ADVERTISEMENT

ഫാമിലി മാൻ സീസൺ 2 മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴും പ്രേക്ഷകർ ഒരാളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. സീസൺ ഒന്നിൽ അദ്ഭുതകരമായ പകർന്നാട്ടം നടത്തിയ നീരജ് മാധവിന്റെ മൂസ റഹ്മാനെ! സീസൺ രണ്ടിൽ മൂസ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ആരാധകരുടെ ചർച്ചകളിലും കമന്റുകളിലും ബുദ്ധിരാക്ഷസനായ ഐസിസ് ഭീകരൻ മൂസയുണ്ട്. ഈ സീസണിൽ മൂസയെ മിസ് ചെയ്യുന്നുവെന്ന് ആരാധകർ പറയുമ്പോൾ തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇപ്പോഴും ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണ് നീരജ് മാധവ്. മൂസയെവിടെ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നീരജ് മാധവ് മനോരമ ഓൺലൈനിൽ. 

 

മൂസയെ മിസ് ചെയ്യുന്നുണ്ടോ?

 

സത്യത്തിൽ ഞാനല്ല, പ്രേക്ഷകരാണ് മൂസയെ മിസ് ചെയ്യുന്നത്. ഫാമിലി മാൻ 2 റിലീസ് ആയതോടെ പ്രേക്ഷകരുടെ മെസേജുകൾ നിരവധി ലഭിക്കുന്നുണ്ട്. ആ കഥാപാത്രത്തെ മിസ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞിട്ട്! ഈ സീസണിൽ മൂസ ഇല്ല എന്ന കാര്യം എനിക്ക് നേരത്തെ അറിയാമായിരുന്നു. ആ ക്യാരക്ടർ നല്ലൊരു ഇംപാക്ട് സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് ആമസോൺ ആ ക്യാരക്ടർ നിലനിർത്താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ആദ്യമേ തന്നെ രണ്ടാമത്തെ സീസണിൽ പുതിയൊരു കഥയും പുതിയൊരു ബോർഡർ പ്രശ്നവുമാണ് പ്ലാൻ ചെയ്തിരുന്നത്. അതുകൊണ്ട് മൂസ എന്ന കഥാപാത്രത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള സാധ്യത ഇല്ലായിരുന്നു. 

 

മൂസയെ വച്ചൊരു ടീസർ ഇറങ്ങിയിരുന്നല്ലോ? അതെപ്പോൾ സംഭവിച്ചു?

 

ഫസ്റ്റ് സീസൺ ഇറങ്ങുന്നതിനു മുൻപെ സെക്കൻഡ് സീസന്റെ ഷൂട്ട് തുടങ്ങി.  കോവിഡിനൊക്കെ മുൻപെ ഫാമിലി മാൻ സീസൺ 2 ഷൂട്ട് തീർന്നിരുന്നു. 2019ൽ തന്നെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം അവര്‍ ചിത്രീകരിച്ചു . കുറച്ചു വർക്കുകൾ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. അതിനിടെയാണ്, മൂസ ഉണ്ടാകുമോ ഇല്ലയോ എന്ന ആകാംക്ഷ ജനിപ്പിക്കുന്ന ഒരു ടീസർ ഇറക്കിയത്. സീസൺ 2ന്റെ ഷൂട്ടിനിടയിൽ ഞാൻ മുംബൈയിൽ ഉണ്ടായിരുന്നു. ആ സമയത്ത് എന്നെ വിളിച്ചു ചെയ്തതാണ് ആ ടീസർ. സീസൺ 2ൽ എന്റെ കഥാപാത്രം ഇല്ലെന്ന് ഉറപ്പായിട്ടും അങ്ങനെയൊരു ടീസർ ഇറക്കാൻ കാരണം തന്നെ ആ കഥാപാത്രത്തിനുള്ള ആരാധകരെ പരിഗണിച്ചാണ്. ആ ഹൈപ്പ് നിലനിറുത്താനായിരുന്നു ടീസർ ഇറക്കിയത്. അതുകണ്ട് കുറെപ്പേർ മൂസയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. 

neeraj-madhav-4

 

എന്നെങ്കിലും മൂസയെ വീണ്ടും തിരശ്ശീലയിൽ കാണാൻ കഴിയുമോ?

neeraj-samantha

 

ഫാമിലി മാൻ ടീമിന്റെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ട്. അതിൽ മൂസയെക്കുറിച്ച് സംസാരിക്കാറുണ്ട്. അവർ തന്നെ പറയാറുണ്ട് മൂസയെ മിസ് ചെയ്യുന്നു എന്ന്. മൂസയുടെ ഒരു സ്പിന്നോഫ് (spin-off) പോലെ ഒന്ന് ആലോചിച്ചാലോ എന്നൊക്കെയുള്ള ചർച്ചകൾ തമാശയായി നടക്കുന്നുണ്ട്. അറിയില്ല. 

 

ഹിന്ദി നന്നായി പഠിച്ചെടുത്തോ? 

 

ആ കഥാപാത്രം ചെയ്യാൻ എന്നെ വിളിക്കുമ്പോൾ എനിക്ക് ഹിന്ദി കുറച്ചൊക്കെ അറിയാമായിരുന്നു. പക്ഷേ, സ്പോക്കൺ ഹിന്ദി അത്ര വശമില്ലായിരുന്നു. ഫാമിലി മാനിനു വേണ്ടി തന്നെ ഹിന്ദി പഠിച്ചു. ഷൂട്ടിൽ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. 

 

'മൂസ' നൽകിയ അവസരങ്ങൾ കോവിഡ് തട്ടിയെടുത്തോ?

 

2020 മാർച്ചിൽ ഞാൻ മുംബൈയിൽ ആയിരുന്നു. കരൺ ജോഹറിന്റെ കമ്പനിയുടെ ധർമ എന്ന ബോളിവുഡ് ചിത്രം ഒപ്പിട്ടിരുന്നു. കൂടാതെ വേറെയും വെബ് സീരീസുകളുടെ ഓഫറുകളുണ്ടായിരുന്നു. ഹിന്ദിയിൽ ഒന്നിലധികം പ്രൊജക്ടുകൾ ധാരണയായി നിൽക്കുമ്പോഴായിരുന്നു കോവിഡ് വന്നും ലോക്ഡൗൺ ആയതും. വീട്ടിലിരുന്നപ്പോൾ റാപ്പ് ചെയ്യാൻ തുടങ്ങി. അതു വർക്കൗട്ട് ആയി. കോവിഡ് മൂലം ചില അവസരങ്ങൾ പോയപ്പോൾ മറ്റു ചിലതു ലഭിച്ചു. കോവിഡ് മൂലം പ്രയോജനങ്ങളും നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. 

 

മൂസയാണോ സമാന്തയുടെ രാജിയാണോ കൂടുതൽ അപകടകാരി?

 

ഇതിനു മറുപടി പറയേണ്ടത് പ്രേക്ഷകരാണ്. സമാന്ത അതിഗംഭീരമായി ആ കഥാപാത്രത്തെ അവതരിപ്പിച്ചു. ഞാനേറെ ആസ്വദിച്ചാണ് അവരുടെ പ്രകടനം കണ്ടത്. അതിനെക്കുറിച്ച് കമന്റ് ചെയ്യാൻ ഞാൻ ആളല്ല. അതു പ്രേക്ഷകർ പറയട്ടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com