ADVERTISEMENT

നായകനാകണമെന്ന സ്വപ്നവുമായാണ് പലരും സിനിമയുടെ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. എന്നാൽ കഴിവ് മാത്രം പോര, സമയം തെളിയാൻ ചിലർക്കെങ്കിലും അല്പംകൂടി കാത്തിരിക്കേണ്ടി വരാറുണ്ട്.  മലർവാടി ആർട്സ് ക്ലബ്ബ് മുതൽ സിനിമയുടെ ഓരം ചേർന്ന് സഞ്ചരിക്കുന്ന ദീപക് പറമ്പോൽ എന്ന യുവതാരവും അത്തരമൊരു കാത്തിരിപ്പിലായിരുന്നു.  ഈ ലോക്ഡൗൺ കാലത്താണ് ദീപക്കിന്‌ നായകനിരയിലേയ്ക്ക് ചുവടുവയ്ക്കാൻ ഭാഗ്യമുണ്ടായത്.  മികച്ച സിനിമകളുടെ ഇടയിലേക്ക് സ്ഥാനം പിടിക്കുന്ന ‘ദ് ലാസ്റ്റ് ടു ഡെയ്സ്’ എന്ന സിനിമയും കോവിഡ് കാല പ്രതിസന്ധിയെത്തുടർന്ന് ഒടിടി വഴിയാണ് റിലീസ് ആയത്.  പ്രേക്ഷക പ്രശംസ നേടി ചിത്രം മുന്നേറുമ്പോൾ ദീപക് പറമ്പോൽ എന്ന താരത്തിന്റെ നായകത്വവും കൂടി ആഘോഷിക്കപ്പെടുകയാണ്.  പത്തുവർഷമായി കാത്തിരുന്ന സ്വപ്‌നപദവിയിലേക്ക് വന്നതിനെക്കുറിച്ച് ദീപക് മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു.

 

‘ദ് ലാസ്റ്റ് ടു ഡെയ്സ്’  അവസാനത്തെ രണ്ടു ദിവസം ജീവിതമാകെ മാറ്റിമറിച്ചോ? 

 

കഴിഞ്ഞ ലോക്ഡൗൺ സമയത്താണ് സന്തോഷ് ലക്ഷ്മൺ എന്നോട് ഈ സിനിമയെക്കുറിച്ച് പറയുന്നത്.  അദ്ദേഹം ഒരു നടനായും  ജീത്തു ജോസഫിന്റെയും മേജർ രവി സാറിന്റെയുമൊക്കെ അസിസ്റ്റന്റായും പ്രവർത്തിച്ചിട്ടുള്ള ആളാണ്.  ഒരു വലിയ സിനിമാ പ്രോജക്ടുമായാണ് അദ്ദേഹം ആദ്യം വിളിച്ചത്.  പക്ഷേ വീണ്ടും ലോക്ഡൗൺ ആയതോടെ അത് ചെയ്യാൻ പറ്റില്ലാന്നായി.  പിന്നീടാണ് അദ്ദേഹം ഈ കഥയുമായി വിളിക്കുന്നത്.  നമുക്ക് ലോക്ഡൗണിലും ചെറിയ ബജറ്റിൽ ചെയ്യാൻ പറ്റുന്ന ഒരു സിനിമയാണ് ചെയ്താലോ എന്ന് ചോദിച്ചു.  അങ്ങനെയാണ്  ‘ദ് ലാസ്റ്റ് ടു ഡെയ്സ്’ എന്ന സിനിമ സംഭവിക്കുന്നത്.  സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ ഇത് ചെയ്യാൻ തീരുമാനിച്ചത് നന്നായി എന്നാണ് തോന്നുന്നത്.  വളരെ നല്ല റെസ്പോൺസ് ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്.  ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കാൻ ഒരു കോൺഫിഡൻസ് തന്ന സിനിമയാണ്  ‘ദ് ലാസ്റ്റ് ടു ഡെയ്സ്’.

 

ഒടിടി റിലീസ് ചെയ്തത് ഭാഗ്യമായി കരുതുന്നോ?

 

deepak-nivin

ഒരു നടന്റെ ഏറ്റവും വലിയ ആഗ്രഹം നായകനായി തിയറ്ററിൽ ആഘോഷിക്കപ്പെടുന്നത് കാണണം എന്നുള്ളത് തന്നെയാണ്.  ഞാൻ നായകനായി അഭിനയിച്ച സിനിമ തിയറ്ററിൽ റിലീസ് ചെയ്യണം എന്നാഗ്രഹം ഉണ്ടായിരുന്നു.  എന്നാൽ അത് ഉടനെയൊന്നും സാധ്യമാകാത്ത ഒരു സാഹചര്യമാണല്ലോ വന്നിരിക്കുന്നത്.  തിയറ്ററുകളൊന്നും ഉടനെ തുറക്കാൻ കഴിയാത്ത അവസ്ഥയായതിനാൽ ഒടിടിക്കു വേണ്ടിത്തന്നെയാണ് ‘ദ് ലാസ്റ്റ് ടു ഡെയ്സ്’ ചെയ്തത്.  കഴിഞ്ഞ അൺലോക്കിന്റെ സമയത്ത് ഷൂട്ട് ചെയ്ത സിനിമയാണ്.  വളരെ കുറച്ച് ക്രൂ ആണ് അനുവദനീയമായി ഉണ്ടായിരുന്നത് അതുകൊണ്ടു തന്നെ വലിയ ഒരു സിനിമയുടെ സ്കെയിലിൽ അല്ല സിനിമ ചെയ്‌തത്‌.  

 

deepak-parambol-1

ഒരുമണിക്കൂറും ഇരുപത് മിനിറ്റും ആണ് സിനിമയുടെ നീളം.  നീ സ്ട്രീമിൽ ആണ് സിനിമ റിലീസ് ചെയ്തത്.  വേണമെങ്കിൽ വലിയ സ്കെയിലിൽ ചെയ്യാൻ പറ്റുന്ന ഒരു സിനിമ തന്നെയായിരുന്നു.  പക്ഷേ ഒടിടിയിൽ റിലീസ് ചെയ്‌തതുകൊണ്ടു മറ്റൊരു ഗുണമുണ്ടായത് ഒരുപാടുപേർക്ക് ഒരേസമയം സിനിമ കാണാൻ കഴിഞ്ഞു എന്നുള്ളതാണ്.  കേരളത്തിൽ മാത്രമല്ല പുറത്തുള്ളവരും സിനിമ കണ്ടു.  നല്ല റെസ്പോൺസ് ആണ് കിട്ടുന്നത്.  ഇൻഡസ്ട്രിയിൽ നിന്നും പലരും കണ്ടിട്ട് വിളിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട്.  കാരക്റ്റർ റോൾ ചെയ്ത പല സിനിമകളും വിജയിച്ചിട്ടുണ്ട്, അതൊക്കെ തിയറ്റർ റിലീസ് ആയിരുന്നു. നായകനായി അഭിനയിച്ച സിനിമയാണ് ഇത്, അതിനെക്കുറിച്ചു നല്ല അഭിപ്രായം കേൾക്കുന്നത് സന്തോഷമാണ്.  തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഒക്കെ റിവ്യൂസ് കിട്ടി. അവിടെവരെ സിനിമ എത്തി എന്നുള്ളത് നല്ല കാര്യമാണ്.    ഈ പോസിറ്റീവ് റെസ്പോൺസ് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.  തീയറ്ററുകൾ തുറക്കുമ്പോൾ ഞാൻ നായകനായ സിനിമകൾ റിലീസ് ചെയ്തു വിജയിക്കും എന്നൊരു പ്രതീക്ഷ ഈ സിനിമയോടെ ഉണ്ടായി.  ഈ സിനിമ കാരണമാണ് അത്തരമൊരു ആത്മവിശ്വാസം ഉണ്ടായത്.  

 

മലർവാടിയിലൂടെ സ്വപ്നത്തിലേക്ക് 

 

മലർവാടി എന്ന സിനിമയിലൂടെയാണ് ഈ രംഗത്തേക്ക് വന്നത്.  ഒരു പരസ്യം കണ്ടു ഓഡിഷന് പോയതാണ്, അതിൽ തിരഞ്ഞെടുക്കപ്പെട്ടു.  അതിനു ശേഷം തട്ടത്തിൻ മറയത്ത് എന്ന സിനിമയിൽ അഭിനയിച്ചു.  സ്കൂളിൽ ഒക്കെ പഠിക്കുമ്പോൾ സിനിമയിൽ വരും എന്നൊന്നും പ്രതീക്ഷിച്ചിട്ടില്ല.  പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ചെറിയ നാടകം ചെയ്തിട്ടുണ്ട്.  അല്ലാതെ അഭിനയപരമ്പര്യം ഒന്നുമില്ല.  എംസിഎ ക്കു പഠിക്കുമ്പോഴാണ് മലർവാടിയിൽ അഭിനയിച്ചത്.  പ്രധാന കഥാപാത്രങ്ങൾക്കു വേണ്ടിയുള്ള ഓഡിഷൻ ആയിരുന്നു.  മൂന്നുദിവസത്തെ ക്യാമ്പ് ഉണ്ടായിരുന്നു.  ഇരുപത്തിരണ്ടോളം പേര് ക്യാമ്പിൽ ഉണ്ടായിരുന്നു.  ആ ക്യാമ്പിൽ ഉണ്ടായിരുന്നവർക്കെല്ലാം ചെറിയ വേഷങ്ങൾ കൊടുത്തു.  കുഴപ്പമില്ലാത്ത ഒരു വേഷമാണ് തട്ടത്തിൻ മറയത്തിൽ ചെയ്തത്.  കുറച്ചുകൂടി പ്രസക്തിയുള്ള കഥാപാത്രമായിരുന്നു.  ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.  അതിനുശേഷം കൂടുതൽ ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി.

 

തട്ടത്തിന്മറയത്തിനു ശേഷം ശ്രദ്ധിക്കപെടാതെ പോയോ?

 

തട്ടത്തിൻ മറയത്തിനു ശേഷവും ഒരുപാടു സിനിമകൾ ചെയ്തു.  ദീപൻ ചേട്ടന്റെ ഡി കമ്പനി, വിനീത് ഏട്ടന്റെ തിര, കുഞ്ഞിരാമായണം,  ഗ്രേറ്റ് ഫാദർ, ക്യാപ്റ്റൻ അങ്ങനെ ഒരുപാടു പടം ചെയ്തിട്ടുണ്ട്.  അവസരങ്ങൾ കിട്ടാതെ ഇരുന്നിട്ടില്ല.  ലവ് ആക്​ഷൻ ഡ്രാമ, ഭൂമിയിലെ മനോഹര സ്വകാര്യം, ദി ലാസ്റ്റ് ടൂ ഡേയ്സ്,  ഒക്കെ ചെയ്ത് ഇപ്പോൾ ജോൺ ലൂഥറിൽ വന്നു നിൽക്കുകയാണ് എന്റെ യാത്ര.  ആവശ്യത്തിന് അവസരങ്ങൾ കിട്ടിയിട്ടുണ്ട്.   നായകനായത് ഇപ്പോഴാണെന്നു മാത്രം.  ഇനി വരാനിരിക്കുന്ന ചിത്രങ്ങളിൽ ഒക്കെ നല്ല വേഷങ്ങളാണ്.  എല്ലാം അതിന്റേതായ സമയത്ത് നടക്കും എന്നാണു ഞാൻ കരുതുന്നത്.

 

സിനിമ തന്നെയാണോ പ്രൊഫഷൻ ആയി കാണുന്നത്?

 

ഞാൻ എംസിഎക്ക് പഠിക്കുമ്പോഴാണ് മലർവാടി ചെയ്തത് അതിനു ശേഷം തട്ടത്തിൻ മറയത്ത്.  പിന്നെയും ചിത്രങ്ങൾ വന്നുകൊണ്ടിരുന്നു, മറ്റു ജോലികൾ തേടി പോയില്ല.  സിനിമ വലിയ ആഗ്രഹവും അഭിനിവേശവുമായി മാറിയതുകാരണം സിനിമയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.    

 

കുടുംബം 

 

കണ്ണൂർ അഴിക്കോടാണ് സ്വദേശം.  അച്ഛനും അമ്മയും അനുജനും ആണ് ഉള്ളത്.  എല്ലാവരും നല്ല സപ്പോർട്ട് ആണ് തരുന്നത്.

 

കോവിഡ് ബാധിച്ച സിനിമകൾ?

 

സിനിമ തിയറ്ററിൽ കാണണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.  അത് കഴിയാത്തതിൽ വിഷമമുണ്ട്.    ‘ലാസ്റ്റ് ടു ഡെയ്സ്’ തീയറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു .  കോവിഡ് ആയതുകാരണം അത് കഴിഞ്ഞില്ല.  പക്ഷോ ഒടിടിയിൽ കൂടുതൽ ആളുകൾ സിനിമ കണ്ടു എന്നൊരു പോസിറ്റീവ് വശം ഉണ്ട്.  സിനിമയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരുപാട് പേര് പ്രതിസന്ധിയിലാണ്.  കോവിഡ് ഒക്കെ മാറി സിനിമാലോകവും തീയറ്ററുകളും സജീവമാകും എന്നുതന്നെയാണ് പ്രതീക്ഷ. 

 

പുതിയ ചിത്രങ്ങൾ, പ്രതീക്ഷകൾ?  

 

കോവിഡിന് മുന്നേ ചെയ്ത ഉല്ലാസം റിലീസ് ചെയ്യാനുണ്ട്.  കഴിഞ്ഞ അൺലോക്ക് സമയത്ത് 191A, മലയൻ കുഞ്ഞ് , സല്യൂട്ട്, തുടങ്ങിയ സിനിമകൾ ചെയ്തിട്ടുണ്ട് . ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമ റിലീസ് ചെയ്ത ഉടനെ ലോക്ഡൗൺ ആയി അധികം ആളുകളിൽ സിനിമ എത്താതെ പോയിരുന്നു. ജോൺ ലൂഥർ എന്ന സിനിമ ആദ്യത്തെ ലോക്ഡൗണോടെ  മുടങ്ങിയതാണ്, രണ്ടാമതും ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ അടുത്ത ലോക്ഡൗൺ വന്നു.  പല സിനിമകളും ഷൂട്ട് ചെയ്യാൻ കഴിയാതെ മാറ്റി വച്ചിരിക്കുകയാണ്.  ലോക്ഡൗൺ കഴിയുമ്പോൾ ജോൺ ലൂഥർ ഷൂട്ടിങ് തുടങ്ങും എന്നാണു പ്രതീക്ഷ.  ചെറിയ സെറ്റപ്പിൽ ചെയ്യാൻ കഴിയുന്ന ഒരു സിനിമയല്ല അത്.   അതുപോലെ റിലീസ് ചെയ്യാൻ ഇരിക്കുന്ന സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്യണം എന്നാണു ആഗ്രഹം അത് കഴിഞ്ഞില്ലെങ്കിൽ ഒടിടിയിൽ എങ്കിലും റിലീസ് ചെയ്യണം. നായകനായി അഭിനയിച്ച 'ലാസ്റ്റ് ടു ഡെയ്സ്’ കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.  നായകനായി കൂടുതൽ അവസരങ്ങൾ തേടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com