ADVERTISEMENT

മുല്ലാ ഷാജിയുടെ നിർമാണത്തിൽ  വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ സി. ശരത് അപ്പാനി, കൈലാഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കമാൻഡോയുടെ വേഷത്തിൽ കൈലാഷ് എത്തുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ കൈലാഷിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നു.  എന്നാൽ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ വിമർശിച്ചവർ പോലും അഭിനന്ദിക്കുകയാണ് ചെയ്തത്.  വിമർശിക്കാനും അഭിനന്ദിക്കാനും സിനിമ കാണുന്ന ഓരോ പ്രേക്ഷകനും അവകാശമുണ്ട് എന്നാണ് കൈലാഷിന് ഇതേപ്പറ്റി പറയാനുള്ളത്.  ഈ പ്രതികരണങ്ങൾ കാണുമ്പോൾ ഉത്തരവാദിത്തം കൂടുകയാണെന്നു കൈലാഷ് പറയുന്നു.  

 

ഓപ്പറേഷൻ മിഷൻ സി

 

kaillash-3

കഴിഞ്ഞ ലോക്ഡൗണിനു ശേഷം ചെയ്ത സിനിമയാണ് മിഷൻ സി.  ഞാൻ ഒരു കമാൻഡോയുടെ വേഷമാണ് ചെയ്യുന്നത്.  അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ  വ്യാപകമായി ട്രോളുകൾ വന്നിരുന്നു. അതിൽ കുറച്ചൊക്കെ പേഴ്സനലായി ഫീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.  ഒരുപക്ഷേ എന്നെ പ്രതീക്ഷിക്കാത്ത വേഷത്തിൽ പെട്ടെന്ന് കണ്ടതുകൊണ്ടാകാം.  ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ  കാണിക്കാനുള്ള അവകാശവും അധികാരവും ഓരോ പൗരനുമുണ്ട്.  ഇന്ന് ഇഷ്ടം കാണിക്കുന്നവർക്ക് നാളെ ഇഷ്ടക്കേട് കാണിക്കാൻ പാടില്ല എന്ന് പറയാൻ പറ്റില്ലല്ലോ.  

 

പക്ഷേ അത് കുറച്ചു പേഴ്സനലായി ഒക്കെ പോയപ്പോഴാണ് സിനിമയുടെ സംവിധായകൻ വിനോദ് ഗുരുവായൂർ പ്രതികരണവുമായി എത്തിയത്.  അതിനെത്തുടർന്ന് തൊഴിലിനോടുള്ള വിമർശനം വ്യക്തിപരമായ വിമർശനമാകരുത് എന്ന് പ്രതികരിച്ച് ഒരുപാടുപേർ വന്നു.  അത് ഓരോരുത്തരും അവരവരുടെ സ്വന്തം ഐഡിയിൽ നിന്നും ചെയ്യുകയായിരുന്നു.  അക്കാര്യത്തിൽ എനിക്ക് വളരെ സന്തോഷം തോന്നി.  പക്ഷേ എനിക്ക് പറയാനുള്ളത്, എന്ത് പറയണം എവിടെവരെ പറയണം എന്നുള്ളത് തികച്ചും വ്യക്തിപരമാണ്, അത് അവരവർ തീരുമാനിക്കട്ടെ.  

mission-c

 

വിമർശനങ്ങളെ നമ്മുടെ പ്രയത്നത്തിലൂടെ നമുക്ക് മറികടക്കാം.  പരിഹാസങ്ങൾ കേട്ട് തളർന്നിരിക്കാൻ കഴിയില്ലല്ലോ, മുൻപോട്ടു പോയല്ലേ പറ്റൂ.  എന്നെ ഒരു പരിചയവും ഇല്ലാത്ത സമയത്താണ് "നീലത്താമര" കണ്ടിട്ട് മലയാള സിനിമാ ആസ്വാദകർ സ്നേഹിച്ചത് അവർക്ക് വിമർശിക്കാനും അവകാശമുണ്ട്.  അവരെ ആസ്വദിപ്പിക്കാൻ മുന്നോട്ടു പോകുന്തോറും എനിക്ക് കഴിയട്ടെ.  എനിക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം ആത്മാർത്ഥമായി ചെയ്യുക എന്ന ഓപ്‌ഷൻ മാത്രമേ എന്റെ മുന്നിലുള്ളൂ.

 

mission-c23

ട്രെയിലറിൽ െഞട്ടിച്ചു

 

മിഷൻ സി എന്ന ചിത്രത്തിന്റെ ട്രെയിലർ വന്നപ്പോൾ വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്.  ട്രെയിലറിന്റെ വിജയം എന്റേത് മാത്രമല്ല ആ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരുടേതുമാണ്.  എന്നേക്കാൾ പ്രാധാന്യമുള്ള വേഷം ചെയ്തവർ അതിലുണ്ട്.  അനവധി ടെക്നിഷ്യൻസ് അതിനുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.  കുട്ടികൾ അടക്കം ഒരുപാടു പുതിയ ആൾക്കാർ ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. ഒരുപാടു പരിമിതികളിൽ നിന്നുകൊണ്ട് ചെയ്ത ഒരു ചിത്രമാണ് മിഷൻ സി.  ലോക്ക്ഡൗണിനു ശേഷം ഷൂട്ടിങ്ങിന് ഒരുപാടു പ്രതിസന്ധികൾ ഉണ്ടായിരുന്നു.  ഷൂട്ടിനിടയിൽ പല പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ബസിനുള്ളിൽ ഷെൽ പൊട്ടിച്ചപോൾ അത് സംവിധായകന്റെ മുഖത്ത്  തെറിച്ച് അപകടമുണ്ടായി. 

 

അതിനു തൊട്ടു മുൻപ് ബസിൽ ഉണ്ടായിരുന്ന കുട്ടികളെ അദ്ദേഹം മാറ്റിയിരുന്നു. വിനോദ് ഗുരുവായൂരിന്റെ സംവിധാനമികവ് നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണാം ഒപ്പം ലോക്ഡൗൺ പ്രതിസന്ധിക്കിടെ ഇങ്ങനെ ഒരു ചിത്രം എടുക്കാൻ ധൈര്യം കാണിച്ച നിർമാതാവിന്റെ ആത്മസമർപ്പണത്തിന്റെ ഫലമാണ് മിഷൻ സി. ഈ സിനിമ എല്ലാവർക്കും സ്വീകരിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുകയാണ്.

 

ക്രെഡിറ്റ് എന്റെ മാത്രമല്ല

 

ഒരു സിനിമയിലെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അടുത്ത കഥാപാത്രം അതിനേക്കാൾ നന്നാക്കുക എന്ന വെല്ലുവിളി  ഓരോ നടനും മുന്നിലുണ്ട്.  ചിലർക്ക് അടുത്ത സിനിമയിൽ അത് സാധിക്കും ചിലർക്ക് അൽപ്പം കാത്തിരിക്കേണ്ടി വരും.  നമുക്കു കൊടുക്കാവുന്നതിന്റെ മാക്സിമം കൊടുക്കുക അതാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്.  പോസ്റ്ററിന് കിട്ടിയ അഭിപ്രായങ്ങൾ പോസിറ്റീവ് ആയിരുന്നെങ്കിൽ പരാതി ഉണ്ടാകുമോ?  നല്ല അഭിപ്രായങ്ങളിൽ സന്തോഷിക്കുന്നവർ വിമർശനം വരുമ്പോൾ പരാതി പറയുന്നത് ശരിയാണോ?  ഇതൊക്കെ മനസിലാക്കാനുള്ള മാനസികനില എനിക്കുണ്ട്.  

 

അവർക്ക് ഇഷ്ടക്കേട് കാണിക്കുന്ന എന്തോ ഒന്ന് അപ്പോൾ എനിക്കുണ്ട് അത് മനസിലാക്കി ഇഷ്ടമാക്കി മാറ്റുക എന്നുള്ള വെല്ലുവിളിയാണ് ഇപ്പോൾ എന്റെ മുന്നിലുള്ളത്.  എന്നാലാവുന്ന വിധം ഞാൻ ശ്രമിക്കുകയും ചെയ്യും.  പോസ്റ്റർ വന്നപ്പോൾ വിമർശിച്ച പലരും ട്രെയിലർ വന്നപ്പോൾ അഭിനന്ദിച്ചിട്ടുണ്ട്.  പക്ഷേ അതിന്റെ ക്രെഡിറ്റ് എന്റെ മാത്രമല്ല.  അതിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അതിൽ പങ്കുണ്ട്.  സിനിമ അങ്ങനെയാണ്, ഒരു സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തർക്കും അതിന്റെ വിജയത്തിന് അവകാശമുണ്ട്.  ഒരു സംവിധായകനും നിർമാതാവും തിരക്കഥാകൃത്തും ഒരു സിനിമ ചെയ്യാം എന്ന് തീരുമാനിക്കുന്നിടത്താണ് ഒരു അഭിനേതാവിന് ജീവിതം തുടങ്ങുന്നത്, അവിടെയാണ് എന്നിലെ ആക്ടർ ജനിക്കുന്നത്.  ഓരോ വിമർശനവും കഠിനാധ്വാനത്തിലൂടെ അഭിനന്ദനമാക്കി മാറ്റുക എന്നതാണ് എന്നിലെ അഭിനയേതാവിന്റെയും കർത്തവ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com