വിഷമവും ആകുലതയും ഭർത്താവിന്റെ മാനസികാവസ്ഥയും എല്ലാം ധന്യയുടെ മുഖത്തുണ്ട്.  എന്തുകൊണ്ട് ധന്യ എന്നുള്ള ചോദ്യത്തിന് ഉത്തരമാണത്.  പ്രായത്തിൽ കവിഞ്ഞ ഒരു പക്വതയുള്ള അഭിനയമാണ് അവരുടേത്.  ക്യാമറ ഓൺ ചെയ്യുന്നതുവരെ കൂൾ ആയിരിക്കുന്ന ആൾ ക്യാമറക്ക് മുന്നിൽ വരുമ്പോൾ മറ്റൊരാളാവുകയാണ്.  എല്ലാവരും അവരവരുടെ ഭാഗം വളരെ കൃത്യമായി ചെയ്തു.  ജാവ തരുണിന്റെ കുഞ്ഞാണ്.   ഓപ്പറേഷൻ ജാവയുടെ വളരെ ഒരു ബ്രില്യന്റ് ഡയറക്ടറെ ആണ് മലയാള സിനിമക്ക് കിട്ടിയത്.  തരുണിനു എന്താണ് വേണ്ടതെന്നും  എത്രവരെ പോകാമെന്നും കൃത്യമായ ധാരണ ഉണ്ടായിരുന്നു.  തരുൺ  പറയുന്നത് പോലെ ചെയ്യുക മാത്രമാണ് ഞങ്ങളുടെ ദൗത്യം.  ഇനിയും ഒരുപാട് മാജിക്കുകൾ കാണിക്കാൻ പോകുന്ന സംവിധായകൻ ആണ് തരുൺ.  

പൊലീസ് വേഷങ്ങൾ ആണല്ലോ കൂടുതലും കിട്ടുന്നത്, ടൈപ്പ് കാസ്റ്റ് ആയി പോകുന്നുണ്ടോ ?

അതെ ആറേഴു പൊലീസ് വേഷം ആയി .  പൊലീസ് വേഷം തന്നെ എന്നെ തേടി വരുന്നത് എന്താണെന്നു അറിയില്ല.  എന്റെ രൂപം ആണോ, പൊക്കം ആണോ, തടി ആണോ അറിയില്ല.  ചിലര്‍ പറയും എടാ  ടൈപ്പ് കാസ്റ്റ് ആയിപ്പോകും എന്ന്, വേറെ ചിലർ പറയും നീ അതൊന്നും ആലോചിക്കേണ്ട , ഇതൊക്കെ വലിയ കാര്യമല്ലേ എന്ന്.  കിട്ടുന്ന വേഷം നന്നായ് ചെയ്യാൻ ശ്രമിക്കുക, അതെ ഞാൻ ആലോചിക്കുന്നുള്ളൂ .  ജാവയിലെ കഥാപാത്രം തരുൺ നന്നായി പറഞ്ഞു തന്നിരുന്നു. എനിക്ക് കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല .  "ജോയ് പുളിമൂട്ടിൽ" എന്ന പൊലീസ് ഓഫിസർ എങ്ങനെയായിരിക്കണം എന്ന് തരുണിന് നല്ല ബോധ്യം ഉണ്ടായിരുന്നു.  മനസ്സലിവുള്ള  ഒരു ഫാമിലി മാൻ ആയ പൊലീസുകാരൻ, ദേഷ്യപ്പെടേണ്ടിടത്ത് ദേഷ്യപ്പെടുന്നുണ്ട്.  ഒരുപാടു തലങ്ങൾ ഉള്ള ഒരു കഥാപാത്രമായിരുന്നു അത്.  എന്റെ കഥാപാത്രം മാത്രമല്ല ഓരോ കഥാപാത്രങ്ങളും തരുൺ വളരെ നന്നായി എല്ലാവർക്കും പറഞ്ഞു കൊടുത്തു.  ഓരോ കഥാപാത്രത്തെക്കുറിച്ചും തരുണിനു വ്യക്തമായ ധാരണ ഉണ്ടായിരുന്നു.  ഞാൻ ഷൂട്ടിങ് തുടങ്ങി കുറെ കഴിഞ്ഞാണ് ജോയിൻ ചെയ്തത്.  ഞാൻ വന്നപ്പോൾ എന്നോട് ബ്രീഫ് ചെയ്തു തന്നിട്ട് നേരെ അഭിനയിക്കാൻ കയറുകയായിരുന്നു. തരുൺ കണ്ട സിനിമയാണ് ഞങ്ങൾ കണ്ടത്, അതാണിപ്പോൾ ജനങ്ങൾകാണുന്നത്.  

Operation Java

അച്ഛനെപ്പോലെ കോമഡി വേഷങ്ങൾ ചെയ്യാൻ താല്പര്യമില്ലേ?  അതോ കോമഡി  വേഷങ്ങൾ തേടിവരാത്തതാണോ? 

ശരിക്കും തേടി എത്തിയിട്ടില്ല എന്ന് പറയേണ്ടി വരും.  പലരും ചോദിക്കാറുണ്ട് എന്താണ് കോമഡി ചെയ്യാത്തതെന്ന്.  വരും എന്ന് പ്രതീക്ഷിക്കുന്നു.  പക്ഷേ കോമഡി ചെയ്യാൻ എനിക്ക് ഉള്ളിൽ പേടിയുണ്ട്, അച്ഛനുമായുള്ള കംപാരിസൺ ആണ് എന്റെ പേടി.  എനിക്കൊരിക്കലും കുതിരവട്ടം പപ്പു ആകാൻ പറ്റില്ല.  അത് വേറെ ഒരാൾ ആണ്.  അഭിനയത്തിൽ വേറെ പാറ്റേൺ തന്നെ സ്വീകരിച്ച ആളാണ്.  എനിക്ക് ഞാൻ ആകാൻ മാത്രേ കഴിയൂ.  ഓരോരുത്തരുടെയും കഴിവ് വ്യത്യസ്തമായിരിക്കും. ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് നല്ലതല്ല.  ഒരുപക്ഷേ കോമഡി വേഷങ്ങൾ എന്നെ തേടി വന്നേക്കാം അത് ഞാൻ എന്റെ രീതിയിൽ ആയിരിക്കും ചെയ്യുക.  അതിനെ പപ്പുവുമായി താരതമ്യം ചെയ്യാതെ ബിനു ആയി നോക്കി കാണുക.  എന്റെ ശൈലി വേറെയാണ്.  ഒരുപക്ഷേ അച്ഛന്റെ എന്തെങ്കിലും മാനറിസം വന്നാൽ അതും തെറ്റുപറയാൻ പറ്റില്ല, ഞാൻ അച്ഛന്റെ മകനല്ലേ.  പിന്നെ പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് എന്റെ ഭാഷ അച്ഛന്റെ പോലെ അല്ല, എന്റെ കോഴിക്കോട് ഭാഷ ഒരുപാടു മാറിയിട്ടുണ്ട്.  എല്ലാത്തരം വേഷങ്ങളും ചെയ്യാൻ ആഗ്രഹമുണ്ട്.  എന്തുകിട്ടിയാലും ചെയ്യും.  നമുക്ക് ചെയ്യാൻ പറ്റും എന്ന് കരുതിയിട്ടാണല്ലോ ഒരു സംവിധായകൻ നമ്മെ തേടി വരുന്നത്.  റിസ്ക് എടുക്കാൻ താല്പര്യമുള്ള ഒരാൾ ആണ് ഞാൻ.

വിമർശനങ്ങളെ എങ്ങനെ കാണുന്നു?

വിമർശനം വേണമല്ലോ, നല്ല കമന്റ്സും, ചീത്ത കമന്റ്സും വരാറുണ്ട്,  അതൊക്കെ ഞാൻ നല്ല രീതിയിലെ എടുക്കാറുള്ളൂ.  നല്ല കമന്റ്സ് നമുക്ക് കിട്ടുന്ന പ്രോത്സാഹനവും ചീത്ത കമന്റ്സ് നമ്മുടെ തെറ്റുകൾ തിരുത്താൻ കിട്ടുന്ന അവസരവും ആണ്.  അയാൾ അങ്ങനെ പറയാൻ ഒരു കാരണം ഉണ്ടാകുമല്ലോ.  അത് കണ്ടെത്തി തിരുത്താൻ ആണ് ശ്രമിക്കേണ്ടത്.  ഇതൊന്നും ഞാൻ പറയുന്നതല്ല കേട്ടോ ഇതൊക്കെ എന്റെ സീനിയേഴ്സ് പറഞ്ഞു തന്നിട്ടുള്ളതാണ്.  ഞാൻ ഈ ഇൻഡസ്ട്രിയിൽ വന്നപ്പോൾ എന്റെ മുന്നിൽ ഉണ്ടായിരുന്നത് മധു സി. നാരായണനും വിഷ്ണു നാരായണനും ദിലീഷ് പോത്തനും ഒക്കെയാണ്.  ആഷിക് ഏട്ടനോടൊപ്പം കൂടിയപ്പോൾ ഞാൻ കണ്ട തിരക്കഥാകൃത്തുക്കൾ ശ്യാം പുഷ്ക്കരനും ദിലീഷ് നായരും ഒക്കെയാണ്.  വലിയ  അനുഭവങ്ങൾ ആണ് ഇവരോടൊപ്പം പ്രവർത്തിച്ചപ്പോൾ കിട്ടിയത്.  വൈറസിൽ വർക്ക് ചെയ്തപ്പോഴും വളരെ മികച്ച ടീം ആയിരുന്നു.  വണ്ണിൽ വർക്ക് ചെയ്തപ്പോൾ മറ്റൊരു മികച്ച ടീം ആയിരുന്നു.  ഇതെല്ലാം എനിക്ക് നല്ല പഠന കളരി ആയിരുന്നു.  ഇവരോടൊക്കെ വർക്ക് ചെയ്യാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായാണ് ഞാൻ കരുതുന്നത്.  അവിടെനിന്നൊക്കെ കിട്ടിയ പാഠങ്ങളാണ് എന്റെ ശക്തി.

operation-java-review-4

സിനിമ ഫുൾ ടൈം പ്രൊഫഷൻ ആക്കിയോ? എന്തൊക്കെയാണ് പുതിയ പ്രോജക്ടുകൾ?

അതെ ഇപ്പോൾ സിനിമ തന്നെയാണ് എന്റെ പ്രൊഫഷൻ.  "ഭീമന്റെ വഴി" എന്ന സിനിമ പൂർത്തിയായി.  കുഞ്ചാക്കോ ബോബൻ ആണ് അതിലെ നായകൻ.  തമാശ എന്ന പടം ചെയ്ത അഷറഫ് ഹംസ ആണ് സംവിധായകൻ.  ചെമ്പൻ വിനോദിന്റെ സ്ക്രിപ്റ്റ്, ചെമ്പനും ആഷിക്ക് ചേട്ടനും  ആണും നിർമാതാക്കൾ.  ദുൽഖർ സൽമാന്റെ റോഷൻ ആൻഡ്രൂസ് സിനിമ സല്യൂട്ട് പൂർത്തിയായി.  രണ്ടിലും നല്ല കഥാപാത്രങ്ങൾ ആണ്.  സൈജു കുറുപ്പ് ലീഡ് ചെയ്യുന്ന അന്താക്ഷരി, ഒടിടിയിൽ വരാൻ പോകുന്ന കച്ചി എന്നിവയാണ് മറ്റ് പ്രോജക്ടുകൾ.  

കല്ലുമാല എന്ന പടം ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ലോക്‌ഡൗണ്‌ വരുന്ന, മൂന്നുനാലു പടങ്ങൾ ബ്ലോക്ക് ആയി നിൽക്കുകയാണ്.   എല്ലാം ശരിയായി വരും എന്ന് തന്നെയാണ് വിശ്വാസം.  കഴിഞ്ഞ ലോക്ഡൗൺ സമയത്ത് ആഷിക്ക് അബു ചേട്ടനോട് ഇനിയെന്താ ചേട്ടാ നമ്മൾ ചെയുക എന്ന് ചോദിച്ചപ്പോൾ " എടാ രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ പോലും സിനിമ നിന്നിട്ടില്ല, ഒരു എന്റർടെയ്ന്‍മെന്റ് ഫീൽഡും നിന്ന് പോയിട്ടില്ല, നമ്മൾ കാത്തിരിക്കണം, ക്ഷമ സഹനശേഷി എന്നിവ ഉണ്ടാകണം എല്ലാം തിരിച്ചു വരും" എന്നാണ് അദ്ദേഹം പറഞ്ഞത്.  സിനിമ മാത്രം അല്ലല്ലോ എല്ലാ തൊഴിൽ മേഖലയും പ്രതിസന്ധിയിൽ അല്ലെ, എല്ലാം തിരിച്ചു വരും എന്ന് തന്നെയാണ് വിശ്വാസം.

ഇപ്പോൾ  എല്ലാവരും സംയമനം പാലിച്ച് കൂട്ടം കൂടാതെ കഴിഞ്ഞാൽ നമുക്ക് പഴയ കാലത്തേക്ക് മടങ്ങിപ്പോകാൻ കഴിയും. എല്ലാവരും തിയറ്ററിൽ അല്ലെങ്കിൽ ഒടിടിയിൽ സിനിമ കാണണം എന്നാണ്.  ടെലഗ്രാമിൽ സിനിമ വന്നു, കണ്ടു എന്നൊക്കെ പലരും പറയാറുണ്ട്.  ഈ മഹാമാരി കാലത്ത് ഞങ്ങളെപ്പോലെ ഉള്ളവരെയും സപ്പോർട്ട് ചെയ്യുക അതിനു അത് റിലീസ് ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളിൽ തന്നെ കാണണം.  ഇല്ലെങ്കിൽ ഒടിടിയും റിലീസിന് കിട്ടാതെ വരും.  ഓരോ സിനിമയുടെ പിറകിലും ഒരുപാടുപേരുടെ കഷ്ടപ്പാടുണ്ട്.  സിനിമകളുടെ വ്യാജ പതിപ്പ് ഇറങ്ങുന്നത് വളരെ സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്.  ഓപ്പറേഷൻ ജാവ പറയുന്നതും ഇക്കാര്യമാണ്.  വ്യാജപതിപ്പ് ഇറക്കുന്നത്  ആരാണെന്നു നമുക്ക് അറിയില്ല, പക്ഷേ നമുക്ക് ടെലഗ്രാമിൽ കാണില്ല എന്ന് തീരുമാനം എടുക്കാൻ കഴിയുമല്ലോ, എന്നാലേ ഒരുപാട് വയറുകൾ നിറയുകയുള്ളൂ.  എല്ലാവരും അന്യോന്യം സഹായിച്ച് സഹകരിച്ച് ഈ മഹാമാരിക്കാലത്ത് കഴിയാം എന്നാണു എനിക്ക് പറയാനുളളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA