ഡെന്നിസ് ജീവിച്ചിരുന്നപ്പോൾ ഈ അവകാശവാദം ഉന്നയിക്കുന്നവർ എവിടെപ്പോയി?: തുറന്നടിച്ച് ഏലിയാസ് ഈരാളി

erali-dennis
ഏലിയാസ് ഈരാളി, ഡെന്നിസ് ജോസഫ്
SHARE

സൂപ്പർഹിറ്റ് തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ഡെന്നിസ് ജോസഫിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങളുടെ മുനയൊടിച്ച് അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന നിർമാതാവ് ഏലിയാസ് ഈരാളി. ഡെന്നിസ് ജോസഫിന്റെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രചരിപ്പിച്ച് ബക്കറ്റ് പിരിവ് നടത്തുന്നത് അദ്ദേഹത്തോടുള്ള നീതികേടും ക്രൂരതയുമാണെന്ന് ഈരാളി പറഞ്ഞു. ഡെന്നിസിന്റെ തിരക്കഥകളുടെ കർത്യത്വം അവകാശപ്പെട്ട് ഇപ്പോൾ രംഗത്തു വരുന്നവരോട് ഏലിയാസ് ഈരാളിക്ക് പറയാനുള്ളത് ഇത്രമാത്രം, 'ജീവിച്ചിരിക്കുമ്പോൾ ഇതു പറഞ്ഞിരുന്നെങ്കിൽ നല്ല മറുപടി ഡെന്നിസ് തന്നെ നൽകിയേനെ! മറുപടി പറയാൻ ആളില്ലാത്തതുകൊണ്ടല്ലേ ഇങ്ങനെ അവകാശവാദം ഉന്നയിക്കുന്നത്?'

മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഡെന്നിസ് ജോസഫിനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തിനു ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചും ഏലിയാസ് ഈരാളി മനസു തുറന്നപ്പോൾ.  

ഗിരിനഗറിലെ ആ സിനിമാവീട്

1977 മുതൽ എനിക്ക് ഡെന്നിസിനെ അറിയാം. എന്റെ കട്ട് കട്ട് മാഗസിനിൽ സബ് എഡിറ്ററായിരുന്നു. പിന്നീടാണ് സിനിമയിലേക്ക് വരുന്നത്. അന്ന് ഗിരിനഗറിൽ ഡെന്നിസ് താമസിക്കുന്നു. അവിടെ എപ്പോൾ കേറി ചെന്നാലും ആ വരാന്തയിൽ ഒരു വൻനിരയുണ്ടാകും. ഇപ്പോഴത്തെ പ്രമുഖ താരങ്ങളും സംവിധായകരും നിർമാതാക്കളും അടക്കം അവിടെ ഉണ്ടാകും. ഡെന്നിസിന്റെ ഒരു തിരക്കഥയ്ക്കു വേണ്ടിയോ അല്ലെങ്കിൽ ഒരു ചാൻസിനു വേണ്ടിയോ ആകും ആ ഇരിപ്പ്. ഡെന്നിസിന്റെ തിരക്കഥകൾ പകർത്തിയെഴുതാൻ സഹായികളായി പലരുമുണ്ടായിരുന്നു. അവരൊക്കെ അവിടെ സ്ഥിരതാമസമാണ്. കാരണം, ഡെന്നിസ് ഒരേ സമയത്ത് പല തിരക്കഥകൾ എഴുതുകയാണ്.

അതെല്ലാം കൃത്യമായി പകർത്തിയെഴുതാനും മറ്റുമായി പല സഹായികളും അവിടെയുണ്ടായിരുന്നു. ഇന്നു ഞാൻ കേൾക്കുന്നത്, ആ സഹായികളിൽ പലരും അവരാണ് ഇത് എഴുതിയത് എന്ന് അവകാശവാദം ഉന്നയിക്കുന്നു എന്നാണ്. ഡെന്നിസ് മരിച്ചതിനു ശേഷമാണ് ഇതു കേൾക്കാൻ തുടങ്ങിയത്. ഇത് നല്ലൊരു പ്രവണതയായി തോന്നുന്നില്ല. ഡെന്നിസ് ജീവിച്ചിരുന്നപ്പോൾ ഇതു പറഞ്ഞിരുന്നെങ്കിൽ അതിനു മറുപടി അദ്ദേഹം തന്നെ പറയുമായിരുന്നല്ലോ! മറുപടി പറയാൻ ആളില്ലാത്തതുകൊണ്ടല്ലേ അവർ ഇങ്ങനെ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്? ഇതു നല്ല പ്രവണതയല്ല. ഡെന്നിസിന്റെ ആത്മാവ് ഇതിനു മാപ്പു നൽകില്ല. 

ആരു മരിച്ചാലും സഹതാപക്കമ്മിറ്റി

സിനിമയിൽ ആരു മരിച്ചാലും ഒരു സഹതാപക്കമ്മിറ്റി ഉണ്ടാകും. മരിക്കുന്നതിനു മുൻപ് എന്തെങ്കിലും ബുദ്ധിമുട്ടോ വിഷമങ്ങളോ ഉണ്ടോയെന്ന് ആരും അന്വേഷിക്കില്ല. മരിച്ചു കഴിഞ്ഞാൽ സഹതാപക്കമ്മിറ്റിയുടെ വരവാണ്. ഡെന്നിസിനു വേണ്ടിയും അതു പോലൊന്ന് വരുന്നതായി അറിഞ്ഞു. സാമ്പത്തികവിജയം ഉണ്ടാക്കിയ നിരവധി സിനിമകൾ എഴുതിയ വ്യക്തിയാണ് ഡെന്നിസ് ജോസഫ്. ഒരു നിർമാതാവിന് പ്രൊഡക്ഷൻ കോസ്റ്റ് കൂടിപ്പോയെന്ന് തിരിച്ചറിഞ്ഞ് വാങ്ങിച്ച പ്രതിഫലം പോലും മടക്കിക്കൊടുത്ത ചരിത്രമുണ്ട് അദ്ദേഹത്തിന്. അങ്ങനെയൊരു വ്യക്തി ഇത്തരമൊരു സാമ്പത്തിക ബാധ്യതയെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞേൽപ്പിച്ചതായി അറിവില്ല. 

ആത്മസുഹൃത്തുക്കളോട് ഡെന്നിസ് പറയാതിരിക്കുന്നതെങ്ങനെ?

ഡെന്നിസിന്റെ ആത്മമിത്രമാണ് പ്രിയദർശൻ. ഒരുപാടു സ്വകാര്യദുഃഖങ്ങൾ പോലും പങ്കിടുന്നവർ. ഡെന്നിസ് മരിച്ച വിവരം എന്നെ ആദ്യം വിളിച്ച് അറിയിക്കുന്നത് രഞ്ജിത്താണ്. അടുത്തത് വരുന്നത് പ്രിയന്റെ ഫോണാണ്. ഏങ്ങലടിച്ച് കരഞ്ഞുകൊണ്ടാണ് പ്രിയൻ എന്നോടു സംസാരിച്ചത്. സംസാരിക്കാൻ വാക്കുകൾ പോലുമില്ലാത്ത അവസ്ഥ. അത്ര ബന്ധമാണ് അവർക്കു തമ്മിൽ! രണ്ടു ദിവസത്തെ ഇടവേളയിലൊക്കെ വിളിച്ചു സംസാരിക്കുന്ന അത്രയും അടുപ്പം സൂക്ഷിക്കുന്നവരായിരുന്നു. ആ കൂട്ടുകെട്ട് ചില്ലറ കൂട്ടുകെട്ടല്ല. ഒരുപാടു കാര്യങ്ങൾ എനിക്ക് അറിയാം. പ്രിയന്റെ ഫോൺ കോളിനു ശേഷം എന്നെ വിളിക്കുന്നത് നിർമാതാവ് സുരേഷ് കുമാറാണ്. പ്രിയനാണെങ്കിലും സുരേഷ് ആണെങ്കിലും രഞ്ജിത്താണെങ്കിലും ഇവരെല്ലാം ഡെന്നിസിന്റെ അടുത്ത സുഹൃത്തുക്കളാണ്. അങ്ങനെ സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ ഈ സുഹൃത്തുക്കളെ ഡെന്നിസ് പറഞ്ഞേൽപ്പിക്കുമല്ലോ! അവർക്ക് അത് നിസാരമായ കാര്യമാണ്. ഡെന്നിസിന്റെ കുടുംബത്തിലുള്ളവർ പോലും ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. ഇത്തരം വ്യാജപ്രചാരണം നടത്തുന്നത് തികച്ചും ക്രൂരമാണ്. 

അഥർവത്തിന്റെ സെറ്റിൽ നടന്നത്

ഡെന്നിസ് സംവിധാനം ചെയ്ത രണ്ടാമത്തെ പടമായിരുന്നു അഥർവം. ഞാനാണ് അതു നിർമിച്ചത്. എനിക്കിന്നും അഭിമാനമുള്ള ചിത്രമാണ് അഥർവം. പക്ഷേ, അതിൽ അഭിനയിച്ചിരുന്ന താരങ്ങളിൽ പലരും അന്ന് ഡെന്നിസിനെ കണ്ടത് അധികം പടം ചെയ്യാത്ത സംവിധായകൻ എന്ന നിലയിലായിരിക്കാം. എനിക്ക് അറിയില്ല. അവരിൽ ചിലർ സെറ്റിൽ വച്ച് ഡെന്നിസിനെ കറക്ട് ചെയ്യാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു. ഡെന്നിസിന്റെ സ്വഭാവം എനിക്ക് അറിയുന്നതുകൊണ്ട്, ഇത് എപ്പോഴാണ് തിരിച്ചടിക്കുക എന്നായിരുന്നു ഞാൻ നോക്കിക്കൊണ്ടിരുന്നത്. ഒന്നു രണ്ടു ദിവസം ഡെന്നിസ് ക്ഷമിച്ചു. പിന്നീട് ഞാൻ കണ്ടത് ഡെന്നിസ് മെയ്ക്കപ്പ് മാൻ എം.ഒ ദേവസിയെ വിളിക്കുന്നതാണ്.

ആളെ വിളിച്ച് ഡെന്നിസ് പറഞ്ഞു, 'ദേവസ്യേട്ടാ... ആ ചായം എടുത്ത് കുറച്ച് എന്റെ മുഖത്തു തേച്ചു തരൂ. ഞാൻ വന്ന് മുൻപിൽ നിൽക്കാം. ഈ പറയുന്നവർ വന്ന് പുറകിൽ നിന്ന് സിനിമ എടുക്കട്ടെ! ഓരോരുത്തർക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്. നിങ്ങൾ ആരാ സിനിമ കണ്ടു പിടിച്ചവരോ? സ്വന്തം പണി അവനവൻ ചെയ്താൽ മതി." ഇതു ഞാൻ കേട്ടിട്ടുള്ളതാണ്. ആ ഡെന്നിസിനു വേണ്ടിയാണ് ഈ പിരിവ് എന്ന് ഓർക്കണം! അത് ക്രൂരമാണ്. ആ ആത്മാവിനോട് ചെയ്യുന്ന തെറ്റാണ്. ഒരിക്കലും മാപ്പ് തരില്ല. ആ കുടുംബവും മാപ്പ് തരില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA