ADVERTISEMENT

മലയാളത്തിലേക്ക് എന്തുകൊണ്ട് എന്നെ വിളിക്കുന്നില്ല...? നടി ഗൗതമിയുടേതാണ് ചോദ്യം. സിനിമയിൽ വീണ്ടും അഭിനയിക്കുമോ...? എന്താ സംശയം. ഞാനിപ്പോൾ രണ്ടു മൂന്നു തെലുങ്കു പടങ്ങളിൽ അഭിനയിക്കുന്നുണ്ട്. മകളെ വളർത്താൻ വേണ്ടി കുറച്ചുകാലം അഭിനയത്തിൽ നിന്നു വിട്ടുനിന്നുവെന്നാണ് ഗൗതമി പറയുന്നത്. അതേ കാലത്തു തന്നെ വസ്ത്രാലങ്കാരവും ടിവി ടോക്ക്ഷോയും മറ്റും നടത്തുകയും ചെയ്തു. അതിനൊക്കെ സൗകര്യം പോലെ സമയം കണ്ടെത്താം. പക്ഷേ അഭിനയമെന്നാൽ പൂർണമായ സമർപ്പണമാണ്. ലൊക്കേഷനിൽ സ്ഥിരമായി ഉണ്ടാവുകയും വേണം. മകൾ സുബ്ബലക്ഷ്മി വളർന്ന് ഡിഗ്രിക്കു പഠിക്കുന്ന പ്രായത്തിലെത്തിയതിനാൽ അഭിനയം വീണ്ടും തുടങ്ങുകയാണെന്നു ഗൗതമി പറഞ്ഞു.

 

ഹിന്ദി ഉൾപ്പടെ 5 ഭാഷകളിൽ ഗൗതമി 120 സിനിമകളിൽ വേഷമിട്ടു. മലയാളത്തിൽ വിദ്യാരംഭം, ഹിസ് ഹൈനെസ് അബ്ദുല്ല, അയലത്തെ അദ്ദേഹം...തമിഴിൽ ഇരുവർ, തേവർമകൻ, അപൂർവസഹോദരങ്ങൾ...ദൃശ്യത്തിന്റെ തമിഴ് റീമേക്കിൽ കമൽഹാസന്റെ നായികയായി.

 

ചെന്നൈയിൽ കൊട്ടിവാക്കം വെങ്കടേശ്വരനഗറിലെ ഓഫിസിലെത്തിയതാണ് ഗൗതമി. പൂമുഖത്ത് കുരച്ചുകൊണ്ട് നാല് നാടൻ നായകൾ. കോഫി, മൈന എന്നൊക്കെയാണു പേര്. തെരുവിൽ നരകിക്കുന്ന നായകളെ ഏറ്റെടുത്തു വളർത്തുന്നു. ഓഫിസിൽ സ്വന്തം സ്റ്റുഡിയോയിൽ തന്നെയാണ് തമിഴിലെ ടോക്ക്ഷോ റെക്കോർഡ് ചെയ്യുന്നത്. 

 

ഒരുപിടി നല്ല പടങ്ങൾ ചെയ്തിട്ട് ഗൗതമി മലയാളത്തിൽ നിന്ന് അപ്രത്യക്ഷയായല്ലോ.

 

അഭിനയത്തിൽ നിന്നു ഞാൻ കുറച്ചു കാലം വിട്ടു നിന്നപ്പോഴേക്കും സിനിമാ ലോകമാകെ ധാരണ പരന്നു ഞാ‍ൻ ഇനി അഭിനയിക്കില്ല എന്ന്. അതു ശരിയല്ല. മലയാളത്തിൽ നിന്നു പല സംവിധായകരും എന്നെ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചിട്ട് ഞാൻ വരില്ലെന്നു വിചാരിച്ച് ചോദിക്കാതിരുന്നിട്ടുണ്ട്. നല്ല റോളുകൾ വരട്ടെ, തിരക്കഥകൾ കാണട്ടെ, ഞാൻ വീണ്ടും വരും. 

 

ഗൗതമി സിനിമയിൽ വന്നില്ലായിരുന്നെങ്കിലോ?

 

ഇലക്ട‍്രിക്കൽ ആൻഡ് ഇലകട്രോണിക്സ് എൻജിനീയറിങിനു പഠിക്കുമ്പോഴാണ് സിനിമയിൽ നിന്ന് ഓഫർ വരുന്നത്. സത്യൻ അന്തിക്കാടിന്റെ ഗാന്ധിനഗർ സെക്കൻഡ് സ്രീറ്റ് സിനിമയുടെ തെലുങ്ക് റീമേക്കിലേക്ക് നായികയായി. പി.എൻ.രാമചന്ദ്ര സംവിധാനം ചെയ്ത ആ പടം വൻ ഹിറ്റായിരുന്നു. അതോടെ പഠിത്തം തീർന്നു. അതു വിട്ടതു നന്നായി. സിനിമയിൽ വരാൻ കഴിഞ്ഞതാണു വലിയ കാര്യം.

 

മലയാളം സിനിമയിലെ അനുഭവം.

 

എനിക്ക് നല്ല റോളുകളാണു മലയാളത്തിൽ ലഭിച്ചത്. ചലച്ചിത്ര നിരൂപകരും നല്ലതു പറഞ്ഞു. മിക്ക സിനിമകളും വിജയിക്കുകയും ചെയ്തു. ഓരോ റോളും കേട്ട് ഇഷ്ടപ്പെട്ടാണു തിരഞ്ഞെടുത്തത്. 

 

അഭിമാനം ഹനിക്കുന്ന പുരുഷമേധാവിത്തത്തിനെതിരെ പുതുതലമുറ പ്രതികരിക്കുന്ന കാലമാണല്ലോ.

 

എല്ലാ കാലത്തും അങ്ങനെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിക്കുന്നവരുണ്ടായിരുന്നു. എന്നെ വളർത്തിയത് സഹോദരനൊപ്പം തുല്യമായിട്ടാണ്. അതിനാൽ ഞാൻ വിവേചനം നേരിട്ടിട്ടില്ല. ഒരു തരത്തിലുമുള്ള മോശമായ പെരുമാറ്റം സിനിമക്കാരിൽ നിന്നുണ്ടായിട്ടില്ല. ഇന്ന് സ്ത്രീശാക്തീകരണത്തിന്റെ കാലമായതിനാൽ കൂടുതൽ പേർ അപമാനങ്ങളെ എതിരിടുന്നെന്നു മാത്രം. സ്ത്രീകൾ ദുർബലകളല്ലെന്ന് സിനിമയിലെ ആണുങ്ങൾക്ക് മനസിലായിട്ടുണ്ട്.

 

ലൈഫ് എഗെയ്ൻ ഫൗണ്ടേഷൻ പ്രവർത്തനം?

 

ഞാൻ ബ്രസ്റ്റ് കാൻസർ വന്നിട്ട് പൂർണമായി ഭേദമായ വ്യക്തിയാണ്. അതെവിടെയും പറയാൻ മടിയില്ല. മിക്ക കാൻസർ രോഗങ്ങളും നേരത്തേ ചികിൽസിച്ചാൽ ഭേദമാകും. അതെക്കുറിച്ച് ബോധവൽക്കരണവും രോഗികൾക്കു ചികിൽസ ഉറപ്പാക്കലും മറ്റുമാണ് ലൈഫ് എഗെയ്ൻ ഫൗണ്ടേഷൻ ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com