ആർക്കറിയാം തിയറ്ററിൽ പരാജയപ്പെട്ടപ്പോൾ ഇനി സിനിമ എടുക്കണോ എന്നു പോലും ചിന്തിച്ചു: സാനു ജോൺ അഭിമുഖം

sanu-john
SHARE

ഒരു സിനിമ തിയറ്ററിൽ പരാജയപ്പെട്ടാൽ സംവിധായകൻ അനുഭവിക്കുന്ന എല്ലാ മാനസികവ്യഥകളിലൂടെയും കടന്നുപോയിട്ടുണ്ട് സംവിധായകനും ഛായാഗ്രാഹകനുമായ സാനു ജോൺ വർഗീസ്. ഒടുവിൽ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലെത്തിയപ്പോൾ സിനിമയെക്കുറിച്ച് നീണ്ട വൈകാരിക കുറിപ്പുകൾ... നിരീക്ഷണങ്ങൾ... അഭിനന്ദനങ്ങൾ! അതുവരെ അനുഭവിച്ച നിരാശയും സങ്കടവും ഇല്ലാതാക്കിയതും ആത്മവിശ്വാസം നിറച്ചതും പ്രേക്ഷകരുടെ ആ പ്രതികരണങ്ങളായിരുന്നു. സമൂഹമാധ്യമങ്ങളിൽ വന്ന ആ അഭിനന്ദനങ്ങളോരോന്നും സ്ക്രീൻഷോട്ട് എടുത്ത് സാനു ജോൺ തന്റെ സ്വകാര്യശേഖരത്തിൽ സൂക്ഷിച്ചു. 'ആർക്കറിയാം' എന്ന ആദ്യ ചിത്രം സാനു ജോൺ വർഗീസ് എന്ന സംവിധായകനെ കുറച്ചൊന്നുമല്ല ചുറ്റിച്ചത്. ഈ അസന്നിഗ്ദതകളും അപ്രതീക്ഷിത സന്തോഷങ്ങളുമൊക്കെയാണല്ലോ സിനിമ നൽകുന്ന ത്രില്ലും! ഒടിടി റിലീസിനു ശേഷം ആർക്കറിയാം ചിത്രത്തിനു ലഭിച്ച സ്വീകാര്യതയെക്കുറിച്ചും സമൂഹമാധ്യമങ്ങളിലെ ചർച്ചകളെക്കുറിച്ചും മനസു തുറന്ന് സാനു ജോൺ വർഗീസ് മനോരമ ഓൺലൈനിൽ. 

ഒടിടിയിലെ 'ഇമോഷനൽ കണക്ട്'

ആർക്കറിയാം എന്ന സിനിമ ഒടിടിയിൽ വന്നതിനു ശേഷമാണ് പ്രേക്ഷകർ കണ്ടത്. തിയറ്ററിലെ പ്രതികരണം വളരെ മോശമായിരുന്നു. തിയറ്ററിൽ കാണുന്നതും വീട്ടിലിരുന്നു കാണുന്നതും രണ്ടും രണ്ടു തരത്തിലുള്ള കാഴ്ചയാണ്. തിയറ്ററിൽ ഇരുന്നു കാണുമ്പോൾ ഒരു കൂട്ടത്തിന് ഒപ്പമിരുന്നാണ് സിനിമ കാണുന്നത്. വീട്ടിലിരുന്നു കാണുന്നത് തികച്ചും 'പേഴ്സനൽ' കാഴ്ചയാണ്. അതിലൂടെ ഉണ്ടാകുന്ന ഇമോഷൻസിന് വലിയ മൂല്യമുണ്ട്. കൂടെ ഇരിക്കുന്ന ആളുകൾ ചിരിക്കുന്നതു കൊണ്ടു ചിരിക്കുകയോ കയ്യടിക്കുകയോ ചെയ്യുന്നതല്ല. അവർക്ക് അത് അത്രയും ഇമോഷണൽ ആയി തോന്നുന്നതു കൊണ്ട് മാത്രം ചെയ്യുന്നതാണ്. 'ആർക്കറിയാം' എന്ന സിനിമ ഒടിടിയിൽ കണ്ടതിനു ശേഷം സമൂഹമാധ്യമങ്ങളിൽ അതിനെക്കുറിച്ച് ദീർഘമായി കുറിപ്പുകൾ എഴുതുന്നു, ചർച്ച ചെയ്യുന്നു... എന്നെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെ അനുഭവമാണ്. സിനിമയെക്കുറിച്ച് പല തരത്തിലുള്ള വായനകൾ... ജെൻഡർ റോളുകളെക്കുറിച്ച്, നമ്മുടെ ഉള്ളിലുള്ള പാട്രിയാർക്കിയെക്കുറിച്ച്... അങ്ങനെ പോസിറ്റീവും നെഗറ്റീവുമായുള്ള വായനകൾ കണ്ടു. 

sanu-john-camera

തിയറ്ററിലെ പരാജയം നിരാശപ്പെടുത്തി

ആ സിനിമയിൽ ഒത്തിരി എന്റെ ആത്മാംശമുണ്ട്. True to myself എന്നു പറയില്ലേ? ഇങ്ങനെ പറഞ്ഞാൽ പ്രേക്ഷകരിലേക്ക് അത് കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുമെന്ന കണക്കുക്കൂട്ടലിലായിരുന്നു സിനിമ ചെയ്തത്. അങ്ങനെ ചെയ്ത സിനിമ തിയറ്ററിൽ പ്രേക്ഷകരോട് സംവദിക്കുന്നതിൽ പരാജയപ്പെട്ടു എന്നു തിരിച്ചറിയുമ്പോൾ ആ പരാജയം അംഗീകരിക്കാതെ നിവൃത്തിയില്ല. കാരണങ്ങൾ പലതാകാം. കോവിഡ് കാലമാകാം... മാർക്കറ്റിങ് പ്രശ്നങ്ങളുണ്ടാകാം... ആത്യന്തികമായി അതിൽ പാളിച്ച സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സിനിമ ചെയ്തിട്ട്, അത് വർക്കൗട്ട് ആകാത്തതുകൊണ്ട് ഇനിയൊരു സിനിമ എടുക്കണോ എന്ന ചിന്ത പോലുമുണ്ടായി. എനിക്ക് എഴുതാനുള്ള ധൈര്യം നഷ്ടപ്പെട്ടു. തമാശയായി ഞാൻ കൂട്ടുകാരോട് പറയാറുണ്ട്, ഈ കോൺഫിഡൻസ് എന്നു പറയുന്നത് ഒരു മാതിരി മംഗലശേരി നീലകണ്ഠനെപ്പോലെയായി എന്ന്. അതുകൊണ്ട് ഈ സിനിമ ഒടിടിയിൽ നല്ല പ്രതികരണം നേടിയപ്പോൾ എനിക്കത് ഇരട്ടിമധുരമായി അനുഭവപ്പെട്ടു. ആദ്യമാദ്യം എനിക്ക് പ്രേക്ഷകർ അയയ്ക്കുന്ന മെസജുകൾ ഞാൻ സ്ക്രീൻഷോട്ട് എടുത്ത് വയ്ക്കുമായിരുന്നു. ഇനി അധികം ഇങ്ങനെ പ്രതികരണം വന്നില്ലെങ്കിലോ എന്നു കരുതി. ഇപ്പോൾ നല്ല പ്രതികരണങ്ങൾ ലഭിക്കുമ്പോൾ ആ വിഷമമെല്ലാം മാറിക്കിട്ടി. . 

ലോക്ഡൗണിലെ സിനിമ

പത്തുകൊല്ലമായി ഞാൻ സിനിമ എഴുതുന്നുണ്ട്. എഴുതി തീരാത്ത തിരക്കഥകളും കഥകളുമുണ്ട്. നിർമാതാവ് സന്തോഷ് എന്റെ ക്ലാസ്മേറ്റാണ്. ഒരു സിനിമ ചെയ്യണമെന്ന് കുറെക്കാലമായി പറയുന്നതാണ്. ഞാനിങ്ങനെ രസമുള്ള പടങ്ങളുടെ വർക്കുകളുമായി തിരക്കിട്ട് നടക്കുകയായിരുന്നു. അതുകൊണ്ട് സ്വന്തമായൊരു സിനിമ നടന്നില്ല. ഈ സമയത്ത് എന്റെ മറ്റു വർക്കുകൾ എല്ലാം നിന്നു. അങ്ങനെയാണ് ഈ സിനിമയുടെ എഴുത്ത് തുടങ്ങുന്നത്. എഴുതിയതിനുശേഷം സുഹൃത്തുക്കളോട് പറഞ്ഞു കേൾപ്പിച്ചാൽ നാണക്കേട് തോന്നില്ല എന്ന ആത്മവിശ്വാസം വന്നപ്പോഴാണ് ഈ പ്രൊജക്ട് സിനിമയാക്കാമെന്ന് തീരുമാനിച്ചത്. 

sanu-parvathy
നിർമാതാവ് സന്തോഷ് ടി. കുരുവിളയ്ക്കും പാർവതിക്കും ഒപ്പം സനുവും ഭാര്യ സന്ദീപയും

എളുപ്പമല്ല ഈ പണി

ഒരു സിനിമ എടുക്കുക എന്നത് വലിയ ബുദ്ധിമുട്ട് പിടിച്ച പണിയാണ്. പടം ചെയ്യുന്ന ബുദ്ധിമുട്ട് ആലോചിച്ചാൽ അതു എടുക്കാൻ തോന്നില്ല. വൃത്തിയായി ഒരു സിനിമ എടുക്കണമെങ്കിൽ അത്രത്തോളം പണി നമ്മൾ എടുക്കണം. രാവിലെ സെറ്റിലെത്തുന്നതിനു മുൻപ് ഒരുപാടു കാര്യങ്ങൾ തീരുമാനിക്കണം. അതെല്ലാം ചർച്ച ചെയ്തു കിടക്കുമ്പോൾ സമയം രണ്ടു മൂന്നുമണിയാകും. പിന്നെ വീണ്ടും രാവിലെ അഞ്ചിന് ഷൂട്ട്. ആദ്യം ചെയ്യുന്നതിന്റെ ഒരു പരിചയക്കുറവ് കൊണ്ടാകാം... അതിന്റെ ഒരു താളം കണ്ടെത്തുന്നത് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ്. 

സെറ്റിലെ പാലാ കൺസൾട്ടന്റ്

ഈ സിനിമയിൽ എന്റെ കൂടെ വർക്ക് ചെയ്ത അനു അഗസ്റ്റിനാണ് ആർക്കറിയാമിലെ വീട് കണ്ടെത്തി തന്നത്. പുള്ളി പാലാക്കാരനാണ്. ഈ സിനിമയിലെ ‘പാലാ കൺസൾട്ടന്റ്’ എന്നു വേണമെങ്കിലും അനുവിനെ വിളിക്കാം. പാലായിലെ രീതികൾ തെറ്റിപ്പോയാൽ പുള്ളി ഉടനെ ഇടപെടും. 'അതു പാലായിൽ നടക്കില്ല', അല്ലെങ്കിൽ അക്കാര്യം ഇങ്ങനെയല്ല എന്നു പറഞ്ഞ് ഉടനെ തിരുത്തും. ഞാൻ മനസിൽ ആഗ്രഹിച്ച പോലെയുള്ള വീട് തന്നെ അദ്ദേഹം കണ്ടെത്തി തന്നു. 

sanu-biju

ഇട്ടിയവര എന്ന വെല്ലുവിളി

ഇട്ടിയവര എന്ന കഥാപാത്രമായി ബിജു മേനോൻ ചെയ്താൽ നന്നാകും എന്ന കാര്യം അദ്ദേഹത്തിന് വിശ്വാസം വരാൻ കുറച്ചു സമയം എടുത്തു. ഇട്ടിയവര ചെയ്തു കൂടെ എന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പെട്ടെന്നൊരു മറുപടി തന്നില്ല. നല്ലപോലെ ആലോചിച്ചാണ് ഒടുവിൽ സമ്മതിച്ചത്. നല്ല ഒരു മേക്കപ്പ് ആർടിസ്റ്റ് ഇല്ലാതെ അതു യാഥാർഥ്യമാകില്ലായിരുന്നു. ഞാനുടനെ രഞ്ജിത് അമ്പാടിയെ വിളിച്ചു. രജ്ഞിത് വരാമെന്നു സമ്മതിച്ചാലെ അതു ചെയ്യാൻ പറ്റൂ. അത്രയും ടാലന്റ് ഉള്ള ഒരു വ്യക്തിയെ ഈ സിനിമയ്ക്കു വേണമായിരുന്നു. പിന്നെ ലുക്ക് ടെസ്റ്റ് നടത്തി എല്ലാം തീരുമാനിക്കുകയായിരുന്നു. 

പാർവതിക്കായി കണ്ടെത്തിയ പുസ്തകങ്ങൾ

കോട്ടയം, പാലാ കഥാ പരിസരമായി വരുന്ന കുറച്ചധികം പുസ്തകങ്ങൾ പാർവതിക്കായി ഞങ്ങൾ ശേഖരിച്ചിരുന്നു. പൊൻകുന്നം, മുട്ടത്തു വർക്കി, കാരൂർ, സക്കറിയ... അങ്ങനെ നിരവധി പേരുടെ പുസ്തകങ്ങൾ. സുറിയാനി ക്രിസ്ത്യാനികളുടെ സ്വഭാവം പഠിക്കാൻ പറ്റുന്ന കുറേയേറെ പുസ്തകങ്ങളായിരുന്നു അത്. പാർവതി വളരെ അർപ്പണബോധമുള്ള ആർടിസ്റ്റാണ്. കഥാപാത്രത്തിന്റെ ഡീറ്റെയിലിങ്ങിനു വേണ്ടി ഒട്ടേറെ വായിക്കുകയും ഒരുങ്ങുകയും ചെയ്യും. സെറ്റിലെത്തിയതിനു ശേഷവും ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചാണ് ആ കഥാപാത്രത്തെ പാർവതി മനോഹരമാക്കിയത്. 

sanu02

സിനിമയിലെ അടുക്കള രാഷ്ട്രീയം

ലോക്ഡൗണിലെ ദിനചര്യയിലൂടെ കടന്നുപോയിട്ടുള്ളവരാണ് നമ്മൾ. സ്ത്രീകൾ മാത്രം വീട്ടുജോലി ചെയ്യുന്ന ഒരു വീടാണെങ്കിൽ ദിവസം മുഴുവൻ അവർ അടുക്കളയിലായിരിക്കും. അടുക്കളയും പറമ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലാകും എല്ലാവരും ഏർപ്പെടുക. എല്ലാവരും പാചകം ചെയ്യുന്ന വീടുകളാണെങ്കിൽ അടുക്കളയാകും ലോക്ഡൗണിലെ ഒരു പ്രധാന ഇടം. എല്ലാവരും ഒത്തുകൂടുന്നത് അടുക്കളയിലാകും. അങ്ങനെയാണ് ആ ജീവിതം. അതു തന്നെയാണ് സിനിമയിലും പറഞ്ഞിട്ടുള്ളത്. അതിന്റെ ഒരു റിയലിസം കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്. ഞാനൊരു പാചകതൽപരനാണ്. ഇഷ്ടമുള്ളതൊക്കെ സിനിമയിലും സ്വാഭാവികമായി പ്രതിഫലിക്കുമല്ലോ! 

viswaroopam
വിശ്വരൂപം സിനിമയുടെ സെറ്റിൽ കമൽഹാസനൊപ്പം

പകർത്തിയത് ജീവിതത്തിൽ നിന്ന്

ഞാൻ വിവാഹം കഴിച്ചത് എം.എയ്ക്ക് എനിക്കൊപ്പം പഠിച്ച സഹപാഠിയെയാണ്. പേര് സന്ദീപ. അവർ ബംഗാളിയാണ്. എനിക്ക് 40 വയസ്സൊക്കെ കഴിഞ്ഞായിരുന്നു വിവാഹം. സന്ദീപ ഈ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ്. എന്റെ കൂടെ പഠിച്ച ഒരാൾ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ലിവിങ് റൂമിയിൽ ഭക്ഷണം കാത്തിരിക്കാൻ എനിക്ക് പറ്റില്ലല്ലോ! അത് ശരിയല്ലല്ലോ. ഞാനും സന്ദീപയും ചേർന്നാണ് വീട്ടിലെ പണികൾ ചെയ്യുന്നത്. എന്റെ ജീവിതത്തിൽ അങ്ങനെയാണ്. എനിക്കറിയാവുന്ന ഒരുപാടു സുഹൃത്തുക്കൾ ജീവിക്കുന്നത് ഇങ്ങനെയൊക്കെയാണ്. അതിൽ എനിക്കൊരു പ്രത്യേകതയൊന്നും തോന്നിയിട്ടില്ല. ഇത് ഇന്ത്യയിലുള്ള ജീവിതം തന്നെയാണ്. എനിക്ക് പരിചയമുള്ള ജീവിതമാണ്. അതു സത്യസന്ധമായി കാണിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അതു കൂളായി തോന്നുന്നെങ്കിൽ, ആരെങ്കിലും ആ മാതൃക പിന്തുടരുകയാണെങ്കിൽ നല്ലതല്ലേ? സന്ദീപ ചെയ്യുന്ന കുറെ കാര്യങ്ങൾ ആ സിനിമയിൽ അതുപോലെ പകർത്തി വച്ചിട്ടുണ്ട്. നേരം വൈകി പോകാനിറങ്ങുമ്പോൾ കയ്യിൽ നിറയെ സാധനങ്ങളുമായി ഇറങ്ങി വരുന്നത്... ചെടിച്ചട്ടിയെടുത്തു വരുന്ന ഷെർളിയിൽ കുറച്ചൊക്കെ സന്ദീപയുണ്ട്. സിനിമയിൽ സന്ദീപ എവിടെയൊക്കെ ഉണ്ടെന്ന് എനിക്ക് കൃത്യമായി അറിയാം. 

sanu-team

പശ്ചാത്തലസംഗീതത്തിലെ പരീക്ഷണം

സിനിമയുടെ പശ്ചാത്തലസംഗീതം വളരെ ഇഷ്ടപ്പെട്ടവരുമുണ്ട്... തീർത്തും ഇഷ്ടപ്പെടാത്തവരുമുണ്ട്. മെയ് 21 രാവിലെ എനിക്ക് ആദ്യം കിട്ടുന്ന കോൾ സംഗീതസംവിധായകൻ ഔസേപ്പച്ചൻ സാറിന്റെയാണ്. അദ്ദേഹത്തിന് മ്യൂസിക് വളരെ ഇഷ്ടപ്പെട്ടു. ബ്ലൂസ് സ്കെയിലിലാണ് മിക്കവാറും എല്ലാ ഗിറ്റാർ പീസുകളും വായിച്ചിരിക്കുന്നത്. ബ്ലൂസ് സ്കെയിൽ നിൽക്കുന്നതു തന്നെ disharmony യിലാണ്. ആഫ്രിക്കൻ വംശജരെ അടിമകളായി അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്ന കപ്പലുകളിൽ നിന്നു ജനിച്ച മ്യൂസിക് ആണ്. ഒരു തരം വേദനയുടെ സംഗീതം! നമ്മൾ കേട്ടു പരിചയിച്ച മീറ്ററുകളിൽ നിന്നു വേറിട്ടതാണ് ഇത്. കേട്ടു പരിചയമില്ലാത്തവർക്ക് അതു disturbing ആയി അനുഭവപ്പെടും. ഈ സിനിമയ്ക്ക് കൊടുക്കേണ്ട മ്യൂസിക് ഇതാണെന്നു എനിക്കു തോന്നി. ഔസേപ്പച്ചനെപ്പോലെ ഒരു സംഗീതജ്ഞൻ ആ സംഗീതത്തെ കാണുന്നതു തന്നെ വേറൊരു തലത്തിലാണ്. നേരിട്ട് ഇമോഷൻസുമായി കണക്ട് ചെയ്യുന്ന മ്യൂസിക്കാണ് അത്. വേറൊരു സമീപനമാണ് അത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA