ക്ഷീണം കൂടി ഒരടി നടക്കാൻ വയ്യാതായി, ശ്വാസം കിട്ടാത്ത അവസ്ഥ: ബീന ആന്റണി അഭിമുഖം

beena-antony
SHARE

കോവിഡ് മൂർച്ഛിക്കുംമുൻപ് ആശുപത്രിയിൽ എത്താതിരുന്നതാണ് തനിക്ക് ഗുരുതതമായ അവസ്ഥയുണ്ടാകാൻ കാരണമെന്നു സിനിമാ സീരിയൽ താരം ബീന ആന്റണി. മറ്റുപലരെയും പോലെ തനിക്കും എളുപ്പം ഭേദമാകും എന്ന ചിന്തയാണ് ആശുപത്രിയിൽ പോകാതെ വീട്ടിൽ തുടരാൻ കാരണമെന്നും ബീന പറഞ്ഞു.  കോവിഡ് വന്നാലുടൻ എല്ലാവരും ആശുപത്രിയിൽ പോകണമെന്നും അസുഖം അത്ര നിസാരമല്ലെന്നും ബീന ആന്റണി മനോരമ ഓൺലൈനിനോട് പറഞ്ഞു.  

‘ഒരു സീരിയലിന്റെ ലൊക്കേഷനിൽ നിന്നാണ് എനിക്ക് കോവിഡ് ബാധിച്ചത് .  അവിടെ മറ്റൊരു ആർടിസ്റ്റിന് കോവിഡ് ബാധിച്ചിരുന്നു.  പിറ്റേദിവസം എനിക്കും തലവേദന തുടങ്ങി.  എനിക്കും കോവിഡ് ആയിരിക്കും എന്ന് ഉറപ്പായിരുന്നു.  എന്റെ സഹോദരിക്കും മകനും കോവിഡ് വന്നപ്പോൾ അവർ വീട്ടിൽ തന്നെയാണ് കിടന്നത്.  ഏഴു ദിവസത്തിന് ശേഷം അവർക്ക് അസുഖം ഭേദമായി.  എനിക്കും അതുപോലെ ആയിരിക്കും എന്ന് കരുതി.’  

‘പനിയുടെ മരുന്നുകൾ കഴിച്ചു വീട്ടിൽ മറ്റൊരു റൂമിലേക്ക് മാറി ഐസൊലേഷനിൽ ആയി.  പക്ഷേ മരുന്ന് കഴിച്ചിട്ടും പനി കുറയുന്നില്ല, ക്ഷീണം കൂടിക്കൂടി വന്നു.  പൾസ് ഓക്സിമീറ്ററിലെ റീഡിങ് നോക്കുന്നുണ്ടായിരുന്നു.  ആറുദിവസം കഴിഞ്ഞിട്ടും എനിക്ക് ഒരു കുറവും വന്നില്ല.  ക്ഷീണം കൂടി ഒരടി നടക്കാൻ വയ്യാതായി, ശ്വാസം മുട്ട്, കിതപ്പ് എന്നിവയും തുടങ്ങി.  ആശുപത്രിയിൽ വിളിച്ച് റൂം ബുക്ക് ചെയ്‌തെങ്കിലും എനിക്ക് പോകാൻ തോന്നിയില്ല, കാരണം എന്റെ സഹോദരിയുടെ ഒരു മകൻ കോവിഡ് വന്നു മരിച്ചിട്ട് അധികം നാളായിട്ടില്ല.  ഇരുപത്തിമൂന്ന് വയസ്സുമാത്രം പ്രായമുള്ള അവൻ ആശുപത്രിയിൽ ഞങ്ങളിൽ ആരെയും കാണാൻ കഴിയാതെ കിടന്നു.  പിന്നെ മടങ്ങി വന്നില്ല.  അവനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ആ ഒരു ഷോക്ക് ഞങ്ങളെ പിടിച്ചുലച്ചിരുന്നു.’ 

‘ഞാനും ആശുപത്രിയിൽ ആയാൽ പിന്നെ മടങ്ങി വരുമോ എന്നുള്ള ചിന്ത, പിന്നീടൊരിക്കലും ഭർത്താവിനെയും മകനെയും കാണാൻ കഴിയില്ല എന്ന് തോന്നി.  പക്ഷേ പിന്നെ പൾസ് ഓക്സിമീറ്ററിൽ റീഡിങ് 90-ൽ താഴേക്ക് പോയി.  ശ്വാസം കിട്ടാത്ത അവസ്ഥ ആയി.  അപ്പോഴേക്കും മനുവിന് അപകടം മണത്തു.  ആശുപത്രിയിൽ വിളിച്ച് എല്ലാം അറേഞ്ച് ചെയ്തു.  വണ്ടിയിൽ കയറാൻ പോലും വയ്യാത്ത അവസ്ഥയായിരുന്നു.  ആശുപത്രിയിൽ ചെന്നപ്പോൾ വേഗം തന്നെ എന്നെ അഡ്മിറ്റ് ആക്കി.  അപ്പൊത്തന്നെ മരുന്നുകൾ തുടങ്ങി.  ടെസ്റ്റ് ചെയ്തപ്പോൾ അപ്പോഴും കോവിഡ് പോസിറ്റീവ് ആയിരുന്നു.  ശ്വാസം കിട്ടാതെ ഓക്സിജൻ സപ്പോർട്ട് വേണ്ടി വന്നു.  എന്നോട് അവർ കൂടുതൽ ഒന്നും പറഞ്ഞില്ല, പക്ഷേ  മനുവിനെ വിളിച്ച് മറ്റെവിടെങ്കിലും ബെഡ് ഒഴിവുണ്ടോ എന്ന് അന്വേഷിക്കാൻ പറഞ്ഞു, നില കൂടുതൽ വഷളായാൽ മാറ്റേണ്ടി വരും എന്ന് പറഞ്ഞത്രേ.’  

‘എനിക്ക് കോവിഡ് ന്യൂമോണിയ ആയിക്കഴിഞ്ഞിരുന്നു.  അതിനുള്ള മരുന്നും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും തന്നു തുടങ്ങി.  എന്റെ പ്രതീക്ഷ നശിച്ചു തുടങ്ങിയിരുന്നു .  ഓക്സിജൻ മാസ്ക് വച്ചിട്ടും ശ്വാസം മുട്ടുന്നുണ്ടായിരുന്നു.  മകനെയും ഭർത്താവിനെയും ബാക്കി വേണ്ടപ്പെട്ടവരെയും ഓർത്തപ്പോൾ ചങ്കിടിപ്പ് കൂടി.  മറ്റൊന്നും ചെയ്യാനില്ലായിരുന്നു എല്ലാം വിധിക്ക് വിട്ടുകൊണ്ടാണ് ഞാൻ പിന്നീടുള്ള ദിവസങ്ങൾ കഴിഞ്ഞത്.’ 

‘പക്ഷേ എന്തോ അത്ഭുതം സംഭവിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്റെ നിലയിൽ മാറ്റം വന്നു.  ഞാൻ സീരിയസ് ആയി കിടന്നപ്പോഴാണ് മനു വിഡിയോയിൽ എന്റെ അവസ്ഥ പറഞ്ഞത്.  എല്ലാവരുടെയും പ്രാർത്ഥനയുടെ ശക്തിയായിരിക്കും രണ്ടു ദിവസം കൊണ്ട് എന്റെ ഓക്സിജൻ മാസ്ക് ഒക്കെ മാറ്റാൻ കഴിഞ്ഞു. ന്യൂമോണിയയും കുറഞ്ഞു തുടങ്ങി.  എല്ലാം ഒരു അദ്ഭുതം പോലെ തോന്നുന്നു.  കോവിഡ്  ബാധിച്ച പലരും കണ്മുന്നിൽ നിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.  എന്റെ മകന്റെയും ഭർത്താവിന്റെയും ഭാഗ്യമാകാം ഞാൻ ഒരു കുഴപ്പവും കൂടാതെ തിരികെ എത്തിയത്.  ആശുപത്രിയിൽ പോകുമ്പോൾ ഇനി തിരികെ വീട്ടിലേക്ക് ഉണ്ടോ എന്നൊക്കെ ഞാൻ ചിന്തിച്ചിരുന്നു.  പോകുമ്പോൾ മകനെ ഒന്ന് തൊടാനോ ഒരു ഉമ്മ കൊടുക്കാനോ, കയ്യിൽ പിടിക്കാനോ പോലും പറ്റിയില്ല.  വീട്ടിൽ ഇരിക്കുന്ന അവരുടെ അവസ്ഥയും വളരെ മോശം ആയിരുന്നു.  മനു കുട്ടിയോട് ഒന്നും പറയാതെ എല്ലാം മനസ്സിലൊതുക്കി.  എല്ലാവരുടെയും പ്രാർത്ഥന കാരണമാണ് എനിക്ക് എളുപ്പം രോഗം ഭേദമായത്.’

‘ആശുപത്രിയിൽ പോകുന്നതിനു മുൻപ് ഞാൻ ഇടവേള ബാബുവിനെ വിളിച്ചു വിവരം പറഞ്ഞു.  നീ ഒന്നും നോക്കണ്ട വേഗം അഡ്മിറ്റ് ആയിക്കോളൂ, എല്ലാ ചിലവും ഇൻഷുറൻസ് നോക്കിക്കോളും, ടെൻഷൻ ആകരുത് എന്നാണു ബാബു പറഞ്ഞത്.  അമ്മയുടെ മെഡിക്ലെയിം ആണ് ആശുപത്രിയിൽ ഉപയോഗിച്ചത്. മമ്മൂക്കയും, ലാലേട്ടനും മറ്റു പല സഹപ്രവർത്തകരും വിളിച്ച് സുഖവിവരം അന്വേഷിക്കുന്നുണ്ടയിരുന്നു. എല്ലാവരും തന്ന പിന്തുണ വളരെ വലുതാണ്.  ശരിക്കും എനിക്കിതൊരു പുനർജന്മമാണ്‌.’

‘രോഗം തുടങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ പോയിരുന്നെങ്കിൽ എനിക്ക് ഇത്രയും മൂർച്ഛിക്കിലായിരുന്നു.  പലർക്കും ഭേദമായതുപോലെ എനിക്കും ആകും എന്ന വിശ്വാസമാണ് ആശുപത്രിയിൽ പോകാതെ വീട്ടിലിരിക്കാൻ കാരണം.  അസുഖം വന്നു രണ്ടാം ദിവസം തന്നെ ആശുപത്രിയിൽ പോകാൻ മനുവിന്റെ അച്ഛന്റെ അനിയൻ പറഞ്ഞതാണ്, അദ്ദേഹം ഡോക്ടർ ആണ്.  അദ്ദേഹം പറഞ്ഞത് കേട്ടിരുന്നെങ്കിൽ അസുഖം ഇത്രത്തോളം മോശമാകില്ലായിരുന്നു.   എനിക്ക് എല്ലാവരോടും പറയാനുള്ളത് കൊറോണ അത്ര നിസാരമായി എടുക്കരുത് എന്നാണ്.  വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇതിനോടകം തന്നെ നമ്മെ വിട്ടുപോയി.’  

‘ഒരു ചെറിയ അശ്രദ്ധ മതി നമുക്ക് നമ്മെ നഷ്ടപ്പെടാൻ.  എല്ലാവർക്കും അസുഖം വരുന്നത് ഒരുപോലെ ആണെന്ന് ധരിക്കാതെ ചെറിയ പനി വരുമ്പോൾ തന്നെ ആരോഗ്യപ്രവർത്തകരെ അറിയിക്കുക.  രോഗം വഷളാകുന്നതിനു മുൻപ് ആശുപത്രിയിൽ എത്തുക.  തക്ക സമയത്തു നല്ല ചികിത്സ കിട്ടിയാൽ രക്ഷപെടാൻ കഴിയും.  ഈ പ്രതിസന്ധിഘട്ടത്തിൽ എന്റെ കുടുംബത്തിനോടൊപ്പം നിൽക്കുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കളോടും നന്ദിയും കടപ്പാടും അറിയിക്കുന്നു.  എല്ലാവർക്കും നല്ലതു മാത്രം വരട്ടെ.’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA