ADVERTISEMENT

ബാഹ്യകാഴ്ചയിൽ ഒരു ത്രില്ലറിന്റെ രൂപഭാവമാണ് കളയ്ക്കുള്ളത്. എന്നാൽ ചൂഷണം ചെയ്യുന്നവനും ചെയ്യപ്പെടുന്നവനും തമ്മിൽ ആദികാലം മുതൽ നടക്കുന്ന അവസാനമില്ലാത്ത സംഘർഷത്തിന്റെ ഒരു അകക്കാഴ്ച കൂടി 'കള' പറയുന്നുണ്ട്. തിയറ്റർ കാഴ്ചയേക്കാൾ വൈയക്തികമായ കാഴ്ച സാധ്യമാക്കുന്ന ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ വീണ്ടും ചർച്ചകളിൽ നിറയുകയാണ് രോഹിത് വി.എസ് സംവിധാനം ചെയ്ത കള. ഇതെല്ലാം 'നോർമൽ' അല്ലേ എന്നു തോന്നിപ്പിക്കുന്ന ശീലങ്ങളുടെ പിന്നിലെ വയലൻസും വില്ലത്തരവും അനാവൃതമാക്കപ്പെടുമ്പോൾ അഴിഞ്ഞു വീഴുന്നത് ഓരോരുത്തരുടെയും ഉള്ളിലെ കത്തിവേഷങ്ങൾ തന്നെയാണെന്ന് ചിത്രം ഓർമ്മപ്പെടുത്തുന്നുണ്ട്. ഷാജിയും മൂറും സിനിമയിലെ കഥാപാത്രങ്ങൾക്കപ്പുറമുള്ള സംവാദങ്ങളിലേക്ക് വളരുമ്പോൾ, ഒടിടി റിലീസിനു ശേഷം സംഭവിച്ച ചർച്ചകളോടും വിമർശനങ്ങളോടുമുള്ള പ്രതികരണങ്ങളുമായി രോഹിത് വി.എസ്. മനോരമ ഓൺലൈനിൽ. 

 

ഒടിടി റിലീസിനു ശേഷമാണോ കൂടുതൽ അഭിനന്ദനങ്ങൾ ലഭിച്ചത്?

 

'കള' തിയറ്ററിൽ ഉള്ള സമയത്തും സിനിമ പറയാൻ ശ്രമിച്ച കാര്യങ്ങൾ ആ തരത്തിൽ വായിച്ചവർ ഉണ്ടായിരുന്നു. അത് ഇഷ്ടപ്പെടാത്തവർ അന്ന് ഉണ്ടായിരുന്നു... ഇന്നും ഉണ്ട്. സിനിമ ഒടിടിയിൽ റിലീസ് ചെയ്തതിനു ശേഷമാണ് കൂടുതൽ പേർ കണ്ടത്. കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തുമ്പോൾ അതിന്റെയൊക്കെ വലിപ്പം കൂടി എന്നു മാത്രം. കുറെ പ്രേക്ഷകർ സിനിമയെ കൃത്യമായി വായിക്കുന്നുണ്ട്. കേരളത്തിന് പുറത്തുള്ളവർ കൂടി സിനിമ കാണുന്നതിന്റെ പ്രിവിലജ് ഇപ്പോഴുണ്ട്. അധികം സംഭാഷണങ്ങളില്ലാത്ത സിനിമയാണ് കള. അത് ദൃശ്യങ്ങളിലൂടെയാണ് സംസാരിക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, ചൈന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ ലഭിക്കുമ്പോൾ, അവർക്ക് സിനിമ മനസിലാകുന്നുണ്ടെന്ന് തിരിച്ചറിയുമ്പോൾ, തീർച്ചയായും സംതൃപ്തി തോന്നുന്നു. സിനിമ മുന്നോട്ടു വച്ച 'വിഷ്വൽ കമ്മ്യൂണിക്കേഷൻ' ശരിയായിരുന്നെന്ന ഫീൽ കിട്ടുന്നത് അത്തരം പ്രതികരണങ്ങൾ ലഭിക്കുമ്പോഴാണ്. 

tovi-noor

 

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‍ലിസ് ഇപ്പോൾ കള. ഔട്ട് ഓഫ് ദ് ബോക്സ് വിഷയങ്ങളാണോ ഏറെയിഷ്ടം?

 

ഏറെ വ്യത്യസ്തമായ കഥാപരിസരവും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നത് ബോധപൂർവമല്ല. ചെയ്തു വരുമ്പോൾ അത്തരത്തിൽ ആയിപ്പോകുന്നതാണ്. ആസിഫ് അലിയുമായി അടുത്തൊരു സിനിമ ചെയ്യാനിരുന്നപ്പോഴാണ് ലോക്ഡൗൺ സംഭവിച്ചതും 'കള' ചെയ്യാൻ തീരുമാനിച്ചതും. കോളജ് കാലഘട്ടം മുതൽ ഞാനും ടൊവീനോയും പരിചയക്കാരാണ്. കോമൺ സുഹൃത്തുക്കൾ വഴി കണ്ടിട്ടുണ്ട്. ഞങ്ങൾ രണ്ടു പേരും പഠിച്ചത് കോയമ്പത്തൂരിലായിരുന്നു. രണ്ടു കോളജുകളിലായിരുന്നു എന്നു മാത്രം. എന്നേക്കാൾ സീനിയറാണ് ടൊവീനോ. ആ സമയം മുതലേ സിനിമ മനസിലുള്ളതുകൊണ്ട് പലപ്പോഴും പലയിടങ്ങളിലും വച്ചു ഞങ്ങൾ കണ്ടുമുട്ടാറുണ്ട്. ഞാൻ മാർട്ടിൻ പ്രക്കാട്ടിന്റെ അടുത്ത് അസിസ്റ്റന്റ് ആകാൻ ചാൻസ് ചോദിച്ചു സെറ്റിൽ ചെല്ലുമ്പോൾ അവിടെ ടൊവീനോയുടെ ഓഡിഷൻ നടക്കുകയായിരുന്നു. അങ്ങനെ കുറെ സ്ഥലങ്ങളിൽ ഞങ്ങൾ കൂട്ടിമുട്ടിയിട്ടുണ്ട്. അന്നു മുതലുള്ള സൗഹൃദമാണ് ഈ സിനിമയിലേക്കെത്തിച്ചത്. 

 

tovino-kala-3

ഈ സിനിമയുടെ പ്ലോട്ട് കണ്ടെത്തിയത് എങ്ങനെയാണ്?

 

സിനിമ തുടങ്ങുന്ന സമയത്തുള്ള ഹീറോ, സിനിമ കഴിയുമ്പോഴേക്കും വില്ലനാകുന്നു... സിനിമയുടെ തുടക്കത്തിലെ വില്ലൻ പിന്നീട് ഹീറോ ആകുന്നു... ഈ നരേറ്റീവ് രസമുണ്ടാകുമെന്നു തോന്നിയിരുന്നു. അതിൽ നിന്നായിരുന്നു തുടക്കം. കഥാപാത്രങ്ങളെ നിർവചിക്കുന്നതിലെ ശരിതെറ്റുകളും പൊളിറ്റിക്സും പിന്നീടു വന്നുചേർന്നതാണ്. സിനിമയുടെ തുടക്കത്തിലെ ഹീറോ എല്ലാ അർത്ഥത്തിലും വില്ലനാണെന്നു കാണിച്ചാണ് സിനിമ അവസാനിക്കുന്നത്. അയാൾ നുണ പറയുന്നതുകൊണ്ടാണ് തുടക്കത്തിൽ അയാൾ ഹീറോ ആണെന്നു തോന്നിപ്പിച്ചത്. ആ നുണകൾ പൊളിയുമ്പോൾ അയാൾ വില്ലനായി മാറുന്നു. 

kala-review-1

 

ടൊവീനോയ്ക്ക് ഈ സിനിമ മുൻപോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. അത്തരമൊരു പൊളിറ്റിക്കൽ ഓറിയന്റേഷനിൽ ജീവിക്കുന്ന ആളാണ് അദ്ദേഹം. 'സാപ്പിയൻസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻകൈൻഡ്' എന്ന പുസ്തകമൊക്കെ വായിച്ചിട്ടുള്ള, മനുഷ്യൻ വില്ലനാണെന്ന തിരിച്ചറിവുള്ള ആളാണ്. അതുകൊണ്ട് ഈ സിനിമയുമായി പെട്ടെന്നു കണക്ട് ചെയ്യാൻ പറ്റി. മൂറും അങ്ങനെ തന്നെയായിരുന്നു.  ബാഹ്യമായി പറയുന്ന ഒരു ത്രില്ലർ സിനിമയ്ക്കപ്പുറത്ത് ഇത്തരമൊരു പൊളിറ്റിക്സ് ഉണ്ടെന്നും അതു പ്രധാന്യമുള്ളതാണെന്നും തിരിച്ചറിയുന്നത് ടൊവീനോയാണ്. അതിന്റെ മൂല്യം എന്നെ ബോധ്യപ്പെടുത്തുന്നതും അദ്ദേഹമാണ്. 

 

kala-trailer

കളയുടെ കഥ പറച്ചിലിനു അനുയോജ്യമായ ദൃശ്യഭാഷ പരുവപ്പെടുത്തിയത് എങ്ങനെയാണ്?

 

പണ്ട് പണ്ട് പണ്ട്... എന്നു പറഞ്ഞു സിനിമ തുടങ്ങുമ്പോൾ തന്നെ ഒരു ഫിക്‌ഷനൽ സ്വഭാവം വരുമല്ലോ! അതിനു വേണ്ടിയാണ് അങ്ങനെയൊരു തുടക്കം സിനിമയ്ക്കു നൽകിയത്. കാലഘട്ടത്തിനും കഥ നടക്കുന്ന ഇടത്തിനും അപ്പുറത്ത് എല്ലായിടത്തേയും കഥയായി മാറുന്ന ദൃശ്യഭാഷ സിനിമയ്ക്കു നൽകാനാണ് ശ്രമിച്ചത്. മനുഷ്യ പരിണാമത്തിലെ ഏതൊരു വഴിത്തിരിവിലും ആത്യന്തികമായി സംഭവിക്കുന്നത്, ചൂഷണം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും തമ്മിലുള്ള യുദ്ധമാണ്. അത് എല്ലാക്കാലത്തും നടന്നിട്ടുണ്ടെന്നാണ് ഞങ്ങളുടെ നിരീക്ഷണം. 

 

ഇത് 'നോർമൽ' ആണെന്നു കാണുന്ന നമ്മുടെ പ്രിവിലജിൽ നിന്നുകൊണ്ടു തന്നെ, നമ്മളാണ് വില്ലനെന്ന് കാണിക്കുന്ന നരേറ്റീവ് ആണ് സിനിമയ്ക്കു വേണ്ടി തിരഞ്ഞെടുത്തത്. ആ നരേറ്റീവിലാണെന്നു തോന്നുന്നു പലർക്കും ആശയക്കുഴപ്പമുള്ളത്. തുടക്കത്തിൽ ടൊവീനോയെ മാസ് ആയി കാണിച്ചു... അവസാനത്തിൽ അയാൾ തോറ്റു പോകുന്നു... അതിലൊരു വൈരുദ്ധ്യമുണ്ട്. അത് ബോധപൂർവമായ നീക്കം തന്നെയായിരുന്നു. നമ്മുടെ 'നോർമാലിറ്റി' പോലും മറ്റൊരാളുടെ വീക്ഷണത്തിൽ വില്ലത്തരമാണെന്ന് കാണിക്കുക. അതാണ് പോയിന്റ്. 

 

ദൈർഘ്യമേറിയ സംഘട്ടന രംഗത്തിന്റെ പ്രസക്തി എന്താണ്?

 

സുദീർഘവും ക്രൂരവുമായ സംഘട്ടനമാണ് സിനിമയിലെ ഒരു പ്രധാന ഭാഗം. രണ്ടു പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധമാണ്... ആരും വിട്ടു കൊടുക്കാൻ തയ്യാറാകാത്ത യുദ്ധം. ആസക്തിയും സ്നേഹവും അല്ലെങ്കിൽ പണവും ഇമോഷനും തമ്മിൽ നടക്കുന്ന പോരാട്ടം. അത് അവസാനമില്ലാത്ത യുദ്ധമാണ്. ചാവും വരെ അടിക്കാനുള്ള സാധ്യതകളുണ്ട് അവിടെ. കുറച്ച് ആലങ്കാരികമായിട്ടാണെങ്കിലും അതിനൊരു അന്ത്യം അതു പെട്ടെന്നു സംഭവിക്കുന്ന ഒന്നല്ല. ലോകമുണ്ടായിട്ട് ഇത്ര നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈയൊരു സംഘട്ടനത്തിന് അന്ത്യമുണ്ടായിട്ടില്ല. 

 

സംഘട്ടനരംഗം ചിത്രീകരിക്കുന്നതിൽ നേരിട്ട വെല്ലുളികൾ?

 

സുദീർഘമായ ആ സംഘട്ടനം ചിത്രീകരിക്കുന്നതിന് നല്ല മുന്നൊരുക്കം ഉണ്ടായിരുന്നു. വീട്ടിലുള്ള അല്ലെങ്കിൽ വീടിനു ചുറ്റുമുള്ള എല്ലാ പ്രോപ്പർട്ടികളും ഉപയോഗിച്ചു. വീട് എന്നു പറയുന്നത് ഒരു സുരക്ഷിതസങ്കേതമല്ല എന്നൊരു കാര്യം കൂടി പകർത്തിവയ്ക്കുകയായിരുന്നു ലക്ഷ്യം. എത്രയോ മാരകമായ ആയുധങ്ങളാണ് വീട്ടിലുള്ളത്. ഒരു യുദ്ധമുഖത്തേക്ക് വേണ്ടുന്ന എല്ലാ ആയുധങ്ങളും നമ്മുടെ വീട്ടിൽ തന്നെയുണ്ട്. സിനിമയുടെ സംഘട്ടനരംഗങ്ങളിൽ ഉപയോഗിക്കാൻ ഇവയുടെ ഡമ്മികൾ ഉണ്ടാക്കി. അതു റിയൽ ആയി തോന്നിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം. എന്നിട്ടും ഈ സംഘട്ടനങ്ങളുടെ സ്ട്രെയിൻ കാരണം ആന്തരിക രക്തസ്രാവം ഉണ്ടായി. 

 

45 ദിവസത്തെ ഷൂട്ടിൽ 25 ദിവസത്തോളം സംഘട്ടനം തന്നെയായിരുന്നു. അതൊരു സാധാരണ ഷൂട്ട് അല്ലല്ലോ! പറ്റിക്കാൻ പറ്റുന്ന ഷോട്ടുകളും അല്ല. ഇടി കൊള്ളുന്നില്ലെങ്കിലും അതുപോലെ അഭിനയിക്കുന്നതിന്റെ ഫിസിക്കൽ സ്ട്രെയിൻ വലുതായിരുന്നു. ചിലതൊക്കെ പരസ്പരം കൊള്ളുന്നുമുണ്ടായിരിക്കാം. ഇതു തുടർച്ചയായി ഏഴു ദിവസമൊക്കെ പോയപ്പോൾ ടൊവീനോയുടെ വയറിൽ നീരു വന്നു. അങ്ങനെയാണ് ആശുപത്രിയിൽ ആവുന്നത്. അതിനു മുൻപ് ഷൂട്ടിനിടയിൽ വീണിട്ട് മൂറിന്റെ കാലിനും പൊട്ടൽ സംഭവിച്ചിരുന്നു. 

 

ഷാജിയുടെ ഭാര്യയുടെ കഥാപാത്രസൃഷ്ടിയോടുള്ള വിമർശനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

 

ദിവ്യ പിള്ളയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിമർശനങ്ങൾ തീർച്ചയായും പ്രേക്ഷകരുടെ സ്വതന്ത്ര്യമാണ്. അതു പൂർണമായും അംഗീകരിക്കുന്നു... മാനിക്കുന്നു. ഷാജിയുടെ മാനിപുലേറ്റീവ് സ്വഭാവത്തെ സെൻസ് ചെയ്തിട്ടുള്ള ഒരാളാണ് ഭാര്യ. എന്നാൽ അതിനോടെല്ലാം കണ്ണടയ്ക്കുന്ന നിലപാട് എടുത്താണ് അവൾ പ്രണയിക്കുന്നത്. സിനിമയുടെ അവസാനത്തേക്ക് എത്തുമ്പോൾ അതുവരെ അവൾ കണ്ണടച്ചിരുന്ന ഷാജിയുടെ സ്വഭാവത്തെക്കുറിച്ച് ഒരു 'തിങ്കിങ് സ്പെയ്സ്' വേണമെന്ന് അവൾക്കു തോന്നുന്നു. ഇനിയെങ്കിലും അതിനെക്കുറിച്ച് ചിന്തിക്കണ്ടേ എന്നാണ് അവൾ ആലോചിക്കുന്നത്. ആ ഒരു പോയിന്റിലേക്ക് എത്തിക്കാനാണ് സിനിമയിലൂടെ ശ്രമിച്ചത്. അതിനപ്പുറത്തേക്കുള്ള ചിന്തകൾ ഉണ്ടായിരുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com