ADVERTISEMENT

സിനിമയും കഥകളും വേഗത്തിൽ മാറ്റത്തിന്റെ കാറ്റിനൊപ്പം നീങ്ങുമ്പോൾ അതിന്റെ അമരത്തു തന്നെയാണു മുരളി ഗോപി എന്ന തിരക്കഥാകൃത്തിന്റെയും സ്ഥാനം.  പുതിയ കാലത്തിന്റെ സിനിമയെക്കുറിച്ചും ഒപ്പം മലയാളികൾ കാത്തിരിക്കുന്ന എംപുരാനെക്കുറിച്ചും മുരളി സംസാരിക്കുന്നു.. 

 

ഒടിടി പ്ലാറ്റ്ഫോം ശക്തമായി മുന്നോട്ടു വരികയാണ്. തിരക്കഥകളെയും ഒടിടി സ്വാധീനിക്കുന്നുണ്ടോ..?

 

കോവിഡിന്റെ സ്വാധീനംമൂലം ഒട്ടേറെ സിനിമകൾ ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യപ്പെടുന്നുണ്ട്. മാറ്റങ്ങളുണ്ട്. അതേസമയം ഒടിടിയിൽ ഒരുപാട് നിയന്ത്രണങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്.  ഒടിടിയുടെ ഭാവിയെന്താകുമെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ല. ഞാൻ ഒരു തരത്തിലുള്ള സ്വാധീനങ്ങൾക്ക് അനുസരിച്ചും എഴുതുന്ന ആളല്ല;  അത് ഏതു പ്ലാറ്റ്ഫോം ആയാലും. എനിക്ക് എന്ത് എഴുതണമെന്നാണോ തോന്നുന്നത് അതു ഞാനെഴുതും. എനിക്ക് ഏറ്റവും സ്വാതന്ത്ര്യമുള്ള ഒരു പ്ലാറ്റ്ഫോം കിട്ടണം എന്നു മാത്രമേയുള്ളൂ. ഒരു ആർട്ടിസ്റ്റിനെ സെൻസർഷിപ്പില്ലാതെ കാണിക്കാനുള്ള പ്ലാറ്റ്ഫോം കിട്ടണം. അല്ലാതെ  ഒരു പ്ലാറ്റ്ഫോമിനു വേണ്ടി മാത്രം തിരക്കഥയെഴുതുന്ന ശൈലി എനിക്കില്ല. ഞാൻ എഴുതിയത് ഒരു സെൻഷർഷിപ്പുമില്ലാതെ ഈ ജനാധിപത്യ രാജ്യത്തിൽ പ്രദർശിപ്പിക്കാനാകണം എന്നു മാത്രമേയുള്ളൂ. 

 

രസികൻ മുതൽ എംപുരാൻ വരെയുള്ള രചനാശൈലിയിൽ മാറ്റങ്ങളുണ്ടോ..?

 

കാലഘട്ടത്തിന്റെ മാറ്റത്തെക്കാളുപരി എഴുതാൻ ഉദ്ദേശിക്കുന്ന ആശയം, പശ്ചാത്തലം എന്നിവയ്ക്ക് എന്റേതായ വ്യാകരണമുണ്ടാക്കുന്ന ആളാണു ഞാൻ. അതിനു കാലഘട്ടം നോക്കാറില്ല. എന്താണോ എന്റെ മനസ്സിൽ വരുന്ന ആശയം, ത്രെഡ് അതാണു ഞാൻ എഴുതുന്നത്. തിരക്കഥാ രചനയിൽ വരുന്ന പുതിയ പരീക്ഷണങ്ങൾ എല്ലാം എനിക്ക് ഇഷ്ടമാണ്. 

 

ബോളിവുഡിൽ തിരക്കഥ മെച്ചപ്പെടുത്താൻ കൂട്ടവായന പോലെയുള്ള ചില ശൈലികളുണ്ട്. മലയാളത്തിനോ..?

 

ഇതൊക്കെ വളരെ വ്യക്തിപരമായ ചോയ്സുകളാണ്. അതൊക്കെ വേണമെന്നു കരുതുന്നവർക്ക് അതു ചെയ്യാം. എന്നെ സംബന്ധിച്ചിടത്തോളം ഞാനെഴുതുന്നതു പലകുറി തിരുത്തിയെഴുതുന്നതാണ് എന്റെ ശൈലി. ഒരുകൂട്ടം ആളുകളെക്കൊണ്ട് വായിപ്പിച്ച് അതിനെ നന്നാക്കിയെടുക്കാമെന്ന വിചാരമെനിക്കില്ല. ഞാനെന്റെ മനസ്സിൽ വരുന്ന കഥ എന്റെ ശൈലിക്ക് അനുസരിച്ച് എഴുതുന്നു. അതു ചെയ്യാൻ ആഗ്രഹിക്കുന്ന സംവിധായകന് അതു നൽകുന്നു. ഞാൻ സിനിമയുടെ ഉടനീളം അവർക്കൊപ്പം നിൽക്കുന്നു. ഇതാണ് എന്റെ ശൈലി. 

 

എംപുരാൻ എന്തായി..?

 

ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും പറയാനാകുന്നില്ല. 2022 പകുതിയോടെ ഷൂട്ടിങ് ആരംഭിക്കാമെന്നാണു വിചാരിച്ചിരുന്നത്. പക്ഷേ, ഇപ്പോൾ കോവിഡിന്റെ അവസ്ഥ എന്താണെന്ന് നോക്കിയിട്ടേ ആസൂത്രണം നടക്കൂ. ഞാൻ അതിന്റെ പണിപ്പുരയിലാണ്.  അതാണ് എന്റെ അടുത്ത സ്ക്രിപ്റ്റ്. ‘തീർപ്പ്’ കഴിഞ്ഞാൽ അടുത്ത വരുന്ന എന്റെ തിരക്കഥ എംപുരാനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com